ആ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് ഞാൻ കണ്ടു. ജീവിതത്തിൽ ഞാൻ എല്ലാ വേദനകളേയും കഷ്ടപ്പാടുകളേയും മറന്ന് അപ്പൻ്റ മുഖത്തു നോക്കി ഒരു ചിരി ചിരിച്ചു.
അമ്മ മരിച്ചതോടെ അപ്പൻ വിഷാദരോഗിയായ വിവരം വീട്ടിലെ ഞങ്ങൾക്കു മാത്രമേ അറിയാമായിരുന്നുള്ളൂ.
മൗനം പുത്ച്ച് പുറത്തു നടന്ന ജോസഫ് ചേട്ടൻ.അപ്പൻ,സൗമ്യൻ… കരുണാർദ്രൻ…. ,ദുശീലമില്ലാത്ത ആൾ. കൊല്ലംപറമ്പ് വീട് ഒരു അൾത്താരയായിരുന്നുവെങ്കിൽ ഒരു രൂപ കൂട് പണിത് അതിനകത്ത് ഇരുത്താവുന്ന ഒരു വിശുദ്ധൻ.
അധികമാരോടും സംസാരിക്കാത്തയാളും ഒരു വഴക്കാളിയുമല്ലാത്തയാളുമായതിനാൽമനോ അസുഖമുള്ളയാൾ എന്ന് മുദ്രകുത്തപ്പെട്ടില്ല, സമൂഹത്തിൽ.അപ്പൻ മക്കളെ ശിക്ഷിച്ചിട്ടില്ല എന്നത് ഞങ്ങളുടെ ഭാഗ്യം. അത്ര സൗമ്യതയോടെയായിരുന്നു അപ്പൻ്റെ പെരുമാറ്റം. തെറ്റു ചെയ്തപ്പോഴൊക്കെ സംയമനത്തോടെ ഞങ്ങളുടെ തെറ്റുകൾ തിരുത്താൻ ശ്രമിച്ചു.
ആരുടെ നേരേയും ആക്രോശിച്ചില്ല. വടിയുമെടുത്തു പിന്നാലെ പാഞ്ഞു വന്നില്ല. വീട്ടീന്നു പുറത്താക്കിയുമില്ല.നിത്യസഹായ മാതാവിൻ്റെ പള്ളി, കണ്ണംകുന്നത്തുപള്ളി, ശൗര്യാരു പുണ്യാളൻ്റെ പള്ളി എന്നിവിടങ്ങളിൽ നിന്നും വിശുദ്ധകുർബ്ബാനകളിലെ ഓസ്തിയും എല്ലാ ആഴ്ചകളിലേയും നൊവേനകളും വിഴുങ്ങി അപ്പൻ ശാന്തസ്വരൂപനായി വീട്ടിൽ.എങ്കിലും വീട്ടിനകത്തു കയറിക്കഴിയുമ്പോൾ ഏകാന്തതയിൽ അദ്ദേഹത്തിൻ്റെ തലയ്ക്കു ചുറ്റുമുള്ള വിശുദ്ധ വളയത്തിൽ നിന്നും പി ശ് …. പിശ് …. എന്ന പിറുപിറുപ്പുകൾ ഉയർന്നത് ഞങ്ങൾ മക്കളും കൊച്ചാ ങ്ങളയുടെ മക്കളെ ജീവനു തുല്യം സ്നേഹിക്കാൻ വിവാഹം കഴിക്കാതെ നിന്ന അമ്മായിയും മാത്രം കേട്ടു
.അമ്മായി കുട്ടികളോട് പറഞ്ഞു. “അപ്പൻ്റെ ഈ പിറുപിറുപ്പ് നാട്ട് കാര് ആരും അറിയരുതെട്ടാ മക്കളേ… നുമ്മs കുടുമ്മത്തിന് നാണക്കേടാകും.”ഞങ്ങൾ അമ്മായിയുടെ വാക്ക് അതേപടി അനുസരിച്ച് .എന്നാലും ഞാൻ ഒന്നില് പഠിക്കുമ്പ രാത്രികണ്ട ഒരു കാഴ്ച ഇപ്പോഴും മനസീന്ന് മാഞ്ഞു പോയിട്ടില്ല.
എല്ലാവരും ഉറങ്ങിക്കഴിഞ്ഞ് പാതിരാത്രിയാകുമ്പോൾ തലയിലും മേത്തുമൊക്കെ ഒരു കരിമ്പടo പൊതച്ച്., വീടിൻ്റെ നാലു പാളിയൊള്ള വാതില് ടപ്പേടപ്പേന്ന് മലർക്ക തുറന്നിടും. എന്നിട്ട് ആദ്യം വീട്ടിന്നകത്തുടനടക്കും.
