
വിശുദ്ധ അൽഫോൻസാമ്മയുടെ സ്വർഗീയ മധ്യസ്ഥതയുടെ ഇടപെടലും അനുഗ്രഹവും എന്നും എന്റെ ജീവിതത്തിൽ ഉണ്ടായി എന്നു തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു
സഹനദാസിയായ അൽഫോൻസാമ്മ.

വളരെ ചെറുപ്പത്തിൽ തന്നെ ലോകത്തെ കടന്നുപോയ വിശുദ്ധയായ ഒരു സന്യാസിനിയായിരുന്നു അൽഫോൻസാമ്മ. അവളുടെ ബാല്യ കൗമാരങ്ങളിൽതന്നെ അവൾ തന്റെ ജീവിത വഴി എന്താണെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നതാണ് സത്യം.
ശൈശവത്തിൽ തന്നെ അമ്മ നഷ്ടപ്പെട്ടതോടെ പിന്നെ പേരമ്മയായി അവൾക്കമ്മ.അവരാണെങ്കിൽ നല്ലകർക്കശക്കാരിയും. വീട്ടിലും ആവകയിൽ അൽഫോൻസാമ്മക്കു കുറച്ചു സഹനം ഉണ്ടായിട്ടുണ്ടാകണം.പഠിക്കുവാൻ അവൾ സമർഥയായിരുന്നു.കാണാനുംസുന്ദരിയായിരുന്നല്ലോ .കല്യാണലോചനകളിൽ നിന്നും രക്ഷപ്പെടാനുള്ള അവളുടെ ശ്രമം സ്വന്തം കാലുപൊള്ളിക്കുന്നതിൽ വരെ എത്തി.പേരമ്മയുടെ എതിർപ്പിന് മുൻപിലും അവൾ ഉറച്ച നിലപാടെടുത്തു.മുട്ടത്തു പാടത്തെ പാവം അന്നക്കുട്ടി മുരിക്കൻ പേരമ്മയുടെ ശിക്ഷണത്തിൽ നല്ലധൈര്യവും നേടിയിരിക്കണം.അടിക്കടി വന്നുകൊണ്ടിരുന്ന എല്ലാവിവാഹലോചനകളോടും അവൾമുഖം തിരിച്ചു. മഠത്തിൽ ചേരാനുള്ളതന്റെ ഉറച്ച തീരുമാനം അവൾ പരസ്യമാക്കിയതോടെ പേരമ്മയും അയഞ്ഞു. ഭരണങ്ങാനം ക്ലാരമഠം അവൾ തനിക്കായി തെരഞ്ഞെടുക്കുകയും ചെയ്തു.
മഠത്തിലെ പരിശീലന കാലവും അവൾക്കു അത്രയൊന്നും സന്തോഷകരമായിരുന്നില്ല. സന്യാസ സഹനത്തിന്റെ ആദ്യ പാഠങ്ങൾ അവൾ പഠിച്ചതും അക്കാലത്തായിരുന്നിരിക്കണം.കേട്ടകഥകൾ വിശ്വസിക്കാമെങ്കിൽഅവിടെയും പലരും അവൾക്കു വേണ്ട സ്വസ്ഥത കൊടുത്തിരുന്നില്ല എന്നു വേണം കരുതാൻ. നോവീസ് മിസ്ട്രസ് — ഗുരുത്തിയമ്മ- പോലും അവളുടെ കുറ്റങ്ങൾ കണ്ടുപിടിക്കുന്നതിലയിരുന്നത്രെഎപ്പോഴും ബദ്ധശ്രദ്ധയായിരുന്നത്.എന്നാൽ മഠാധിപയായിരുന്ന ഊർസുലമ്മക്കു മറിച്ചായിരുന്നുവെന്നും അവർ എപ്പോഴും അൽഫോൻസാമ്മയോട്പരിഗണനയും കരുണയും കാണിച്ചിരുന്നുവെന്നും സഹാസന്യാസിനികൾ പിൽക്കാലത്തു വേണ്ടത്ര സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
നോവിഷയേറ്റും വൃതവാഗ്ദാനവുംകഴിഞ്ഞതോടെ അൽഫോൻസാമ്മയെ ചങ്ങനാശ്ശേരി വാഴപ്പള്ളി ക്ലാര മഠത്തിൽ അയച്ചു അധ്യാപക പരിശീലനത്തിന് ചേർത്തു( ടീ ടീ സി) . പാസ്സായതോടെ വാകക്കാട് സ്കൂളിൽ അധ്യാപികയായി നിയമനവും കിട്ടി. എന്നാൽ വാഴപ്പള്ളിയിൽ പഠിക്കുന്ന സമയത്തു തന്നെ അൽഫോൻസാമ്മ രോഗബാധിതയായിത്തീർന്നിരുന്നു.
