സെപ്റ്റംബർ 19 വരെ 100 ദിന കർമ്മ പരിപാടി നടപ്പാക്കും -മുഖ്യമന്ത്രി

Share News

നടപ്പാക്കുന്നത് 2464.92 കോടി രൂപയുടെ പദ്ധതികൾ

ജൂൺ 11 മുതൽ സെപ്തംബർ 19 വരെ 100 ദിന കർമ്മ പരിപാടിക്ക് തുടക്കം കുറിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.


ആരോഗ്യം വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളിൽ  കൈവരിച്ച നേട്ടങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും സാമ്പത്തിക വളർച്ച കൂടുതൽ വേഗത്തിലാക്കാനും ഗുണമേൻമയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള നയങ്ങൾക്കും പരിപാടികൾക്കുമാണ് കർമ്മപരിപാടിയിൽ പ്രാധാന്യം നൽകുന്നത്.  ശാസ്ത്ര സാങ്കേതിക മേഖലയിലും നൈപുണ്യ വികസന രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ച് വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ്ഘടനയുടെ നിർമ്മിതി സാധ്യമാക്കുകയാണ് ലക്ഷ്യം.
അതീവ ദാരിദ്ര്യ നിർമ്മാർജ്ജനം, സാമ്പത്തിക, സാമൂഹിക അസമത്വങ്ങൾ ഇല്ലായ്മ ചെയ്യൽ, പ്രകൃതി സൗഹൃദ വികസന പരിപ്രേക്ഷ്യം നടപ്പിൽ വരുത്തൽ, ആരോഗ്യകരമായ നാഗരിക ജീവിതത്തിന് അനുയോജ്യമാംവിധം ആധുനിക ഖരമാലിന്യസംസ്‌കരണ രീതി അവലംബിക്കൽ എന്നിവയ്ക്ക് അതീവ ശ്രദ്ധ നൽകും.

കാർഷികമേഖലയിൽ ഉൽപാദന വർദ്ധനവിനൊപ്പം വിഷരഹിതമായ ആഹാര പദാർത്ഥങ്ങളുടെ നിർമ്മാണവും പ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സമയബന്ധിത ആസൂത്രണത്തിന്റെ ഭാഗമായാണ് 100 ദിനപരിപാടി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ നൂറു ദിന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ്, റീബിൽഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് ഉൾപ്പെട്ടിട്ടുള്ളത്.
20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെ.ഡിസ്‌കിന്റെ ആഭിമുഖ്യത്തിൽ പൂർത്തിയാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തിൽ 1000 ൽ 5 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കും.
വിവിധ വകുപ്പുകളുടെ കീഴിൽ പ്രത്യക്ഷമായും പരോക്ഷമായും ഉദ്ദേശം 77,350 തൊഴിലവസരങ്ങളാണ് നൂറുദിവസത്തിനുള്ളിൽ സൃഷ്ടിക്കുന്നത്.

വ്യവസായ വകുപ്പ് 10,000, സഹകരണം 10,000, കുടുംബശ്രീ 2,000, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ 2,000, വനിതാവികസന കോർപ്പറേഷൻ 2,500, പിന്നോക്കവികസന കോർപ്പറേഷൻ 2,500,  പട്ടികജാതി, പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ  2,500, ഐ.ടി. മേഖല 1000, തദ്ദേശ സ്വയംഭരണ വകുപ്പ്  7,000 (യുവ വനിതാ സംരംഭകത്വ പരിപാടി  5000, സൂക്ഷ്മ സംരംഭങ്ങൾ  2000),  ആരോഗ്യവകുപ്പ്  4142 (പരോക്ഷമായി), മൃഗസംരക്ഷണ വകുപ്പ്  350 (പരോക്ഷമായി), ഗതാഗത വകുപ്പ്  7500,  റവന്യൂ വകുപ്പിൽ വില്ലേജുകളുടെ റീസർവ്വേയുടെ ഭാഗമായി 26,000 സർവ്വേയർ, ചെയിൻമാൻ എന്നിവരുടെ തൊഴിലവസരങ്ങൾ  അടങ്ങിയിട്ടുണ്ട്.

