പുര കത്തുമ്പോൾ വാഴ വെട്ടാൻ കാത്തു നിൽക്കുന്നവരോട്….

Share News
വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ

തച്ചുടപറമ്പ് പള്ളിയിലെ കോവിഡ് ബാധിച്ചു മരിച്ച ഒരു വ്യക്തിയുടെ മൃതസംസ്‍കാരം സംബന്ധിച്ച് ഉണ്ടായ ചെറിയ വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ
വലിയ ചർച്ച ആയിരുന്നുവല്ലോ. പതിവുപോലെ കാര്യമറിഞ്ഞവരും അറിയാത്തവരും അതിൽ കയറി അഭിപ്രായം പറയാനും പിന്നെ എന്നത്തെയും പോലെ കത്തോലിക്കാ സഭയെയും അധികാരികളെയും കുറ്റംപറയാനും തുടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു. നിജസ്ഥിതിയുടെ ഒരംശം പോലും അറിയാതെ വലിയ വായിൽ സംസാരിക്കുന്നവർ അറിഞ്ഞിരിക്കേണ്ട മിനിമം കുറച്ചു കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നു.

1.കോവിഡ് ബാധിച്ചു കേരളത്തിൽ മരിച്ചവരിൽ ഒരു പക്ഷെ കത്തോലിക്കാ സഭയിലെ ആദ്യത്തെ സംഭവം ആയിരിക്കും തച്ചുടപറമ്പിലേത്. അതുകൊണ്ട് നേരെത്തെതന്നെ ഇത്തരം മൃതസംസ്കാരം ചെയ്യാൻ വേണ്ട ക്രമീകരണങ്ങൾ സഭ അധികാരികൾ നടത്തേണ്ടതല്ലേ എന്ന വാദ മുഖത്തിനു ഇവിടെ വലിയ പ്രസക്തി ഇല്ല.

2.സത്യത്തിൽ മണ്ണിൽ കുഴിച്ചിടുക എന്നത് സമീപവാസികളുടെ എതിർപ്പിനും സെൽ മോഡൽ കല്ലറയിൽ വക്കുക എന്നത് കോവിഡു മരണ
സംസ്‍കാരം നിബന്ധനകൾക്ക് എതിരും ഒപ്പം മൃതദേഹം ദഹിപ്പിക്കുക എന്ന നിർദേശത്തിനു വീട്ടുകാരും സമ്മതിക്കാതിരുന്നതുകൊണ്ടുമാണ് മൃതസംസ്‍കാരം നീണ്ടു പോയത്. അല്ലാതെ മൃതദേഹത്തോടുള്ള അനാദരവായി അതിനെ ദയവു ചെയ്തു ആരും കാണാൻ ശ്രമിക്കരുത് .

3.തച്ചുടപറമ്പ് ഇടവകയിൽ നിലവിൽ സെൽ മോഡൽ കല്ലറകൾക്കു മാത്രമാണ് നിലവിൽ അനുവാദം ഉള്ളതു. കാരണം ആ പ്രദേശത്തിന്റെ ഭൂപ്രകൃതിഅനുസരിച്ചു മഴക്കാലത്ത് വെള്ളക്കെട്ട് ഉള്ള സ്ഥലം ആയതിനാൽ (കഴിഞ്ഞ രണ്ടു പ്രളയത്തിലും അവിടെ വെള്ളം കയറി )മണ്ണിൽ മറവു ചെയ്യുക പ്രായോഗികമല്ല എന്ന് ആ സ്ഥലം പരിചയമുള്ള ആർക്കു അറിയാവുന്ന കാര്യം ആണ്‌. മാത്രമല്ല സിമിത്തേരിയിൽ (കുഴിയിൽ )അടക്കം ചെയ്യാൻ പറ്റില്ല എന്ന സമീപവാസികളുടെ വാദത്തിനു പ്രസക്തി ഉണ്ട്. മാത്രമല്ല പള്ളിസിമിത്തേരിയെ സംബന്ധിച്ചുള്ള സ്ഥലപരിമിതിയും ഇവിടെ ശ്രദ്ധിക്കണം. കാരണം ഒരാളെ മണ്ണിൽ കുഴിച്ചിട്ടാൽ ഇനി ഉള്ളവരെയും അങ്ങിനെ ചെയ്യേണ്ടി വരും അതു അപ്രായോഗികവും ആണ്‌