ചികിത്സകളും പലതു പരീക്ഷിച്ചെങ്കിലും കാര്യമായ പ്രയോജനമൊന്നും ഉണ്ടായതുമില്ല.രണ്ടു വർഷത്തോളം പഠിപ്പിച്ചു. കുറച്ചുനാൾ ഭരണങ്ങാനം കോണ്വെന്റ് സ്കൂളിലും ടീച്ചറായിരുന്നു എങ്കിലും പിന്നീട് തീരെവയ്യാതായി. രോഗക്കിടക്കയിലായിരിക്കുമ്പോൾ ബോര്ഡിങ്ങിലെ പെണ്കുട്ടികൾജനാലയുടെ അടുത്തു വന്നു നിന്നുഅല്ഫോന്സാമ്മയെക്കൊണ്ടു പേനതൊടുവിപ്പിച്ചു പരീക്ഷയ്ക്ക് പോകുന്ന പതിവുമുണ്ടായിരുന്നു.
പിൽക്കാലത്തു മലയാള സിനിമയിൽനായിക ആയ മിസ് കുമാരിയും –അന്നവർ മഠം വക സ്കൂളിൽ വിദ്യാർത്ഥിയായിരുന്നു –അക്കൂട്ടത്തിൽപ്പെട്ടിരുന്നുവത്രെ.മറ്റുള്ളവരുടെ വീഴ്ചകളും സഹനങ്ങളും സ്വയം ഏറ്റെടുക്കാനുള്ള ഒരു മനസ്സായിരുന്നു അൽഫോൻ സമ്മയ്ക്കു എന്നുമുണ്ടായിരുന്നത്.
ചങ്ങനാശ്ശേരി മഠത്തിൽ നിന്നു പഠിക്കുന്ന സമയത്തു രോഗം മൂലം മഠത്തിൽ നിന്നും വീട്ടിൽ തിരിച്ചയക്കാനും അധികാരികൾ ആലോചിച്ചിരുന്നു. എന്നാൽ എന്തുകൊണ്ടോ ബിഷപ്പ് ജെയിംസ് കാളാശ്ശേരി അൽഫോൻസാമ്മ മഠത്തിൽ തുടരുന്നതിനു അനുമതിനല്കിയത് അൽഫോൻസമ്മയ്ക്കുപിതാവിനോടുള്ള സ്നേഹദാരവ് വർധിപ്പിക്കാനും കാരണമായി.
