
ചെയര്‍ സ്ഥാനത്തു നിന്ന് സ്പീക്കര്‍ മാറിനില്‍ക്കണം: ചെന്നിത്തല
തിരുവനന്തപുരം: ചെയറില്‍ നിന്ന് സ്പീക്കര്‍ മാറി നില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് പ്രതികളുമായി സ്പീക്കര്‍ക്കുള്ള വ്യക്തിപരമായ ബന്ധം അപകീര്‍ത്തികരമാണ്. നിയമസഭയുടെ അന്തസിനും ഔന്നിത്യത്തിനും മാന്യതക്കും നിരക്കാത്തതാണിത്. സ്പീക്കര്‍ പദവി ഒഴിഞ്ഞ് അംഗങ്ങള്‍ക്കൊപ്പം ഇരിക്കണമെന്നും ചെന്നിത്തല സഭയില്‍ ആവശ്യപ്പെട്ടു.
അവിശ്വാസ പ്രമേയം മാത്രമാണ് അജണ്ടയിലുള്ളതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പ്രതികരിച്ചു. സ്പീക്കര്‍ക്കെതിരായ അവിശ്വാസം ചര്‍ച്ച ചെയ്യണമെങ്കില്‍ 14 ദിവസം മുമ്ബ് നോട്ടീസ് നല്‍കണം. ആഗസ്റ്റ് 12നാണ് മന്ത്രിസഭ ചേര്‍ന്ന് 24ന് നിയമസഭ ചേരാന്‍ തീരുമാനിച്ചത്. ഇത് പ്രതിപക്ഷത്തിന്‍റെ അറിവോട് കൂടിയാണ്. ഭരണഘടനാപരമായ നടപടിയാണിതെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ട് എം. ഉമര്‍ ആണ് നോട്ടീസ് നല്‍കിയത്.
അതേസമയം, സ്പീക്കര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കണമെന്ന് മന്ത്രി എ.കെ. ബാലന് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റേത് ദുസൂചനയോടെയുള്ള പരാമര്‍ശങ്ങളെന്നും ബാലന് സഭയില്‍ പറഞ്ഞു.