നൂറുദിന പരിപാടിയുടെ  നടപ്പാക്കൽ പുരോഗതി നൂറു ദിവസങ്ങൾ പൂർത്തിയാകുമ്പോൾ പ്രത്യേകം അറിയിക്കും. വൻ പ്രകൃതി ദുരന്തങ്ങളെ നേരിട്ട നമ്മുടെ സംസ്ഥാനത്ത് ദുരന്താഘാത ശേഷിയുള്ള പശ്ചാത്തല സൗകര്യങ്ങൾ സമയബന്ധിതമായി സൃഷ്ടിക്കാനായി രൂപപ്പെടുത്തിയ പദ്ധതിയാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ്  (ആർ കെ ഐ).  ഇതിനായി  അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളായ ലോകബാങ്ക്, ജർമ്മൻ ബാങ്കായ കെ എഫ് ഡബ്ല്യൂ, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്ക് (എ ഐ ഐ ബി) എന്നിവയിൽ നിന്നും 5,898 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്.  സംസ്ഥാന വിഹിതം കൂടി ചേരുമ്പോൾ  ആർ കെ ഐ പദ്ധതികൾക്കായി 8,425 കോടി രൂപ ലഭ്യമാകും. അതിൽ വരുന്ന നൂറു ദിനങ്ങളിൽ 945.35 കോടി രൂപയുടെ ഒൻപതു റോഡ് പ്രവൃത്തികൾ ആരംഭിക്കും.

പത്തനംതിട്ട-അയിരൂർ റോഡ്  (107.53 കോടി), ഗാന്ധിനഗർ-മെഡിക്കൽ കോളേജ് റോഡ് (121.11 കോടി), കുമരകം-നെടുമ്പാശ്ശേരി റോഡ് (97.88 കോടി), മൂവാറ്റുപുഴ-തേനി സ്റ്റേറ്റ് ഹൈവേ (87.74 കോടി), തൃശൂർ-കുറ്റിപ്പുറം റോഡ് (218.45 കോടി), ആരക്കുന്നം-ആമ്പല്ലൂർ-പൂത്തോട്ട-പിറവം റോഡ് (31.40 കോടി), കാക്കടശ്ശേരി-കാളിയാർ റോഡ്  (67.91 കോടി), വാഴക്കോട്-പ്ലാഴി റോഡ് (102.33 കോടി), വടയാർ-മുട്ടുചിറ റോഡ്  (111.00 കോടി) എന്നിവയാണീ റോഡ് പ്രവൃത്തികൾ.
പൊതുമരാമത്ത് വകുപ്പ് ഈ നൂറുദിനങ്ങളിൽ 1519.57 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിക്കും.

തലശ്ശേരി-കളറോഡ് റോഡ് (156.33 കോടി), കളറോഡ് -വളവുപാറ റോഡ് (209.68 കോടി), പ്ലാച്ചേരി-പൊൻകുന്നം റോഡ് (248.63 കോടി) കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയ അഴീക്കൽ പാലം  (146 കോടി രൂപ), ആലപ്പുഴ, തുരുത്തിപുരം, അഴിക്കോട്, പറവണ്ണ, പാൽപ്പെട്ടി, പുല്ലൂർ എന്നിവിടങ്ങളിൽ ആറ് മൾട്ടി പർപ്പസ് സൈക്ലോൺ ഷെൽട്ടറുകൾ ( 26.51 കോടി) എന്നിവയാണിവ. 200.10 കോടിയുടെ കിഫ്ബി റോഡ്- പാലം പദ്ധതികൾ നൂറ് ദിവസത്തിനകം ഉദ്ഘാടനം ചെയ്യും. കണിയാമ്പറ്റ-മീനങ്ങാടി റോഡ്, (44 കോടി), കയ്യൂർ-ചെമ്പ്രക്കാനം-പാലക്കുന്ന് റോഡ്, (36.64 കോടി), കല്ലട്ക്ക-പെർള-ഉക്കിനട റോഡ്, (27.39 കോടി), ഈസ്റ്റ് ഹിൽ -ഗണപതിക്കാവ്  -കാരപ്പറമ്പ റോഡ്, (21 കോടി), മാവേലിക്കര പുതിയകാവ്പള്ളിക്കൽ റോഡ്, (18.25 കോടി),
കാവുംഭാഗം-ഇടിഞ്ഞില്ലം റോഡ് (16.83 കോടി), ശിവഗിരി റിംഗ് റോഡ് (13 കോടി), അക്കിക്കാവ്-കടങ്ങോട്-എരുമപ്പെട്ടി റോഡ് (11.99 കോടി) അടൂർ ടൗൺ ബ്രിഡ്ജ് (11 കോടി) എന്നിവയാണിത്.

