
ആംബുലൻസുമായി റെക്സ് ,കുടുംബവും റെക്സിനൊപ്പം.
ആംബുലൻസ് ഡ്രൈവറാണ് റെക്സ്, നന്മയുള്ള മനുഷ്യനും..
….കൊടകര: പേരാമ്പ്ര സെയ്ന്റ് ആന്റണീസ് പള്ളിയുടെ ആംബുലൻസ്, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് വിട്ടുകൊടുക്കണമെന്ന് കൊടകര പഞ്ചായത്ത് ആവശ്യപ്പെട്ടപ്പോൾ, പള്ളി ഭാരവാഹികൾ ഒരു ആവശ്യം മുന്നോട്ടുവെച്ചു. ആംബുലൻസ് മാത്രമായി തരില്ല, ഡ്രൈവറായി റെക്സിനെക്കൂടി എടുക്കണം. ആവശ്യം അംഗീകരിക്കാൻ പഞ്ചായത്ത് ഒട്ടും മടിച്ചില്ല. പള്ളിവക ആംബുലൻസിന്റെ ഡ്രൈവർപണി റെക്സിന് ഉറപ്പാക്കിയതായിരുന്നില്ല കമ്മിറ്റി
കാരണം, പണം പറ്റിയായിരുന്നില്ല ഈ ഡ്രൈവറുടെ സേവനം. ഇടവകയിൽ മരിച്ചവരെ സെമിത്തേരിയിലെത്തിക്കാനും പള്ളിയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് 2015-ൽ പള്ളി ആംബുലൻസ് വാങ്ങിയത്. അന്നുമുതൽ റെക്സും ഒപ്പമുണ്ട്.
തിരുവനന്തപുരം ആർ.സി.സി.യിലേക്ക് 13 വയസ്സുള്ള ഒരാൺകുട്ടിയെ ആമ്പല്ലൂരിൽനിന്ന് കൊണ്ടുപോകുമ്പോൾ ആശുപത്രിയിലാക്കി മടങ്ങിവരണമെന്നേ വിചാരിച്ചുള്ളൂ. വണ്ടിയിൽ രോഗിക്കൊപ്പം കയറിയത് പ്രായമുള്ള രണ്ട് സ്ത്രീകൾ മാത്രം. പിന്നെ എല്ലാ ചുമതലയും റെക്സ് ഏറ്റെടുത്തു. തിരിച്ച് അവരെ വീട്ടിലെത്തിച്ച് മടങ്ങുമ്പോൾ വാങ്ങിയത് ഡീസലിന്റെ പണം മാത്രം. ഗൾഫിൽനിന്നുവന്ന് ക്വാറന്റീനിൽ കഴിഞ്ഞിരുന്ന യുവാവിനെ മെഡിക്കൽ കോളേജിലേക്ക് എത്തിക്കാൻ വിളിവന്നത് പാതിരായ്ക്കാണ്. കൊടകര മരത്തോംപിള്ളിയിൽനിന്ന് 22 മിനിറ്റിനുള്ളിൽ ആംബുലൻസ് ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, സ്ട്രച്ചറിൽ കിടത്തി തള്ളുന്ന സമയം രോഗി കുഴഞ്ഞുവീണുമരിച്ചു. ആ സംഭവം ഒരിക്കലും മറക്കാനാവില്ലെന്ന് റെക്സ്.
പി.പി.ഇ. കിറ്റ് ധരിച്ച് ശവദാഹപ്രവർത്തനങ്ങളിലും റെക്സ് മുൻനിരക്കാരനായി. റെക്സ് എത്ര പി.പി.ഇ. കിറ്റ് ഇതിനകം ഇട്ടു എന്നതിന്, എണ്ണിയിട്ടില്ല എന്ന് ഉത്തരം. പേരാമ്പ്ര ആയുർവേദ ആശുപത്രിയിലെ ക്വാറന്റീൻ കേന്ദ്രത്തിന്റെ ഉത്തരവാദിത്വം പഞ്ചായത്തും ആരോഗ്യവകുപ്പും ഏൽപ്പിച്ചിട്ടുള്ളത് ഇദ്ദേഹത്തെയാണ്. സെന്ററിൽ 45 പേർ വരെ നിരീക്ഷണത്തിലുണ്ടായിരുന്നു. പണം പറ്റാതെയാണ് രാത്രിയും പകലും റെക്സിന്റെ ആംബുലൻസ് പായുന്നത്. അപ്പോളോ ടയേഴ്സിൽ പ്രൊഡക്ഷൻ വിഭാഗത്തിൽ ജോലിയുണ്ട് ഈ യുവാവിന്.
റെക്സിന്റെ നന്മ കണ്ട്, കമ്പനി അടിസ്ഥാനശമ്പളം നൽകി മൂന്നുമാസത്തേക്ക് സൗജന്യസേവനത്തിന് വിട്ടിരിക്കുകയാണ്. മൂന്നുമാസം കഴിഞ്ഞാൽ എന്തുചെയ്യും എന്ന ചോദ്യത്തിനും റെക്സിന് ഉത്തരമുണ്ട് ‘ദിവസത്തിൽ 24 മണിക്കൂറുണ്ടല്ലോ, എട്ട് മണിക്കൂർ ജോലികഴിഞ്ഞാൽ ബാക്കി സമയം സേവനപ്രവർത്തനമാകാലോ
ആംബുലൻസുമായി റെക്സ് ,കുടുംബവും റെക്സിനൊപ്പം.
ഭാര്യ ആഷയും ആറുവയസ്സുള്ള മകൻ ക്രിസ്റ്റിയുമാണ് എന്റെ രോഗപ്രതിരോധത്തിലെ ഡോക്ടർമാർ’ തനിക്ക് പ്രതിരോധമരുന്ന് നൽകുന്നതിലും മറ്റ് കാര്യങ്ങളിലും രണ്ടുപേർക്കും വലിയ ശ്രദ്ധയാണെന്ന് റെക്സ് പറയുന്നു. ക്രിസ്റ്റീന മകളാണ്. പേരാമ്പ്ര ചാമവളപ്പിൽ ആന്റണി – ഗ്രേയ്സി ദമ്പതിമാരുടെ മകനാണ് റെക്സ്. അഞ്ചും ആറും ദിവസങ്ങൾ കഴിയുമ്പോഴാണ് ഈ ചെറുപ്പക്കാരൻ വീട്ടിൽ എത്തുന്നത്. വിളി വന്നാൽ വീണ്ടും ഇറങ്ങിപ്പോകും. ‘വെറുതേ ജീവിച്ചിട്ട് എന്തുകാര്യം; ജീവിച്ചിരിക്കുന്നതിന് ഒരർഥമൊക്കെ വേണ്ടേ..’ -രാത്രിയെന്നോ പകലെന്നോ കോവിഡെന്നോ പ്രളയമെന്നോ വ്യത്യാസമില്ലാതെ ഓടിനടക്കുന്നതിനെക്കുറിച്ച് റെക്സിന്റെ വിലയിരുത്തൽ ഇങ്ങനെ. 2018-ലെ പ്രളയനാളുകളിലും ഇപ്പോൾ കോവിഡ് പ്രവർത്തനങ്ങളിലും റെക്സിന്റെ സേവനം മാനിച്ച് കൊടകര പഞ്ചായത്ത് കമ്മിറ്റി റെക്സിനെ കഴിഞ്ഞമാസം ആദരിച്ചിരുന്നു.
കടപ്പാട്: കെ .പ്രസാദ് മാതൃഭൂമി.
Tomy Muringathery