സെപ്റ്റംബർ 30, ട്രാക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം യാത്ര തുടങ്ങിയിട്ട് 200 ദിവസം പൂർത്തിയായിരിക്കുന്നു.

Share News

സെപ്റ്റംബർ 30, ട്രാക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം യാത്ര തുടങ്ങിയിട്ട് 200 ദിവസം പൂർത്തിയായിരിക്കുന്നു.

തിരിഞ്ഞു നോക്കുമ്പോൾ അത്ഭുതമൊന്നുമില്ല. ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയുമില്ല. എങ്കിലും പലരും ചെയ്യാൻ മടിക്കുന്ന എന്തൊക്കെയോ ചെയ്തിട്ടുണ്ട്. അതിനിടയിൽ ഒത്തിരി വേദനിച്ചിട്ടുമുണ്ട്. എല്ലാം എഴുതണമെന്നുണ്ട്. പക്ഷെ പലരുടെയും മുഖംമൂടികൾ അഴിച്ചിടേണ്ടി വരും. കൂടെ നിൽക്കുന്നവരും കൂടെ നിന്നവരും കൂടെയാണോ എന്ന ചോദ്യങ്ങൾ ഇപ്പോഴും ഇടക്കിടക്ക് പുറത്തു ചാടാറുണ്ട്. ആരെയും മുറിപ്പെടുത്താതെ, എല്ലാമെഴുതാതെ, കുറച്ചെങ്കിലും എഴുതാമെന്ന് കരുതുന്നു. സത്യങ്ങൾ പലതും ചിലർക്കെങ്കിലും അപ്രിയമാകുകയും ചിലരെയെങ്കിലും വലിച്ചുകീറി മതിലിൽ ഒട്ടിക്കേണ്ടി വരികയും ചെയ്യേണ്ടി വരുമെന്നുള്ളതുകൊണ്ട് എല്ലാം പറയുന്നില്ല.പക്ഷെ സത്യങ്ങളിൽ ചിലത് പറയാതെ പോകുവാനും കഴിയില്ല. ആരെയും മുറിപ്പെടുത്താതെ ഒരു ശ്രമം തുടങ്ങട്ടെ.

മാർച്ച് 15 ന് റേഡിയോ ബെൻസിഗറിൽ കാതോട് കാതോരം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഡെപ്യൂട്ടി ഡി എം ഓ ഡോ സി ആർ ജയശങ്കറിന്റെ വിളി. 4 മണിക്ക് 30 പേര് കളക്ടറേറ്റിലെ കോൺഫ്രൻസ് ഹാളിലെത്തണം. പറഞ്ഞയത്രയും പേര് അവിടെയെത്തി. ഒപ്പം ഹെൽത്തിൽ നിന്ന് ആശമാരും. കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പറഞ്ഞതാണ് (ഡെപ്യൂട്ടി ഡി എം ഓ ഡോ സി ആർ ജയശങ്കറിന്റെ പ്രസംഗത്തിൽനിന്ന് ) കൊല്ലത്തുള്ള ട്രാക്കിനെ വിളിക്കാൻ. കൊല്ലം കളക്ടർ ശ്രീ അബ്ദുൽ നാസർ ഐ എ എസ് എപ്പോഴും ആദ്യം വിളിക്കുന്ന സംഘടനയും ട്രാക്ക് തന്നെയാണല്ലോ .അന്ന് തുടങ്ങിയതാണ് കോവിഡ് 19നെതിരെ ജില്ലാ ഭരണകൂടത്തോടൊപ്പം ട്രാക്കിന്റെ പോരാട്ടം.

ട്രാക്ക് എന്താണെന്ന് അറിയാത്തവർക്കുവേണ്ടി ഒരു കുറിപ്പ്.