സുഭിക്ഷം, സുരക്ഷിതം കേരളം എന്ന ലക്ഷ്യത്തോടെ 25,000 ഹെക്ടറിൽ ജൈവകൃഷി ആരംഭിക്കും. 100 അർബൻ സ്ട്രീറ്റ് മാക്കറ്റ് ആരംഭിക്കും. 25 ലക്ഷം പഴവർഗ വിത്തുകൾ വിതരണം ചെയ്യും. 150 ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് സംഘങ്ങളുടെ പ്രവർത്തനം ആരംഭിക്കും. വ്യവസായ സംരംഭകർക്ക് ഭൂമി ലീസിൽ അനുവദിക്കാൻ സംസ്ഥാന തലത്തിൽ ഏകീകൃത നയം പ്രഖ്യാപിക്കും.
കുട്ടനാട് ബ്രാൻഡ് അരി  മില്ലിന്റെ പ്രവർത്തനം തുടങ്ങും. കാസർകോട്  ഇ എം എൽ ഏറ്റെടുക്കും. ഉയർന്ന ഉൽപാദന ശേഷിയുള്ള 10 ലക്ഷം കശുമാവിൻ തൈകൾ കർഷകർക്ക് വിതരണം ചെയ്യുന്നതിന് തുടക്കം കുറിക്കും. കാഷ്യൂ ബോർഡ്  8000 മെട്രിക് ടൺ കശുവണ്ടി ലഭ്യമാക്കി 100 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ നടപടി സ്വീകരിക്കും. 12000 പട്ടയങ്ങൾ വിതരണം ചെയ്യും. ഭൂനികുതി ഒടുക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങും. തണ്ടപ്പേർ, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റലൈസേഷൻ പൂർത്തീകരിക്കും.

ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ അയക്കാൻ ഓൺലൈൻ മോഡ്യൂൾ പ്രാവർത്തികമാക്കും. ലൈഫ് മിഷൻ 10,000 വീടുകൾ കൂടി പൂർത്തീകരിക്കും. വിദ്യാശ്രീ പദ്ധതിയിൽ  50,000 ലാപ്ടോപ്പുകളുടെ വിതരണം ആരംഭിക്കും. നിലാവ് പദ്ധതി  200 ഗ്രാമപഞ്ചായത്തുകളിൽ ആരംഭിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സീവേജ് ട്രീറ്റ്മെൻറ് പ്ലാന്റ് (അമൃത് പദ്ധതിപ്രകാരം) തുടങ്ങും.
കോവിഡ് നിയന്ത്രണങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന ദുർബല വിഭാഗങ്ങൾക്ക്  20,000 ഏരിയ ഡവലപ്മെൻറ് സൊസൈറ്റികൾ (എഡിഎസ്) വഴി  200 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യും. യാത്രികർക്കായി 100  ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് കോംപ്ലക്സുകൾ തുറക്കും. ബി.പി.എൽ വിദ്യാർത്ഥികൾക്കുള്ള ഹയർ എഡ്യൂക്കേഷൻ സ്‌കോളർഷിപ്പ് വിതരണം തുടങ്ങും.
കണ്ണൂർ കെ.എം.എം. ഗവൺമെൻറ് വിമൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും.

ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ്, പാലക്കാട്, മട്ടന്നൂർ, ഗവൺമെൻറ് പോളിടെക്നിക്കുകൾ, പയ്യന്നൂർ വനിത പോളിടെക്നിക്, എറണാകുളം മോഡൽ എഞ്ചിനീയറിംഗ് കോളേജ്, പൂഞ്ഞാർ മോഡൽ പോളി ടെക്നിക്, പയ്യപ്പാടി കോളേജ്, കൂത്തുപറമ്പ് അപ്ലൈഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലെ വിവിധ ബ്ലോക്കുകൾ പൂർത്തീകരിച്ച് തുറക്കും.

