
കർഷകൻെറ കണ്ണീരും കുടുംബങ്ങളുടെ വേദനകളുമറിഞ്ഞ പിതാവിന് ആദരാഞ്ജലികൾ
സാബു ജോസ്
കൊച്ചി : ജീവന്റെ സംസ്കാരം സജീവമാക്കുവാൻ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് ഏവർക്കും മാതൃകയായ പ്രവർത്തിക്കുകയും ചെയ്ത ആത്മിയാചാര്യനായിരുന്നു മാർ മാത്യു ആനിക്കുഴികാട്ടിൽ പിതാവിന് കേരളത്തിലെ കർഷകരും കുടുംബങ്ങളും ആദരാഞ്ജലികളർപ്പിക്കുന്നു ..മെത്രാൻമാരുടെ സമ്മേളനങ്ങളിൽ കാർഷിക മേഖലയുടെയും കുടുംബങ്ങളുടെയും യഥാർത്ഥ അവസ്ഥ അറിയുവാൻ എല്ലാവരും ആശ്രയിച്ചിരുന്നത് ഹൈറൈഞ്ചിൽനിന്നുള്ള മാത്യു പിതാവിനെ ആയിരുന്നു . സീറോ മലബാർ സഭയിലും കെസിബിസിയിലും അല്‍മായർക്കും കുടുംബം, പ്രോലൈഫ് എന്നി വിഭാഗങ്ങളുടെ അധ്യക്ഷൻ ആയിരുന്ന അദ്ദേഹം അല്‌മായ പ്രേക്ഷിതത്തിനു പുതിയ രൂപവും ഭാവവും നൽകി. കെസിബിസി പ്രോലൈഫ് സമിതിയുടെ സ്ഥാപക ചെയർമാനായിരുന്ന അദ്ദേഹം കൂടുതൽ മക്കളുള്ള പഴയ തലമുറയിലെയും യുവ തലമുറയിലെയും കുടുംബങ്ങളെ പൊതുസമൂഹത്തിൽ ആദരിക്കുന്ന ‘ജീവസമൃദ്ധി’ എന്ന പദ്ധതിക്ക് നേതൃത്വം നൽകി. സാർവത്രിക സഭയിൽ ശ്രദ്ധിക്കപ്പെട്ട ഈ പരിപാടി വഴി അയ്യായിരത്തിൽഅധികം കുടുംബങ്ങളെ കെസിബിസി പ്രോലൈഫ് സമിതി പൊതുവേദിയിൽ ആദരിക്കുകയും മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഒപ്പിട്ട മംഗളപത്രം നല്കുകയുമുണ്ടായി.കുടുംബങ്ങളുടെ ക്ഷേമത്തിൽ അദ്ദേഹം കാണിച്ച ആത്മാർത്ഥത വളരെ വലുതായിരുന്നു .വൈദികർക്കും വിശ്വാസികൾക്കും നല്ല ആവേശവും പ്രചോദനവും നൽകുവാൻ പിതാവിന് സാധിച്ചിരുന്നു .-കെസിബിസിയുടെ കുടുംബം പ്രൊ ലൈഫ് എന്നി വിഭാഗങ്ങളുടെ പ്രധാന ചുമതലകൾ വഹിച്ചിരുന്ന റെവ ഡോ ജോസ് കോട്ടയിൽ അനുസ്‌മരിച്ചു .
കുടിയേറ്റ കര്ഷകരുടെയിടയിൽ പ്രേഷിത പ്രവർത്തനം നടത്തിയിരുന്ന പിതാവ്, മണ്ണിന്റെ മക്കളുടെ മനസ്സും ജീവിതാവസ്ഥകളും നന്നായി അറിഞ്ഞിരുന്നു. കുടുംബജീവിതം നയിക്കുന്നവരുടെ വേദനകളും പ്രശ്നങ്ങളും ആവശ്യങ്ങളും വളരെ വേഗം ഈ പിതാവ് മനസ്സിലാക്കിയിരുന്നു. അത് നഗരത്തിൽ ജീവിക്കുന്നവരും, കുടുംബങ്ങളിൽ നിന്ന് അകന്ന് അധികം കഴിയുന്നവർക്കും ഉൾകൊള്ളാൻ കഴിയാത്തതായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അനവസരത്തിൽ വിമർശിക്കുകയും തെറ്റിദ്ധരിക്കുകയും ചെയ്തവരുണ്ട്. ആരോടും അദ്ദേഹത്തിന് പരിഭവം ഇല്ലായിരുന്നു.