ആറു കൊല്ലം മുൻപ് ഡി ജി പി ശ്രീ ഋഷിരാജ്സിംഗ് ഐ പി എസ് ഗതാഗത കമ്മീഷണർ ആയിരുന്നപ്പോൾ അദ്ദേഹം ആർ ടി ഓ മാർക്ക് നിർദേശം നല്കിയതനുസരിച്ചു റോഡ് സുരക്ഷക്ക് വിവിധ ജില്ലകളിൽ എൻ ജി ഓ കൾ രൂപീകരിച്ചു. അതിൽ കൊല്ലത്ത് രൂപീകരിച്ച എൻ ജി ഓ ആണ് ട്രാക്ക് അഥവാ ട്രോമാകെയർ &റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം. കൊല്ലത്തെ രൂപീകരണത്തിന് മോട്ടോർ വാഹന വകുപ്പിനൊപ്പം ഉണ്ടായിരുന്നത് പോലീസ്, ആരോഗ്യം, എക്സൈസ്, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളാണ്. രണ്ടോ മൂന്നോ മീറ്റിങ്ങുകൾക്ക് ശേഷം ഫയർ &റെസ്ക്യൂവും ഇതിന്റെ ഭാഗമായി.മാസങ്ങൾ കഴിഞ്ഞായിരുന്നു ഉദ്‌ഘാടനം. ഉദ്‌ഘാടനമൊക്കെ ആയപ്പോഴേക്കും ഋഷിരാജ്സിംഗ് സാർ മാറുകയും ഡി ജി പി ശ്രീമതി ശ്രീലേഖ ഐ പി എസ് ഗതാഗത കമ്മീഷണർ ആകുകയും ചെയ്തു . 2019 ജൂൺ വരെ ആർ ടി ഓ പ്രസിഡന്റും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സെക്രട്ടറിയുമായിട്ടായിരുന്നു ട്രാക്കിന്റെ പ്രവർത്തനം.

കോവിഡ് 19നെതിരെയുള്ള ട്രാക്കിന്റെ പ്രവർത്തനം ഹെൽത്തിൽനിന്ന് ഒരു ഓർഡറും വാങ്ങാതെയായിരുന്നു . മുപ്പതിൽ നിന്ന് നൂറ്റിയന്പതിലേക്ക് വോളന്റിയേഴ്‌സ് വളർന്നിട്ടും എങ്ങും ഒരു ഓർഡറും കിട്ടിയിട്ടുമില്ല. എന്നിട്ടും കൊല്ലത്തെ ഏറ്റവും വലിയ റിഹാബിലിറ്റേഷൻ സെന്ററായിരുന്ന ബോയ്സിലും കൊട്ടാരക്കരയിലെ ഈ ടി സി യിലും, ഐസലേഷൻ സെന്ററുകളായ കൊട്ടാരക്കര കിലയിലും, ടി കെ എം ഇന്റർനാഷണൽ ഹോസ്റ്റലിലും, സുദർശന ഹോട്ടലിലും നെല്ലിമുക്ക് പവിത്രം റസിഡൻസിയിലും പെയ്ഡ് സെന്ററുകൾ ആകുന്നതുവരെ സേവനം ചെയ്തു. അതോടൊപ്പം പല സെന്ററുകളിലും വോളന്റിയേഴ്സിനെ നൽകി.