നേരിട്ട് പരിചയമില്ലെങ്കിലും താങ്കളുടെ ആത്മഹത്യ എന്റെ ഉള്ളുലയ്ക്കുന്നുണ്ട്.

Share News

ആദരാഞ്ജലികൾ പ്രിയപ്പെട്ട അനൂപ്..

.നേരിട്ട് പരിചയമില്ലെങ്കിലും താങ്കളുടെ ആത്മഹത്യ എന്റെ ഉള്ളുലയ്ക്കുന്നുണ്ട്.

ഇത്രയ്ക്ക് മനക്കട്ടിയില്ലാതായിപ്പോയല്ലോ… ഒരു ഡോക്ടറാവുമ്പോൾ അൽപ്പം കൂടി ആത്മസംയമനം പാലിക്കണമായിരുന്നു എന്നൊക്കെയുളള കമന്റുകൾ പലയിടത്തും കണ്ടു.

താങ്കൾ കടന്നുപോന്ന സംഘർഷങ്ങൾ ഓർക്കുമ്പോൾ അത്തരം വാക്കുകൾ പൊള്ളയാവുന്നു.

അനൂപ് ഓർത്തോ കെയർ എന്ന ആതുരാലയം പടുത്തുയർത്തി ശ്രദ്ധേയനായ ഒരു ഓർത്തോ സർജനായി പേരെടുത്ത താങ്കൾ അർഹിച്ചിരുന്നത് ഇത്തരം ഒരു അന്ത്യം ആയിരുന്നില്ല.ജന്മനാ കാലിനു വളവുണ്ടായിരുന്ന ഏഴു വയസ്സുകാരിയുടെ സർജറി ഡോ. അനൂപ് ഏറ്റെടുത്തത് പൈസയോടുള്ള ആർത്തി കൊണ്ടായിരുന്നില്ല. ഹൃദയത്തിന് തകരാർ ഉണ്ടായിരുന്ന ആ കുട്ടിയെ നിരവധി ആശുപത്രികൾ കയ്യൊഴിഞ്ഞപ്പോഴും അവരുടെ ദൈന്യത കണ്ടറിഞ്ഞ്, മുതിർന്ന് കഴിഞ്ഞാൽ ഇത്തരം സർജറി വേണ്ടത്ര ഫലവത്താകില്ല എന്നതും കണക്കിലെടുത്ത് അദ്ദേഹം എടുത്ത തീരുമാനത്തിന് പിന്തുണയാകാൻ അനസ്തെറ്റിസ്റ്റ് കൂടെയായ സഹധർമ്മിണിയും കൂടെയുണ്ടായിരുന്നു. സൗജന്യമായാണ് ആ ശസ്ത്രക്രിയ നടത്തിയതെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞറിയുന്നു.പക്ഷേ ഓപ്പറേഷന് ശേഷം വെൻട്രിക്കുലാർ ഫിബ്രില്ലേഷൻ എന്ന ഹൃദയത്തിന്റെ മിടിപ്പിലുണ്ടാകുന്ന അനിയന്ത്രിതമായ താളം തെറ്റലും ഹൃദയസ്തംഭനവും നിമിത്തം ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.തുടർന്ന് സംഘർഷഭരിതമായ ദിനങ്ങൾ .

.വിവിധ രാഷ്ട്രീയ പാർട്ടികളുടേയും ബന്ധുക്കളുടേയും പ്രതിഷേധം..

മാധ്യമങ്ങളിലെ കീറിമുറിക്കൽ .

.സോഷ്യൽ മീഡിയ വഴിയുള്ള ക്രൂരമായ കുറ്റപ്പെടുത്തലുകൾ…

ചികിത്സാപ്പിഴവ് ആരോപിച്ച് ഡോക്ടറുടെ രക്തത്തിന് വേണ്ടി ദാഹിച്ചവർ അത് നേടി.

താൻ സഹായിക്കാമെന്നോർത്ത ആ കുഞ്ഞിനോടൊപ്പം ആ ഡോക്ടറും യാത്രയാവുന്നു.

ഒരു ജീവനും പകരമാവില്ല മറ്റൊന്ന്..

ഇനിയും ഗുരുതരമായ അസുഖങ്ങൾക്ക് ചികിത്സയും സർജറിയും ധാരാളം പേർക്ക് ആവശ്യമായി വരും.എല്ലാവരേയും രക്ഷിക്കാൻ ഡോക്ടർമാർക്ക് കഴിയുകയുമില്ല.മരണത്തെ തോൽപ്പിക്കാനുള്ള മാന്ത്രികദണ്ഡ് ഉള്ളവരല്ല ആരും.

തങ്ങളുടെ കഴിവുകൾക്കും കണക്കുകൂട്ടലുകൾക്കും അപ്പുറത്ത് ഒരു രോഗിയുടെ ജീവൻ നഷ്ടപ്പെടുമ്പോൾ ആ ബന്ധുമിത്രാദികൾക്കൊപ്പം ഏറ്റവുമധികം ദുഃഖിക്കുക ആ ഡോക്ടർ തന്നെയാവും.പക്ഷേ അതിന് തങ്ങളുടെ ജീവൻ വിലയായി കൊടുക്കാൻ ഇടവരാതിരിക്കട്ടെ ഇനിയൊരാൾക്കും.

ഡോക്ടർമാരായ സഹപ്രവർത്തകരോട് ഒരഭ്യർത്ഥനയുള്ളത് ഇത്തരം സന്ദർഭങ്ങളിൽ പരസ്പരം താങ്ങാവുക എന്നതാണ്. പുറമേക്ക് ശാന്തമെന്ന് തോന്നിയേക്കാമെങ്കിലും അവരുടെ ഉള്ളിൽ ദു:ഖത്തിന്റെ കടലിരമ്പുന്നുണ്ടാവും.

ആ കുഞ്ഞു മോൾക്കും ആ മോളുടെ വൈകല്യം തീർക്കാനിറങ്ങിത്തിരിച്ച ഡോക്ടർക്കും ആദരാഞ്ജലികൾ. ©️ sunil PK

Jasmine Glen

Share News