
സർക്കാർ നടപ്പിലാക്കുന്ന എല്ലാ ജനക്ഷേമ പ്രവർത്തനങ്ങളും സർക്കാർ ജീവനക്കാരിലൂടെയാണ് നടപ്പാക്കുന്നത് എന്ന് ദയവു ചെയ്ത് മനസ്സിലാക്കുക..
One India One Pension.. 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും 10000 രൂപ പെൻഷൻ നൽകുക..
കുറച്ചു ദിവസങ്ങളായി ചിലർ സാമൂഹിക മാധ്യമങ്ങളിൽ ഉയർത്തികൊണ്ടിരിക്കുന്ന വാചകമാണ് ഇത്.. 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും തുല്യ അവകാശമാണ് എന്നാണ് പ്രധാന മുദ്രാവാക്യം..

ഇതു കണ്ടപ്പോൾ സ്വാഭാവികമായി ഉയർന്നു വന്ന ചില സംശയങ്ങൾ ഉണ്ട്.. എന്തുകൊണ്ട് 60 വയസ്സ്??
60 വയസ്സു കഴിഞ്ഞ, സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഒരാളുടെ അതേ അവകാശങ്ങൾ 60 വയസ്സ് കഴിഞ്ഞ മറ്റേതൊരാൾക്കും ഉണ്ട് എങ്കിൽ,, 18 വയസ്സുള്ള ഒരാളുടെ അവകാശങ്ങൾ സമപ്രായക്കാരായ മറ്റുള്ളവർക്കും വേണ്ടേ? 60 വയസ്സിനു മുൻപും എല്ലാവർക്കും ജീവിക്കാൻ തുല്ല്യ അവകാശങ്ങൾ അല്ലേ? ജോലി ചെയ്യുന്നവനും ചെയ്യാത്തവനും എല്ലാം ഒരേ വേതനം നൽകുന്നതല്ലേ അതിന്റെ ശരി? ഇവരുടെ ഭാഷയിൽ പറഞ്ഞാൽ 18 കഴിഞ്ഞ എല്ലാവർക്കും ജീവിക്കാൻ തുല്ല്യ അവകാശം..

അങ്ങിനെ ആണെങ്കിൽ കഷ്ടപ്പെട്ട് 25 വയസ്സ് വരെ പഠിക്കേണ്ട ആവശ്യം ഇല്ലായിരുന്നു.. അത് കഴിഞ്ഞ് competitive exams നും പഠിക്കേണ്ടായിരുന്നു.. പഠിച്ചാലും ഇല്ലെങ്കിലും പ്രായത്തിനനുസരിച്ച് തുല്ല്യ അവകാശം നൽകുന്ന നാട്ടിൽ ഒരേ ശമ്പളം നമുക്ക് കിട്ടുമല്ലോ… ആരും പഠിക്കാനില്ലെങ്കിൽ നമുക്ക് വിദ്യാഭ്യാസ വകുപ്പിനായി ചിലവാക്കുന്ന, ശമ്പളം അല്ലാത്ത (എല്ലാവർക്കും തുല്ല്യ ശമ്പളം ആണല്ലോ) ആ തുക ലാഭിക്കാം.. പഠിക്കാത്തത് കൊണ്ട് ആരും ഡോക്ടർമാരോ നേഴ്സോ ഒന്നും ആവില്ലല്ലോ.. ആശുപത്രികൾ പണിയാനുള്ള പൈസയും ലാഭം… അങ്ങിനെ നോക്കിയാൽ ഒരു വകുപ്പുകളും വേണ്ടി വരില്ല… മൊത്തത്തിൽ ലാഭിക്കുന്ന ആ പണം ഉപയോഗിച്ച് കൂടുതൽ പേർക്ക് ശമ്പളം കൊടുക്കാം.. പെൻഷനും.. (പെട്ടെന്ന് തീരുമാനം ആയാൽ മക്കളെ പഠിപ്പിക്കാൻ ഉള്ള ചിലവെങ്കിലും വേണ്ടെന്നു വെക്കാമായിരുന്നു..)

