ശ്രീകോവിലുകൾക്ക് മുന്നിലെ ജാതി മതിൽ പൊളിക്കണം

Share News

വൈക്കം മഹാദേവക്ഷേത്രംക്ഷേത്രപ്രവേശന വിളംബരം നടന്നിട്ട് ഇന്ന് എൺപത്തിനാല് വർഷം .

പക്ഷെ ക്ഷേത്രങ്ങളിൽ നിന്നും ഇനിയും അയിത്തം പടിയിറങ്ങിയിട്ടില്ല. ദേവസ്വം ബോർഡിന്റെതടക്കമുള്ള പല പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെയും ശ്രീകോവിലിനുള്ളിലേക്ക് പ്രവേശിക്കാൻ ഇന്നും പിന്നാക്കക്കാരന് അവകാശമില്ല. ശ്രീകോവിലുകൾക്ക് മുന്നിലെ ഈ ജാതിമതിൽ പൊളിക്കണം. അതിനായി ഒരു ശ്രീകോവിൽ പ്രവേശന വിളംബരം ഉണ്ടാകണം.

മിക്ക ക്ഷേത്രങ്ങളിലെയും തിടപ്പള്ളികളിൽ നിവേദ്യം തയ്യാറാക്കുന്നത് പിന്നാക്ക വിഭാഗക്കാരായ ശാന്തിമാരാണ്. പക്ഷെ നിവേദ്യം ശ്രീകോവിലിനുള്ളിലേക്ക് കൊടുക്കാനുള്ള അവകാശം ഇവർക്കില്ല. പിന്നാക്കക്കാരൻ ശ്രീകോവിലിനുള്ളിൽ കയറിയാൽ ദൈവം കോപിക്കുമെന്നാണ് പറയുന്നത്. ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഉത്സവപൂജകൾക്ക് പുറത്ത് നിന്നും നമ്പൂതിരി വിഭാഗത്തിലെ തന്ത്രിമാരെത്തും. ഇവർ ആദ്യം തിരക്കുന്നത് ശാന്തിക്കാരുടെ ജാതിയാണ്. അബ്രാഹ്മണരാണെങ്കിൽ ചടങ്ങുകളിൽ നിന്നെല്ലാം മാറ്റിനിറുത്തും. ഉത്സവത്തിന് മൂർത്തിയെ എഴുന്നള്ളിക്കാനും കലശാഭിഷേകത്തിന് കലമെടുക്കാനും പുഷ്പാഭിഷേകത്തിന് തന്ത്രി പൂജിച്ച പുഷ്പങ്ങൾ ശ്രീകോവിലിനുള്ളിലേക്ക് കൊടുക്കാനും അവകാശമില്ല. ജനാധിപത്യ സമൂഹത്തിന് നിരക്കാത്ത ഒരുപിടി ദുരാചാരങ്ങളാണ് ചില ക്ഷേത്രങ്ങളിൽ നിലനിൽക്കുന്നത്. ഇതൊക്കെ തുറന്ന് പറയാൻ പല ശാന്തിക്കാരും മടിക്കുകയാണ്.

ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ ക്ഷേത്രങ്ങൾക്ക് ചുറ്റുമുള്ള ജാതിൽ മതിൽ മാത്രമാണ് പൊളിഞ്ഞത്. ശബരിമല ക്ഷേത്രത്തിലെ മേൽശാന്തി സ്ഥാനം ഇപ്പോഴും മലയാളി ബ്രാഹ്മണർക്ക് മാത്രമായി തീറെഴുതിയിരിക്കുന്നത് നവോത്ഥാന കേരളത്തിന് അപമാനമാണ്. ഗുരുവായൂർ, ചെട്ടികുളങ്ങര, വൈക്കം അടക്കമുള്ള പല പ്രധാന ക്ഷേത്രങ്ങള്ളിലും ഇതാണ് അവസ്ഥ. ദേവസ്വം ബോർഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും വിവേചനം ഇല്ലെന്നതാണ് വൈരുദ്ധ്യം. കൂടുതൽ വരുമാനമുള്ള ക്ഷേത്രങ്ങളിൽ മാത്രമാണ് വിവേചനം. ഇതിന്റെ കാരണം ആചാരമോ വിശ്വാസമോ അല്ല, സമ്പത്താണ്. വലിയ ക്ഷേത്രങ്ങളിൽ ദക്ഷിണയായി കൂടുതൽ പണം ലഭിക്കും. ഇത് എക്കാലവും തങ്ങൾക്ക് ഉറപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനായി അവർ ആചാരങ്ങൾ ചമയ്ക്കുന്നു. എന്നിട്ട് വിശ്വാസമായി പ്രചരിപ്പിക്കുന്നു.

