
കടകള്‍ തുറക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും: ചര്‍ച്ചയില്‍ സന്തുഷ്‌ടരെന്ന് വ്യാപാരികള്‍
തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സന്തുഷ്ടരാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.കടകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും. സര്‍ക്കാര്‍ തീരുമാനം വൈകുന്നേരത്തെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നതായും സംഘടന നേതാക്കള്‍ വ്യക്തമാക്കി.
ലോക്ക്ഡൗണിലെ അശാസ്ത്രീയത കാരണം വ്യാപാരികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കടകള്‍ തുറക്കുന്നത്, സമയപരിധി, പൊലീസ് ഇടപെടല്‍ തുടങ്ങി എല്ലാക്കാര്യത്തിലും നടപടിയുണ്ടാകും. വ്യാപാര മന്ത്രാലയം രൂപീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
സര്‍ക്കാരിനെയും തങ്ങളെയും തമ്മില്‍ തെറ്റിക്കാനായി നടന്ന ബാഹ്യശക്തികളെ തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് നസിറുദ്ദീന്‍ പറഞ്ഞു. നാളെ കടകള്‍ തുറക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കിയതിന് ശേഷം വ്യാപാരികള്‍ തീരുമാനമെടുക്കും. താന്‍ ഭീഷണിപ്പെടുത്തിയെന്നത് തെറ്റാണെന്നും ആ അര്‍ത്ഥത്തിലല്ല പറഞ്ഞത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതായും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് എന്തു വന്നാലും നാളെയും മറ്റന്നാളും കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ ചര്‍ച്ചയ്ക്ക് മുന്‍പ് പറഞ്ഞിരുന്നു. പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി വേണമെന്നാണ് വ്യാപാരികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഓണക്കാലത്ത് ഏതുതരത്തിലുള്ള ഇളവുകള്‍ നല്‍കാനാകും എന്നതും ചര്‍ച്ചയായി