കാരണം വിമർശകർക്ക് യഥാർത്ഥ അവസ്ഥ വേണ്ടതുപോലെ അറിയില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മനോഭാവം. സീറോ മലബാർ സഭയിലും കെസിബിസിയിലും അദ്ദേഹം ദൈവവചനത്തിന് അനുസൃതമായി ധിരമായ നിലപാടുകളെടുക്കുകയും അത് അനുസരിച്ചു കുടുംബക്ഷേമ പരിപാടികൾ നടപ്പിലാക്കുകയും ചെയ്തു. ഇതെല്ലാം ഉചിതവും ന്യായവും കാലികവുമായിരുന്നുവെന്നു പിന്നീട് സഭാനേതൃത്വവും സാമൂഹ്യ പ്രസ്ഥാനങ്ങളും വിലയിരുത്തി. – പ്രമുഹ മാധ്യമപ്രവർത്തകനായ ശ്രീ ജോൺസൻ വേങ്ങത്തടം പറഞ്ഞു .
പെൺകുട്ടികൾ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചു ഇതര മതവിശ്വാസികളുടെ കൂടെ മാതാപിതാക്കളെ വേദനിപ്പിച്ചു ഒളിച്ചോടുന്ന സാഹചര്യങ്ങൾ വര്‍ദ്ധിച്ച് വന്നപ്പോൾ അദ്ദേഹം വസ്തുതകൾ തുറന്ന് പറഞ്ഞു. അത് വേണായിരുന്നോ എന്ന് ചോദിച്ചവരോട് “നമ്മുടെ കുടുംബങ്ങളുടെ കുഞ്ഞുങ്ങളുടെ ദുരവസ്ഥ, വിവാഹം, കുടുംബം എന്നിവയെക്കുറിച്ചു പിന്നെ ആര് പറയും? എന്നെ അവഹേളിച്ചോട്ടെ സത്യം പറയുമ്പോൾ അതൊക്കെ ഉണ്ടായേക്കും. കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികൾ സഭയും സമൂഹവും ഗൌരവമായി ചർച്ച ചെയ്യണമെന്നുമായിരിന്നു” അദ്ദേഹത്തിന്റെ മറുപടി.- കെസിബിസി പ്രൊ ലൈഫ് സമിതി ജനറൽ സെക്രട്ടറി അഡ്വ .ജോസി സേവ്യേർ ഓർമ്മിക്കുന്നു .
കുടുംബങ്ങൾ കൂടുതലായി അനുഗ്രഹിക്കപ്പെടുവാൻ കൂടുതൽ കുട്ടികൾ മക്കളുണ്ടാകണമെന്നു അദ്ദേഹം വിശ്വസിച്ചു. 15 അംഗ കുടുംബത്തിൽ ജനിച്ചതുകൊണ്ടു, കുടുംബത്തിലെ സന്തോഷവും കൂട്ടായ്മയും അനുഭവിച്ചു വളർന്നതുകൊണ്ടു അദ്ദേഹം ഇടയലേഖനങ്ങളിലൂടെ തന്റെ ബോധ്യങ്ങളും സഭയുടെ പഠനങ്ങളും പങ്കുവെച്ചു. ദൈവികമായ ദൗത്യം ഏൽപ്പിക്കപ്പെട്ട മാതാപിതാക്കൾ ദൈവത്തിന്റെ സഹപ്രവർത്തകരും ദൈവപരിപാലനയുടെ വക്താക്കളായി ധാരാളം മക്കൾക്ക് ജന്മം നൽകാൻ തയാറാകണമെന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ആഹ്വാനം ചെയ്തുവെന്നു പ്രൊ ലൈഫ് സമിതിയുടെ മുൻ പ്രസിഡന്റും സംസ്ഥാന ആനിമേറ്ററുമായ ശ്രീ ജോർജ് എഫ് സേവിയർ വ്യക്തമാക്കി ..ഒത്തിരി സ്‌നേഹം നൽകിയ പിതാവിൻെറ പ്രോത്സാഹനം നൽകിയ വാക്കുകൾ മനസ്സിൽ നിറയുന്നു ജോർജ് പറഞ്ഞു .