പിന്ന വാതിലിലൂടെ ഇടവഴിയിലൂടെ നടന്ന് പറമ്പിൻ്റെ അതിരിലെത്തും.അവിടെ അതിർത്തി കുറ്റിയായി ഇട്ട ഒരു കലശ മരം വളർന്ന് നിൽക്കുന്നുണ്ട്. അതിൻ്റെ ചോട്ടില് പോയി നിന്ന് നേരം വെളുക്കും വരെ പിറുപിറുത്തോണ്ടിരിക്കും
.ആ കാഴ്ച ഇന്നും മനസിന്നു മാഞ്ഞിട്ടില്ല.അമ്മായി പറയും.” നെനക്ക് ഒന്നര രണ്ട് വയസ് എള്ള പ്ളാനിൻ്റെ അനിയനപെറ്റ് അമ്മ മരിച്ചത്
.കൊച്ചാ ങ്ങ ള ക്ക് അന്ന് തൊടങ്ങിയ പിറുപിറുപ്പാ
.. ആരിക്കും ഒരു ശല്യവുമില്ല.
“ഞാൻ വളർന്ന് . പടിപ്പിൽ വലിയ മിടുക്കനൊന്നുമല്ലായിരുന്നു.കണക്കിന് കൂടി വന്നാൽ 10 മാർക്കിൽ കൂടുതൽ കിട്ടിയിട്ടില്ല.കൂട്ടുകാര് പറയും .
ഇങ്ങന മാർക്ക് കിട്ടിയാ നീ കണക്കിനു തോക്കും.ഞാൻ മറുപടി പറഞ്ഞില്ല.വീട്ടിലെ ദാരിദ്യം കാരണം ട്യൂഷന് ഒന്നും പോയില്ല. 10 ലെ പബ്ലിക്ക് എക്സാമിനേഷൻ തുടങ്ങി.കണക്കു പരീക്ഷയുടെ ദിവസം ഞാൻ പരീക്ഷ എഴുതാൻ പോയത് എറണാകുളത്തെ ലിറ്റിൽ ഷേണായിസ് സിനിമാ തീയറ്ററിലേക്കാണ്…അവിടെ ക്ലിൻഡ് ഈസ്റ്റ്വുഡിൻ്റെ കൗബോയ്സ് സിനിമയായിരുന്നു.ഞാൻ പടം കണ്ട് ആസ്വദിച്ചു. മനസിൽ ഓർത്തു. കണക്കിൻ്റെ പ്രോബ്ലം ചെയ്യാൻ അറിയാതെ വിഷമിച്ചിരിക്കുന്ന കൂട്ടുകാർ:എനിക്കവരോട് സഹതാപം തോന്നി.ഞാൻ കുതിരപ്പുറത്തിരുന്ന് തോക്കു കറക്കിയും കുതിരയുടെ പള്ളയിൽ ചാഞ്ഞുകിടന്നു വെടി വെക്കുന്ന ക്ലിൻ്റിസ്റ്റുഡിനേയും കയ്യടിച്ചു പ്രോൽസാഹിപ്പിച്ചു.കണക്കു പരീക്ഷയേക്കാൾ പ്രധാനം തോക്കു കറക്കി പരീശീലിക്കുകയാണെന്ന തത്വം ഞാൻ തലയിൽ, ബുദ്ധിയോടെ ഉറപ്പിച്ചു.വീട്ടിലെത്തിയപ്പോൾ അപ്പൻ വഴക്കു പറയുകയോ തല്ലുവോ എന്നൊരു സംശയമുണ്ടായിരുന്നു. കൂട്ടുകാർ പറയാതിരിക്കാൻ ഞാൻ അന്തോണീസ് പുണ്യവാളന് നൊവേന നേർന്നു.പക്ഷെ പരീക്ഷയുടെ റിസൽട്ട് വന്നപ്പോൾ കാര്യങ്ങൾ തകിടം മറിഞ്ഞു.കൂട്ടുകാർ ഒറ്റി.ഞാൻ അപ്പൻ്റെ മുന്നിൽ വിചാരണയ്ക്ക് നിന്നു.ഞാൻ ആ മുഖത്തേക്കു നോക്കി.ആദ്യം തികഞ്ഞ നിർവ്വികാരത.പിന്നെ ചെറിയൊരു നിരാശ മുഖത്ത് വിടർന്നു.അപ്പൻ്റെ ഒരു തത്വശാസ്ത്രം ഞാൻ അന്നു കേട്ടു .” തെങ്ങിൻ്റെ മുകളറ്റം വരെ നെഞ്ചൊരച്ച് വലിഞ്ഞ് കേറീട്ട് ഒരു വെള്ളക്ക പോലും പറിക്കാതെ നീ എറങ്ങിപ്പോന്നല്ലോ…… മിടുക്കൻ!!