പൊതുവിദ്യാഭ്യാസ വകുപ്പിൽ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ 5 കോടി രൂപയുടെ 20 സ്‌കൂളുകളും 3 കോടി രൂപയുടെ 30 സ്‌കൂളുകളും പ്ലാൻ ഫണ്ട് മുഖേന നിർമ്മാണം പൂർത്തിയായ 40 സ്‌കൂളുകളുമടക്കം  90 സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും. 43 ഹയർ സെക്കൻഡറി ലാബുകളും 3 ലൈബ്രറികളും തുറക്കും. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷണ ഭദ്രതാ അലവൻസ് ഭക്ഷ്യ കിറ്റായി വിതരണം ചെയ്യും.

സ്‌കൂളുകളിൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി അദ്ധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാൻ കഴിയുന്ന ഓൺലൈൻ ക്ലാസുകൾ ആവിഷ്‌കരിച്ച് നടപ്പാക്കും. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി വീടുകളിൽ പുസ്തകം എത്തിക്കുന്നതിന്റെ ഭാഗമായി ‘വായനയുടെ വസന്തം’ പദ്ധതി ആരംഭിക്കും.
സംസ്ഥാനത്തെ ഹോട്ടലുകളെയും റിസോർട്ടുകളെയും ആഗസ്റ്റ് 31നകം ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷനിൽ കൊണ്ടുവരാനുള്ള നടപടികളെടുക്കും.
ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി പുരാതന മോസ്‌ക് ആയ മാക്വം മസ്ജിദ് പുനരുദ്ധാരണം, ലിയോ തേർട്ടീൻത് സ്‌കൂൾ പുനരുദ്ധാരണം,

മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ഗോതുരുത്തിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ അനുബന്ധ ഭാഗം നിർമ്മിക്കൽ, ചേന്ദമംഗലത്തെ 14ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഹോളി ക്രോസ് പള്ളിയുടെ സംരക്ഷണം,  പുരാതന മസ്ജിദായ ചേരമാൻ ജുമാ മസ്ജിദിന്റെ പുനരുദ്ധാരണം എന്നിവ പൂർത്തിയാക്കും. തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി ഗുണ്ടർട്ട് ബംഗ്ലാവിൽ ഡിജിറ്റൽ ലാംഗ്വേജ് മ്യൂസിയം ഉദ്ഘാടനം ചെയ്യും.
കെ.എസ്.ഐ.ഡി.സി വഴി മടങ്ങിവന്ന പ്രവാസികൾക്കായി 100 കോടി രൂപയുടെ വായ്പാ പദ്ധതിആരംഭിക്കും.  ഒരു വ്യക്തിക്ക് 25 ലക്ഷം മുതൽ പരമാവധി 2 കോടി വരെ വായ്പ ലഭ്യമാക്കും.

കോസ്റ്റൽ റെഗുലേറ്ററി സോൺ ക്ലിയറൻസിനായുള്ള അപേക്ഷ ഓൺലൈനായി സ്വീകരിച്ച് തുടങ്ങും. ചെല്ലാനം കടൽ തീരത്തെ കടലാക്രമണം തടയാൻ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രവർത്തിക്ക് തുടക്കം കുറിക്കും. കടലാക്രമണ സാധ്യതയുള്ള മറ്റു പ്രദേശങ്ങളിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തനം ആരംഭിക്കാനുള്ള പഠനം,
തൃശൂർ ജില്ലയിലെ പഴയന്നൂരിൽ ഭൂരഹിത, ഭവനരഹിതർക്കായി 40 യൂണിറ്റുകളുളള ഭവന സമുച്ചയം കെയർഹോം രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി  കൈമാറും.
യുവ സംരംഭകർക്കായി 25 സഹകരണ സംഘങ്ങൾ ആരംഭിക്കും.

ഇവ കാർഷികോൽപന്നങ്ങളുടെ മൂല്യവർദ്ധന, ഐ.ടി. മേഖലയിലെ ചെറുകിട സംരംഭങ്ങൾ, സേവന മേഖലയിലെ ഇവന്റ് മാനേജ്മെന്റ് പോലെയുള്ള സംരംഭങ്ങൾ, ചെറുകിട മാർക്കറ്റിംഗ് ശൃംഖലകൾ എന്നീ മേഖലകളിലായിരിക്കും. വനിതാ സഹകരണ സംഘങ്ങൾ വഴി മിതമായ നിരക്കിൽ മാസ്‌ക്, സാനിറ്റൈസർ ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ ഉൽപന്നങ്ങളുടെ 10 നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കും. കുട്ടനാട്, അപ്പർ കുട്ടനാട് ആസ്ഥാനമാക്കി ഒരു സംഭരണ, സംസ്‌കരണ വിപണന സഹകരണ സംഘം രജിസ്റ്റർ ചെയ്ത് 2 ആധുനിക റൈസ് മില്ലുകൾ ആരംഭിക്കും. നിർധന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ ലഭ്യമാക്കുന്നതിനായി ഒരു വിദ്യാർത്ഥിക്ക് 10,000 രൂപ നിരക്കിൽ പലിശരഹിത വായ്പ നൽകുന്ന പദ്ധതി തുടങ്ങും.

