നന്ദി, പ്രോട്ടോക്കോൾ മറികടന്നുള്ള ആ സ്പർശന സമ്മാനത്തിന്…

Share News

ചൂടാറാതെ ആ സ്പർശനം

അവാർഡ് നൽകുന്നത് ഇന്ത്യൻ പ്രസിഡന്റാണെങ്കിൽ വേദിയിൽ കടുത്ത നിയന്ത്രണങ്ങളാണ്. ചടങ്ങിനു മുൻപേ അതിനു പരിശീലനവും ലഭിക്കും.. ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണു ചടങ്ങ്. ഞങ്ങളെ സദസിനു മുന്നിലിരുത്തി.. ‘‍ഡമ്മി ചടങ്ങാ’യിരുന്നു ആദ്യം വേദിയിൽ. പേരു വിളിക്കുമ്പോൾ വേദിയിലേക്ക് കയറേണ്ടതെങ്ങനെ? നിൽക്കേണ്ടതെവിടെ? അവാർഡ് സ്വീകരിക്കേണ്ടതെങ്ങനെ… ഇറങ്ങിപ്പോരേണ്ടതെങ്ങനെ…അങ്ങനെ എന്തെല്ലാം..

അവാർഡ് സ്വീകരിച്ചാൽ, ഫോട്ടോയ്ക്കു പോസ് ചെയ്താൽ പിന്നെ വേദിയിൽ നിൽക്കാൻ പാടില്ല. സെക്കന്റിന്റെ അംശങ്ങൾ പോലും അവിടെ എണ്ണപ്പെടുന്നു. പേര് വിളിച്ചയുടൻ ഞങ്ങൾ വേദിയിൽ കയറി. ഞാനും ഇപ്പോഴത്തെ ഡൽഹി റിപ്പോർട്ടർ റൂബിൻ ജോസഫും. അവാർഡ് വാങ്ങി. മെഡൽ അദ്ദേഹം കഴുത്തിൽ അണിയിച്ചു. പ്രണാബിന്റെ മുഖത്തുനോക്കിയപ്പോൾ പതിവുപോലെ ‘കവാത്ത് ’ മറന്നു. ഇന്ത്യൻ രാഷ്ട്രപതിയാണു മുന്നിൽ. അദ്ദേഹത്തിനു നേരെ അറിയാതെ ഞാൻ കൈനീട്ടിപ്പോയി. തൊട്ടടുത്ത് കറുത്ത കോട്ടിട്ടുനിന്ന സ്റ്റേജ് കൺട്രോളറും വെള്ള യൂണിഫോമിലുള്ള സെക്യൂരിറ്റിയും എന്റെ അടുത്തേക്കു ചലിക്കുന്നതു കൺകോണിൽ ഞാനറിഞ്ഞു.

നൊടിയിട, ആ രാഷ്ട്രപതിക്കൈ എന്റെ കൈയെ പൊതിഞ്ഞു. ഒരു ശിശുവിന്റെ കൈ പോലെ പതുപതുത്ത, പഞ്ഞിക്കെട്ടു പോലുള്ള കൈ. ഒന്നുരണ്ടു നിമിഷമേയുള്ളു പക്ഷേ, ആ കൈത്തലത്തിലിരുന്ന്‌.. എന്റെ കൈ ഉറങ്ങി. അദ്ദേഹത്തിന്റെ മുഖത്തു മായാത്ത പുഞ്ചിരിയായിരുന്നു ഞാനൊരു വർണപ്പട്ടമായിരുന്നു.. പ്രസിഡന്റിന്റെ കയ്യിൽ നിന്നൊരു മാധ്യമപുരസ്കാരം എന്നതിലേറെ ആനന്ദമായി ആ സ്പർശനം ഇപ്പോഴുമുണ്ട് കയ്യിൽ.

പ്രണബ് ദാ.

.അങ്ങയുടെ ആ കൈവിരലിൽ ഇപ്പോൾ മരണത്തിന്റെ തണുപ്പാണ്. എന്റെ കൈവിരലിൽ ഓർമയുടെ ചൂടാറിയിട്ടില്ല. ആ ചൂട് വിരൽത്തുമ്പിൽ നിന്നു മനസിന്റെ സിരകളിലേക്ക് ലാവയായി ഒഴുകുന്നു.

പ്രണാമം.

നന്ദി, പ്രോട്ടോക്കോൾ മറികടന്നുള്ള ആ സ്പർശന സമ്മാനത്തിന്… (കോവിഡ് പ്രോട്ടോക്കോൾ മൂലം ആരെയും തൊടാൻ പോലും അനുമതിയില്ലാത്ത കാലത്താണല്ലോ അങ്ങയുടെ മടക്കം).

വിട.

Santhosh John Thooval

Share News