പിതാവിന് മലമ്പനി ബാധിച്ചുവെന്നുംപ്രത്യേകമായി പ്രാർത്ഥിക്ക്ണമെന്നുംസന്യാസിനികളോടെല്ലാമായി മൊത്തത്തിൽ മദർ ആവശ്യപ്പെട്ടപ്പോഴാണ് അൽഫോൻസാമ്മ ഒരു നേർച്ച നേർന്നത്. ദൈവം തിരുമനസ്സാകുമെങ്കിൽ പിതാവിന്റെമലമ്പനി തനിക്കു വന്നോട്ടെയെന്നുംതാൻ എന്തായാലും രോഗശയ്യയിലാണല്ലോ എന്നുമായിരുന്നു അൽഫോൻസാമ്മയുടെ പ്രാർഥന.മദർ മാത്രം അറിഞ്ഞ രഹസ്യം!അത്ഭുതമെന്നു പറയട്ടെ പിറ്റേന്ന് രാവിലെ പിതാവിന്റെ പനി മാറി.പക്ഷെ അൽഫോൻസാമ്മ പനിച്ചുവിറച്ചു തുടങ്ങി. മദറിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കിയ പിതാവ് നന്ദി രേഖപ്പെടുത്തി കത്തയച്ചുവെന്നു മാത്രമല്ല ഒരു പടവും കൊന്തയും കൂടി എത്തിച്ചു കൊടുത്തു. പിന്നീട് ഭരണങ്ങാനം വഴി കടന്നുപോയപ്പോൾ ഒരിക്കൽ മഠത്തിൽ കയറി അൽഫോൻസമ്മയെ കാണുകയുംനേരിൽ നന്ദി അറിയിച്ചു ആശീർവദിച്ചു അനുഗ്രഹിക്കുകയുംചെയ്തു. അൽഫോൻസമ്മയ്ക്കുഅതു വലിയ സന്തോഷമായെങ്കിലുംമഠത്തിലെ മറ്റു ചില മുതിർന്ന സന്യാസിനികൾക്കു അത് അത്ര ഇഷ്ടപ്പെട്ടില്ല എന്നും കഥയുണ്ടായി.അൽഫോൻസാമ്മ അതും ദൈവം തനിക്കു നൽകിയ മറ്റൊരു സഹനമായിട്ടാണ് സന്തോഷത്തോടെ സ്വീകരിച്ചതെന്നാണ് അവളോട് അടുപ്പമുണ്ടായിരുന്ന മറ്റു ചില സഹസന്യാസിനികൾ പിന്നീട് സാക്ഷ്യപ്പെടുത്തിയത്. ഇത്തരം നിശ്ശബ്ദ സഹനങ്ങളാണല്ലോ അൽഫോൻസാമ്മയെ വിശുദ്ധയാക്കിയതും.
ഒൻപതു വർഷത്തോളം സഹനശയ്യയിലായിരുന്നു അൽഫോൻസാമ്മ കഴിച്ചുകൂട്ടിയത്. ഐതിഹാസികമായ നിശ്ശബ്ദ സഹനം എന്നു വേണമെങ്കിലും പറയാം.
മദർ ഊർസ്‌ലാമ്മയും അൽഫോൻസാമ്മയുടെ കുമ്പസാരക്കാരനായിരുന്ന സി. എം.ഐ ലെ റോമുലൂസ് അച്ചനും പിന്നെ ഭരണങ്ങാനം പള്ളിയിലെ വടക്കേലച്ചനും ചുരുക്കം കന്യാസ്ത്രീകൾക്കും മാത്രമായിരുന്നുഅൽഫോൻസാമ്മയുടെ ജീവിതത്തിന്റെ പുണ്യനിലവാരം അറിയമായിരുന്നത്.
ബോര്ഡിങ് സ്കൂളിലെ കുട്ടികളും അവൾ ജീവിച്ചിരിക്കെത്തന്നെ പുണ്യവതിആയിരുന്നുവെന്ന് വിശ്വസിച്ചിരുന്നു.മൃതസംസ്കാരമധ്യേ റോമുലൂസ് അച്ചൻ പറഞ്ഞതു പ്രവചനമായി.നാൽപ്പതോളം പേർ മാത്രം സംബന്ധിച്ച ചടങ്ങിലാണ് അച്ചൻ അല്പമൊരു ധര്മരോഷത്തോടെ തന്റെ ദീർഘദർശിത്വം സാക്ഷ്യപ്പെടുത്തിയത്.ഈ സന്യാസിനിയുടെ പുണ്യത്തിന്റെആഴം മനസ്സിലാക്കിയുരുന്നെങ്കിൽഇന്നിവിടെ മെത്രാന്മാരും കർദിനാൾമാരുംഓടിയെത്തുമായിരുന്നുവെന്നായിരുന്നു അച്ചന്റെ പ്രസംഗം. പിൽക്കാലത്തു അതു അക്ഷരാർഥത്തിൽ തന്നെ സംഭവിക്കുകയും ചെയ്തു.
മീനച്ചിൽ പ്രദേശത്തെ ആദ്യകാല സെലിബ്രിറ്റി ഫോട്ടോഗ്രാഫർ എന്നു പറയാവുന്ന ഡി. തോമസ് തകടിയേൽ ആണ് ശവസംസ്കാരവേളക്കിടെ ഒരു ഫോട്ടോ എടുത്തത്. അതിൽ നിന്നുമെടുത്ത പ്രിന്റുകളാണ് പിൽക്കാലത്തു അൽഫോൻസാമ്മയുടെ ഫോട്ടോ ആയി റോമിലേക്കു പോലും അയച്ചുകൊടുത്തതും!