ഒരു സംഘം പരമാവധി 5 ലക്ഷം രൂപ  വായ്പയായി നൽകുന്ന പദ്ധതിയാണിത്.
308 പുനർഗേഹം വ്യക്തിഗത വീടുകൾ (30.80 കോടി രൂപ ചെലവ് ) കൈമാറും. 303 പുനർഗേഹം ഫ്ളാറ്റുകൾ തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിൽ (30.30 കോടി രൂപ ചെലവ്) ഉദ്ഘാടനം ചെയ്യും.  സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി  250 പഞ്ചായത്തുകളിൽ മത്സ്യകൃഷി ആരംഭിക്കും. 100 സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റുകൾ സ്ഥാപിക്കും. ദുർഘടമായ മലയോരപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗയോഗ്യമായ 30 മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾ ഫയർ ആൻറ് സേഫ്റ്റി വകുപ്പ് നിരത്തിലിറക്കും. പട്ടിക ജാതി വികസന വകുപ്പ് പൂർത്തിയാകാതെ കിടക്കുന്ന 1000 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കും.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ പഠനത്തിനായി പഠനമുറി നിർമ്മാണം, വൈദ്യുതീകരണം, ഫർണിച്ചർ എന്നിവയുൾപ്പെടെ 1000 എണ്ണം പൂർത്തീകരിക്കും. പട്ടികവർഗ്ഗ വികസന വകുപ്പ് തയ്യാറാക്കിയ സാമൂഹ്യസാമ്പത്തിക സർവ്വെ റിപ്പോർട്ട് പ്രസിദ്ധീകരിക്കും.
ആറളം ഫാം, അട്ടപ്പാടി സഹകരണ ഫാമിംഗ് സൊസൈറ്റി എന്നിവയുടെ പുനരുദ്ധാരണത്തിന്  ഫാം റിവൈൽ പാക്കേജ് ആരംഭിക്കും.
വനം വന്യജീവി വകുപ്പിന്റെ  ആഭിമുഖ്യത്തിൽ 465 ഓളം ആദിവാസി കോളനികളിലും  ചേർന്നുളള പ്രദേശത്തും 10,000 ത്തോളം വൃക്ഷതൈകൾ നട്ടുപിടിപ്പിക്കും. മൂന്നാർ കുറിഞ്ഞിമല സാങ്ച്വറിയിൽ 10,000 കുറിഞ്ഞിത്തൈകൾ വച്ചുപിടിപ്പിക്കും. 14 ഇൻറഗ്രേറ്റഡ് ഫോറസ്റ്റ് ചെക്ക്പോസ്റ്റ് കെട്ടിടങ്ങൾ, 15 ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കും. 7 നഗരവനങ്ങൾ വച്ചുപിടിപ്പിക്കൽ തുടങ്ങും. 22 സ്ഥലങ്ങളിൽ വിദ്യാവനം വച്ചുപിടിപ്പിക്കും.
തീരദേശ ഷിപ്പിംഗ് സർവ്വീസ് ബേപ്പൂരിൽ നിന്നും കൊച്ചിവരെയും കൊല്ലത്തു നിന്നും കൊച്ചി വരെയും ആരംഭിക്കും.

