
തളിര് : ഓൺലൈൻ പ്രഭാഷണ പരമ്പര
സെന്റ് ജോർജ് കോളേജിലെ മലയാളം വകുപ്പ് IQAC യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രഭാഷണ പരമ്പരയാണ് തളിര്. ക്ലാസ് മുറികളുടെ ചുവരുകൾക്ക് പുറത്തേക്ക് അക്കാദമിക പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്ന പ്രഥമ ചുവടുവയ്പ്പ് എന്ന ആശയത്തിലൂന്നിയാണ് തളിര് എന്ന പേര് ഈ സംരംഭത്തിന് സ്വീകരിച്ചിട്ടുള്ളത്. തുറന്ന മനസോടെയും തെളിഞ്ഞ ചിന്തകളോടെയും ഈ ദുരിതകാലത്തെ അഭിമുഖീകരിക്കുവാനുതകുന്ന പ്രഭാഷണങ്ങളാണ് ഈ പരമ്പര അവതരിപ്പിക്കുന്നത്. അറിവ് ഏകതാനമല്ലെന്നും അതിനാൽ ബഹുസ്വരങ്ങൾക്ക് ഊന്നൽ നല്കണമെന്നുമുള്ള ഉദ്ദേശത്തിൽ നിന്നുകൊണ്ട് കല, സാഹിത്യം, സംസ്കാരം തുടങ്ങിയ മേഖലകളെ പൊതുവിൽ പരിഗണിക്കുന്ന അന്തർവൈജ്ഞാനിക വിനിമയങ്ങളാണ് ഈ പ്രഭാഷണ പരമ്പര നടപ്പിലാക്കുന്നത്.
തളിരിന്റെ ഘടന
- ശാരീരികമായി അകന്നിരിക്കുമ്പോഴും ബൗദ്ധിക തലത്തിൽ ഒത്തു ചേരാമെന്ന നിഗമനത്തിലാണ് തളിര് ആരംഭിക്കുന്നത്. 40 മിനിറ്റ് ദൈർഘ്യമുള്ള ലഘുപ്രഭാഷണങ്ങളാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്.10 മിനിറ്റ് പ്രഭാഷകനുമായി സംവദിക്കുവാനുള്ള അവസരവും ലഭ്യമാക്കുന്നതാണ്.
ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലാണ് അവതരണം ക്രമീകരിച്ചിരിക്കുന്നത്. - വാട്സാപ്പിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് തളിര് പ്രവർത്തനം ആരംഭിക്കുന്നത്.
ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് തളിര് വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാവുന്നതാണ്. അഡ്മിൻ ഒൺലി ആയിട്ടാണ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. പ്രഭാഷണം ആരംഭിക്കുന്നതിന് 15 മിനിറ്റ് മുൻപ് ഗൂഗിൾ മീറ്റ് ലിങ്ക് ഗ്രൂപ്പിൽ ലഭ്യമാക്കുന്നതാണ്.
പ്രഭാഷണത്തിന്റെ സുഗമമായ നടത്തിപ്പിന് പ്രഭാഷകനൊഴികെ മറ്റുള്ളവരെല്ലാം കാമറ, മൈക്ക് എന്നിവ ഓഫ് ചെയ്യേണ്ടതാണ്. പ്രഭാഷണം അവസാനിക്കുമ്പോൾ ചോദ്യങ്ങൾ ഉന്നയിക്കുന്നവർ മാത്രം മൈക്ക് ഓൺ ചെയ്ത് സംസാരിക്കുക. - കേരളത്തിനകത്തും പുറത്തുമുള്ള സർവകലാശാല/കോളേജ് അധ്യാപകർ, നിരൂപകർ, ഗവേഷക വിദ്യാർഥികൾ തുടങ്ങിയവർ വിവിധ വിഷയങ്ങളെ മുൻനിർത്തി തളിര് പ്രഭാഷണ പരമ്പരയിൽ തങ്ങളുടെ കാഴ്ചപാടുകൾ
വിശദീകരിക്കും. അതിനാൽ തന്നെ മലയാളത്തിന് പുറമെ ഇംഗ്ലീഷ് ഭാഷയിലുമുള്ള പ്രഭാഷണങ്ങളും തളിര് ഓൺലൈൻ പരമ്പരയിൽ പ്രതീക്ഷിക്കാവുന്നതാണ്.
ഓരോ പ്രഭാഷണത്തിനും ഒരു മോഡറേറ്റർ ഉണ്ടായിരിക്കും. അധ്യാപകരോ ഗവേഷകരോ ആയിരിക്കും സെഷൻ മോഡറേറ്റ് ചെയ്യുന്നത്. - നിശ്ചയിച്ചിരിക്കുന്ന പ്രഭാഷണത്തിന് 2 ദിവസം മുൻപ് പ്രഭാഷകനെക്കുറിച്ചും വിഷയത്തെക്കുറിച്ചും അറിവ് നൽകുന്ന ഒരു Handout ലഭ്യമാക്കുന്നതാണ്. ആമുഖ പ്രഭാഷണം
കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജിലെ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും വകുപ്പധ്യക്ഷനുമായ റവ. ഡോ. സുനിൽ ജോസ് “(അതി)ജീവനവഴിയിലെ വാക്കും വരയും” എന്ന വിഷയത്തിൽ സംസാരിക്കും. എം.ജി. സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്ന് പിഎച്ച്.ഡി. പൂർത്തിയാക്കിയ അദ്ദേഹം ഏറെക്കാലം എൽതുരുത്ത് സെന്റ് അലോഷ്യസ്സ് കോളേജിലെ മലയാളം വിഭാഗം തലവനായിരുന്നു. കവിയെന്ന നിലയിലും ചിത്രകാരനെന്ന നിലയിലും ഏറെ ശ്രദ്ധിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ദാർശനികാന്വേഷണങ്ങൾ ആത്മീയതയുടെ വിവിധ തലങ്ങളെ ആഴത്തിൽ സ്പർശിക്കുന്നവയാണ്.
തളിര് ഓൺലൈൻ പ്രഭാഷണ പരമ്പര ആഗസ്ത് 17 (തിങ്കൾ) വൈകുന്നേരം 4:30 ന് ഡോ. സുനിൽ ജോസിന്റെ ആമുഖ പ്രഭാഷണത്തോടെ ആരംഭിക്കുന്നു. ഈ വൈജ്ഞാനിക കൂട്ടായ്മയിലേക്ക് എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്
പ്രോഗ്രാം കോർഡിനേറ്റർ
അനിറ്റ ഷാജി
അസിസ്റ്റന്റ് പ്രൊഫസർ
മലയാളം വിഭാഗം
സെന്റ് ജോർജ് കോളേജ്
അരുവിത്തുറ, കോട്ടയം ജില്ല
മൊബൈൽ: 8281461548