ദൈനംദിന ചെലവുകൾക്ക് നിവൃത്തിയില്ലാത്ത ക്ഷേത്രങ്ങളിൽ ഇത്തരം ആചാരങ്ങളും വിശ്വാസങ്ങളും വിലക്കുകളുമില്ല. ക്ഷേത്രങ്ങൾ വളർന്ന് കഴിയുമ്പോഴാണ് നമ്പൂതിരിമാർ കൈയടക്കുന്നത്. ശബരിമല ക്ഷേത്രം ഇതിന് തെളിവാണ്. ചരിത്രം പരിശോധിച്ചാൽ ആദിവാസികൾ ശബരിമലയിൽ പൂജാദി കർമ്മങ്ങൾ ചെയ്തിരുന്നതായി കാണാം.

സമീപചരിത്രത്തിലാണ് മേൽശാന്തി സ്ഥാനം മലയാളി ബ്രാഹ്മണർ കുത്തകയാക്കിയത്. ക്ഷേത്രങ്ങളുടെയും ഭരണസമിതികളിലും അയിത്തമുണ്ട്. ചില ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക് പുറമേ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉപദേശക സമിതിയിലും ഒരു പിന്നാക്കക്കാരനെ ഉൾപ്പെടുത്താൻ തയ്യാറാകുന്നില്ല.

തന്ത്രിയുടെ കീഴിൽ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും തന്ത്രവിധി പഠിച്ചവർക്ക് ക്ഷേത്രങ്ങളിൽ പൂജാരിയാകാം. പല ആചാര്യന്മാരുടെ കീഴിലും ബ്രാഹ്മണർ അടക്കമുള്ള സവർണരും പിന്നാക്കക്കാരും ഒരുമിച്ചാണ് തന്ത്രവിധി പഠിക്കുന്നത്. പക്ഷെ ഒപ്പം പഠിച്ച സവർണൻ ശ്രീകോവിലിനുള്ളിൽ കയറും. പിന്നാക്കക്കാരൻ പുറത്ത് നിൽക്കും. ദൈവത്തിന് മുന്നിൽ ഈ നീതികേട് പാടില്ല.പിഴുതെറിയപ്പെട്ട ആ ദുരാചാരം” നരജാതിയിൽ നിന്നത്രേ പിറന്നീടുന്നു വിപ്രനുംപറയൻതാനുമെന്തുള്ളതന്തരം നരജാതിയിൽ?പറച്ചിയിൽ നിന്നു പണ്ടു പരാശരമഹാമുനിപിറന്നു മറസൂത്രിച്ച മുനി കൈവർത്തകന്യയിൽ “ജാതിനിർണയം എന്ന കൃതിയിൽ ചാതുർവർണ്യത്തിന്റെ നിരർത്ഥകത ഗുരുദേവൻ ഇങ്ങനെ പൊളിച്ചടുക്കുന്നുണ്ട്.

ഭൂമിയിലെ ദൈവങ്ങളായി മാറാനും വിയർപ്പൊഴുക്കാതെ എക്കാലവും വയറുനിറയ്ക്കാനുമുള്ള നമ്പൂതിരിമാരുടെ കുടിലതന്ത്രമായിരുന്നു ചാതുർവർണ്യം. അത് ചോദ്യം ചെയ്യപ്പെടാതിരിക്കാൻ അവർണർക്ക് അക്ഷരം നിഷേധിച്ചു. തങ്ങൾക്കെതിരെ സംഘടിക്കാതിരിക്കാൻ പൊതുനിരത്തിലൂടെ നടക്കാൻ അനുവദിച്ചില്ല. ദൈവത്തിന്റെ പേരിലുള്ള തട്ടിപ്പ് പൊളിയാതിരിക്കാൻ ഈശ്വരാരാധനയും നിഷേധിച്ചു. പക്ഷെ ചാതുർവർണ്യത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് അവർണൻ അക്ഷരം പഠിച്ചു.