കുഴപ്പമില്ല. തീയും വെള്ളവും തിരിച്ചറിയാനുള്ള പ്രായമൊക്കെ ആയില്ലേ നെനക്ക്. ഇനി മോൻ മോൻ്റെ ഇഷ്ടം പോലെ ജീവിക്ക്.”ഞാൻ പിന്നെ പിറ്റേ ദിവസം മുതൽ കൂലിപ്പണിക്കു പോകാൻ തുടങ്ങിയപ്പോൾ അപ്പൻ പറഞ്ഞു: “എല്ലാവരും ഡോക്ടും എഞ്ചിനിയറും മറ്റു പ്രൊഫഷണലുകളും മായിട്ട് കാര്യമില്ലല്ലോ? കൂലിപ്പണിക്കും ആളുവേണമല്ലോ ?”ഞാൻ എല്ലാ പണിക്കും പോയി.കൊച്ചിൻ കോർപറേഷൻ്റെ കാനകോരാൻ ഹോട്ടലുകളിലെ ആശുപത്രികളിലെ മാലിന്യം കോർപ്പറേഷൻ വണ്ടിയിൽ കയറ്റി ഫോർട്ട കൊച്ചി വെളിയിൽ കൊണ്ടുപോയിക്കളയാൻ, സെപ്റ്റിടാങ്കു കോരാൻവാ ർ ക്കപ്പണിക്ക് കോൺക്രീറ്റുകൂട്ടാൻതുടങ്ങി എത്ര പണികൾ…സിനിമാ ഫീൽഡിൽ 15 കൊല്ലം…..പെൻ ബുക്സിൻ്റെ പബ്ലിക്കേഷൻ മാനേജർ….മംഗളം ദിനപത്രത്തിൽ…ഹോട്ടൽ റിസപ്ഷനിസ്റ്റ്…ചെരുപ്പുകട….തുണിക്കട….സൈക്കിൾ കട ….ചിട്ടിപ്പിരിവുകാരൻ……വെൽഡർലിസ്റ്റ് നോക്കിയാൽ 22ഓളംജോലി വ്യത്യസ്ത തരത്തിൽ ചെയ്തുപലർക്കും ഗോസ്റ്റ് റൈറ്റുചെയ്തു കൊടുത്തു.എന്തു പണിക്കും ഞാൻ മിടുക്കനായി.ഇപ്പോൾ ന്യൂയോർക്കിൽ നിന്നും മലയാളികൾക്കായി ഇറക്കുന്ന ജനനിയുടെ മാഗസിൻ്റെ എഡിറ്റർമാരിൽ മൂന്നു പേരിൽ ഒരാളായി 21 വർഷമായി ജോലി ചെയ്യുന്നു.ജനനി ന്യൂയോർക്കിലെ മുഖ്യ മലയാള മാഗസിനാണ്.അപ്പൻ ലിവർ കാൻസർ വന്ന് കുറച്ചു നാൾ ആശുപത്രിയിലും വീട്ടിലും കിടന്നപ്പോൾ അപ്പൻ്റെ തീട്ടതുണിയും മൂത്ര തുണിയും അലക്കാൻ പഠിച്ചു. പെങ്ങളെ കെട്ടിച്ചു വിട്ടപ്പോൾ അപ്പൻ മരിക്കും വരെ6 കൊല്ലം എല്ലാ അടുക്കളപ്പണിയും ഞാൻ തന്നെ ചെയ്തു .മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് നല്ല ബോധം വന്നപ്പോൾ എൻ്റെ കയ്യിൽ അമർത്തി പിടിച്ചിട്ടു അപ്പൻ പറഞ്ഞു.”ഇപ്പ എനിക്കു തോന്നുന്നു.നീ പത്തിൽ പാസാകാഞ്ഞതു നന്നായി. “ആ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് ഞാൻ കണ്ടു.ജീവിതത്തിൽ ഞാൻ എല്ലാ വേദനകളേയും കഷ്ടപ്പാടുകളേയും മറന്ന് അപ്പൻ്റ മുഖത്തു നോക്കി ഒരു ചിരി ചിരിച്ചു. എൻ്റെ ജീവിതത്തിൽ ഇത്ര ആത്മാർത്ഥമായ ചിരി ഉണ്ടായിട്ടില്ലന്നു ഞാൻ വിശ്വസിക്കുന്നു.
474718 comments