4.പിന്നെ കുഴിയിൽ അടക്കാൻ പറ്റില്ല എന്ന് വാശി പിടിച്ചത് വികാരി അച്ഛനോ രൂപതാ നേതൃത്വമോ അല്ല മറിച്ചു അവിടുത്തെ ഇടവക ജനങ്ങളും സമീപവാസികളും ആണ്‌. അതിനുള്ള ഒരു കാരണം മുകളിൽ സൂചിപ്പിച്ച പോലെ കോവിഡ് മരണം പരിചിതമല്ലാത്തതിനാൽ അതിനെക്കുറിച്ചുള്ള അറിവില്ലായ്മയും ഭയവും ആയിരിക്കാം. അതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല. കാരണം ജീവിച്ചിരിക്കുന്നവരുടെ കാര്യമാണല്ലോ മരിച്ചവരേക്കാൾ വലുത്.

5.മൃതസംസ്കാരത്തിന് വേണ്ട സഹകരണം വികാരിയച്ചന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല എന്ന ഒരു ആരോപണം കേട്ടു. എന്നാൽ ഇതു വാസ്തവ വിരുദ്ധമാണ്. ആളുകൾക്കിടയിൽ തർക്കം ഉണ്ടായപ്പോൾ പള്ളിയോഗത്തിൽ ഉയർന്നു വന്ന ജനങ്ങളുടെ അഭിപ്രായം അച്ചൻ രൂപതാ അധികാരികളെയും ഗവണ്മെന്റ് ഉദ്യോഗസ്ഥരെയും അറിയിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത് അതു അദ്ദേഹത്തിന്റെ കടമയുമാണ്. കാരണം മരിച്ച വ്യക്തിയും കുടുംബവും മാത്രമല്ല, ആ ഇടവകയിലെ മറ്റേതു കുടുംബവും അവരുടെ ആവശ്യവും അവകാശവും അവരുടെ ആത്മീയ പിതാവ് എന്ന നിലയിൽ അദ്ദേഹത്തിന് ഒരു പോലെ പ്രധാനപെട്ടതാണ്.

6.മൃതദേഹത്തോടു അച്ചൻ കാണിച്ച അനാദരവ് ആണ്‌ മറ്റൊരു വിഷയം. എനിക്കു അറിവുള്ളിടത്തോളം ആ വ്യക്തിക്ക് അസുഖം ആയ സമയം മുതൽ അച്ചൻ ആ കുടുംബത്തോട് അനുകമ്പാപൂർണമായി ഇടപെഴുകയും പ്രാത്ഥന സഹായം അവർക്കായി ഇടവക ജനത്തോടു ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മരണ ശേഷവും അച്ചൻ ആ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ അവിടെ തന്നെ ഉണ്ടായിരുന്നു. അനുവാദം ലഭിച്ച ശേഷം മൃത സംസ്കാര കർമ്മങ്ങൾ എല്ലാം അച്ചൻ തന്നെ ആണ്‌ ചെയ്തത്. സ്വന്തം ഇടവക ദേവാലയ സിമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യാനുള്ള ആവശ്യത്തിനും അച്ചൻ എതിരല്ലായിരുന്നു (ആ കത്ത് നമ്മൾ കണ്ടതാണ് ).അതുകൊണ്ട് മൃതദേഹത്തോട് അനാദരവ് കാട്ടി എന്നല്ല മറിച്ചു ജീവിച്ചിരിക്കുന്നവരായ തന്റെ ഇടവകക്കാരുടെ അഭിപ്രായങ്ങൾകൂടി അദ്ദേഹം മാനിച്ചു എന്ന് വേണം കണക്കാക്കാൻ.

  1. അഭിവന്ദ്യ പിതാവ് ഈ മൃതദേഹ സംസ്കാരത്തെ എതിർത്തു എന്ന് ചുരുക്കം ചിലർ എങ്കിലും പറയുന്നത് കെട്ടു. സത്യത്തിൽ മരണം നടന്ന ശേഷം അദ്ദേഹത്തിന്റെ അപ്പച്ചനാനായ ചാക്കോ ചേട്ടനെ പിതാവ് ഫോണിൽ വിളിച്ചു ആശ്വസിപ്പിച്ചു. മാത്രമല്ല, മൃതദേഹം മണ്ണിൽ തന്നെ അടക്കണം എന്ന അവരുടെ അവശ്യം പരിഗണിച്ചു ഡിന്നിയുടെ
    ഭാര്യ വീടായ കൊമ്പിടി പള്ളി സിമിത്തേരിയിലും രൂപതയുടെ മറ്റു ചില പള്ളി സിമിത്തേരികളിലും അടക്കം ചെയ്യാനുള്ള സാധ്യതയും അന്വേഷിച്ചിരുന്നു. എന്നാൽ എവിടെ ആയാലും കുഴപ്പമില്ല മണ്ണിൽ ആയാൽ മാത്രം മതി എന്നു പിതാവിനോട് സമ്മതിച്ചു പോയ ഡിന്നിയുടെ ചില ബന്ധുക്കൾ പെട്ടെന്ന് യാതൊരു പ്രകോപനവും കൂടാതെ അഭിവന്ദ്യ പിതാവിന്റെ നിർദേശം തള്ളി കളഞ്ഞത് ആരുടെ ഉപദേശം സ്വീകരിച്ചിട്ടാണ് എന്ന് ഒന്നു വ്യക്തമാക്കിയാൽ കൊള്ളാം.

