
നിയമസഭ സമ്മേളനം നീളുന്നു, കൊവിഡ് കണക്കുകൾ വൈകുന്നു
തിരുവനന്തപുരം: പൊതുജനങ്ങൾ ആശങ്കയോടെ കാത്തിരിക്കുന്ന പ്രതിദിന കൊവിഡ് കണക്കുകൾ വൈകുന്നു. നിയമസഭാസമ്മേളനം അനന്തമായീ നീളുന്നതാണ് കാരണം. സർക്കാരിനെതിരായി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി തുടരുകയാണ്. ദിവസേന ആറുമണിക്ക് മുൻപാണ് കണക്കുകൾ ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത് എന്നാൽ ഇന്ന് നിയമസഭാസമ്മേളനം അവസാനിച്ച ശേഷം കണക്ക് പ്രഖ്യാപിച്ചാൽ മതിയെന്ന് ആരോഗ്യവകുപ്പിന് നിർദേശം ലഭിച്ചതായാണ് വിവരം.
മാദ്ധ്യമപ്രവർത്തകർ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുന്നുണ്ടെങ്കിലും മറുപടിയില്ല. കൊവിഡ് കണക്കു വന്നാൽ ചാനലുകളിൽ മുഖ്യമന്ത്രിയുടെ മറുപടിയ്ക്ക് പ്രധാന്യം നഷ്ടമാകുമെന്ന കരുതിയാണ് ഇത്തരത്തിൽ കണക്കുകൾ വൈകിപ്പിക്കുന്നതൈന്നാണ് ആക്ഷേപം.
നിയമസഭാ സമ്മേളനത്തെക്കാൾ ജനം കാത്തിരിക്കുന്നത് കൊവിഡ് വ്യാപനത്തിന്റെ കണക്ക് അറിയാനാണ്. എന്നാൽ കൊവിഡിനെക്കാൾ വലുതാണ് രാഷ്ട്രീയ നേട്ടമെന്ന് സർക്കാർസംവിധാനങ്ങൾ തന്നെ തെളിയിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ തുടങ്ങിയ സമ്മേളനത്തിൽ മറ്റു നടപടികൾക്ക് ശേഷം 10.45ന് വി.ഡി സതീശനാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. തുടർന്നുള്ള ചർച്ച അഞ്ചുമണിക്കൂറിലേറെ നീണ്ടു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.