ആദ്യ സമയങ്ങളിൽ പല സെന്ററുകളും വൃത്തിയാക്കി, ജില്ലയിലെ ട്രാൻസ്‌പോർട്ട് സ്റ്റാണ്ടുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഡ്യൂട്ടി ചെയ്തു. ഇപ്പോഴും കൊല്ലം റെയിൽവേ സ്റ്റേഷനിലും, കൊല്ലം ഹാർബറിലും, വിക്ടോറിയ ഹോസ്പിറ്റലിലും പബ്ലിക് ഹെൽത്ത് ലാബിലും, ശക്തികുളങ്ങര ഹെൽത്ത് സെന്ററിലും ഉൾപ്പെടെ അനേകയിടങ്ങളിൽ ട്രാക്ക് വോളന്റിയേഴ്‌സ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

പല സെന്ററുകളിലും അന്തേവാസികൾക്കും വോളന്റിയേഴ്സിനും ചെല്ലും ചെലവും നൽകേണ്ടി വന്നു. ചിലപ്പോഴെങ്കിലും വോളന്റിയേഴ്‌സ് പട്ടിണിയായി. വണ്ടിക്കൂലിയില്ലാതെ വിഷമിച്ചു. എന്നിട്ടും ഒരു പരാതിയും പറഞ്ഞില്ല. ആർക്കുമെതിരെ ഒരു പോസ്റ്റുമിട്ടില്ല. മാർച്ച് 16ന് കോവിഡ് സസ്‌പെക്ട് ആയ ഒരു വൃദ്ധനെ പോസ്റ്റുമോർട്ടത്തിന് കൊണ്ട് പോകുന്ന കാര്യത്തിൽ അന്നത്തെ ഡി എം ഓ നിസ്സഹകരണം കാണിച്ചപ്പോൾ കളക്ടറുടെ നിർദേശമനുസരിച്ചു വെസ്റ്റ് പോലീസിനൊപ്പം ഇറങ്ങിത്തിരിച്ചത് ഞങ്ങളാണ്. പിറ്റേന്ന് പൂയപ്പള്ളിയിൽ അപകടത്തിൽപ്പെട്ട ഉക്രയിൻ സ്വദേശിയെ ഡെപ്യൂട്ടി ഡി എം ഓ ഡോ സന്ധ്യ ആവശ്യപ്പെട്ടപ്പോൾ ഒരു ഓർഡറും ചോദിക്കാതെ എടുത്തു ചാടി രക്ഷിച്ചതും ഞങ്ങളാണ്. എന്നിട്ടും ഞങ്ങൾക്ക് ആദ്യം കിട്ടിയ തിരിച്ചടി ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്ന് സീൽ പതിച്ച ഒരു പേപ്പർപോലും (ഐ ഡി കാർഡ് എന്നാണ് അതിന് പേര്)ഞങ്ങളുടെ പല വോളന്റിയേഴ്‌സിനും നിഷേധിച്ചു എന്നതാണ്. അതിന് ഒരുദ്യോഗസ്ഥൻ പറഞ്ഞ ന്യായം, മരണം വകവെക്കാതെ കോവിഡിനെതിരെ ഇറങ്ങിത്തിരിച്ച ട്രാക്ക് വോളന്റിയേഴ്‌സ് ആ പേപ്പർ ദുരുപയോഗം ചെയ്യുമെന്ന്. പക്ഷെ കൊല്ലം സിറ്റിയിലെയും റൂറലിലെയും പോലീസ് ഞങ്ങളോടൊപ്പമായിരുന്നു. കാർഡ് ഇല്ലെങ്കിലും ട്രാക്ക് വോളന്റിയർ എന്ന് പറഞ്ഞാലുടൻ ലോക്ഡൗൺ കാലത്തും കടത്തിവിട്ട്(ട്രാക്കിനെയും അതിന്റെ പ്രവർത്തനങ്ങളെയും അവർ അംഗീകരിച്ചു ) കോവിഡ് 19 നെതിരെയുള്ള അവരുടെ പ്രതിബദ്ധത വെളിവാക്കി.

