ജനകീയനായ പുരോഹിതൻ.|ഫാദർ മാത്യു മഠത്തിക്കുന്നേൽ

Share News

ഫാദർ മാത്യു മഠത്തിക്കുന്നേൽ എന്നുംശാന്തനും എന്നും പ്രസന്നനും എല്ലാക്കാലത്തും തനി ജനകീയനുമായിരുന്ന ഒരുപുരോഹിത ശ്രേഷ്ഠ്നായിരുന്നുവെന്നുപറയുവാൻ രണ്ടാമതോന്നാലോചിക്കേണ്ടതില്ല. തന്നെ പൗരോഹിത്യത്തിലേക്കു കൈപിടിച്ചുയർത്തിയ വയലിൽപിതാവിനോട് ഇത്രയും വിശ്വസ്തതപുലർത്തിയ വൈദീകരും വിരളമാകാനാണിട. കഴിവും കാര്യക്ഷമതയും ഇതുപോലെ സമന്വയിപ്പിച്ചവരും അധികമില്ലെന്നു പറയാം.കാഴ്ചയിൽ സുഭഗനായിരുന്നു അച്ചൻ. മര്യാദയും ഉപചാരവും അച്ചന്റെ പെരുമാറ്റ സവിശേഷതകളും. ദേഷ്യവും ക്ഷോഭവും അച്ചൻ ഒരിക്കലും മറ്റുള്ളവരുടെ മുൻപിൽ പ്രകടിപ്പിക്കാറൂമുണ്ടായിരുന്നില്ല എന്നതാണ് ശരി.

ഞാനാദ്യമായി അച്ചനുമായി കാണുന്നത് അച്ചൻ ഞങ്ങളുടെ ഇടവകയായ പാലാ ളാലം പുത്തൻപള്ളിയുടെ പള്ളി മേടയിൽ പ്രവർത്തിച്ചിരുന്ന പാലാ രൂപത വക പെറ്റി സെമിനാരിയിൽ ഒരു വൈദിക വിദ്യാർത്ഥിയായിരുന്ന കാലത്താണു. 1953-54 കാലമാവണമതു. എന്റെ പിതാവ് പി.എസ്.സി യിലായിരിക്കുന്ന സമയം. പക്‌ഷേ ഒരു മാസത്തെ അവധിയിൽ എന്തോ ആയുർവേദ ചികിത്സയിൽ വീട്ടിൽ വിശ്രമത്തിലാണ്. ഒന്നിട വിട്ട ദിവസങ്ങളിൽ വളരെ രഹസ്യമായി അപ്പച്ചന് അതിരാവിലെ 4 മണിക്കു വി.കുർബാന എഴുന്നള്ളിച്ചു കൊണ്ടുവന്നു തന്നിരുന്നതു അന്ന് ഞങ്ങളുടെ വികാരിയായിരുന്ന ജോർജ് നെടുങ്ങോട്ടിലച്ചനായിരുന്നു. ആളുകളറിഞ്ഞാൽ അതു ഒരു വാർത്തയായെ ക്കുമെന്നത് കൊണ്ട് കൂടിയാവാം അച്ചൻ അങ്ങിനെ ഒരു സമയം നിർദേശിച്ചത്. തൊപ്പിയും വച്ചു കുടയും ചൂടി അച്ചനും ടോർച്ചു മായി മുൻപിൽ ഒരു ശെമ്മാശനും. അച്ചന്റെ കൂടെ സ്ഥിരമായി വന്നിരുന്നത് മഠത്തിക്കു ന്നേൽ ശെമ്മാശനായിരുന്നുവെന്നു ഞങ്ങൾതിരിച്ചറിഞ്ഞത് വർഷങ്ങൾക്കു ശേഷംഅച്ചൻ അഭിവന്ദ്യ വയലിൽ പിതാവിന്റെ സെക്രട്ടറിയായി വന്നപ്പോൾ അമ്മയോട് താൻ പണ്ട് ആർ. വി.സാറിന് കുർബാന കൊടുക്കാൻ നെടുങ്ങോട്ടിലച്ചന്റെ സഹായിയായി വീട്ടിൽ വന്നിരുന്ന ശെമ്മാശനായിരുന്നുവെന്നു വെളിപ്പെടുത്തിയപ്പോൾ മാത്രമാണ്.അതിന്റെ സ്നേഹം അച്ചന് ഞങ്ങളോടും ഞങ്ങൾക്ക് അച്ചനോടും എന്നുംഉണ്ടായിരുന്നു താനും.