ജീവന്റെ തിരുകുടാരങ്ങളാകേണ്ടതിനുപകരം മരണസംസ്കാരത്തിന്റെ ഇരുപ്പിടങ്ങളായി മാറിയ കുടുംബങ്ങളിൽ ശിശുക്കൾ തിരസ്കരിക്കപ്പെടുകയും വാർദ്ധക്യം ദുരിതപൂര്ണമാകുകയും ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ ജീവനെ സംബന്ധിച്ച ദൈവിക പദ്ധതിയും സഭാ പ്രബോധനങ്ങളും മനസ്സിലാക്കി ഉത്തമ കുടുംബങ്ങൾക്ക് രൂപം നൽകുവാൻ അദ്ദേഹം ഉപദേശിച്ചു. ഇടുക്കി രൂപതയിലാണ് ആദ്യമായി വലിയ കുടുംബങ്ങൾക്കായി പ്രതേക ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്തത്. ഇത് ഭാരതത്തിലോ സാർവത്രിക സഭയിലോതന്നെ ഒരുപക്ഷെ ആദ്യമായിരിക്കും.സമർപ്പിതരായ എല്ലാവരും കുടുംബങ്ങൾ സന്ദർശിക്കണം .അവരുടെ അവസ്ഥയും ആവശ്യങ്ങളും അറിയണം ,സഹായിക്കണം സന്യാസ .സഭയിൽ ചേർക്കാൻ വേണ്ടി മാത്രമായിരിക്കരുത് ഭവന സന്ദർശനങ്ങൾ .കുഞ്ഞുങ്ങൾ കുറയരുതെന്ന് പറയുവാൻ മടിക്കരുത് ….ഇങ്ങനെ നിരവധി നിർദ്ദേശങ്ങൾ നൽകിയത് പ്രൊ ലൈഫ് സമിതിയുടെ ആരംഭം മുതൽ ആനിമേറ്ററായി ശുശ്രുഷ ചെയ്യുന്ന ഭരണംങ്ങാനത്തുള്ള സിസ്റ്റർ മേരി ജോർജ് എഫ് സി സി സന്തോഷത്തോടെ ഓർമ്മിക്കുന്നു .
ഇടുക്കി രൂപതയിൽ “ജീവൻ ഫൌണ്ടേഷന്” അദ്ദേഹം രൂപം നൽകി. ഈ മാതൃക എല്ലാ രൂപതകളിലും ഉണ്ടാകണമെന്ന് അഭിവന്ദ്യ പിതാവ് ആഗ്രഹിച്ചു. അതിനു വേണ്ടി വിവിധ വേദികളിൽ അദ്ദേഹം വാദിച്ചു. കെസിബിസി തലത്തിൽ 2011-ൽ ജീവസമൃദ്ധി എന്ന പരിപാടി നടപ്പിലാക്കാൻ കഴിഞ്ഞത് മാത്യു പിതാവിന്റെ ഉറച്ചനിലപാടുകൾ കൊണ്ട് മാത്രമാണ്. പിതാവിനോടൊപ്പം ജീവസമൃദ്ധിയുടെ ചീഫ് കോ ഓർഡിനേറ്ററായി പ്രവർത്തിക്കുവാൻ ഭാഗ്യം ലഭിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ നിയമ പരിഷ്കരണ കമ്മീഷൻ കൊണ്ടുവന്ന നിയമ പരിഷ്ക്കരണങ്ങൾ പലതും കുടുംബങ്ങൾക്ക് വെല്ലുവിളിയായിരുന്നു.
കുട്ടികൾ രണ്ടിൽകൂടുതൽ പാടില്ല, കൂടിയാൽ അവർക്കു ആനുകൂല്യങ്ങൾ നിഷേധിക്കും, മാതാപിതാക്കൾ ശിക്ഷിക്കപ്പെടും എന്നൊക്കെ ആയിരുന്നു നിർദേശങ്ങൾ. ഫണ്ടും ബാങ്ക് അക്കൗണ്ടും ഇല്ലാത്ത കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ യഥാർത്ഥ “കുടുംബആസൂത്രണം” ആദ്യമായി നടന്നു. കൊച്ചി ചാവറ ഫാമിലി വെൽഫയർ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണഞ്ചിറ സിഎംഐയുമായും എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൻ സി അബ്രഹാമുമായി പിതാവ് നേരിട്ടു സംസാരിച്ചു. ചാവറ പിതാവിന്റെ മധ്യസ്ഥതയിൽ കുടുംബങ്ങളെ ആദരിക്കാമെന്ന ആശയം വ്യക്തമാക്കി. പിന്നെ കാര്യങ്ങൾ എളുപ്പമായി…അക്കാലത്തെ കാര്യങ്ങൾ ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടൻ വിശദികരിച്ചു .