പലപ്പോഴും ഹെൽത്തിലെ ഒന്നോ രണ്ടോ ഉയർന്ന ഉദ്യോഗസ്ഥർ ഞങ്ങളോട് മിണ്ടാൻ പോലും തയ്യാറായില്ല.ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പല ആവശ്യങ്ങളുമായി ചെന്ന എന്നോടുപോലും തട്ടിക്കയറി. പല സെന്ററുകളിലും വോളന്റിയേഴ്സിന് മോശമായ അനുഭവമുണ്ടായി.എന്തിനെന്നറിയില്ല ട്രാക്ക് പലപ്പോഴും ആക്രമിക്കപ്പെട്ടു. സംരക്ഷിക്കേണ്ട ഡിപ്പാർട്ട്മെന്റിൽ നിന്ന് പോലും ചിലപ്പോഴെങ്കിലും സംരക്ഷണം കിട്ടിയില്ല. മാർച്ച് 24 ന് ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം റെയിൽവേ സ്റ്റേഷനിൽ രാത്രി ഡ്യൂട്ടി ട്രാക്കിന് മാത്രമായി മാറി. ഒരു ഓർഡറും ഇല്ല,ഡോ സന്ധ്യ വിളിച്ചു പറഞ്ഞു. ഞങ്ങൾ എടുത്തു ചാടി. എന്നിട്ടും അറുപത്തിയഞ്ചാം ദിവസം മറ്റൊരു സംഘടനക്ക് പേപ്പർ കൊടുത്ത് ഞങ്ങളുടെ സംഘടനയെ റയിൽവേ സ്റ്റേഷനിൽനിന്ന് പുറത്താക്കാൻ ഹെൽത്തിലെ ചില ഉദ്യോഗസ്ഥർ ശ്രമിച്ചു.അവർ അയച്ച സംഘടനയിൽ നിന്ന് വന്ന ഒരു വ്യക്തിയുടെ മോശം വാക്കുകളും അവർക്ക് വിനയായി. (സേവനത്തിന് ജില്ലാ ഭരണകൂടത്തിൽ പേര് രജിസ്റ്റർ ചെയ്ത് സേവനം ചെയ്യുവാൻ സെന്ററുകളിൽ എത്തുന്നവരുടെ ഇടയിൽ ഈ സംഘടനയിലുള്ള ചിലർ എത്തും.കുറച്ചു ദിവസം കഴിയുമ്പോൾ അവരെ ഈ സംഘടനയുടെ ഭാഗമാക്കും-അവരുടെ കോർഡിനേറ്റർ എന്നോട് പറഞ്ഞത് ) റെയിൽവേ സ്റ്റേഷനിലെ എസ് എച്ച് ഓ ഉമർ സാറും, ജില്ല കളക്ടർ അബ്ദുൽ നാസർ സാറും കൂടെ നിന്നപ്പോൾ ട്രാക്ക് പുറത്തായില്ല. പകരം ട്രാക്കിന്റെ ഉത്തരവാദിത്വം റവന്യുവിനായി മാറി. സ്വന്തമായി മാസ്കും, സാനിറ്റൈസറും, ഗ്ലൗസുകളും വോളന്റിയേഴ്സിന് ട്രാക്ക് തന്നെയാണ് പലപ്പോഴും വാങ്ങിനല്കിയത് . വോളന്റിയേഴ്സിനും പുറത്തുള്ളവർക്കും ഭക്ഷ്യക്കിറ്റുകൾ നൽകി, മരുന്നുകൾ വാങ്ങി നൽകി. ലോക് ഡൗണിൽ പെട്ടുപോയ രോഗികളെയും സ്ത്രീകളെയും സുരക്ഷിതമായി വീട്ടിലെത്തിച്ചു.വിവിധ സെന്ററുകളിൽ നിന്ന് പണം ചിലവഴിച്ചു അന്തേവാസികളെ അവരുടെ വീട്ടിലെത്തിച്ചു. ആത്മഹത്യ ശ്രമം നടത്തിയവരെ രക്ഷിച്ചു. കോവിഡ് ബാധിച്ചു മരിച്ചവരുടെ അന്ത്യകർമങ്ങൾ നടത്തി. ട്രാക്ക് വോളന്റിയേഴ്‌സും ആംബുലൻസ് ടീമും സ്വന്തം ജീവൻ തൃണവല്ഗണിച്ചു പ്രവർത്തിച്ചു. പക്ഷെ വാർത്തകളും അവകാശവാദങ്ങളും ചിലർ സ്വന്തം പേരിലാക്കി, പലരും ഞങ്ങളെ മണ്ടന്മാരാക്കാൻ നോക്കി.

