കോവിഡ് ഭയത്തെ അതിജീവിച്ച് ജീവന്റെ സംരക്ഷണം: മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിന് രൂപതയുടെ ആദരം

Share News

മുണ്ടക്കയം ; കോവിഡ് രോഗിയായ യുവതിക്ക് ശസ്ത്രക്രിയ നടത്തി ആൺകുഞ്ഞിനെ പുറത്തെടുത്ത മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിക്ക് രൂപതയുടെ ആദരം.
ആശുപത്രിയിലെ ഡോ.റോസ് മാവേലിക്കുന്നേൽ, ഡോ. മേരിയമ്മ ജോസഫ്, ഡോ: ദിവ്യ എന്നിവരാണ് ജീവന്റെ മഹത്വം ഉയർത്തിപിടിച്ചത്. ഓഗസ്റ്റ് നാലിന് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയ വണ്ടിപെരിയാർ സ്വദേശിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രസവത്തിന് മുൻപായി ഇവരെ സ്രവ പരിശോധനയ്ക്ക് വിധേയയാക്കി.
ശസ്ത്രക്രീയയിലൂടെ കുട്ടിയെ പുറത്തെടുക്കാൻ തീരുമാനിച്ചപ്പോഴാണ് സ്രവ പരിശോധന കോവിഡ് പോസിറ്റീവ് ആണന്ന ഫലമെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ രോഗിയുടെ കുടുംബവും ഒപ്പം ആശുപത്രി അധികൃതരും ആദ്യമൊന്ന് പതറി. രോഗിയുടെ ശാരീരിക അവസ്ഥ മോശമായതോടെ മറ്റു ആശുപത്രിയിലേക്ക് അയച്ചാൽ ആരും സ്വീകരിക്കില്ല. ശസ്ത്രക്രിയ മാറ്റിവയ്ക്കാനും കഴിയില്ല. ആശുപത്രി സൂപ്രണ്ട് ഡോ: കെ.എം മാത്യുവിൻ്റെ ഉപദേശപ്രകാരം അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന തീരുമാനത്തിൽ ആശുപത്രി എത്തി. കോവിഡ് രോഗിയാണന്നറിഞ്ഞിട്ടും മടികൂടാതെ യുവതിയിൽ ശസ്ത്രക്രിയ നടത്തി ആൺകുട്ടിയെ പുറത്തെടുക്കുകയായിരുന്നു. പിന്നീട് 3 ഡോക്ടർമാരും നഴ്സുമാരും അടക്കം 24 പേർ സ്വയം ക്വാറണ്ടിനിലായി. ഇതേ തുടർന്ന് ഗൈനോക്കോളജി വിഭാഗം അടച്ചു. ഇപ്പോൾ
24 പേരുടെയും സ്രവപരിശോധന ഫലവും നെഗറ്റീവായി .പരിശോധന നെഗറ്റീവായതിലെ സന്തോഷത്തിലാണ് ആശുപത്രി അധികാരികളും നാട്ടുകാരും.
ഇതിനെ തുടർന്ന് രൂപത വികാരി ജനറാൾമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ്‌ മണംപ്ലാക്കൽ, എസ്. എം. വൈ. എം. ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരക്കൽ, ഫാമിലി അപോസ്റ്റോലൈറ്റ് ഡയറക്ടർ ഫാ. ഫിലിപ്പ് വട്ടയത്തിൽ, രൂപത എസ്. എം.വൈ.എം ഭാരവഹികളായ ജോമോൻ പൊടിപാറ, സ്‌റ്റെഫി സണ്ണി തുരുത്തിപള്ളി, തോമാച്ചൻ കത്തിലങ്കൽ എന്നിവരാണ് നേരിട്ട് ആശുപത്രിയിൽ എത്തി അഭിനന്ദനങ്ങൾ അറിയിച്ചത്. ഇതിനൊടുള്ള ആദര സൂചകമായി രൂപത എസ്.എം.വൈ.എം, ആശുപത്രിയിലെ ഡയാലിസിസിനെത്തുന്ന പാവപെട്ട രോഗികൾക്കായുള്ള ധനസഹായ പദ്ധതിയുടെ ആദ്യഗഡു നൽകി. ഇതിനൊടൊപ്പം രൂപത ഫാമിലി അപോസ്റ്റലേറ്റ് ആശുപത്രി ജീവനക്കാർക്ക് എൻ 95 മാസ്ക്കും, ഫേസ് ഷീൽഡും സൗജന്യമായി നൽകി ആദരിച്ചു.ആശുപത്രി ഡയറക്ടർ ഫാ.സോജി കനാലിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ദീപു പുത്തൻപുരക്കൽ, ഡോ. ഇൽഡെഫോൻസ്, ഡോ.ദിവ്യ, സിസ്റ്റർ ലിഡ, സുബിൻ കിഴുകിണ്ടയിൽ എന്നിവർ സന്നിഹിതരായിരുന്നു.

Share News