ആദ്യമൊക്കെ കല്ലറയിൽ പൂവ് വച്ചുതുടങ്ങിയതും തിരി കത്തിച്ചതുംസ്കൂൾ കുട്ടികളായിരുന്നു. പിന്നീട് ഒട്ടേറെ ഭക്തജനങ്ങൾ അവിടെ വന്നു പ്രാർത്ഥിക്കുകയും മധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തു തുടങ്ങി. പലർക്കും ഇക്കാര്യത്തിൽഫലസിദ്ധി വന്നുതുടങ്ങിയതോടെവളരെ പെട്ടെന്നു തന്നെ അൽഫോൻസമ്മയെ ആളുകൾ ഒരുവിശുദ്ധയായി വിശ്വസിച്ചു തുടങ്ങുകയും ചെയ്തു.
പാലാ രൂപതസ്ഥാപിക്കപ്പടുകയും ബിഷപ്പ് സെബാസ്റ്റ്യൻ വയലിൽ ആദ്യ മെത്രാനാവുകയും ചെയ്തതോടെ അൽഫോൻസാമ്മയെ വിശുദ്ധയായി നാമകരണം ചെയ്യാനുള്ള നടപടികൾക്ക് ആരംഭം കുറിക്കുവൻ വലിയ താമസമുണ്ടായില്ല.
അൽഫോൻസാമ്മ വിശുദ്ധയാണ് എന്നതിൽ വയലിൽ പിതാവിന് വളരെ ഉറച്ച വിശ്വാസവുമായിരുന്നു.എന്റെ പിതാവ് ആർ.വി. തോമസിന്അൽഫോൻസാമ്മയുടെ മധ്യസ്ഥതയിൽ ഒരിക്കൽ പ്രോസ്‌ട്രേറ്റുമായി ബന്ധപ്പെട്ടു ഉണ്ടായ കഠിനമായ വേദനയ്ക്ക് പരിഹാരമുണ്ടായ കാര്യം അദ്ദേഹംതന്നെ 1953ൽ അവിടെ സൂക്ഷിച്ചിരുന്ന ഡയറിയിൽ എഴുതിയിരുന്നതായി നാമകരണ നടപടികളുടെ ആദ്യ വൈസ് പോസ്റ്റുലേറ്റർ ആയിരുന്ന ഫാദർ ജെ. സി. കാപ്പൻ ഒരിക്കൽ സാക്ഷ്യപ്പെടുത്തിയിരുന്നത് എന്റെ ഓർമ്മയിലുണ്ട്.
ഞാനും അൽഫോൻസാമ്മയുടെ ഒരു ഭക്തനായിത്തീരുന്നതിനു അതും തീർച്ചയായും ഒരു കാരണമായിരുന്നിരിക്കണം.
2008ലാണ് അൽഫോൻസാമ്മയുടെ നാമകരണചടങ്ങുകൾ റോമിൽ നടന്നത്. എന്റെ ജീവിതത്തിലെ ഭാഗ്യങ്ങളിലൊന്നായി ഞാൻ കരുതുന്നത് അന്ന് ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി സംഘത്തിൽഅംഗമായി സെയിന്റ് പീറ്റേഴ്സ് ബസിലിക്കയുടെ തിരുമുറ്റതിരുന്നുഭാര്യ അനുവിനൊപ്പം അതിൽ പങ്കെടുക്കുവാൻ കഴിഞ്ഞുവെന്നതാണ്.