ഇതിനിടയിൽ ഞങ്ങൾ പ്രവർത്തനം ആരംഭിച്ചതിനു ശേഷം വന്ന സംഘടന കൊടുത്ത വാർത്തകളിൽ ട്രാക്കിന്റെ പേര് മാത്രം വെട്ടി. ആഹാരം കിട്ടുന്നില്ല എന്ന് പറഞ്ഞു അവർ ജില്ലാ ഭരണകൂടത്തിനെതിരെ പോസ്റ്റിട്ടു. റെയിൽവേ സ്റ്റേഷനിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികളെയുംകൊണ്ട് ആദ്യ ട്രെയിൻ പോയപ്പോൾ ഞാൻ റയിൽവേ സ്റ്റേഷനിൽ എഫ് ബി ലൈവ് ഇട്ടു. അപ്പോൾ സ്റ്റേഷനിൽ ഉണ്ടായിരുന്ന എല്ലാവരും ആ ലൈവിൽ ഉണ്ടായിരുന്നു.അവിടെ സേവനം ചെയ്തിട്ട് ട്രെയിൻ പോകുന്നതിന് മുൻപേ വീട്ടിൽ പോയ സംഘടനയിലുള്ള ചിലർ അവരെ മനഃപൂർവം ഒഴിവാക്കിയെന്ന് കള്ളം പറഞ്ഞു എനിക്കെതിരെ പോസ്റ്റിട്ടു. പിന്നീടും ചില പോസ്റ്റ് ഉണ്ടായി. പല രീതിയിൽ ട്രാക്കിനെതിരെ അവർ ആക്രമണം നടത്തി. ഇതിനിടയിൽ എനിക്കെതിരെ താതനില്ലാത്ത പരാതികളുണ്ടായി . ട്രാക്കിനെതിരെ, ട്രാക്ക് ഭാരവാഹികൾക്കെതിരെ പരാതികൾ. കളക്ടർക്കും, ആർ ടി ഓ ക്കും, ഗതാഗത കമ്മീഷണർക്കും,ഗതാഗത മന്ത്രിക്കും, മുഖ്യമന്ത്രിക്കും അത്തരം പരാതികൾ പോയി . ഇപ്പോഴും പോയിക്കൊണ്ടേയിരിക്കുന്നു. ഒത്തിരി വേദനിക്കുന്ന അനുഭവങ്ങൾ ഇതിനിടയിലുണ്ടായിട്ടുണ്ട്. ഹെൽത്തിലെയും പോലീസിലേയും റവന്യുവിലെയും ലേബറിലെയും ഭൂരിഭാഗം ഉദ്യോഗസ്ഥരും ഞങ്ങളോടൊപ്പമായിരുന്നു.അവർ ഞങ്ങൾക്ക് പ്രോത്സാഹനം നൽകി.

വിരലിലെണ്ണാവുന്നവരായിരുന്നു പ്രശ്നക്കാർ. ഞങ്ങളുടെ തെറ്റുകൾ കണ്ടിട്ടല്ല പ്രവർത്തികൾ കണ്ടിട്ടായിരുന്നു അവർ അസൂയ പൂണ്ടത്. ഒരു ചെറിയ സംഭവം കൂടി പറഞ്ഞു അവസാനിപ്പിക്കാം . ട്രാക്ക് വോളന്റിയേഴ്‌സും ഹെൽത്തിൽ റയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുന്നവരും ഒരേ കുടുംബം പോലെയായിരുന്നു. അതിൽ ഒരു വോളന്റിയറും ഒരു ഉദ്യോഗസ്ഥയും തമാശയിൽ തുടങ്ങി വാക്ക് തർക്കമായി. അവിടെ പറഞ്ഞു തീർക്കേണ്ടത് അവർ ഉന്നതങ്ങളിലെത്തിച്ചു. ഞാനത് പറഞ്ഞു