
രാജമല ദുരന്തം: മരണം 14 ആയി
മൂന്നാര്‍: രാജമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. 12 പേരെ രക്ഷപെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലേക്കു മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും.
അതേസമയം, 52 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.ശമനമില്ലാതെ പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നുണ്ട്. അഗ്നിശമനസേനയും പോലീസും വനംവകുപ്പും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ഇന്നു പുലര്‍ച്ചെയാണ് മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ മണ്ണിടിഞ്ഞത്. ഇടമലക്കുടിയിലേക്കു പോകുന്ന വഴിയിലാണ് രാജമല. ഇവിടെ മൂന്നു ലയങ്ങളുടെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.
മണ്ണിടിച്ചില്‍ ഉണ്ടായ രാജമല മേഖലയില്‍ മൊബൈല്‍ റേഞ്ച് ഇല്ലാത്തതിനാല്‍ അപകടമുണ്ടായ വിവരം പുറം ലോകത്തെത്താനും വൈകി. ബിഎസ്എന്‍എല്‍ പ്രദേശത്ത് ഉടന്‍ ടവര്‍ സ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.