മാർപാപ്പയുടെ കൂടെ അന്ന് കുർബാന ചൊല്ലുവാനുള്ള ബഹുമതി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനു ലഭിക്കുകയുണ്ടായി. ഔദ്യോഗിക പ്രതിനിധി സംഘത്തിലും പാലായിൽനിന്നുമുള്ളവർക്കായിരുന്നു മുൻതൂക്കമെന്നും വേണമെങ്കിൽ പറയാമായിരുന്നു.അതിന്റെ കാരണക്കാരിൽ പ്രധാനി ഉമ്മൻ ചാണ്ടിയുമായിരുന്നു. അക്കാര്യത്തിൽ അദ്ദേഹം മറ്റാരേക്കാളും പാലാ ബിഷപ്പിന്റെ താല്പര്യങ്ങളാണ് അന്നത്തെ കേന്ദ്ര ഗവണ്മെന്റിൽ അറിയിച്ചത്.അതിനുഫലമുണ്ടാവുകയും ചെയ്തു.
കേന്ദ്രമന്ത്രിയായിരുന്നഓസ്കാർ ഫെര്ണാണ്ടസ്സയിരുന്നുസംഘത്തലവൻ. ഓസ്കറിന്റെ ഭാര്യ ബ്ലോസം,പ്രൊഫ. കെ.വി. തോമസും ഭാര്യ ഷേർലിയും,( മാസ്റ്റർ ആയിരുന്നു ഉപനേതാവ്), അന്ന് ഇവിടെ മന്ത്രിയായിരുന്ന മോൻസ് ജോസഫ്, ഭാര്യ സോണിയ, എം.എം. ജേക്കബ്, കെ.എം. മാണി, ഭാര്യ കുട്ടിയമ്മ,പി. സി. ജോർജ്, കെ. സി. ജോസഫ്, പി. സി. തോമസ്, ജാൻസി ജെയിംസ്,മാണി. സി. കാപ്പൻ, പിന്നെ അനുവും ഞാനും. ഭാര്യമാരെ കൂടെ കൊണ്ടുവരുന്നവർ അവരുടെ യാത്രചിലവ് സ്വന്തമായി വഹിക്കണമെന്നായിരുന്നു നിബന്ധന.
റോമിലേക്കുള്ള ആദ്യ യാത്ര വലിയ ഒരനുഭവമായി. അനുഗ്രഹവും.തൊട്ടു മുമ്പുണ്ടായ നിയമസഭാ തെരെഞ്ഞെടുപ്പിൽ പാലായിൽ കെ.എം. മാണിയുടെ എതിർ സ്ഥാനാർത്ഥിആയിരുന്ന മാണി. സി. കാപ്പൻ യാത്രയിൽ ഡൽഹി എയർപോർട്ടിൽ വച്ചും പിന്നെ റോമിലെ വിമാനത്താവളത്തിലും ശ്രീ മാണിയുടെയും ഭാര്യയുടെയും ലഗ്ഗേജുകൾ കൂടി ബാഗ്ഗേജ് കാരൃറിൽ എടുത്തുകൊണ്ടു വരുന്ന കാഴ്ച ഞങ്ങളെയെല്ലാം അന്ന് അദ്‌ഭു തപ്പെടുത്തിയിരുന്നു. മാണിസാറിന് ട്രോളി തള്ളിക്കൊണ്ട് നടക്കാനുള്ള പ്രയാസം കണ്ടാണ് മാണി.സി.കാപ്പൻ സഹായത്തിനു ചെന്നത്. കാപ്പൻ നല്ലൊരു സ്പോർട്സ്മാനായത് ഗുണമായത് എതിർ സ്ഥാനാര്ഥിക്കാണല്ലോ എന്നു കെ.വി. തോമസ് മാസ്റ്റർ അപ്പോൾ കമെന്റ് പറഞ്ഞതു ശ്രീ മാണി ഉൾപ്പെടെ എല്ലാവരെയും ചിരിപ്പിച്ചതും കാപ്പൻ ചിരിച്ചു കൈകൂപ്പിയതും ഓർമ്മിക്കുന്നു.!