തീർത്തെങ്കിലും പിറ്റേന്നും ചില ഉന്നതർ ട്രാക്കിനെതിരെ പരാതികൾ അധികാരകേന്ദ്രങ്ങളിൽ നടത്തി. ട്രാക്കിനെ തകർക്കുവാനുള്ള ശ്രമം ഇതിനുപിന്നിലുണ്ടെന്നു മനസിലാക്കിയ ഞങ്ങൾ അവരോടൊപ്പമുള്ള പ്രവർത്തനങ്ങളിൽ നിന്ന് പൂർണമായി പിന്മാറി. ശതാബ്ധിയിൽ വരുന്നവരിലും വേണാടിൽ വരുന്നവരിലും ചിലർ ട്രാക്ക് വോളന്റിയേഴ്‌സ് നിങ്ങളെവിടെ നിന്ന് വന്നുവെന്നു ചോദിക്കുന്നു, പോലീസ് ചോദിച്ചാൽ മതിയെന്ന് എസ് എച്ച് ഓ യോട് പരാതി പറഞ്ഞതായി അറിഞ്ഞു . അവരോട് ഞങ്ങൾ അഭിമാനത്തോടെ പറയട്ടെ പ്രിയ യാത്രികരെ, നിങ്ങൾ ഇറങ്ങിയ സ്ഥലം മുതൽ പുറത്തെത്തുന്നതുവരെ അങ്ങനെ ചോദിച്ചപ്പോഴാണ് കേരളത്തിന് പുറത്തുനിന്ന് ഒളിച്ചു വന്ന, മംഗളയിൽ വന്നിട്ട് കൊറന്റയിനിൽ ഇരിക്കാതെ ഒളിച്ചു വന്ന അമ്പതിനും നൂറിനും ഇടയിലുള്ളവരെ പിടികൂടാൻ ഞങ്ങൾക്ക് കഴിഞ്ഞത്. 13 ദിവസം എറണാകുളത്ത് പല ബാങ്കിലും ജോലി ചെയ്ത ടെക്‌നീഷ്യനെ ഉൾപ്പെടെ അനേകരായാണ് ഞങ്ങൾ കൊറന്റയിനിൽ ആക്കിയത്. കേരളത്തിൽ ആദ്യമായി പൂച്ചകളെപ്പോലും കൊറന്റയിനിൽ വിട്ട ടീമാണ് കൊല്ലം ടീം. റെയിൽവേയിലെ കേരള പോലീസും, ആരോഗ്യവകുപ്പും, റവന്യുവും ട്രാക്കും ഒരുമിച്ചു ഇങ്ങനെ നിങ്ങളെ ബുദ്ധിമുട്ടിച്ചതുകൊണ്ടാണ് നിരവധിമാസങ്ങളിൽ കൊല്ലം കത്താതിരുന്നത്. ആദ്യം റെയിൽവേ അതോറിറ്റി ബാത്റൂം സൗകര്യം നൽകാത്തതിനാൽ, പിന്നീട് തന്ന രണ്ടു റൂമിൽ ഒന്ന് ഡ്യൂട്ടി ചെയ്യുന്നവർക്ക് ബാത്റൂമിൽ പോകാനും വിശ്രമിക്കാനും മറ്റേ റൂം പി പി ഈ കിറ്റ് ഇടാനും പുറത്തുനിന്നു വരുന്നവർക്ക് ബാത്‌റൂമിൽ പോകാനും നിർദേശമുണ്ടായപ്പോൾ അവിടെ ഡ്യൂട്ടി ചെയ്ത ഹെൽത്തിലുള്ള ഒരു വ്യക്തി അവരുടെ സാധനങ്ങൾ സൂക്ഷിക്കാൻ ഒരു റൂം എടുക്കുകയും പി പി ഈ കിറ്റ് അഴിച്ചിടുന്ന മറ്റേ റൂമിൽ ട്രാക്ക് വോളന്റിയേഴ്സ് പോകണമെന്ന് കല്പിക്കുകയും ചെയ്തപ്പോൾ ആ ബാത്‌റൂമിൽ പോകുന്നത് അനാവശ്യമായി