
തദ്ദേശ സ്ഥാപനങ്ങളിൽ ഓഡിറ്റ് വേണ്ടെന്ന സർക്കാർ തീരുമാനം അഴിമതി ഒളിപ്പിച്ചുവയ്ക്കാനാണ്.
ഓഡിറ്റ് വേണ്ടെന്ന വിചിത്രമായ ഉത്തരവിട്ട ഓഡിറ്റ് ഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ തയ്യാറാകണം. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പടെയുള്ള അഴിമതിയെല്ലാം മൂടിവയ്ക്കാനാണ് സർക്കാറിന്റെ ഇപ്പോഴത്തെ ശ്രമം.
സകലരംഗത്തും അഴിമതി നടത്തുക മാത്രമല്ല, അത് മൂടിവയ്ക്കുകയും അതിന്മേലുള്ള അന്വേഷണം അട്ടിമറിക്കുകയുമാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. സ്പ്രിംഗ്‌ളര്‍ ഇടപാടിലും പമ്പാ മണല്‍ കടത്തിലും ബെവ്ക്യൂ ആപ്പിലും ലൈഫ് മിഷന്‍ തട്ടിപ്പിലും ഇത് കണ്ടതാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തുന്നത്. 2019-20 വര്‍ഷത്തെ ഓഡിറ്റിംഗ് തന്നെ നിര്‍ത്തി വയ്കാനാണ് സംസ്ഥാന ഓഡിറ്റ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനു പുറമെ ഇതുവരെ നടത്തിയ ഓഡിറ്റിംഗിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുന്നത് തടയുകയും ചെയതിട്ടുണ്ട്. ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശം ലഭിച്ചിട്ട് മാത്രം ഓഡിറ്റ് പുനരാരംഭിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പതിനഞ്ചാം ധനകാര്യകമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള ഗ്രാന്റ് ലഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ല എന്നതാണ് ഇതിന് കാരണമായി ഡയറക്ടറുടെ കത്തില്‍ പറയുന്നത്. എന്നാല്‍ തദ്ദേശസ്ഥാപനങ്ങളുടെ ഓഡിറ്റ് നടത്തുന്നതിന് ധനകാര്യ കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ ആവശ്യമില്ല. 1994ലെ കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമത്തില്‍ (വകുപ്പ് 10) തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഷിക കണക്കുകള്‍ ലഭിച്ച് ആറു മാസത്തിനകം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. അതിന്റെ ലംഘനമാണ് ഈ നിര്‍ദ്ദേശം. ഓഡിറ്റ് നിര്‍ത്തണമെന്ന നിര്‍ദ്ദേശം ലഭിച്ചതിനാല്‍ 2020 ഏപ്രില്‍ മുതല്‍ ലഭിച്ച കണക്കുകള്‍ ഓഡിറ്റ് ചെയ്തിട്ടില്ല.
തദ്ദേശ സ്ഥാപനങ്ങളുടെ ഫിനാന്‍ഷ്യല്‍ ഓഡിറ്റ് മാത്രം നടത്തി റിപ്പോര്‍ട്ട് പുറപ്പെടുവിക്കാനുള്ള നീക്കവും ഇതോടൊപ്പം നടക്കുന്നു. വരവ് ചിലവുകള്‍ കണക്കുകള്‍ വിശദമായി പരിശോധിക്കുന്നതും അത് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമാണോ എന്ന് പരിശോധിക്കുന്നതും ചിലവഴിക്കുന്ന തുകയ്ക്ക് ആനുപാതികമായി ഫലം ഉണ്ടായിട്ടുണ്ടോ എന്നും തിട്ടപ്പെടുത്തുന്നതും അഴിമതികള്‍ കണ്ടെത്തുന്നതുമെല്ലാം കംപ്ലയിന്റ് ഓഡിറ്റിംഗിലൂടെയും പെര്‍ഫോര്‍മന്‍സ് ഓഡിറ്റിംഗിലൂടെയുമാണ്. ഇവ ഒഴിവാക്കി ഫിനാന്‍ഷ്യല്‍ ഓഡിറ്റിംഗ് മാത്രമായി ചുരുക്കുന്നത് അഴിമതിയും ക്രമക്കേടും മൂടിവയ്ക്കുന്നതിന് മാത്രമാണ്.

Ramesh Chennithala