
അടുത്ത കാലത്ത് ദിനപത്രങ്ങളിൽ വന്ന ഏറ്റവും മികച്ച അഭിമുഖ സംഭാഷണമാണ് സീതാറാം യച്ചൂരിയും സക്കറിയയും ജോമി തോമസും തമ്മിൽ മലയാള മനോരമയ്ക്കു വേണ്ടി നടത്തിയ സംസാരം.
അടുത്ത കാലത്ത് ദിനപത്രങ്ങളിൽ വന്ന ഏറ്റവും മികച്ച അഭിമുഖ സംഭാഷണമാണ് സീതാറാം യച്ചൂരിയും സക്കറിയയും ജോമി തോമസും തമ്മിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചു മലയാള മനോരമയ്ക്കു വേണ്ടി നടത്തിയ സംസാരം.
കേരളത്തിലെ സിപിഎമ്മിനെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ വരുന്ന പതിവു പഴയ ഗ്രൂപ്പു ചക്കളത്തിപ്പോരു പൈങ്കിളി രാഷ്ട്രീയം ഇല്ലെന്നുള്ളതാണ് ഏറ്റവും സമാധാനം.
സ്വാതന്ത്ര്യസമരം, പാർട്ടി പിളർപ്പ്, അടിയന്തിരാവസ്ഥ, പുതിയ ഇന്ത്യ തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ കമ്യൂണിസ്റ്റു പാർട്ടിയുടെ നിലപാടുകളെയും നയങ്ങളെയും നിശിതമായി വിമർശന വിധേയമാക്കുന്നുണ്ട് സക്കറിയ. അവയെ വിശദീകരിക്കാൻ യച്ചൂരി ശ്രമിക്കുന്നുമുണ്ട്.
അവിടെനിന്ന് സമകാലിക ഇന്ത്യൻ / കേരള രാഷ്ട്രീയത്തിന്റെ ചില സ്വഭാവവിശേഷങ്ങളെ കുത്തിനോവിച്ചു പോവുകയും ചെയ്യുന്നു സക്കറിയ.അതിനേക്കാളൊക്കെ പ്രസക്തം, പുതിയ കാലത്ത്, പുതിയ ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ പ്രാധാന്യവും പ്രസക്തിയുമെന്തെന്നും അതു നിർവഹിക്കാൻ ഇടതുപക്ഷത്തിന് എങ്ങനെ പ്രാപ്താരാകാൻ കഴിയുമെന്നും അതിലേക്കുള്ള വഴിയിലെ തടസ്സങ്ങളെക്കുറിച്ചും ആത്മവിമർശപരമായിക്കൂടി യച്ചൂരി നടത്തുന്ന നിരീക്ഷണങ്ങളാണ്.
സൈബർ സ്പേസിൽ നിഴലുകളോടു യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന പോരാളികൾ കുത്തിയിരുന്ന്, സമാധാനത്തോടെ ഈ അഭിമുഖം വായിക്കണം.
പ്രത്യേകിച്ചും റഷ്യയിലും കിഴക്കൻ യൂറോപ്പിലും കമ്യൂണസത്തിനു സംഭവിച്ചതിനെക്കുറിച്ച് യച്ചൂരി പറയുന്ന ഭാഗമൊക്കെ:
‘‘വർഗാധിപത്യം എന്നതായിരുന്നു കമ്യൂണിസ്റ്റ് സങ്കൽപം. വർഗ ഭരണകൂടമെന്നത് മുന്നണിപ്പോരാളികളുടെ അതായത് പാർട്ടിയുടെ ഏകാധിപത്യമായി. വർഗത്തിനു പകരം പാർട്ടി. മെല്ലെ, പാർട്ടിക്കു പകരം നേതൃത്വം വരുന്നു. പിന്നെ, നേതൃത്വത്തിനു പകരം വ്യക്തി. ആ വലിയ പിഴവാണു സംഭവിച്ചത്.’’