അന്നത്തെ ഫാമിലി കമ്മീഷൻ സെക്രട്ടറിയും പ്രോലൈഫ് സമിതി പ്രസിഡന്റുമായ ഫാ. ജോസ് കോട്ടയിൽ, ചാവറ ഫാമിലി വെൽഫേർ സെന്റർ ഡയറക്ടർ ഫാ . റോബി കണ്ണഞ്ചിറ സി എം ഐ ,വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു പള്ളിവാതുക്കൽ, ജനറൽ സെക്രട്ടറി ശ്രീ ജോർജ് എഫ് സേവ്യർ, അനിമേറ്റർ സിസ്റ്റർ മേരി ജോർജ് എഫ്‌സിസി, അഡ്വ. ജോസി സേവ്യർ,ശ്രീ യുഗേഷ് പുളിക്കൽ,ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടൻ,ശ്രീ സാലു എബ്രഹാം,ശ്രീ സെലസ്റ്റിൻ ജോൺ ,സിസ്റ്റർ ഡോ .മേരി മാർസലസ് ശ്രീ ,ഡോ ജോർജ് ലിയോൺ ശ്രീ ജോൺസൻ സി എബ്രഹാം ,ശ്രീ റെനി തോമസ് , തുടങ്ങിവർ ഉൾകൊള്ളുന്ന സമിതി നന്നായി പ്രവർത്തിച്ചു. കേരളത്തിൽ കണ്ണൂർ, മാനന്തവാടി, തൃശൂർ, എറണാകുളം, ചങ്ങനാശ്ശേരി, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെ പൊതുസമ്മേളങ്ങളിൽ പിതാവ് എത്തിച്ചേർന്നു. മാർപാപ്പ പോലും വലിയ സന്തോഷം പ്രകടിപ്പിച്ച കുടുംബ സ്നേഹ ക്ഷേമ പരിപാടിയായിരുന്നു ജീവസമൃദ്ധി.
അബോർഷൻ പാപവും കൊലപാതകവും ആണെന്നും, ആത്മഹത്യ, ദയാവധം, എന്നിവ അരുതെന്നും അദ്ദേഹം പഠിപ്പിച്ചു. ജീവന്റെ സുവിശേഷം പ്രഹോഷിക്കുന്നതിൽ അദ്ദേഹം ഏറെ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്തു. രൂപതയുടെ അധ്യക്ഷ സ്ഥാനത്തുള്ളപ്പോഴും തുടർന്നും അദ്ദേഹം ലളിതജീവിതം നയിച്ചു. ഒരിക്കൽ താമസ സ്ഥലത്ത്ചെന്നപ്പോൾ ഒരു കുടയും ഷർട്ടിനുള്ള തുണിയും മുറ്റത്തുനിന്നും പെറുക്കിയ മാങ്ങയും എനിക്ക് തന്നു. ഒരു വല്യപ്പന്റെ കരുതൽ, വേണ്ടടിത്തു വഴക്കും പിന്നെ ആശ്വാസവും. സ്വന്തം ആങ്ങളയോടും പിതാവിനോടുമുള്ള അടുപ്പം മാതൃവേദി പ്രവർത്തകർക്കുണ്ടായിരുന്നു. ഭാരതത്തിൽ ആദ്യം ആയിരിക്കും ഒരു വനിതയെ രൂപതയുടെ ഫിനാഷ്യൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് ഇടുക്കിയിൽ ആയിരിക്കും. നിരവധി മാതൃകകൾ അദ്ദേഹം പാരിഷ് -പാസ്റ്ററൽ കൗൺസിലിൽ നടപ്പിലാക്കിയിട്ടുണ്ട്. അദ്ദേഹത്തെ എതിർത്ത ചില രാഷ്ട്രീയക്കാരെക്കുറിച്ചും ആദരവോടെ അദ്ദേഹം സംസാരിച്ചത് ഓർക്കുന്നു.
