
ഞാലിപൂവന്റെ മധുരം സുഹൃത്തുക്കൾക്ക് പങ്കുവെച്ചതിൻ്റെ ആഹ്ലാദത്തിലാണ് ഷേർളി.
കൊറോണക്കാലത്തും കാര്യങ്ങൾ ഉഷാറാണ്ഗ്രാമജീവിതത്തിന്റെ തുടിപ്പുകളറിഞ്ഞ് വളർന്നതിനാലാവാം അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ കണ്ടെത്താനും അതിനനുസരിച്ച് ജീവിതക്രമങ്ങൾ രൂപപെടുത്താനും കൊറോണക്കാലത്തു എനിക്കു സാധിക്കുന്നത്.
പകർച്ചവ്യാധിക്കാലം ആലസ്യമായി മാറിപോകാതിരിക്കാൻ പല കാര്യങ്ങൾ ചെയ്യുന്ന കൂട്ടത്തിലാണ്
മണ്ണിൽ അല്പം മധുരം വിളയിച്ചാലോ എന്ന ഒരാലോചന ഭാര്യ ഷേർളിയുമായി പങ്കുവച്ചത്. കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടം മുതൽ വിദ്യാധനം ട്രസ്റ്റിൻ്റെ അനുദിന പ്രവർത്തനങ്ങൾക്കു മുടക്കം വരുത്താതെ ജീവിത രീതികൾ ചിട്ടപ്പെടുത്തുന്നതിലും എന്റെ ഓഫീസിലുൾപ്പെടെ പ്രതിരോധ മാർഗ്ഗങ്ങൾ കൃത്യതയോടെ നടപ്പാക്കുന്നതിലും മകൾ രേഖയോടൊപ്പം ഞാൻ ശ്രദ്ധ പുലർത്തിയപ്പോൾ; ഷേർളി തോപ്പുംപടിയിലെ വീട്ടിലും, കുമ്പളങ്ങിയിലെ മകന്റെ വീട്ടിലും, അടുക്കളതോട്ട പരിചരണത്തിലും, അലങ്കാരചെടി പരിപാലനത്തിലും സമയം കണ്ടെത്തി.
കുമ്പളങ്ങിയിലെ മത്സ്യകൃഷിയിലും ശ്രദ്ധിച്ചു. അടുക്കളതോട്ടത്തിൽ വിളവെടുക്കുന്ന പച്ചക്കറികളും, കുളത്തിലെ മീനും, സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും എത്തിച്ചു കൊടുക്കുന്നതിൽ, വലിയ സന്തോഷമാണുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം, അടുക്കള തോട്ടത്തിൽ നിന്ന് വെട്ടിയ വാഴക്കുലകളിലെ ഞാലിപൂവൻ, ഷേർളിയുടെ കൂനൻമാവിലെ അമ്മ വീട്ടിൽ നിന്ന് കൊണ്ടുവന്നു നട്ടതാണ്. പൂർണ്ണമായും ജൈവ രീതിയിൽ ശ്രദ്ധയോടെ പരിചരിച്ച് വളർത്തിയെടുത്തതു കൊണ്ട് മികച്ച വിളവ് ലഭിച്ചു.
എൻ്റെ രാഷ്ട്രീയ-സാമൂഹിക ജീവിതം ഏറെ ശ്രദ്ധയോടെ ക്രമീകരിക്കുന്ന ഷേർളി, ഈ ഘട്ടത്തിൽ എൻ്റെ ദൈനംദിന കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. രാഷ്ട്രീയ നേതാവ് എന്ന നിലയിൽ എന്നെ സന്ദർശിക്കാനെത്തുന്നവരെ ഒഴിവാക്കാതെ പൂർണ്ണമായും സുരക്ഷിതമായ കൂടിക്കാഴ്ച ഒരുക്കി. പൊതു പരിപാടികളുടെ എണ്ണം ഗണ്യമായി കുറക്കേണ്ടി വന്നുവെങ്കിലും നവമാധ്യമങ്ങളുടെ സഹായത്തോടെ പൊതു സമൂഹത്തിൽ സജീവമായത് പുതുമയുള്ള അനുഭവവുമായി.
വിദ്യാർത്ഥികൾക്കു “ഇ-റീഡർ” ഉൾപ്പടെയുള്ള ആധുനികസംവിധാനങ്ങൾ നല്കിയെങ്കിലും ഞാൻ നവ മാധ്യമ ഉപകരണങ്ങളിൽ അത്ര കണ്ട് വൈദഗ്ദ്യം നേടാൻ ശ്രമിച്ചിരുന്നില്ല. കൊറോണക്കാലത്തെ പുതിയ പഠനങ്ങളിൽ അതുമുണ്ടായി.
വിഷരഹിത കൃഷി രീതികളെ പ്രോൽസാഹിപ്പിക്കുക എന്നത് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ നിരവധി വിദ്യാഭ്യാസ പ്രോൽസാഹന പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു കേന്ദ്ര സർക്കാർ ഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആർ.ഐ.യുടെ സാങ്കേതിക സഹകരണത്തോടെ നടപ്പാക്കിയ കറിവേപ്പില തൈ വിതരണം. 25000ത്തോളം കറിവേപ്പിലതൈകൾ വിദ്യാർത്ഥികൾക്ക് നൽകിയ ഈ പദ്ധതിയുടെ രണ്ടു ഘട്ടങ്ങൾ ഉദ്ഘാടനം ചെയ്തത് സംസ്ഥാന ഗവർണർമാരായിരുന്ന ജസ്റ്റിസ് പി.സദാശിവം, ശ്രീ.ആരിഫ് മുഹമ്മദ് ഖാൻ എന്നിവരായിരുന്നു.
കുമ്പളങ്ങി സ്ക്കെച്ചസ് എന്ന പുതിയ പുസ്തകത്തിന്റെ പണിപുരയിലുമാണ് ഞാനിപ്പോൾ.

ഏതായാലും ഞാലിപൂവന്റെ മധുരം സുഹൃത്തുക്കൾക്ക് പങ്കുവെച്ചതിൻ്റെ ആഹ്ലാദത്തിലാണ് ഷേർളി. പ്രമേഹത്തിന്റെ ചെറിയ അപഹാരം ഉള്ളതിനാൽ പഴരുചി അധികം അറിയാൻ പറ്റാത്തതിൻ്റെ അല്പ പരാതിയിലാണ് ഞാനും..
പ്രൊഫ .കെ വി തോമസ്