
റേഡിയോഗ്രഫർക്ക് രോഗമുക്തി ;തുടർന്നും ജോലിയിൽ പ്രവേശിക്കാൻ തയാറെന്ന് ജീവനക്കാരി
കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രിയിലെ റേഡിയോഗ്രഫർ കോവിഡ് മുക്തയായി വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ 14 നാണ് കോവിഡ് സ്ഥിരീകരിച്ച ഇവരെ ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. സമ്പര്‍ക്കം വഴിയാകാം രോഗബാധയുണ്ടായതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. കോവിഡ് ബാധിതരുടെ എക്സറേ എടുക്കുന്നത് റേഡിയോളജി വിഭാഗം ജീവനക്കാരാണ്.
ഈ വിഭാഗത്തിന്റെ ചുമതലക്കാരിയായിരുന്ന ഇവരില്‍ തൊണ്ടവേദന, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതോടെയാണ് സ്രവം പരിശോധനയ്ക്കായി എടുത്തത്. മേയ് 12 നാണ് പരിശോധന നടത്തിയത്. 14 നു രോഗം സ്ഥിരീകരിച്ചതോടെ ജില്ലാ ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. 15 നും 17 നും എടുത്ത സ്രവങ്ങളുടെ ഫലം നെഗറ്റീവായതോടാണ് മെഡിക്കൽ ബോർഡ് യോഗം ചേർന്നു ജീവനക്കാരിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
ജീവനക്കാരിയുമായി അടുത്ത സമ്പർക്കം പുലർത്തിയ ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട 130 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതെല്ലാം നെഗറ്റീവായതോടെ ജില്ലാ ആശുപത്രിയിൽ രോഗ വ്യാപനം നടന്നിട്ടില്ലെന്ന കാര്യത്തില്‍ ഉറപ്പായി. രോഗബാധിത ആണെന്നറിഞ്ഞിട്ടും ആത്മധൈര്യം കൈവിടാതെ നിന്ന ജീവനക്കാരി തുടർന്നും തന്റെ ജോലിയിൽ പ്രവേശിക്കാൻ തയാറായിട്ടുണ്ട്.
മറ്റുള്ളവർക്ക് പ്രചോദനമാകുന്ന തീരുമാനമെടുത്ത ജീവനക്കാരിയെ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ.വി.രാംദാസ് അഭിനന്ദിച്ചു. ഇവർ തിരികെ ജോലിയിൽ എത്തുന്നതോടു കൂടി ജില്ലാ ആശുപത്രിയിലെ എക്സ്റേ, സിടി സ്കാൻ, മാമോഗ്രാം എന്നീ യൂണിറ്റുകളുടെ പ്രവർത്തനം പൂർണ തോതിൽ വീണ്ടും പ്രവർത്തനം ആരംഭിക്കാനാകും.