8.പിന്നെ മൃതദേഹം മണ്ണിൽ മറവു ചെയ്യുന്നതിന് പകരം ദഹിപ്പിക്കുവാനുള്ള അനുവാദം ക്രിസ്തീയ വിശ്വാസത്തിലും സഭാ നിയമത്തിലും ഉണ്ടായിരിക്കെ (CCEO 876, CCC 2301) അതിനെയെല്ലാം ചില മുടന്തൻ ന്യായങ്ങൾ പറഞ്ഞു ഒഴിവാക്കിയതും ഒപ്പം മാധ്യമങ്ങൾക്കു മുന്നിൽ രൂപതാ വിമർശിച്ചുകൊണ്ട് ചില വ്യക്തികൾ നടത്തിയ പൊറാട്ടു നാടകം ഒരു തരം കണ്ണടച്ച് ഇരുട്ടാക്കലായെ കാണാൻ സാധിക്കുകയുള്ളു.

9.ബഹുമാനപെട്ട കളക്ടർ സ്ഥലം സന്ദർശിച്ചു വ്യക്തമായ ഒരു തീരുമാനം പറഞ്ഞത് ഉച്ച കഴിഞ്ഞു 2 മണിക്കാണ് അതിനെ തുടർന്ന് മൃതസംസകര ശുശ്രൂഷക്കു വേണ്ട എല്ലാ കാര്യങ്ങളും രൂപത ചെയ്‌തു ഏർപ്പാടുകകയും ചെയ്‌തു. എന്നാൽ ജനങ്ങളുടെ വികാരം കൂടി മനസിലാക്കി അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാകുന്നതിന് പകരം മുൻകൂട്ടി നിശ്ചയിച്ച തീരുമാന പ്രകാരം മൃതദേഹം മണ്ണിൽ അടക്കം ചെയ്യുവാൻ ഒരു തിടുക്കം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി എന്നാണ് അറിയാൻ കഴിഞ്ഞത്. കാരണം ഈ വിഷയത്തിൽ രൂപത അധികാരികളോടും മുൻസിപ്പൽ ചെയർപേഴ്സൺ വാർഡ് മെമ്പർ എന്നിവരോടുമൊപ്പം അദ്ദേഹം നടത്തിയ മീറ്റിംഗിൽ ഈ വിഷയത്തിൽ സമീപ വാസികൾ കൊടുത്ത പരാതി പരിഗണിച്ചുകൊണ്ടു ചാലക്കുടി മുൻസിഫ് കോടതി ഇതിനെ കുറിച്ച് അന്വേഷിക്കാനായി ഒരു കമ്മീഷനെ നിയോഗിച്ചു എന്നുള്ള രേഖ ബഹു.ക്ലമന്റ് തോട്ടാപ്പിള്ളി വക്കിൽ വഴി കളക്ടർക്കു കൈമാറിയപ്പോൾ അദ്ദേഹം അത് ചെവി കെടുത്തില്ല എന്നതിനാൽ അവിടെയുള്ള മറ്റു കുടുംബങ്ങൾക്ക് നീതി നിഷേധിക്കപ്പെട്ടു എന്ന് വേണം കാണക്കാക്കാൻ. മാത്രമല്ല ഇത്തരം ഒരു മൃതസംസ്കാരം ഒരു വ്യക്തിക്ക് മാത്രം നല്കപ്പെടുന്നതാണെന്നും ഇനി മുതൽ കോവിഡ് ബാധിച്ചോ അല്ലാതെയോ ആരെങ്കിലും ഇടവകയിൽ മരിച്ചാൽ അവർക്കുള്ള മൃത സംസ്കാര രീതി ഇപ്രകാരം ആയിരിക്കണമെന്ന് ഒരു നിർബന്ധവും ഇല്ല എന്ന നിലപാട് വ്യക്തമാക്കിയയതോടെ ഈ നിർദ്ദേശം ഒരു താത്കാലിക പരിഹാരം മാത്രമാണ് എന്നാണ് സാധാരക്കാർക്ക് മനസിലാക്കാൻ കഴിയുന്നത്.