ചില ഹൈലൈറ്റ്സ് താഴെ ചേർക്കുന്നു (ഇവ ചോദ്യോത്തരങ്ങളല്ല. സക്കറിയയുടെയും യെച്ചൂരിയുടെയും നിരീക്ഷണങ്ങളിൽ ചിലത് വെവ്വേറെ എടുത്തു ചേർത്തതാണ്):
∙ യച്ചൂരി: (സ്വാതന്ത്ര്യസമര കാലം): കമ്യൂണിസ്റ്റുകൾക്ക് വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നു: ഞങ്ങൾ മതനിരപേക്ഷ ജനാധിപത്യമെന്നതിനെ ചോദ്യം ചെയ്തില്ല. രാഷ്ട്രീയ സ്വാതന്ത്ര്യത്തെ സാമ്പത്തിക സ്വാതന്ത്ര്യവുമാക്കി മാറ്റണമെന്നാണ് ഞങ്ങൾ വാദിച്ചത്. അതായത്, സോഷ്യലിസം: സാമ്പത്തികവും സാമൂഹികവുമായസ്വാതന്ത്ര്യം. ∙ യച്ചൂരി: (സ്വാതന്ത്രാനന്തരം): മാർക്സിസം സർഗാത്മകമായ ശാസ്ത്രമാണ്. അതൊരു സൂത്രവാക്യമോ പ്രമാണമോ അല്ല. അതിന്റെ അടിസ്ഥാന തത്വമിതാണ്: മൂർത്തമായ സാഹചര്യത്തിന്റെ മൂർത്തമായ വിശകലനം. മൂർത്തമായ സാഹചര്യം ശരിയായി വിലയിരുത്താൻ സാധിച്ചില്ലെങ്കിൽ തെറ്റു പറ്റും. ശരിയായി വിശകലനം ചെയ്തില്ലെങ്കിലും െതറ്റു പറ്റും. അതാണു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു സംഭവിച്ചത്. അതു ഞങ്ങൾ സമ്മതിച്ചേ പറ്റൂ.∙ സക്കറിയ: കോൺഗ്രസിനും ബിജെപിക്കും സാധിച്ചതുപോലെ, ഇന്ത്യൻ രാഷ്ട്രത്തെ മൊത്തത്തിൽ അഭിമുഖീകരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്കു സാധിച്ചില്ല – അല്ലെങ്കിൽ അതിനു മടിക്കുകയോ തയ്യാറാകാതിരിക്കുകയോ ചെയ്തു. ഉദാഹരണത്തിന്, ജാതിയെന്ന പ്രശ്നം. ജാതി എങ്ങനെ വർഗമായി എന്നത്. വൈവിധ്യമാർന്ന ഇന്ത്യയെ മൊത്തത്തിൽ അഭിമുഖീകരിക്കാനുള്ള ആ അമാന്തം, ഇടതിന് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്യുമ്പോൾ ആ അവസരം മുതലാക്കാതിരിക്കുക… ∙ യച്ചൂരി: (ഇന്ത്യ എന്ന സങ്കൽപം): എന്താണ് ഈ ഇന്ത്യൻ ദേശീയത എന്നൊരു ചോദ്യമുണ്ട്. എങ്ങനെയാണ് അതിനെ നിർവചിക്കുക? ഇപ്പോൾ നമ്മൾ രണ്ടാളും വിദേശത്തു പോയാൽ, നമ്മൾ ഇന്ത്യക്കാരാണ്. മടങ്ങിയെത്തിക്കഴിഞ്ഞാൽ താങ്കൾ മലയാളിയും ഞാൻ തെലുങ്ക് സംസാരിക്കുന്നയാളുമാണ്. താങ്കൾ കേരളത്തിലെത്തിയാൽ തെക്കൻ കേരളത്തിലെയോ മധ്യകേരളത്തിലെയോ വടക്കൻ കേരളത്തിലെയോ ആളാവും. ഞാൻ ആന്ധ്രയിൽ പോയാൽ, തീരപ്രദേശത്തെയോ തെലങ്കാനയിലെയോ നൈസാമിന്റെ പ്രവിശ്യകളിലെയോ ആളാവും. അപ്പോൾ നമുക്കു പല സ്വത്വങ്ങളുണ്ട്.ദേശീയതയെക്കുറിച്ചു പറയുമ്പോൾ ഇന്ത്യൻ ദേശീയതയുണ്ട്, ഹിന്ദു ദേശീയതയുണ്ട്, ഇസ്‌ലാമിക ദേശീയതയുണ്ട്, ഇടുങ്ങിയ ചിന്താഗതിയുടെ ദേശീയതയുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശീയതയെക്കുറിച്ചു പറയുന്നതിൽ കമ്യൂണിസ്റ്റുകൾ എന്നും മുന്നിലായിരുന്നു. അതാണ് ഒടുവിൽ, ആധുനികകാലത്ത് ‘ഇന്ത്യയെന്ന ആശയം’ എന്നതിലേക്കു വന്നിട്ടുള്ളത്.