
കർണാടകയിൽ മുതിർന്ന ജെഡിഎസ് നേതാവ് കോവിഡ് ബാധിച്ചു മരിച്ചു
ബംഗളൂരു: കർണാടകയിൽ മുൻ എംഎൽഎയും മുതിർന്ന ജെഡിഎസ് നേതാവുമായ അപ്പാജി ഗൗഡ(67) കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ പിന്നീട് മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.
ഷിമോഗയിലെ ഭദ്രാവതി നിയമസഭാ മണ്ഡലത്തിൽ നിന്നുമാണ് അപ്പാജി ഗൗഡ എംഎൽഎ ആയത്. ഭദ്രാവതിയിലെ വിശ്വേശ്വര അയൺ ആൻഡ് സ്റ്റീൽ കമ്പനിയിലെ ജോലിക്കാരനായിരുന്ന അപ്പാജി ഗൗഡ തൊഴിലാളി നേതാവായാണ് രാഷ്ട്രിയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
1994 തെരഞ്ഞെടുപപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച അപ്പാജി ഗൗഡ പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. തുടർന്ന് 2013ലാണ് അദ്ദേഹം ജെഡിഎസിൽ ചേർന്നത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.