റിസ്ക് ഉണ്ടാക്കുന്നതാണെന്ന് മനസിലാക്കി ബാത്‌റൂമിൽ പോകുന്നത് ഒഴിവാക്കാനായി ഡ്യൂട്ടി ടൈം കുറക്കാൻ വേണാട് വരുമ്പോഴുള്ള ഡ്യൂട്ടി ഞങ്ങൾ അവസാനിപ്പിച്ചു. എവിടെ നിന്നു വന്നുവെന്ന് ഞങ്ങൾ തിരക്കണ്ട എന്നുള്ള വാക്കുകൾ പരാതികളായെന്നു കേട്ടപ്പോൾ നാളെ ഞങ്ങൾക്കെതിരെ പുതിയ കള്ളപ്പരാതികൾ ഉടലെടുക്കും എന്ന് ഭയന്ന് ശതാബ്ദി വരുമ്പോഴുള്ള ഡ്യൂട്ടിയും ഞങ്ങൾ അവസാനിപ്പിച്ചു. ഇപ്പോൾ അന്യ സംസ്ഥാന ട്രെയിൻ വരുമ്പോൾ മാത്രമായി ഞങ്ങൾ ഡ്യൂട്ടി ചുരുക്കി, അല്ല ചുരുക്കേണ്ടിവന്നു. ഈ കാലയളവിൽ പല വേദനിപ്പിക്കുന്ന അനുഭവങ്ങളും ട്രാക്ക് വോളന്റിയേഴ്സിന് ഉണ്ടായിട്ടുണ്ട്. എന്തിന് കുർളയിൽഡ്യൂട്ടി ഉണ്ടായിട്ടു പുറത്തുപോയിട്ടു വന്ന ആർ പി എഫ് ഉദ്യോഗസ്ഥരിൽ നിന്ന് വരെ ബുദ്ധിമുട്ടുണ്ടായി. അവർ മദ്യപിച്ചിരുന്നു എന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. എന്നിട്ടും പുറത്താരെയും ഞങ്ങൾ ഒന്നും അറിയിച്ചില്ല. പ്രശ്നങ്ങൾ വലുതാകാതിരിക്കുവാൻ ട്രാക്ക് നേതൃത്വത്തെപ്പോലും പലതും അറിയിച്ചില്ല. ആർക്കെതിരെയും പരാതി കൊടുത്തില്ല. ഞങ്ങൾ വിചാരിച്ചാലും പലരെയും ബുദ്ധിമുട്ടിക്കാമായിരുന്നു.പരാതി നൽകാമായിരുന്നു പിതാവില്ലാത്ത കത്തുകൾ എഴുതാമായിരുന്നു. പക്ഷെ അത് ഞങ്ങളുടെ ശൈലിയല്ല, ഞങ്ങളുടെ പാരമ്പര്യവുമല്ല . ഞങ്ങളാണ് ശരിയെന്ന് കാലം തെളിയിച്ചുകൊള്ളും. ഒന്ന് കൂടി,എസ് എച്ച് ഓ ഉമർ സാറിനും നാല്പതോളം വരുന്ന റെയിൽവേയിലെ കേരള പോലീസ് ഉദ്യോഗസ്ഥർക്കും നന്ദി . നിങ്ങളിൽ ഭൂരിഭാഗം പേരും ഈ പ്രതിസന്ധി ഘട്ടങ്ങളിൽ ഞങ്ങളെ പൊതിഞ്ഞു, മുറിവേൽക്കാതെ കാത്തു . സിറ്റിയിൽ ഒരാവശ്യം വന്നാൽ ആദ്യം ഞങ്ങളെത്തന്നെ വിളിക്കുന്ന എ സി പി പ്രദിപ് സാറിനും നന്ദി.