60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും തുല്ല്യ അവകാശം എന്ന മുദ്രാവാക്യം മാറ്റി നിർത്തിക്കൊണ്ട് നമ്മൾ എല്ലാവരും വിളിക്കേണ്ട മറ്റൊരു മുദ്രാവാക്യം ഉണ്ട്.. നമ്മുടെ നാട്ടിലുള്ള എല്ലാവർക്കും തുല്യ അവകാശം.. എല്ലാവർക്കും ഒരേ സമ്പത്ത്.. സ്ഥലം പരമാവധി 5 സെന്റ്, ബാങ്ക് അക്കൗണ്ടിലും കയ്യിലുള്ള പണമായും പരമാവധി 30,000/- (സ്വത്ത് വകകളും ബാങ്ക് ബാലൻസും ഒന്നും ഇല്ലാത്ത പല രാഷ്ട്രീയ നേതാക്കന്മാരും NRI സുഹൃത്തുക്കളും അങ്ങിനെ പറയുന്നത് കേട്ടു… ജീവിക്കാൻ ഒരാൾക്ക് പരമാവധി 30000 രൂപ മതിയെന്നും, മുറുക്കാൻ വാങ്ങാൻ 10000 രൂപ മതിയെന്നും ഒക്കെ ).. അതിൽ കൂടുതൽ ഉള്ള പണത്തെ ഇല്ലാത്തവന് കൊടുക്കട്ടെ.. കടം എന്നത് നമ്മുടെ നാട്ടിലെ നിഘണ്ടുവിൽ പോലും ഉണ്ടാവാൻ പാടില്ല.. ഇവിടെ ജനിച്ചവർക്ക് എല്ലാവർക്കും തുല്ല്യ അവകാശം.. എത്ര പേർ അനുകൂലിക്കും എന്ന് നോക്കാമല്ലോ..

ഇവരുടെ മറ്റൊരു വാചകമാണ് 97% സാധാരണക്കാരന്റെ നികുതിപ്പണം തിന്നുന്ന 3% ജീവനക്കാർ എന്നത്… ആഹാ.. കേൾക്കുമ്പോൾ തന്നെ എന്താ ഒരു പവർ.. ഈ പറഞ്ഞ നികുതികൾ ഒന്നും സർക്കാർ ഉദ്യോഗസ്ഥർ അടക്കുന്നില്ലേ?

