കുട്ടികളിലെ ആത്മഹത്യാ പ്രവണത: വിദഗ്ധ സമിതി രൂപീകരിച്ചു.
കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ച സാഹചര്യത്തില്‍ ആത്മഹത്യാ പ്രവണത അവസാനിപ്പിക്കാന്‍ കഴിയുന്ന വിധം വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
ഡി.ജി.പി. ആര് ശ്രീലേഖ ചെയര്‍പേഴ്സണായ സമിതിയില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ കണ്‍വീനറാണ്. തിരുവന്തപുരം മെഡിക്കല്‍ കോളേജ് മന:ശാസ്ത്ര വിഭാഗം മേധാവി ഡോ. അനില്‍ പ്രഭാകരന്, കുട്ടികളുടെ മന:ശാസ്ത്രജ്ഞന് ഡോ. ജയപ്രകാശ്, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി.കെ. ആനന്ദി എന്നിവര്‍ അംഗങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി.
രക്ഷിതാക്കള്‍ക്ക് കുട്ടികളെ ശരിയായി മനസിലാക്കാന്‍ സാധിക്കാത്തത്, കോവിഡ് കാലത്ത് കൂട്ടുകാരുമായി ഇടപഴകാന്‍ സാധിക്കാത്തത് തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ആത്മഹത്യ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്. നാളത്തെ പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും ഉത്തരവാദിത്വമാണ്.
കോവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്നങ്ങള്‍ നേരിടുന്നതിനും ആത്മഹത്യ പ്രവണത ചെറുക്കുന്നതിനുമായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കി വരുന്നു. ആരോഗ്യ വകുപ്പിന് കീഴിലുള്ള മാനസികാരോഗ്യ പരിപാടിയും വനിതാ ശിശുവികസന വകുപ്പും യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റം ബന്ധുക്കള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും അപാകതകള്‍ തോന്നുന്നെങ്കില്‍ ജില്ലയിലെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ഹെല്‍പ്പ് ലൈന്‍ നമ്പറിലോ, ദിശ 1056 നമ്പരിലേക്കോ ബന്ധപ്പെടേണ്ടതാണ്.