സങ്കീർണതകൾ ഞങ്ങൾക്കു മനസിലായില്ല എന്നല്ല. മനസിലായി. അതുകൊണ്ടല്ലേ ഞങ്ങൾ കമ്യൂണിസ്റ്റുകൾ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയ്ക്കായി സമരം ചെയ്തത്? ഇന്ത്യൻ ദേശീയത കെട്ടിപ്പടുക്കണമെങ്കിൽ, അതിന്റെ അടരുകൾ മനസിലാക്കണം. ഞങ്ങൾക്ക് അത് മനസിലാവുന്നുണ്ടായിരുന്നു. ആ വ്യത്യസ്തകളെ ഭരണത്തിനായി ഉപയോഗിച്ചില്ലെന്നേയുള്ളു. ആ അർഥത്തിൽ, ഞങ്ങൾ വളരെ സത്യസന്ധരായിരുന്നു.∙ യച്ചൂരി: (പ്രതിപക്ഷ ഐക്യം): പ്രതിപക്ഷ പാർട്ടികൾ തമ്മിൽ മൗലികമായ ഭിന്നതകളുണ്ട്. അവയെ മറികടക്കുക വലിയ പ്രയാസമാണ്. നേരത്തെ ഞങ്ങളതു ചെയ്തിട്ടുണ്ട്. 1996ലും 2004ലും.ചെയ്യാനാവും. എന്നാൽ, ഭിന്നതകൾ നിലനിൽക്കുന്നു. അത് അംഗീകരിക്കേണ്ടതുണ്ട്. പ്രതിപക്ഷ ഐക്യമുണ്ടാക്കുന്നതിനുള്ള ഒരു മാർഗം കഴിഞ്ഞ ആറു വർഷത്തിൽ വന്നിട്ടില്ല.∙ സക്കറിയ: (യൂറോപ്പ്, റഷ്യ, ഏകാധിപത്യം): ചരിത്രപരമായി നോക്കുമ്പോൾ, കമ്യൂണിസ്റ്റ് ഭരണങ്ങൾ ഏകാധിപത്യമായി മാറുന്ന കാഴ്ചയാണുള്ളത്. സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലുമൊക്കെ അതു സംഭവിച്ചു. തൊഴിലാളി വർഗത്തിന്റെ ഏകാധിപത്യമെന്നത്, ഒരു വ്യക്തിയുടെയോ സംഘത്തിന്റെയോ ഏകാധിപത്യമായി മാറുന്നു, റഷ്യയിൽ സംഭവിച്ചതുപോലെ.∙ യച്ചൂരി: (കേരളം, ബംഗാൾ): കേരളത്തിലെ പാർട്ടിയും ബംഗാളിലെ പാർട്ടിയും അഖിലേന്ത്യാ പാർട്ടിയുടെ ലൈനിന്റെ ഭാഗമാണ്. അത് ഈ സംസ്ഥാനങ്ങളിൽ മികച്ച രീതിയിൽ നടപ്പാക്കിയെന്നു മാത്രമേയുള്ളു. എന്തുകൊണ്ടാണ് കേരളത്തിലും ബംഗാളിലും ക്രിക്കറ്റിനെക്കാൾ ഫുട്ബോൾ ജനപ്രിയമായത്? കാരണം, ഫുട്ബോൾ തൊഴിലാളി വർഗത്തിന്റെ കളിയായിരുന്നു.ക്രിക്കറ്റ് വരേണ്യരുടെയും. അപ്പോൾ, ഈ സംസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടി വളർന്നതിനും ചരിത്രപരമായ കാരണങ്ങളുണ്ട്.∙ സക്കറിയ: (കേരളത്തിലെ പാർട്ടി): കേരളത്തിലെ കമ്യൂണിസ്റ്റുകൾക്ക് ദേശീയ കാഴ്ചപ്പാടില്ലെന്നാണ് എനിക്കു തോന്നുന്നത്. ഞങ്ങളുടെ പ്രശ്നങ്ങളുമായി ഒതുങ്ങിക്കൂടുന്നു. ഇപ്പോഴത്തെ സർക്കാരിന്റെ മാത്രം കാര്യമല്ല.∙ സക്കറിയ (കേരള രാഷ്ട്രീയം): അധികാരത്തിൽ വന്നു കഴിഞ്ഞാൽ കേരളത്തിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നാണ് എന്നെപ്പോലെ പല പൗരൻമാർക്കും തോന്നുന്നത്. അഴിമതി, സ്ത്രീകളോടു ബഹുമാനമില്ലായ്മ, സ്വജനപക്ഷപാതം, വർഗീയമായ ഇരട്ടത്താപ്പ്, അങ്ങനെ പലതിലും.
സംഭാഷണത്തിന്റെ ഫുൾ ടെക്സ്റ്റ് ഇവിടെ കാണാം:


K Tony Jose
Social Media Editor
Manorama Print Daily