10.പ്രശനം ഇടവകക്കാരുടെ മാത്രമല്ല സമീപവാസികളായ എല്ലവരുടെയും ആകയാൽ ജനപ്രതിനിധികൾ ഈ കാര്യത്തിൽ വച്ച് പുലർത്തിയ നിസ്സംഗത, ഇലക്കും മുള്ളിനും കേടില്ലാതെ കാര്യം കഴിഞ്ഞു പോകാനും വോട്ട് ബാങ്കിൽ നഷ്ടം വരാതിരിക്കാനുള്ള അമിത ജാഗ്രതയാണെന്നും ആർക്കാണ് മനസിലാക്കാൻ പറ്റാത്തത്. പ്രശനം രൂപത അധികാരികളുടെ തലയിൽ മാത്രം കെട്ടി വച്ച് ബോധ പൂർവം അതിൽ നിന്നും അവർ അകലം പാലിക്കാൻ ശ്രമിച്ചു എന്ന് വേണം കണക്കാക്കാൻ

  1. സത്യത്തിൽ ഇതിൽ സങ്കടകരമായ വസ്തുത ഇടവകക്കായുടെ വികാരം മനസിലാക്കി അവരോടൊപ്പം നിൽക്കാൻ ശ്രമിച്ച വികാരിയച്ചനും അഭിവന്ദ്യ പിതാവും ഉൾപ്പെടയുള്ള രൂപത അധികാരികളും കളക്ടറുടെ നിർദ്ദേശത്തിന് വില കൽപ്പിച്ചു മൃതദേഹം മണ്ണിൽ മറവു ചെയ്യാൻ അനുമതി നൽകിയപ്പോൾ അതിലെ നിസ്സഹായത മനസിലാക്കാതെ സംസാരിച്ച സമീപവാസികളുടെ പ്രതികരണമാണ്. എന്തോ വലിയ അപരാധം തങ്ങൾക്കും തങ്ങളുടെ ഇടവകക്കും രൂപത അധികാരികൾ ചെയ്‌തു എന്ന മട്ടിൽ എന്ന മട്ടിലാണ് കാര്യങ്ങൾ ഇപ്പോൾ വളച്ചൊടിക്കപെടുന്നത്.

12.വാസ്തവത്തിൽ ഇത്തരം ഒരു തീരുമാനം എടുക്കാവാനായി അധികാരികളെ പ്രേരിപ്പിച്ച പ്രധാന കാരണം ഇതാണ്. ആ പ്രദേശത്തു നാലടി താഴ്ത്തുമ്പോഴേക്കും വെള്ളം ഉണ്ടാകും എന്നുള്ള സമീപവാസികളുടെ വാക്കിന് വിരുദ്ധമായി മണ്ണ് എടുത്തപ്പോൾ ഭാഗ്യവശാലോ നിർഭാഗ്യവശാലോ വെള്ളം കണ്ടില്ല എന്നുള്ളതാണ് മൃതദേഹം അവിടെ തന്നെ അടക്കം ചെയ്യാനുള്ള ഏറ്റവും പ്രധാന കാരണം.

ചുരുക്കത്തിൽ കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കാതെ ‘വാളെടുത്തവരെല്ലാം വെളിച്ചപ്പാട്’ എന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ അഭിപ്രായം പറയുകയും പിന്നെ ‘കെട്ടിയോൻ ചത്താലും വേണ്ടില്ല അമ്മായമ്മയുടെ കണ്ണീരു കണ്ടാൽ മതി’ എന്ന തരത്തിൽ ഈ വിഷമ സന്ധിയിലും സഭയെയും സഭ നേതൃത്വത്തെയും വിമർശിക്കുകയും ചെയ്യുന്ന ഏതാനും വ്യക്തികളോടുള്ള മറുപടി മാത്രമായി ഇതിനെ കണ്ടാൽ മതി.

ജെറാൾഡ് ജേക്കബ് കെസിവൈഎം പ്രസിഡന്റ് ഇരിഞ്ഞാലക്കുട രൂപതാ
                                                                          
Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു