
ഭാരതക്രൈസ്തവവിശ്വാസത്തിന്റെ പിള്ളത്തൊട്ടിൽ -ഇരിങ്ങാലക്കുട രൂപത 43-ന്റെ നിറവിലേക്ക്
കൊടുങ്ങല്ലൂർ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്തയായ മാർ യൗസേപ്പ് കരിയാറ്റി മെത്രാപ്പോലീത്തയുടെ ഓർമ്മദിനത്തിൽ (1782 സെപ്റ്റംബർ 10) തന്നെയാണ് അവളുടെ ഇന്നത്തെ പിൻഗാമി ആയ ഇരിങ്ങാലക്കുട രൂപത 1978ൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്.
അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് എഴുതുന്നു………
നന്മ നിറഞ്ഞ ഇന്നലെകള്‍,
പ്രതീക്ഷയുടെ നാളെകള്‍
അപൂര്‍വമായ ഒരു സാഹചര്യത്തിലാണ് സെപ്റ്റംബര്‍ 10 ന് നാം ഇത്തവണ രൂപതാദിനം ആചരിക്കുന്നത്.
കോവിഡ്-19 എല്ലാ സങ്കല്‍പങ്ങളെയും സ്വപ്‌നങ്ങളെയും തല്ലിതകര്‍ത്ത് അനുദിനം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം നാം അംഗീകരിച്ചേ മതിയാകൂ. കൊറോണ പ്രതിരോധ മരുന്നുകള്‍ സാധാരണക്കാര്‍ക്ക് വേഗത്തില്‍ ലഭ്യമാകുന്ന സ്ഥിതി സംജാതമാകുവാന്‍ ചിലപ്പോള്‍ നാം ഇനിയും ഏറെ കാത്തിരിക്കേണ്ടതായി വരും.
ലാളിത്യത്തിന്റെ പ്രാപഞ്ചിക പാഠങ്ങളിലേക്കും പ്രകൃതി സൗഹൃദ പ്രവര്‍ത്തനങ്ങളിലേക്കും മലിനതയേറാത്ത വികസന പദ്ധതികളിലേക്കും നാം തിരിച്ചുനടക്കണമെന്നു തന്നെയാണ് പുതിയ കാലം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.
പ്രകൃതിയുടെ ഉടയോന്‍ ആകാനല്ല ഭൂമിയുടെ കാര്യസ്ഥന്മാരാകാനാണ് ദൈവം നമ്മെ നിയോഗിച്ചതെന്ന തിരിച്ചറിവിന്റെ ശാദ്വല ഭൂമികയിലേക്ക് നമുക്ക് കടന്നുചെല്ലാം.
തൃശൂര്‍ ജില്ലയുടെ മധ്യഭാഗത്തു നൂറ്റാണ്ടുകളുടെ ചരിത്രവും സംസ്‌കാരവും വീണലിഞ്ഞ മണ്ണില്‍ ഇരിങ്ങാലക്കുട രൂപതയെന്ന വിത്ത് പേരു സൂചിപ്പിക്കും പോലെ വിരിഞ്ഞ്, വളര്‍ന്ന്, പടര്‍ന്നു പന്തലിച്ചതിന്റെ സ്മൃതികള്‍ ദീപ്തമായി തെളിഞ്ഞുയരുന്നുണ്ട്.
മതമൈത്രിയുടെയും വിശ്വസാഹോദര്യത്തിന്റെയും വിജ്ഞാന വരപ്രസാദത്തിന്റെയും ശീലുകള്‍കേട്ട് തഴമ്പിച്ച നാട്ടില്‍ 1978 സെപ്റ്റംബര്‍ 10 ന് പിറവികൊണ്ട കുഞ്ഞ് ദൈവാനുഗ്രഹ സമൃദ്ധിയുടെ 42 വര്‍ഷങ്ങള്‍ പിന്നിടുകയാണെന്നത് മഹത്തരമായ കാര്യം തന്നെയാണ്. ഉന്നതങ്ങളിലേക്ക് മിഴികള്‍ ഉയര്‍ത്തി ദൈവത്തിനു സ്‌തോത്രഗീതമാലപിക്കാനും അപരനിലേക്ക് മിഴികള്‍ നീട്ടി അവരുടെ കാവലാളാകാനും ഉള്ളടരുകളിലേക്ക് നയനങ്ങള്‍ പായിച്ച് കുറവുകളെ കണ്ടെത്തി പരിഹരിക്കാനും പരിശ്രമിക്കേണ്ട ദിനമാണ് നമ്മുടെ മുന്‍പില്‍ ഉള്ളത്.