കൃത്യമായി എല്ലാ നികുതികളും അടക്കുന്ന ഒരു വിഭാഗം തന്നെയാണ് സർക്കാർ ഉദ്യോഗസ്ഥർ.. വാങ്ങുന്ന എല്ലാ സാധനങ്ങൾക്കും മറ്റുള്ളവർ അടക്കുന്ന എല്ലാ നികുതികൾക്കും പുറമെ income tax, professional tax തുടങ്ങി സകലമാന നികുതികളും സർക്കാർ ജീവനക്കാർ അടക്കുന്നുണ്ട്.. പിന്നെ tax തിന്നുന്ന കാര്യം.. ഞാൻ ഒരു ഓട്ടോറിക്ഷയിൽ കയറി യാത്ര ചെയ്തതിനു ശേഷം ആ ഡ്രൈവർക്കു പണം കൊടുക്കുന്നുണ്ട്.. എന്നുവച്ച് എന്റെ പണം കൊണ്ടാണ് അല്ലെങ്കിൽ എന്റെ ഔദാര്യം കൊണ്ടാണ് അദ്ദേഹം ജീവിക്കുന്നത് എന്ന് പറയാൻ സാധിക്കുമോ? അദ്ദേഹം ചെയ്ത തൊഴിലിന്, അല്ലെങ്കിൽ അദ്ദേഹം ചെയ്ത സേവനത്തിന് ഉള്ള പ്രതിഫലമാണ് ഞാൻ കൊടുത്തത്.. അത് ഔദാര്യമല്ല.. അദ്ദേഹത്തിന്റെ അവകാശമാണ്.. ഞങ്ങളും ജോലി ചെയ്യുന്നു.. അതിനുള്ള ശമ്പളം വാങ്ങുന്നു.. ജനങ്ങൾക്ക് സേവനം ചെയ്യാൻ ആണ് സർക്കാർ.. അതിനാണ് tax പിരിക്കുന്നത്.. സർക്കാർ സംവിധാനങ്ങളും പ്രവർത്തനങ്ങളും പദ്ധതികളും എല്ലാം നടപ്പാക്കാൻ ആണ് സർക്കാർ ഉദ്യോഗസ്ഥർ.. അവർ ചെയ്യുന്ന ജോലിക്ക് സർക്കാർ ശമ്പളം കൊടുക്കുന്നു.. അത്രയേ ഉള്ളൂ..
പിന്നെ പെൻഷൻ..
സർക്കാർ ഉദ്യോഗസ്ഥർക്ക് നിയന്ത്രണങ്ങൾ ഒരുപാടുണ്ട്.. ബിസിനസ്സ് തുടങ്ങാനോ ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാനോ ഒഴിവു സമയത്ത് മറ്റെന്തെങ്കിലും തരത്തിൽ ഉള്ള സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന പ്രവർത്തികളിൽ ഏർപ്പെടാനോ അവർക്കു നിയമപരമായി സാധിക്കില്ല.. ആ നിയന്ത്രണങ്ങൾ എന്തിനാണെന്ന് അറിയാമോ?? നിയന്ത്രണങ്ങൾ ഇല്ലെങ്കിൽ, സർക്കാരിന് വേണ്ടി പ്രവർത്തിക്കുന്നതിനേക്കാൾ, വിരമിച്ചതിന് ശേഷമുള്ള തന്റെ ജീവിതം സുരക്ഷിതമാക്കുന്നതിന് അവൻ കൂടുതൽ പ്രാധാന്യം നൽകുമെന്ന് അറിയാവുന്നതുകൊണ്ടാണ് .. ആ നിയന്ത്രണങ്ങൾക്കുള്ള compensation അല്ലേ പെൻഷൻ??
എന്നാൽ ഇപ്പോഴുള്ളതോ, contributory pension.. പോസ്റ്റൽ സർവീസിൽ ഉള്ള ഒരു സുഹൃത്തിനെ കണ്ടപ്പോൾ പുള്ളി വളരെ സങ്കടത്തോടെയാണ് ഈ പെൻഷൻ പ്രഹസനത്തെ കുറിച്ച് പറഞ്ഞത്.. കൂടെയുള്ള ഒരു പോസ്റ്റ്മാൻ 15 വർഷത്തെ സർവീസോടെ അടുത്തിടെ വിരമിച്ചു.. അദ്ദേഹത്തിന്റെ പ്രതിമാസ പെൻഷൻ തുക ഏകദേശം 2600 രൂപയാണ്.. മകൾ ഇപ്പോൾ പ്ലസ് വണിൽ പഠിക്കുന്നു.. കേന്ദ്ര ഗവണ്മെന്റിന്റെ ജീവനക്കാരൻ ആയിരുന്നതുകൊണ്ട് മറ്റു യാതൊരു ആനൂകൂല്യങ്ങളും അദ്ദേഹത്തിന് ലഭിക്കുകയുമില്ല.. എല്ലാ മാസവും തന്റെ ശമ്പളത്തിൽ നിന്ന് നിശ്ചിത തുക അടച്ചതിനു ശേഷം ഇതാണ് അദ്ദേഹത്തിന് ലഭിച്ച,, നിങ്ങൾ പറയുന്ന ആ ഭീമമായ പെൻഷൻ.. (കഥയാണെന്ന് പറഞ്ഞു തള്ളി മറിക്കാൻ വരുന്നവർക്ക് നാട്ടിലുള്ള ഏതെങ്കിലും contributory പെൻഷൻ ലഭിക്കുന്നവരോട് അന്വേഷിക്കാം )

