സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ഐക്യരാഷ്ട്രസംഘടനയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്.
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ഐക്യരാഷ്ട്രസംഘടനയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ലോകത്ത് വര്‍ദ്ധിച്ചു വരുന്ന പട്ടിണിയെ പ്രതിരോധിക്കാനും സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ സമാധാനം പുനസ്ഥാപിക്കാനും നടത്തുന്ന ശ്രമങ്ങള്‍ക്കാണ് ഈ പുരസ്‌ക്കാരം എന്നത് ശ്രദ്ധേയമാണ്. ദാരിദ്ര്യത്തെ യുദ്ധത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നത് തടയാന്‍ WFP നടത്തിയ നിര്‍ണായക ഇടപെടലുകളും പുരസ്‌കാര നിര്‍ണയത്തില്‍ ഉള്‍പ്പെടുത്തിയതും പുരസ്‌കാരത്തിന്റെ മഹിമ വര്‍ധിപ്പിക്കുന്നതാണ്. മാത്രമല്ല ഭക്ഷ്യസുരക്ഷക്കായി സമര്‍പ്പിക്കപ്പെട്ട പ്രധാന UN സമിതികളില്‍ ഒന്നായ WFPയുടെ കീഴിലുള്ള എല്ലാ പ്രവര്‍ത്തകരും ഈ പുരസ്‌കാര നേട്ടത്തിലൂടെ ആദരിക്കപ്പെടുന്നതും തീര്‍ത്തും അഭിമാനകരമാണ്
വനിതാ ശിശു വികസന വകുപ്പ്, UNWFP-യുമായി ചേര്‍ന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിലെ 6 വയസില്‍ താഴെയുള്ള കുട്ടികളിലെ സൂക്ഷ്മ പോഷണക്കുറവ് (മൈക്രാ ന്യൂട്രിയന്റ് ഡെഫിഷ്യന്‍സി) പരിഹരിക്കുന്നതിനായി യോജിച്ചു പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
സംസ്ഥാനമൊട്ടാകെ 3 വയസിന് താഴെയുള്ള കുട്ടികള്‍ക്കുള്ള അമൃതം ന്യൂട്രീമിക്‌സ് ഫോര്‍ട്ടിഫൈ ചെയ്ത് നല്‍കുന്നതും, ശിശുക്കളുടെ ആഹാരക്രമം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി രക്ഷിതാക്കള്‍ക്ക് എത്തിച്ചു നല്‍കുന്നതിനും, കണ്ണൂര്‍ ജില്ലയില്‍ അങ്കണവാടി കുട്ടികള്‍ക്കുള്ള അരി ഫോര്‍ട്ടിഫിക്കേഷന്‍ പൈലറ്റ് പ്രോജക്ടും വനിതാ ശിശുവികസന വകുപ്പും UNWFPയും സംയുക്തമായി നടപ്പിലാക്കിയ പദ്ധതികളാണ്
ലോകത്തിന്റെ പട്ടിണി മാറ്റുക എന്ന അന്തിമ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ ഈ വലിയ പുരസ്‌കാരം WFPക്ക് ഇനിയും കരുത്തു നല്‍കട്ടെ എന്ന് ആശംസിക്കുന്നു. അതോടൊപ്പം ഇനിയും കൂടുതല്‍ പദ്ധതികള്‍ കേരളത്തിനായി ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുമെന്നും പ്രതീക്ഷിക്കുന്നു.
K K Shailaja Teacher