സംഘടിച്ച് അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി. ബ്രാഹ്മണർക്ക് മാത്രം അവകാശപ്പെട്ടിരുന്ന ക്ഷേത്രപ്രതിഷ്ഠ അരുവിപ്പുറത്തെ മഹാവിപ്ലവത്തിലൂടെ തച്ചുടയ്ക്കപ്പെട്ടു.ബ്രാഹ്മണ മേധാവിത്വത്തിന്റെ അവസാന പിടിവള്ളികളിലൊന്നായിരുന്നു സവർണ ക്ഷേത്രങ്ങൾ. അവിടങ്ങളിൽ കടന്നുചെല്ലേണ്ടത് ഈശ്വരാരാധനയ്ക്കപ്പുറം ചാതുർവർണ്യത്തിന്റെ മതിൽക്കെട്ട് തകർക്കൽ എന്ന മഹാദൗത്യം കൂടിയായിരുന്നു. അതിനായി ടി.കെ. മാധവൻ, സി.വി. കുഞ്ഞുരാമൻ, സി. കേശവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരുവിതാംകൂറിൽ സംഘടിതമുന്നേറ്റമുണ്ടായി. പക്ഷെ ഒരു തുള്ളി ചോര പോലും ചിന്തിയില്ല. കേരള ചരിത്രത്തിലെ ആ മഹാകലാപം ഫലം കണ്ടു.

1936 നംവബർ 12ന് ക്ഷേത്രപ്രവേശന വിളംബരമുണ്ടായി. തിരുവിതാംകൂർ മഹാരാജാവ് ചിത്തിരതിരുനാൾ ബാലരാമവർമ്മ അവർണ ഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകുന്ന മഹാപ്രഖ്യാപനം നടത്തി.

അവർണൻ ക്ഷേത്രങ്ങൾക്ക് ഉള്ളിലേക്ക് കടന്നു. അന്നത്തെ ഭരണവർഗ്ഗം പൂർണമനസോടെയല്ല ക്ഷേത്രപ്രവേശന വിളംബരത്തിന് തയ്യാറായതെന്ന് ചരിത്രം പറയുന്നുണ്ട്. പ്രതിഷേധത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെയുള്ള അടിയറവ് പറച്ചിലായിരുന്നു അത്. ടി.കെ. മാധവൻ അടക്കമുള്ളവരുടെ നേതൃത്വത്തിൽ നടന്ന വൈക്കം സത്യാഗ്രഹമാണ് ക്ഷേത്രപ്രവേശന പോരാട്ടങ്ങൾക്ക് കരുത്തായത്.യോഗത്തിന്റെ പങ്ക്ക്ഷേത്രപ്രവേശന വിളംബരം എന്ന ചരിത്ര പ്രസിദ്ധമായ പ്രഖ്യാപനത്തിലേക്ക് അധികാരികളെ എത്തിച്ചത് എസ്.എൻ.ഡി.പിയോഗത്തിന്റെ ശക്തമായ ഇടപെടലുകളാണ്.

1920ലെ യോഗത്തിന്റെ വാർഷിക സമ്മേളനത്തിൽ ഈഴവർക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളുമായി സഹകരിക്കരുതെന്ന് പ്രമേയം പാസാക്കി. പിന്നീടുള്ള പല യോഗങ്ങളിലെയും പ്രധാന ചർച്ച ക്ഷേത്ര പ്രവേശനമായിരുന്നു. അവർണൻ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ കണ്ണ് പൊട്ടുമെന്നായിരുന്നു സവർണർ പ്രചരിപ്പിച്ച അന്ധവിശ്വാസം. അവർണർ ക്ഷേത്രങ്ങളിൽ പ്രവേശിച്ച് കണ്ണടച്ച് പ്രാർത്ഥിച്ചു. ആരുടെയും കണ്ണ് പൊട്ടിയില്ല. ഇപ്പോൾ ശ്രീകോവിലുകൾക്ക് മുന്നിലുള്ള ജാതിമതിലും സമാനമായി തകർക്കപ്പെടണം.

വെള്ളാപ്പള്ളി നടേശൻ

എസ് എൻ ഡി പി യോഗംജനറൽ സെക്രട്ടറി

Share News