നാരായണഗുരുവിൻ്റെ പുതിയ ശില്പം കണ്ടു. മനോഹരമായിട്ടുണ്ട്.
നാരായണഗുരുവിൻ്റെ പുതിയ ശില്പം കണ്ടു. മനോഹരമായിട്ടുണ്ട്. ശില്പിയ്ക്ക് അഭിനന്ദനങ്ങൾ. ശില്പത്തോടും ശില്പിയോടുമുള്ള എല്ലാ ആദരവും നിലനിറുത്തിക്കൊണ്ടു തന്നെ ഒരു കാര്യം പറഞ്ഞോട്ടെ.
കേരളത്തിൽ ഏറ്റവും കൂടുതൽ വിഗ്രഹം/പ്രതിമ/ ശില്പങ്ങൾ ഉള്ളത് നാരായണഗുരുവിൻ്റേതാകും. അത് കേൾക്കുമ്പോൾ അത്ര സന്തോഷം തോന്നാത്തവരും എന്നെപ്പോലെ കുറച്ചു പേർ ഉണ്ടാകും. വേദനയോടെ.
തിരുവനന്തപുരത്ത് ഗുരുവിനുള്ള ആദരവായി പ്രതിഷ്ഠിച്ച ആ ഗുരുവിൻ്റെ ശില്പത്തിൻ്റെ സ്ഥാനത്ത് യഥാർത്ഥത്തിൽ ഉയരേണ്ട ഒരു ഗുരുസ്മാരകത്തെ കുറിച്ച് ഞാൻ വെറുതെ ഒരു സ്വപ്നം കണ്ടു. ഇപ്പോഴും അതിനടുത്തും ചെയ്യാവുന്നതേയുള്ളൂ..
മനോഹരമായ ഒരു പൂന്തോട്ടം. അങ്ങിങ്ങായി ചെറിയ പഴവൃക്ഷങ്ങൾ. ഒത്ത നടുക്ക് ഒരു തണൽ മരം. അതിനിടയിൽ ശാന്തമായ ഒരു ഭവനം. ഗുരുവിൻ്റെ കൃതികളും ഗുരുവിനെ കുറിച്ചും കൃതികളെ കുറിച്ചും എഴുതിയ പുസ്തകങ്ങളും ഗുരുകൃതികളെ കുറിച്ച് ലഭ്യമായ പ്രഭാഷണങ്ങളും കൃതികളുടെ ആലാപനങ്ങളും അടങ്ങിയ ഓഡിയോ വീഡിയോ കളക്ഷനും ഒക്കെയായി സൗമ്യമായ ഒരു ലൈബ്രറി. അവിടെ സന്ദർശിക്കുന്നവർക്ക് കാണാനായി ഗുരുവിൻ്റെ ജീവിതം പറയുന്ന ചിത്രങ്ങൾ.
5 മിനിറ്റ് വരുന്ന വീഡിയോ പ്രദർശനങ്ങൾ. എല്ലാ മാസവും ചെറിയ സംവാദസദസ്സുകൾ. അങ്ങിങ്ങായി ശാന്തമായിരിക്കാവുന്ന, വിശ്രമിക്കാവുന്ന ഇരിപ്പിടങ്ങൾ. അവിടെ ഇരുന്ന് നോക്കിയാൽ വായിക്കാവുന്ന തരത്തിൽ ഗുരുവചനങ്ങൾ….
തിരുവനന്തപുരത്തുള്ളവർക്കും അവിടെ വന്നുപോകുന്നവർക്കും ഒന്ന് കയറിയിറങ്ങാൻ തോന്നുന്ന ലളിതവും സുന്ദരവുമായ ഒരു ജ്ഞാനമന്ദിരം.
അവയ്ക്കിടയിൽ അധികം എടുപ്പോടെയൊന്നുമല്ലാതെ ധ്യാനാത്മകമായിരിക്കുന്ന ചെറിയൊരു ഗുരുശില്പം. വെറുതെ സമാധാനത്തോടെ കണ്ടിരിക്കാൻ. പുഷ്പാർച്ചനയും വിളക്കും ആരവവും ഒന്നും വേണ്ട. അറിവ് മതി. അറിയാനും അറിയിക്കാനും ഒരിടം.
ഒരുപക്ഷെ, നാരായണഗുരുവിന് നല്കാവുന്ന ഏറ്റവും മഹത്തായ ശ്രദ്ധാഞ്ജലി അതാകും. മറ്റേതൊന്നും വേണ്ടന്നല്ല. അതൊക്കെ ആവശ്യത്തിൽ കൂടുതലായില്ലേ? ആവർത്തനങ്ങളിൽ നിന്ന് ഒന്ന് മാറി ചിന്തിക്കുന്നത് ഇന്നല്ലെങ്കിൽ പിന്നെ എന്ന്?
പിൻകുറിപ്പ്: അങ്ങനെ ഒരു ഇടം കേരളത്തിൽ എന്തായാലും ഉണ്ടാകും. ഗുരുവിൻ്റെ ജ്ഞാനമന്ദിരം. അധികം വൈകാതെ തന്നെ.. ചെറിയ വലിയ ഒരിടം. പഴവൃക്ഷങ്ങളും പൂന്തോട്ടവും തണൽ മരങ്ങളും ആലിംഗനം ചെയ്തു നില്ക്കുന്ന ഒരു അറിവിടം. ഗുരുവിടം. നമുക്കൊക്കെക്കൂടി അങ്ങ് ചെയ്താലോ? ഭാവിയിലേക്ക് ഒരു മാതൃകയായി …
Shoukath Sahajotsu