
സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഈ മാസം ഒന്‍പതിന് സര്‍ക്കാരിന് കൈമാറും
സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഈ മാസം ഒന്‍പതിന് സര്‍ക്കാരിന് കൈമാറും.
കാസര്‍ഗോഡ് തെക്കില്‍ വില്ലേജിലാണ് 36 വെന്റിലേറ്റര്‍ ഉള്‍പ്പെടെ 540 ബെഡുള്ള കൊവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ആശുപത്രി ഉദ്ഘാടനം ചെയ്യും.
കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി കാസര്‍ഗോഡ് നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ചു നല്‍കുന്ന ആശുപത്രിക്കായി ജില്ലാ ഭരണകൂടം തെക്കില്‍ വില്ലേജില്‍ ഭൂമി കണ്ടെത്തി.ഏപ്രില്‍ 9ന് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് മൂന്ന് മാസം കൊണ്ട് യാഥാര്‍ത്ഥ്യമാക്കാനായിരുന്നു തീരുമാനം. കാലവര്‍ഷം പ്രതികൂലമായതും ജീവനക്കാരില്‍ ചിലര്‍ക്ക് കൊവിഡ് ബാധിച്ചതും പദ്ധതി വൈകാന്‍ കാരണമായി.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷം കൈമാറാനുള്ള സന്നദ്ധത ടാറ്റാ അധികൃതര്‍ ജില്ലാ ഭരണകൂടത്തെ നേരത്തെ അറിയിച്ചിരുന്നു. ഈ മാസം ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. സര്‍ക്കാരിനു വേണ്ടി ജില്ലാ കലക്ടര്‍ ഡി സജിത്ത് ബാബുവാണ് കൊവിഡ് ആശുപത്രി ഏറ്റുവാങ്ങുക. 36 വെന്റിലേറ്റര്‍ കിടക്കകളും എയര്‍ലോക്ക് സിസ്റ്റത്തില്‍ നൂറോളം ഐസൊലേഷന്‍ ബെഡുകളും ടാറ്റാ ആശുപത്രിയിലുണ്ടാകും.
400 കിടക്കകളാണ് ക്വാറന്റീനു വേണ്ടി ഉണ്ടാവുക. പൂര്‍ണമായും ഉരുക്കില്‍ നിര്‍മിച്ച 128 കണ്ടെയ്‌നറുകളാണ് ആശുപത്രിയാകുന്നത്. കൊവിഡ് കണക്കുകള്‍ അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ ആരോഗ്യ സംവിധാനങ്ങള്‍ക്കുള്ള മുതല്‍കൂട്ടാകും കൊവിഡ് ആശുപത്രി.