പിതാവ് വളരെ താല്പര്യം എടുത്തു എംപി യായി വിജയിച്ച ദേശിയ പാർട്ടിയുടെ നേതാവ് എടുത്ത ചില നിലപാടുകൾ അദ്ദേഹത്തോട് വിയോജിപ്പ് പ്രകടിപ്പിയ്ക്കേണ്ടി വന്നപ്പോൾ അത് അദ്ദേഹം മറച്ചുവെച്ചില്ല. ചിലർ നടത്തിയ ചില സമരങ്ങൾ വഴിവിട്ടുപോകുന്നുവെന്ന് കണ്ടപ്പോൾ അവരെ താക്കിത് നൽകുവാനും പിതാവ് മടിച്ചില്ല. തനിക്കു പ്രത്യേക രാഷ്ട്രീയമില്ല, എന്നാൽ കർഷകരുടെ പ്രശ്ങ്ങൾ അവഗണിക്കാനും കഴിയില്ലന്നും വ്യക്തമാക്കി. ജാതിമത ഭേദമില്ലാതെ കർഷകർ പിതാവിന്റെ പിന്നിൽ അണിനിരന്നു. ഇത് പാർട്ടികളെയും നേതാക്കളെയും അതിശയിപ്പിച്ചു. ആരോടും പിണക്കമോ വൈരാഗ്യമോ അദ്ദേഹം പുലർത്തിയില്ല. അദ്ദേഹത്തെ പരസ്യമായി എതിർത്ത ഒരു നേതാവ് എം എൽ എ ആയി മത്സരിക്കുമ്പോൾ, അതേക്കുറിച്ചു പിഓസിയിൽവെച്ച് സംസാരിച്ചപ്പോൾ, അദ്ദേഹം വിജയിക്കട്ടെയെന്നു ആത്മാർത്ഥതയോടെ പറഞ്ഞത് ഓർക്കുന്നു.
ആശയപരമായി വിയോജിക്കുമ്പോഴും വ്യക്തിപരമായ നന്മകൾ എടുത്തുപറയുവാൻ മനസ്സിൽ കളങ്കമില്ലാത്ത ഈ പിതാവ് തയ്യാറായിരുന്നു. കർഷകരുടെ കൂടെ കർഷകൻ, കുടുംബങ്ങളുടെ കൂടെ പിതാവായി, യുവജനങ്ങളുടെ കൂടെ യുവാവായി, പൊതുസമൂഹത്തിൽ ഇടുക്കിയുടെ നാട്ടുകാരനായി. എല്ലാവർക്കും എല്ലാമായി അദ്ദേഹം നമുക്കിടയിൽ ജീവിച്ചു. പിതാവിന്റെ സ്നേഹം നിറഞ്ഞ ഉപദേശവും നിർദേശങ്ങളും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. എന്റെ പിതാവ് വേർപെട്ടപ്പോൾ ഉണ്ടായ വേദനയും വിഷമവും എനിക്കുണ്ട്. എന്റെ എല്ലാ സഹപ്രവർത്തകരും ഇതേ മനസികാവസ്ഥയിലാണ്. കാപട്യമില്ലാതെ ചിരിക്കുകയും പച്ചയായി സത്യം വ്യക്തമായി നാടൻ ഭാഷയിൽ തുറന്നുപറയുകയും ചെയ്ത ആത്മീയാചാര്യൻ ആയിരുന്നു.മണ്ണിനും മണ്ണിൻെറ മക്കൾക്കുംവേണ്ടി പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു അദ്ദേഹമെന്ന് സി ബി സി ഐ അല്‌മായ കമ്മീഷൻ സെക്രട്ടറി ഷെവലിയാർ അഡ്വ വി സി സെബാസ്റ്റിയൻ പറഞ്ഞു .
ഉള്ളുതുറന്ന് സ്നേഹിക്കുകയും ഉള്ളതുപോലെ മടിയും മറയുമില്ലാതെ, തന്ത്രങ്ങളും കാപട്യവുമില്ലാതെ വസ്തുതകൾ പറയുവാൻ ഒരുക്കമുള്ള വാത്സല്യപിതാവായിരുന്നു അദ്ദേഹം. കെസിബിസി പ്രോലൈഫ് സമിതിയിലൂടെ ലക്ഷക്കണക്കിന് സമർപ്പിത പ്രേഷിത പ്രോലൈഫ് കുടുംബങ്ങളെ കാരുണ്യത്തിന്റെ വഴിയിൽ നയിച്ച വന്ദ്യ പിതാവിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു.കുടുംബങ്ങളെ അനുധാവനം ചെയ്യുകയും കേരള സഭയിൽ കുടുംബം പ്രൊ ലൈഫ് എന്നിവയ്ക്ക് പുതിയ ദിശാബോധം നൽകിയ ആത്മീയാചാര്യനായിരുന്നു അഭിവന്ന്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവെന്ന് പ്രൊ ലൈഫ് സംസ്ഥാന മേഖലാ സമിതികൾ അനുസ്‌മരിച്ചു .
(ലേഖകനായ സാബു ജോസ് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതിയുടെ പ്രസിഡന്റും സീറോ മലബാര്‍ പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയുമാണ്