സന്തോഷവും സംതൃപ്തിയുമെല്ലാം നമ്മൾ ഉണ്ടാക്കുന്നതല്ലേ അച്ചാ ….?”

Share News

മടുത്തു പോയവർക്ക്ഒരു സദ്വാർത്ത

ഒരു പക്ഷേ നിങ്ങളിൽ പലർക്കും പരിചയമില്ലാത്ത വ്യക്തിയായിരിക്കുംബഹു. ജോർജ് കാളനച്ചൻ.

എൻ്റെ പൗരോഹിത്യ സ്വീകരണ സമയത്ത് ഞങ്ങളുടെ ഇടവക വികാരിയായിരുന്നു. ഇരിങ്ങാലക്കുട രൂപതയിലുള്ള ഞങ്ങളുടെ ഇടവകയായമൂന്നുമുറിയിൽ നിന്നും സ്ഥലം മാറിപ്പോയതിനു ശേഷവുംഅച്ചനുമായ് നല്ലൊരു സൗഹൃദം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

പ്രായമേറിയപ്പോൾ ഒരു അഗതിമന്ദിരത്തിൻ്റെ കപ്ലോനായി സേവനം ചെയ്യാനാണ് അച്ചനെ, രൂപത നിയമിച്ചത്.അദ്ദേഹത്തെ സന്ദർശിക്കാൻ ചെന്നപ്പോൾ ഞാൻ ചോദിച്ചു: “അച്ചാ ഇടവകയൊന്നുമില്ലാതെ ഈ അഗതിമന്ദിരത്തിൽ എങ്ങനെയാണ് സമയം ചെവഴിക്കുന്നത്?”

അതിന് മറുപടിയായി അച്ചനെന്നെ മുറിയിലേക്ക് കൂട്ടികൊണ്ടു പോയി:അച്ചനിത് കണ്ടോ എന്ന് പറഞ്ഞ് അദ്ദേഹം തുടർന്നു:”ഇത് മുഴുവൻ ഞാൻ കെട്ടിയുണ്ടാക്കിയ കൊന്തകളാണ്.കൊന്തയുണ്ടാക്കാനൊന്നും എനിക്കറിയില്ലായിരുന്നു. ഇവിടെ വന്നതിനു ശേഷം ഇവിടുത്തെ അന്തേവാസികളിൽ നിന്നും പഠിച്ചതാണ്.

ഒരു ദിവസം രണ്ടു മൂന്നു മണിക്കൂർ ഇതിന് ചെലവഴിക്കും.അച്ചനറിയാവുന്നതു പോലെ ഇവിടെ എന്നും കുർബാനയുണ്ട്.കുറച്ചു സമയം പഴയ സുറിയാനി നോട്ടുകൾ എടുത്ത് നോക്കും. വല്ലപ്പോഴും സെമിനാരികളിൽ സുറിയാനി ക്ലാസുകളെടുക്കാൻ അവസരവും കിട്ടും.പിന്നെ കുറച്ചു സമയം വരാന്തയിലൂടെ നടക്കും. ബൈബിൾ വായിക്കും. പ്രാർത്ഥിക്കും. കാനോനനമസ്ക്കാരം ചൊല്ലും. അങ്ങനെ, പരാതിയും പരിഭവവുമില്ലാതെ സന്തോഷമായി പോകുന്നു.

“ഇത്രയും പറഞ്ഞ ശേഷം അച്ചനിങ്ങനെ കൂട്ടിച്ചേർത്തു:”നമ്മൾ എവിടെയായാലും എന്തെങ്കിലുമൊക്കെ ചെയ്യാൻ മനസുണ്ടെങ്കിൽ മരണം വരെ കർമ്മനിരതരായിരിക്കും.അല്ലെങ്കിൽ എത്ര ആരോഗ്യമുണ്ടെങ്കിലും നമ്മൾ കുഴിമടിയന്മാരുമാകും.

സന്തോഷവും സംതൃപ്തിയുമെല്ലാം നമ്മൾ ഉണ്ടാക്കുന്നതല്ലേ അച്ചാ ….?”

ക്യാൻസർ ബാധിച്ച് 2018 മെയ് 8 ന് ആ വന്ദ്യ വൈദികൻ ഓർമയായി.”..

.മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന്‌ അത്തിപ്പഴമോ പറിക്കാറുണ്ടോ?നല്ല വൃക്‌ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്‌ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. അവരുടെ ഫലങ്ങളിൽ നിന്ന് നിങ്ങളവരെ അറിയും”(മത്താ 7 :16, 18, 20).

ഈ വചനം വായിച്ചപ്പോൾ തെളിഞ്ഞു വന്ന രൂപമാണീ വൈദികൻ്റേത്.അതെ, ഫലങ്ങളിൽ നിന്നാണ് വൃക്ഷത്തെ തിരിച്ചറിയുക.

നല്ല ഫലങ്ങൾ നൽകുന്ന വൃക്ഷങ്ങൾ ആയുഷ്ക്കാലം മുഴുവനും നല്ല ഫലങ്ങൾ നല്കികൊണ്ടേയിരിക്കും. അല്ലാത്ത വൃക്ഷങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ?

നമ്മളിൽ പലരും, പ്രത്യേകിച്ച് പ്രായമായവർപണ്ടത്തേപ്പോലെ യഥേഷ്ടം പുറത്തിറങ്ങാനോ, പള്ളിയിൽ പോകാനോ കഴിയാത്ത സാഹചര്യങ്ങളിലൂടെയാണല്ലോകടന്നുപോയ്ക്കൊണ്ടിരിക്കുന്നത്?

ആ വൃദ്ധ വൈദികൻ ചെയ്തതുപോലെ പ്രാർത്ഥനയും പ്രവൃത്തിയും കോർത്തിണക്കിയ തനതായ ജീവിത ശൈലി രൂപപ്പെടുത്തിയില്ലെങ്കിൽ നമ്മളിൽ പലരും വീടുകളിൽ ഇരുന്ന് മടുത്ത് പോകും!

ഉറപ്പാണത്

ഫാദർ ജെൻസൺ ലാസലെറ്റ്

Share News