അതോടൊപ്പം റവന്യുവിലെ, ലേബറിലെ, ഹെൽത്തിലെ, മോട്ടോർ വാഹന വകുപ്പിലെ, പോലീസിലെ -ഞങ്ങളുടെ കൂടെ നിന്ന എല്ലാ ഉദ്യോഗസ്ഥർക്കും നന്ദി. ജില്ലാ കളക്ടർക്കും, സിറ്റി പോലീസ് കമ്മീഷണർക്കും റൂറൽ എസ് പി ക്കും, ആർ ടി ഓ മാർക്കും ട്രാക്ക് വൈസ് പ്രസിഡന്റായ ഡെപ്യൂട്ടി ഡി എം ഓ ക്കും പ്രത്യേക നന്ദി പറയുന്നു. അവസാനിപ്പിക്കാം എന്ന് കരുതുന്നു. കോവിഡിന്റെ ആദ്യകാലങ്ങളിൽ 24 മണിക്കൂറാണ് ഞാൻ ഡ്യൂട്ടി ചെയ്തത്. ഒത്തിരിയേറെ ട്രാക്ക് വോളന്റിയേഴ്‌സ് അങ്ങനെ തന്നെയായിരുന്നു.(ഉറക്കമൊന്നുമില്ലാതിരുന്നതിന്റെ പാർശ്വ ഫലം ഇപ്പോൾ ആനുഭവിക്കുന്നുമുണ്ട് ) പൂർണ സപ്പോർട്ടുമായി ട്രാക്കും, ആർ ടി ഓ മാരും ഉണ്ടായിരുന്നു. പേരൊന്നും ഞാൻ എഴുതുന്നില്ല. മനസ്സിൽ നന്ദിയുണ്ട്. ബലമായിരുന്നതിന് താങ്ങായിരുന്നതിന്. കഴിയുന്നതും പ്രശ്നകാരികളായ ആരുടെയും പേര് വരാതിരിക്കാനും സംഘടനകളുടെ പേര് വരാതിരിക്കാനും ഞാൻ ശ്രമിച്ചിട്ടുണ്ട്. പല വേദനിപ്പിക്കുന്ന അനുഭവങ്ങളും എഴുതിയിട്ടുമില്ല. ഇപ്പോൾ ഏഴു വയസുള്ള കുഞ്ഞു ഉൾപ്പെടെ 5 മക്കളാണെനിക്ക്. എന്റെ അമ്മക്ക് 82 വയസ് ആണ്. പെങ്ങളുടെ വീട്ടിലുള്ള അമ്മയെ ഞാൻ പോയി കണ്ടിട്ടില്ല. ഫോണിലുള്ള വിളിമാത്രം. 5 മക്കളിൽ ഒരു മകനേയുള്ളു 18 വയസ് കഴിഞ്ഞത്. അവനും ഞങ്ങളോടൊപ്പം ഡ്യൂട്ടിയിലുണ്ട്. ഞങ്ങൾക്ക് ശമ്പളമില്ല, ഇൻഷുറൻസില്ല, ഇൻക്രിമെന്റുകളോ അവാര്ഡുകളോ ഇല്ല. സമ്പാദിച്ച പണവും കൂടി വിനിയോഗിച്ചാണ് ഞങ്ങൾ ജില്ലാ ഭരണകൂടത്തോടൊപ്പം കോവിഡ് 19നെതിരെ പൊരുതുന്നത്. ഇതെന്റെ മാത്രം അവസ്ഥയല്ല, ചാർട്ടേർഡ് അക്കൗണ്ട് മുതൽ കൂലിപ്പണിക്കാരൻ വരെ ട്രാക്ക് വോളന്റിയേഴ്സിൽ ഉണ്ട്.ഞങ്ങളുടെ എല്ലാവരുടെയും അവസ്ഥ ഇതുതന്നെ. ആരെതിർത്താലും ഞങ്ങളിനിയും മുന്നോട്ടു തന്നെ. ഇരുനൂറ് ദിവസമായി. കോവിഡ് എത്രയും പെട്ടെന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അത് മാറുന്നതുവരെയും ട്രാക്കുണ്ടാകും നിങ്ങളുടെ കൂടെ.ഞാനും..

സ്നേഹത്തോടെ

ജോർജ് എഫ് സേവ്യർ വലിയവീട് .

Share News