മറ്റൊരു മുദ്രാവാക്യം “ഇപ്പോൾ കൊടുക്കുന്നതിന്റെ പകുതി ശമ്പളത്തിൽ ജോലി ചെയ്യാൻ തയ്യാറായി ഒരുപാട് പേർ ഉണ്ട്, ഇപ്പോൾ ഉള്ളവരെ പിരിച്ചു വിട്ട് അവരെ ജോലിക്കെടുക്കണം” എന്നതാണ്… സന്തോഷം… പ്രിയ OIOP ക്കാരാ,, എനിക്ക് കളക്ടർ ആവാൻ വലിയ ആഗ്രഹം ഉണ്ട്.. രണ്ട് തവണ UPSC എഴുതിയതാണ്.. prelims പോലും കിട്ടിയില്ല… പകുതി ശമ്പളത്തിന് ഞാൻ ജില്ലാ കളക്ടർ ആയി ജോലി ചെയ്യാം.. ട്രെയിനിങ്ങും അറ്റൻഡ് ചെയ്യാം.. എനിക്കാ പരീക്ഷയും ഇന്റർവ്യൂവും ഒന്ന് ഒഴിവാക്കി തരാമോ… പകുതി ശമ്പളത്തിനാണ്.. നോട്ട് ദാറ്റ് പോയന്റ്..
ഇനി PSC പരീക്ഷയും UPSC യും തമ്മിൽ compare ചെയ്യാൻ വരരുത് എന്ന് പറയുന്നവരോട്, ഇത്രയും നിസ്സാരമായ psc പരീക്ഷ നിങ്ങൾ എഴുതൂ.. പാസ്സ് ആവൂ.. ജോലിയിൽ പ്രവേശിക്കൂ… എന്നിട്ട് പറഞ്ഞോളൂ എനിക്ക് പകുതി ശമ്പളം മതി എന്നും പെൻഷൻ 10000 മതി എന്നും.. അതല്ലേ അതിന്റെ ഒരു ശരി.. ഏത്…
കേരളം കൈവരിച്ച ഒട്ടുമിക്ക നേട്ടങ്ങൾക്കും പുറകിൽ ഇവിടുത്തെ സൗജന്യ വിദ്യാഭാസവും, പൊതുജനാരോഗ്യ വകുപ്പും പോലീസും, റവന്യൂ വകുപ്പും , ഫയർഫോഴ്സും, ക്ഷീരവികസനവും, ഭക്ഷ്യ സുരക്ഷാ വകുപ്പും KSEB യും ഉൾപ്പടെ എല്ലാ സർക്കാർ വിഭാഗങ്ങൾക്കും വലിയൊരു പങ്കുണ്ട്.. ഇത്രയും കാലം അഹങ്കാരത്തോടെ മലയാളി പറഞ്ഞു ഞങ്ങൾ സമ്പൂർണ്ണ സാക്ഷരത ഉള്ളവരാണ് എന്ന്.. ഇന്ന് കോവിഡ് ലോകത്തെ മുഴുവൻ വിറപ്പിക്കുമ്പോഴും നമ്മൾ പറയുന്നു ഞങ്ങളുടെ പൊതുജനാരോഗ്യ വകുപ്പ് കുറ്റമറ്റതാണ് എന്ന്.. ഇനിയും അഭിമാനത്തോടെ നമുക്ക് ഒരുപാട് നേട്ടങ്ങൾ പറയാനുണ്ടാകും.. സർക്കാർ നടപ്പിലാക്കുന്ന എല്ലാ ജനക്ഷേമ പ്രവർത്തനങ്ങളും സർക്കാർ ജീവനക്കാരിലൂടെയാണ് നടപ്പാക്കുന്നത് എന്ന് ദയവു ചെയ്ത് മനസ്സിലാക്കുക..

അപ്പൊ എങ്ങന്യാ കാര്യങ്ങൾ? നമുക്ക് മുദ്രാവാക്യം വിളിക്കാം?? One India, same Rights..(OISR).. നേരത്തെ പറഞ്ഞ പോലെ.. ഇവിടെ ജനിച്ച എല്ലാവർക്കും തുല്യ അവകാശം… ഒരേ സ്വത്ത്, ഒരേ അക്കൗണ്ട് ബാലൻസ്, ഒരേ പെൻഷൻ… ഏത്.. അത് തന്നെ..
അഭിജിത്ത് ദീപക്.