അസ്സീസ്സിയിൽ പോയപ്പോൾ തോമസ് മാസ്റ്ററുടെ ഭാര്യ ഷേർലി ഹാൻഡ് ബാഗ് പള്ളിയിൽ വച്ചു മറന്നുപോയതും കാഴ്ചകളൊക്കെ കണ്ടുമടങ്ങുമ്പോൾ ബാഗില്ലെന്നു കണ്ടു( അതിൽ പണവും ഉണ്ടായിരുന്നു) ആകെ ഭയപ്പെട്ടതുംഅൽഫോൻസാമ്മയുടെ മധ്യസ്ഥംതേടി പ്രാര്ഥിച്ചതും ( ഫ്രാൻസിസ് അസ്സീസിക്കു സ്വർണവും പണവും വലിയതാൽപ്പര്യമുള്ളകാര്യമല്ലഎന്നതു കൊണ്ടും അതേസമയം അൽഫോൻസാമ്മയ്ക്കു സ്ത്രീകളുടെ വിഷമം നന്നായി മനസ്സിലാകുമെന്നത് കൊണ്ടുമാകണം അനുവും ഷെർളി യും അൽഫോൻസമ്മയോട് കൂടി പ്രാർഥിച്ചത്). ഞങ്ങൾ വീണ്ടും പള്ളിയിൽ ചെല്ലുമ്പോൾ ബാഗ് അപ്പോഴും അവിടെത്തന്നെ അതുപോലെ ഭദ്രമായിരിക്കുന്നു. ഷേർലി നന്ദിയോടെ ഒന്നുകൂടി നേർച്ചയിട്ടിട്ടാണ് അന്ന് അസ്സീസ്സിയിൽ നിന്നും മടങ്ങിയത്.!
അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് ഞങ്ങൾ റോമിലായിരിക്കെ മിക്കവാറും ദിവസവും ഞങ്ങളുടെ എല്ലാം ക്ഷേമം അന്വേഷിച്ചിരുന്നു. ഒരു ദിവസം പാലായിൽ എന്റെ ശിഷ്യൻ കൂടിയായിരുന്ന ഫാ. സ്രാമ്പിക്കൽ ( ഇപ്പോൾ ഗ്രേറ്റ് ബ്രിട്ടനിൽ ബിഷപ്പായ മാർ ജോസഫ് സ്രാമ്പിക്കൽ) വശം എനിക്കും അനുവിനും പ്രത്യേകമായ ഒരു ” റോമൻ “ഗിഫ്റ്റും എത്തിച്ചുതന്നതുംനന്ദിപൂർവ്വം ഓർമ്മിക്കുന്നു.
നാമകരണചടങ്ങിൽ പങ്കെടുക്കവേ അന്ന് അവിടിരുന്നുകൊണ്ടാണ് ഞാൻ അൾത്താരയിൽ നോക്കി അൽഫോൻസാമ്മയെപ്പറ്റി ഇംഗ്ലീഷിൽ ഒരു പുസ്തകമെഴുതാമെന്നു മനസ്സിൽ നേർന്നതു. നേർച്ച നിറവേറ്റുവാൻ പക്ഷെ താമസം വന്നു. അൽഫോൻസാമ്മ അതു തീർച്ചയായും ക്ഷമിച്ചിട്ടുണ്ടാകണം.ക്ഷമയുടെയും സഹനത്തിന്റെയും ആൾ രൂപമായിരുന്നല്ലോ ആ സഹനദാസി.
പിന്നീട് ഡൽഹിയിൽ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷൻ അംഗമായിരിക്കുമ്പോളാണ് 2013ൽ “ദി മദർ ആൻഡ് ദി സിസ്റ്റർ” എന്ന പേരിൽ അൽഫോൻസാമ്മയെയുംമദർ തെരേസ്സയെയും കുറിച്ചു ഒരുപുസ്തകമെഴുതി ( അവർ രണ്ടു പേരുടെയും ജന്മ ശതാബ്ദി 2010ൽആയിരുന്നു) പ്രസിദ്ധീകരിക്കുന്നതു.
ഡൽഹിയിലെ തീൻമുർത്തിയിലെനെഹ്റു മ്യൂസിയം ലൈബ്രറിയിൽ നിറഞ്ഞ സദസ്സിലായിരുന്നു പ്രകാശനം. അന്നത്തെസുപ്രീം കോടതി ചീഫ് ജസ്റ്റിസ് അൽത്തമസ് കബീറും പേപ്പൽ നൻസിയോ ആയിരുന്ന ആർച്ചുബിഷപ്പ് ഡോ.സാൽവത്തോറെ പിനാക്കിയോയും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.ഡൽഹിയിലെ തന്നെ ശ്രീ കെ.പി. ആർ.നായരുടെ കോണാർക്ക്പബ്ലിക്കേഷൻസ് ആണ് 500ൽ അധികം പേജ് ഉള്ള പുസ്തകം പുറത്തിറക്കിയത്.