പിൽക്കാലത്തു അച്ചൻ ദീർഘകാലം പാലാ രൂപതാ ചാൻസലർ ആയി. പിന്നീട് കത്തീഡ്രൽപ്പള്ളി വികാരിയായി. പാലാ വലിയ പള്ളി പുതുക്കി പണിയാൻ കല്ലിട്ടത് 1952 ലായിരുന്നു. കർദിനാൾ ടിസ്സറന്റ് തിരുമേനി. പക്ഷെ പല കാരണങ്ങൾ കൊണ്ടു പള്ളി പണിയാനായില്ല. വയലിൽ പിതാവിന്റെ ഒരുവലിയ ആഗ്രഹമായിരുന്നു പുതിയകത്തീഡ്രൽ തന്റെ കാലത്തു പണിയണമെന്നത്. അങ്ങിനെയാണ് മഠത്തിക്കുന്നേലച്ചൻ പാലാപ്പള്ളി വികാരിയായത്. വിശ്വാസികളിൽ നിന്നു പണം ശേഖരിച്ചാണ് അവരുടെ പൂർണ സഹകരണത്തോടെ അച്ചൻ പള്ളി പണിതതും. ഇക്കാര്യത്തിൽഓർമ്മിക്കേണ്ട മറ്റു രണ്ടു പേരുകൾ കൂടിയുണ്ട്. ഒന്നു ഫാദർ ജോർജ് പ്ലാത്തോട്ടത്തിലച്ചൻ. മറ്റൊരാൾ ഡോ. ജോസഫ് കുഴിഞ്ഞാലിൽ അച്ചൻ.പാലാ ടൌൺ കുരിശു പള്ളിയുടെ പണി പൂർത്തിയാക്കിയതും മഠത്തിക്കുന്നേലച്ചന്റെ തന്നെ പരിശ്രമത്തിലായിരുന്നുവെന്നതും ഒരു സത്യം തന്നെ. പിൽക്കാലത്തു രാമപുരം പള്ളിയിലും അച്ചൻ വികാരിയായി.

എന്നാൽ അച്ചന്റെ കർമ്മ ശേഷിയുടെഏറ്റവും നല്ല സാക്ഷ്യമായി നിൽക്കുന്നതു സിറോ- മലബാർ സഭയുടെ കേന്ദ്ര ആസ്ഥാനമായ കാക്കനാട് മൌണ്ട്സെന്റ് തോമസിലെ പ്രധാന മന്ദിരത്തിന്റെ പണിയുടെ ചുമതലക്കാരൻ എന്ന നിലയിലാണ്.ആദ്യത്തെ മേജർ ആർച്ചു ബിഷപ്പ് കർദിനാൾ ആന്റണി പടിയറപിതാവിന്റെ കാലത്താണ് അച്ചൻ സഭയുടെ ഫിനാൻസ് ഓഫീസർ എന്ന പദവിയിൽ നിയമിക്കപ്പെടുന്നത്. അച്ചന് തന്റെ പ്രവർത്തന മികവ് തെളിയിക്കാൻ ലഭിച്ച മറ്റൊരവസരമാ യിരുന്നു അതെന്നു പറയാം. ഒരു പദവിയിലിരുന്നപ്പോഴും അച്ചൻ അതിന്റെആഢംഭരങ്ങളിലൊന്നും അഭിരമിച്ചില്ലഎന്നതാണ് എടുത്തു പറയേണ്ടത്.പാലാ അരമനായിലായിരുന്നപ്പോഴുംമൌണ്ട് സെന്റ് തോമസിലായിരുന്നപ്പോഴും വരുന്ന അതിഥികളുടെ വലുപ്പചെറുപ്പമൊന്നും പരിഗണിക്കാതെ അവരെ സ്നേഹത്തോടെ സ്വീകരിച്ചു ബഹുമാനിക്കാനും അവർക്കൊക്കെസന്തോഷത്തോടെ ആതിഥ്യമരുളാനുമൊക്കെ അച്ചൻ എപ്പോഴും ശ്രദ്ധിച്ചിരുന്നുവെന്നതും അച്ചനെ വ്യത്യസ്തനാക്കിയിരുന്നുവന്നതാണ് യഥാർത്യം.

ബഹു. മഠത്തിക്കുന്നേൽ അച്ചന്റെവിയോഗം അച്ചനെ അറിയുന്നവർക്കെല്ലാം വ്യക്തിപരമായ ഒരു നഷ്ടം തന്നെ എന്നതിൽ തർക്കമില്ല. സ്നേഹവും സൗഹൃദവുമായിരുന്നു ഒരേ സമയം അച്ചന്റെ ശക്തിയും അച്ചന്റെ ദൗർബല്യവും. സമാനതകളി ല്ലാത്തതായിരുന്നു അച്ചന്റെ സൗഹൃദം.തന്റെ പ്രായവും അനാരോഗ്യവും തീർത്ത പരിമിതികൾക്കുള്ളിലും അച്ചൻ എന്നും എപ്പോഴും പ്രസന്നനായിരുന്നുവെന്നതാണ് അച്ചൻ നമുക്ക് നൽകിയ ജീവിത സാക്ഷ്യം. അച്ചൻ നൽകിയ വിശ്വാസ സാക്ഷ്യവും മറ്റൊന്നല്ല.അച്ചന്റെ ധന്യ സ്മരണക്കു മുൻപിൽ സ്നേഹപ്രണാമം.

ഡോ. സിറിയക് തോമസ്.

Share News