
തരൂരിനെ പോലുള്ള നേതാക്കൾ കോൺഗ്രസ്സിനും ഈ രാജ്യത്തിനും ആവശ്യമാണ്. -റോജി എം ജോൺ MLA
ഏകദേശം 10 വർഷങ്ങൾക്ക് മുമ്പ് ഒന്നിച്ചുള്ള ഒരു യാത്രയിൽ ശ്രീ ശശി തരൂർ എന്നോട് പറഞ്ഞത് രാഷ്ട്രീയത്തിൽ കണ്ടുവരുന്ന സ്ഥിരം കാഴ്ചകൾക്കപ്പുറം വ്യത്യസ്തമായി ഈ രാജ്യത്ത് എന്തെങ്കിലും ചെയ്യുവാനാണ് അദ്ദേഹം രാഷ്ട്രീയത്തിൽ വന്നത് എന്നാണ്. എന്നെ വളരെ സ്വാധീനിച്ച ഒരു സന്ദേശമായിരുന്നു അത്. സങ്കുചിതമായ ചിന്താഗതികൾക്കപ്പുറം വിശാലമായ കാഴ്ചപ്പാടോടുകൂടിയുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനം മറ്റ് രാഷ്രീയക്കാരിൽ നിന്നും തരൂരിനെ വ്യത്യസ്തനാക്കുന്നു. അക്ഷരാർത്ഥത്തിൽ ഒരു വിശ്വപൗരനായ അദ്ദേഹത്തിൻ്റെ ഒരു ജനപ്രതിനിധി എന്ന നിലയിലെ പ്രവർത്തനങ്ങൾ രാഷ്ട്രീയത്തിലേക്ക് കടന്ന് വരാൻ ആഗ്രഹിക്കുന്ന അഭ്യസ്തവിദ്യരായ യുവതലമുറക്ക് ഒരു മാതൃകയാണ്.
തരൂരിൻ്റെ മതേതര നിലപാട് തിരുവനന്തപുരം മണ്ഡലത്തിൽ വർഗീയ ശക്തികളെ ചെറുക്കുന്നതിൽ മാത്രമല്ല, രാജ്യത്തിനകത്തും പുറത്തും അദ്ദേഹം നടത്തിയിട്ടുള്ള നൂറുകണക്കിന് പ്രഭാഷണങ്ങളിലും വ്യക്തമാണ്..
വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഒരു ജനാധിപത്യ പ്രസ്ഥാനമായ കോൺഗ്രസ്സിൽ എന്നും ഉണ്ടായിട്ടുണ്ട്. അത് ഇനിയും തുടരും. തരൂരിനെ പോലുള്ള നേതാക്കൾ കോൺഗ്രസ്സിനും ഈ രാജ്യത്തിനും ആവശ്യമാണ്. കോൺഗ്രസ് ശക്തമായി തിരിച്ചുവരേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. അതിന് നാം ഒറ്റക്കെട്ടായി നിൽക്കണം..
