
കവിത|എലിക്കുട്ടികൾ
.
എലിക്കുട്ടികൾ
ഉപയോഗശൂന്യമായതിനാൽ
ഞാൻ എന്നെ
തട്ടിൻ പുറത്തേയ്ക്കെടുത്തു വെച്ചു.
ദ്രവിച്ച് വീഴാറായതിനാൽ
ഈ പിരിയൻ ഗോവണി കയറി
ഇങ്ങോട്ടാരും വരില്ലെന്ന്
എനിയ്ക്കുറപ്പാണ്…
കൈയൊടിഞ്ഞതും
കാലുളുക്കിയതും
എടുപ്പ് മാറ്റിവെയ്ക്കാറായതും
അങ്ങനെയെന്തൊക്കെയോ
സ്കാനിങിൽ കണ്ടെന്ന്
അതിയാനും പിള്ളാരും
പറയുന്നുണ്ടായിരുന്നു
ചങ്ക് കലങ്ങിയത് മാത്രമായിരുന്നു
എന്റെ പ്രശ്നം
അതാകട്ടെ ഒരു എം ആർ ഐ യിലും
തെളിഞ്ഞതുമില്ല
ഈ മാറാലകൾക്കിടയിൽ
പഴയ മട്ടരി ചാക്കിന്മേൽ
ചുക്കിച്ചുളിഞ്ഞുള്ള
ഈ കിടപ്പ് തുടങ്ങീട്ട്
എത്രയായെന്നാണ്….
ചില്ലോടിനുള്ളിലൂടെ
അതിക്രമിച്ച് കയറുന്ന
സൂര്യവെളിച്ചം മാത്രം
രാവിലെയെന്നും
സന്ധ്യയെന്നും
എന്നുമെന്നോട് പറഞ്ഞു
എലിക്കുട്ടികളുടെ ഓടിക്കളിയ്ക്കലും
അവയെ പിടിയ്ക്കാൻ
കണ്ടൻ പൂച്ചയുടെ അമറലും
എനിയ്ക്കിപ്പൊ ശീലമായി.
പറ്റുന്ന പോലൊക്കെ
കണ്ടനെ ഞാൻ ഓടിച്ചു വിടും
പാവം എലിക്കുട്ടികൾ
അവർക്ക് ഞാനല്ലാതാരുണ്ട്???
രാവിലെ വെള്ളച്ചോറും
രാത്രി കഞ്ഞിയുമായി
ഞാൻ ജീവനോട് പൊരുതുന്നു.
ഞാൻ പോയാൽ പിന്നെ
ഈ എലിക്കുട്ടികൾക്കാരാണ്???
പാവങ്ങൾ!!!
- ജ്യോതി മദൻ