
വെള്ളി ശില സ്ഥാപിച്ച് പ്രധാനമന്ത്രി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം
ന്യൂഡല്‍ഹി : അയോധ്യയില്‍ പുതിയ രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലസ്ഥാപിച്ചു. 12.15 നാണ് ശിലാസ്ഥാപനത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങുകള്‍ ആരംഭിച്ചത് .40 കിലോ തൂക്കമുള്ള വെള്ളി ഇഷ്ടികകൊണ്ടുള്ള ശിലയാണ് സ്ഥാപിച്ചത്. ചടങ്ങിലേക്കായി രാജ്യത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങളില്‍ നിന്നുള്ള മണ്ണും എല്ലാ പുണ്യനദികളിലെയും ജലവും എത്തിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി പൂജാചടങ്ങുകളില്‍ പൂര്‍ണമായും സംബന്ധിച്ചു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ചടങ്ങില്‍ പങ്കെടുത്തു. മന്ത്രോച്ചാരണമുഖരിതമായ വേദിയില്‍ പ്രധാനമന്ത്രി വെള്ളിശില പാകി രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചു
അയോധ്യയില്‍ വന്‍ സുരക്ഷയുടെയും വന്പിച്ച സന്നാഹങ്ങളുടെയും അകന്പടിയോടെയാണ് രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമി പൂജ നടന്നത്. നരേന്ദ്ര മോദി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമാണ് ചടങ്ങിന്റെ പ്രധാന വേദിയില്‍ ഇരിപ്പടമുണ്ടായിരുന്നത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹന്ത് നൃത്യ ഗോപാല്‍ ദാസ് എന്നിവരാണ് മറ്റുള്ളവര്‍. 173 ഓളം അതിഥികളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. ക്ഷണിതാക്കളില്‍ 135 പേര് മതനേതാക്കളാണ്. കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവര്ക്കും ഇരിപ്പിടമൊരുക്കിയിരുന്നത്.
പ്രധാനന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സദസിനെ ഹ്രസ്വമായി അഭിസംബോധന ചെയ്യുന്നതിനായി ചെറിയ വേദിയും ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ അയോധ്യയിലെത്തിയ മോദി ഹനുമാന്‍ഗഡി ക്ഷേത്രം സന്ദര്‍ശനം നടത്തി. ഇവിടെ നിന്നാണ് ഭൂമി പൂജ നടക്കുന്ന സ്ഥലത്തേക്ക് എത്തിയത്.