എത്രയോ പേരാണ് എന്നോട് ആ സംരംഭത്തിൽ സഹകരിച്ചത് എന്നതും നന്ദിയോടെ ഓർക്കുന്നു.ദലൈലാമ ഉൾപ്പടെയുള്ള മതനേതാക്കൾ പുസ്തകത്തിനു അനുഗ്രഹ സന്ദേശങ്ങൾ നൽകി.ഡൽഹിയിലെ എന്റെസ്നേഹിതരും സഹപ്രവർത്തകരും ശിഷ്യന്മാരും ബന്ധുക്കളും ഒപ്പം നിന്നു. സുപ്രീം കോടതിയിൽ അഡ്വക്കേറ്റ് ആയ പ്രിയ ശിഷ്യൻ വിൽസ് മാത്യൂസ് ആണ് ചീഫ് ജസ്റ്റിസിനെ കൊണ്ടു വന്നത്. ഡോ. ക്രിസ്റ്റി ഫെര്ണാണ്ടസും പ്രൊഫ. കെ. വി. തോമസും ടി. കെ. അയ്യപ്പൻ കുട്ടി നായരും ജസ്റ്റിസ് സിദ്ദിക്കിയും ഒക്കെ നന്നായി പ്രസംഗിച്ചു.
കുൽദീപ് നയ്യരെപ്പോലുള്ള മാധ്യമ ലോകത്തെ സെലിബ്രിറ്റികൾ നേരിട്ടെത്തി അനുഗ്രഹിച്ചു. പിന്നീട് അദ്ദേഹവും ഭാര്യ ഭാരതി സച്ചാറും പാലായിലും പിന്നെ അൽഫോൻസാമ്മയുടെ കബറിടത്തിലും വന്നു. എത്ര ഭക്തിയോടെയാണ് അവർ അവിടെ തിരി കത്തിച്ചു പ്രാർഥിച്ചത്!” മദർ ആൻഡ് ദ സിസ്റ്റർ” എന്ന ഗ്രന്ഥം അൽഫോൻസാമ്മയുടെ കബറിടത്തിലും ഞാൻ സമർപ്പിക്കുകയുണ്ടായി. എന്റെ ഗുരുനാഥൻ കൂടിയായ ആദ്യ എം.ജി.വി.സി. ഡോ. ദേവസ്യ സാറിന്റെ സാന്നിദ്ധ്യത്തിൽ അഭിവന്ദ്യ മാർമുരിക്കൻ പിതാവാണ് പുസ്തകംകബിറടത്തിൽ വച്ചു സ്വീകരിച്ചത്.എല്ലാം അനുഗ്രഹമായി ഞാൻ കാണുന്നു .
പ്രത്യേകിച്ചു വിശുദ്ധ അൽഫോൻസാമ്മയുടെസ്വർഗീയ മധ്യസ്ഥതയുടെ ഇടപെടലും അനുഗ്രഹവും എന്നും എന്റെ ജീവിതത്തിൽ ഉണ്ടായി എന്നു തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
നന്ദി ചൊല്ലിത്തീർക്കാൻ ഇതൊന്നും പോരല്ലോതാനും!
ജൂലൈ 28 വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിവസമാണ്.
ഭൂമിയിൽ വീഴ്ത്തപ്പെട്ടവൾ സ്വർഗത്തിൽ വാഴ്ത്തപ്പെട്ടവൾ ആയ ദിവസം.
എന്റെ മകൾ സീനയ്ക്കും അന്ന് ഒരു സന്തോഷദിനമാണ്. ഭർത്താവ് ടോണിയുടെ ജന്മദിനം. അന്ന് ജന്മദിനമുള്ളവർക്കെല്ലാം അൽഫോൻസാമ്മയുടെ കരുതലും അനുഗ്രഹവുമുണ്ടാകട്ടെ.
ഇന്ത്യയുടെ ആദ്യ വിശുദ്ധക്കു സ്നേഹ പ്രണാമം
.ഡോ. സിറിയക് തോമസ്.