കണ്ണൂർ മെഡിക്കൽ കോളേജിൽ ഓക്സിജൻ ജനറേറ്റർ പ്ലാൻറ്, കോന്നിയിൽ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി എന്നിവ ആരംഭിക്കും.
7 ജില്ലകളിലെ (തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോട്ടയം, കോഴിക്കോട്, പാലക്കാട്, കാസർഗോഡ്) എച്ച്.ഐ.വി/എയ്ഡ്സ് ബാധിതർക്കായി കെയർ സപ്പോർട്ട് സെന്റർ.
ശിശുമരണനിരക്ക് കുറയ്ക്കാൻ ലക്ഷ്യമിടുന്ന ‘പ്രഥമ സഹസ്രദിനങ്ങൾ’ എന്ന പരിപാടി മലയോര തീരദേശ മേഖലകളിലെ 28 ഐ.സി.ഡി.എസ് പ്രോജക്ടുകളിലേക്ക് കൂടി വ്യാപിപ്പിക്കും. വിമൻ ആൻഡ് ചിൽഡ്രൻ ഹോമുകളിൽ ദീർഘകാലം താമസിക്കുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് തൃശൂർ  രാമവർമപുരത്ത് മോഡൽ വിമൻ ആൻഡ്

ചിൽഡ്രൻ ഹോം തുറക്കും.
നിയമനടപടികളും അതുകാരണം സാമൂഹികമായ ഒറ്റപ്പെടലുകളും അനുഭവിക്കുന്ന കുട്ടികൾക്ക് ശാരീരികവും മാനസികവും സാമൂഹികവുമായ ശ്രദ്ധയും പരിചരണവും നൽകുന്നതിന് കാവൽ പ്ലസ് പദ്ധതി എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലേക്ക് വ്യാപിപ്പിക്കും. 2256 അങ്കണവാടികളുടെ വൈദ്യുതീകരണം പൂർത്തിയാക്കും. സ്പോർട്സ് കേരള ഫുട്ബോൾ അക്കാദമി, തിരുവനന്തപുരത്തും കണ്ണൂരും പൂർത്തീകരിക്കും. വനിതാ ഫുട്ബോൾ അക്കാദമി  ഉദ്ഘാടനം ചെയ്യും. കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരെ ബസ് സ്റ്റാൻഡുകളിൽ നിന്നും വീടുകളിൽ എത്തിക്കുന്ന ഇ ഓട്ടോറിക്ഷാഫീഡർ സർവ്വീസ് തുടങ്ങും. പി.എസ്.സി.ക്ക് നിയമനങ്ങൾ വിട്ടുനൽകാനായി തീരുമാനമെടുത്തിട്ടുള്ള സ്ഥാപനങ്ങൾക്കുള്ള സ്പെഷ്യൽ റൂൾ രൂപീകരിക്കും. ജി.എസ്.ടി വകുപ്പിൽ അധികമായി വന്നിട്ടുള്ള 200 ഓളം തസ്തികകൾ തദ്ദേശ സ്വയംഭരണ വകുപ്പിൽ സൃഷ്ടിച്ച് പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യും.

നൂറു ദിവസങ്ങൾക്കുള്ളിൽ ചെയ്യാനുദ്ദേശിക്കുന്ന മറ്റു ചില പ്രധാന കാര്യങ്ങൾ ചുവടെ:
ഗെയിൽ പൈപ്പ് ലൈൻ (കൊച്ചി-പാലക്കാട്) ഉദ്ഘാടനം.
കൊച്ചിയിൽ ഇൻറഗ്രേറ്റഡ് സ്റ്റാർട്ടപ്പ് ഹബ്ബ് തുങ്ങും.
പരിസ്ഥിതി സൗഹൃദ കെട്ടിട നിർമ്മാണത്തിനുള്ള ഗ്രീൻ റിബേറ്റ് ആഗസ്ത്തിൽ പ്രാബല്യത്തിൽ വരത്തക്ക രീതിയിൽ മാനദണ്ഡങ്ങൾ രൂപീകരിക്കും.
ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ജീവൻ രക്ഷാമരുന്നുകൾ വീട്ടുപടിക്കൽ എത്തിക്കുന്നതിന്റെ  ഉദ്ഘാടനം.

കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ കുട്ടികൾക്കുള്ള ധനഹായവിതരണം ആരംഭിക്കും.
ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സംവിധാനം ഒരുക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പുരസ്‌കാരം നൽകും.
വിശപ്പ് രഹിതകേരളം  ജനകീയ ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകുന്ന പരിപാടി ആരംഭിക്കും.
ഇത് നൂറു ദിവസത്തിനകം നടപ്പാക്കുന്ന പദ്ധതികളുടെ പൂർണ്ണമായ പട്ടികയല്ലെന്നും വിശദവിവരങ്ങൾ അതതു വകുപ്പുകൾ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share News