രാജ്യത്ത് ട്രെയിൻ ഗതാഗതം പുനരാരംഭിക്കുന്നു
ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവച്ചിരുന്ന ട്രെയിൻ സർവീസ് ഇന്ത്യൻ റെയിൽവേ പുനരാരംഭിക്കുന്നു.മെയ് 12 മുതൽ ഭാഗികമായാണ് ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നത്. റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് ഈക്കാര്യം അറിയിച്ചത്.
മൂന്നാം ഘട്ട ദേശീയ ലോക്ക്ഡൗണ് മേയ് 17ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നടപടി.
മെയ് 12നാണ് ആദ്യ സർവിസ്. ന്യൂഡൽഹിയിൽനിന്ന് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലേക്കാവും സർവിസ്. ഡൽഹിയിൽനിന്നും തിരുവനന്തപുരത്തേയ്ക്കും സർവീസുണ്ട്. ആദ്യഘട്ടത്തിൽ റിട്ടേൺ യാത്ര ഉൾപ്പെടെ 30 സർവിസുകളാണ് നടത്തുക. തിങ്കളാഴ്ച വൈകീട്ട് നാല് മുതൽ ബുക്കിങ് ആരംഭിക്കും. ഓൺലൈനായി മാത്രമേ ബുക്ക് ചെയ്യാനാകൂ. ഐ.ആർ.സി.ടി.സിയുടെ വെബ്സൈറ്റിലൂടെ വേണം ബുക്കിങ് നടത്താൻ. സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കില്ല.
തിരുവനന്തപുരത്തിനു പുറമേ അഗർത്തല, ദിബ്രുഗഡ്, ഹൗറ, പാറ്റ്ന, ബിലാസ്പുർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്തരാബാദ്, ബംഗളൂരു, ചെന്നൈ, മഡ്ഗാവ്, മുംബൈ സെന്റട്രൽ, അഹമ്മദാബാദ്, ജമ്മു തവി എന്നിവിടങ്ങളിലേക്കാണ് സർവീസ്.
എ.സി കോച്ചുകളായിരിക്കും ട്രെയിനിലുണ്ടാവുക. കുറഞ്ഞ സ്റ്റോപ്പുകൾ മാത്രമേ ഉണ്ടാകൂ. ട്രെയിൻ ഷെഡ്യൂൾ ഉടൻ ലഭ്യമാക്കും. യാത്രക്കാർക്ക് മാസ്കുകൾ നിർബന്ധമാണ്. യാത്രക്കു മുമ്പ് പരിശോധനയുണ്ടാകും. രോഗലക്ഷണമുള്ളവരെ യാത്രചെയ്യാൻ അനുവദിക്കില്ലെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.