![](https://nammudenaadu.com/wp-content/uploads/2020/09/mqdefault.jpg)
നന്മയുള്ളൊരു സ്വപ്‌നം സഫലമാകുന്നതിന്റെ ആത്മീയ ആഹ്ലാദത്തിലാണ് കാഞ്ഞൂര്‍ കിഴക്കുംഭാഗം ഗ്രാമം.
ഒരു നാടിന്റെ നന്മയുള്ള സ്വപ്‌നം സഫലമാകുന്നു; എവുപ്രാസ്യാ സദന്‍ ആശീര്‍വാദം 24ന്
കാഞ്ഞൂര്‍: ഒരു നാടിന്റെയും നാട്ടുകാരുടെയും നന്മയുള്ളൊരു സ്വപ്‌നം സഫലമാകുന്നതിന്റെ ആത്മീയ ആഹ്ലാദത്തിലാണ് കാഞ്ഞൂര്‍ കിഴക്കുംഭാഗം ഗ്രാമം. തങ്ങളുടെ പ്രദേശത്ത് ഒരു സന്യസ്തഭവനം ഉണ്ടാകണമെന്ന ദീര്‍ഘകാലത്തെ ആഗ്രഹത്തിനും പ്രാര്‍ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും ഒടുവില്‍ സാക്ഷാത്കാരം.
സിഎംസി സന്യാസിനി സമൂഹത്തിന്റെ അങ്കമാലി മേരിമാതാ പ്രോവിന്‍സിനു കീഴില്‍ കിഴക്കുംഭാഗത്ത് (ആറങ്കാവ്) നിര്‍മിച്ച പുതിയ കോണ്‍വെന്റ്- എവുപ്രാസ്യാ സദന്‍- 24ന് ആശീര്‍വദിക്കും. വിശുദ്ധ എവുപ്രാസ്യാമ്മയുടെ പേരില്‍ പ്രോവിന്‍സിലെ പ്രഥമ സന്യാസഭവനം കൂടിയാണിത്.
അമ്പതു വര്‍ഷം മുമ്പു കിഴക്കുംഭാഗത്ത് ഉണ്ണിമിശിഹാ പള്ളി നിര്‍മിച്ച കാലഘട്ടം മുതല്‍ ഇവിടുത്തെ വിശ്വാസി സമൂഹത്തിന്റെ സ്വപ്‌നമായിരുന്നു ഇവിടെ ഒരു കോണ്‍വെന്റും ഉണ്ടാവുകയെന്നത്. ഗ്രാമീണാന്തരീക്ഷത്തിലുള്ള ദേവാലയത്തിനൊപ്പം, വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങളിലും പുതുതലമുറയുടെ വളര്‍ച്ചയിലും സഹായവും പ്രോത്സാഹനവുമാകാന്‍ സന്യസ്തരുടെ സ്ഥിരമായ സേവനം സഹായിക്കുമെന്ന പ്രത്യാശയിലാണ് അതിനായുള്ള പരിശ്രമങ്ങള്‍ നടന്നുവന്നത്.
നേരത്തെ പാറപ്പുറത്തുള്ള മഠത്തില്‍ നിന്നു സന്യാസിനികള്‍ ഇടവകയില്‍ സേവനം ചെയ്യാനെത്തിയിരുന്നു. 2015ല്‍ കിഴക്കുംഭാഗം പള്ളി സ്വതന്ത്ര ഇടവകയായി ഉയര്‍ത്തപ്പെട്ടശേഷം സിഎംസി സന്യാസിനികള്‍ പ്രദേശത്ത് വീട് വാടകയ്‌ക്കെടുത്തു താമസിച്ചു വിശ്വാസികളുടെയും ഇടവകയുടെയും ആവശ്യങ്ങളില്‍ ശുശ്രൂഷ ചെയ്തുവന്നു. അതിരൂപതയുടെ സഹായമെത്രാനായിരുന്ന ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ പ്രോത്സാഹനവും ഇതിനുണ്ടായിരുന്നു.ഇടവകയില്‍ ഒരു കോണ്‍വെന്റും സന്യാസിനികളുടെ സ്ഥിരമായ സേവനവുമെന്ന വിശ്വാസി സമൂഹത്തിന്റെ ആവശ്യമറിഞ്ഞു, സിഎംസി അങ്കമാലി മേരിമാതാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. പ്രസന്നയുടെ നേതൃത്വത്തില്‍ പ്രദേശത്തു സ്ഥലം വാങ്ങി കോണ്‍വെന്റിനുള്ള പുതിയ കെട്ടിടം നിര്‍മിക്കുകയായിരുന്നു. സിഎംസി സന്യാസിനീ സമൂഹത്തിന്റെ ശുശ്രൂഷകള്‍ കിഴക്കുംഭാഗം ഇടവകയിലും പ്രദേശത്തും സജീവമാക്കുന്നതിനു പുതിയ സന്യാസ ഭവനം ആരംഭിക്കാനായതില്‍ സന്തോഷമുണ്ടെന്നു സിസ്റ്റര്‍ ഡോ. പ്രസന്ന പറഞ്ഞു.
കിഴക്കുംഭാഗം ഇടവകയുടെ ആത്മീയ ആവശ്യങ്ങളില്‍ സഹായിക്കാന്‍ പുതിയ കോണ്‍വെന്റും സ്ഥിരമായി സന്യാസിനികളുടെ സേവനവും ഉണ്ടാകുന്നതു വിശ്വാസികള്‍ക്കും പൊതുസമൂഹത്തിനും അഭിമാനവും പ്രത്യാശയും പകരുന്നതാണെന്നു ഇന്‍ഫന്റ് ജീസസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പൈനാടത്ത് പറഞ്ഞു.കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു 24നു രാവിലെ ഒമ്പതിനാണു എവുപ്രാസ്യാ സദന്റെ ആശീര്‍വാദകര്‍മം നടക്കുന്നത്.
കാഞ്ഞൂര്‍ ഫൊറോന വികാരി റവ.ഡോ. ജോസഫ് കണിയാപറമ്പില്‍ ആശീര്‍വാദം നിര്‍വഹിക്കും. പൈനാടത്ത്