ഭാരത ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായ കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടുന്ന ഇരിങ്ങാലക്കുട രൂപത സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരിടം കണ്ടെത്തിയിട്ടുണ്ട്
. രൂപത സ്ഥാപിതമായതിന്റെ സുവര്‍ണ ജൂബിലിയിലേക്ക് ഇനി വിരലില്‍ എണ്ണാവുന്ന സോപാനങ്ങളേയുള്ളൂ എന്ന അവബോധം നമ്മുടെ തീക്ഷ്ണതയെ കുറേക്കൂടെ ഉജ്ജ്വലമാക്കട്ടെ.
പ്രേഷിതാഭിമുഖ്യങ്ങളായിരുന്നു എന്നും ഇരിങ്ങാലക്കുട രൂപതയുടെ മുതല്‍ക്കൂട്ട്.
1978 ല്‍ രൂപത സ്ഥാപിതമായി അധികം വൈകാതെ തന്നെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാടിന്റെ മുഴുവന്‍ ഹൃദയസ്പന്ദനങ്ങളും ഏറ്റുവാങ്ങിയ ചെന്നൈ നഗരത്തില്‍ സീറോ മലബാര്‍ സഭയുടെ സാന്നിധ്യം ഉറപ്പിക്കാന്‍ രൂപതയ്ക്ക് കഴിഞ്ഞിരുന്നു.
ഒരുപാട് നാളത്തെ പ്രാര്‍ത്ഥനയുടെയും കാത്തിരിപ്പിന്റെയും ഫലമായി 2017 നവംബര്‍ 22 ന് ഹൊസൂര്‍ രൂപത തികച്ചും സ്വതന്ത്രമായ സംവിധാനങ്ങളോടെ സ്ഥാപിക്കപ്പെട്ടപ്പോള്‍ നമുക്ക് ആനന്ദിക്കുവാന്‍ ഏറെയുണ്ടായിരുന്നു.
ദൈവത്തോടൊപ്പം തന്നെ അപരനിലേക്കും മിഴികള്‍ തുറക്കാത്ത ക്രൈസ്തവ വിശ്വാസജീവിതം സുവിശേഷത്തിനു ഒരിക്കലും ചേര്‍ന്നതല്ല. പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും വിളുമ്പുകളിലേക്ക് ഒതുക്കപ്പെട്ടവരുടെ ശബ്ദമാകാനും അശരണരും ആലംബഹീനരുമായവരുടെ വേദനകളില്‍ പങ്കുകൊള്ളാനും കഴിയുന്ന നവ ആധ്യാത്മികതയാണ് ഇക്കാലഘട്ടത്തിനു ആവശ്യമായിട്ടുള്ളത്.
കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ‘ബ്ലസ് എ ഹോം’ എന്ന കുടുംബക്ഷേമ പദ്ധതിയിലൂടെ 1558 കുടുംബങ്ങള്‍ക്ക് 8,07,69,489 തുക രൂപതയ്ക്ക് അകത്തും കേരളത്തിനു പുറത്തുമുള്ള മിഷന്‍ രൂപതകളിലുമായി നമുക്കു പങ്കുവയ്ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനത്തിനു വകയുണ്ട്.
രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജയിംസ് പഴയാറ്റില്‍ പിതാവിന്റെ ഓര്‍മ്മയ്ക്കായി നാന്ദി കുറിച്ച ‘ഹൃദയ പാലിയേറ്റീവ് കെയര്‍’ നാനാജാതി മതസ്ഥരായ അനേകം കിടപ്പുരോഗികളുടെയും നിരാലംബരായ മനുഷ്യരുടെയും അത്താണിയാണെന്നതില്‍ സംശയമില്ല. 1350 രോഗികളെ ഭവനങ്ങളില്‍ ചെന്നു ശുശ്രൂഷിക്കാനും 1200 ല്‍ പരം മനുഷ്യരുടെ മരണവേദനകളില്‍ സമാശ്വാസമാകാനും പാവപ്പെട്ടവരുടെ മൃതസംസ്‌കാര വേളകളില്‍ ആംബുലന്‍സ്, ഫ്രീസര്‍ തുടങ്ങിയവയുടെ സൗജന്യ സഹായം ഒരുക്കാനും കഴിഞ്ഞിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കത്തോലിക്കാ സഭാംഗങ്ങളുടെ മൃതദേഹ സംസ്‌കാരം ഏറ്റവും ആദരവോടെയും പ്രാര്‍ത്ഥനാ നിര്‍ഭരമായ അകമ്പടികളോടെയും സഭ അനുശാസിക്കുന്ന രീതിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടത്തുന്നതിന് ആവശ്യമായ ദ്രുതകര്‍മ്മസേനയെ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ എളുപ്പം സജ്ജമാക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്.
യുവവൈദീകര്‍ അടക്കമുള്ള 300 ല്‍ പരം യുവാക്കളുടെ ധീരമായ ചുവടുവയ്പ്പിനു എത്രമാത്രം നന്ദിയര്‍പ്പിച്ചാലും തികയുകയില്ല എന്നു തന്നെ പറയാം. 4.8 കോടി രൂപ കൊറോണ വൈറസ് വ്യാപനം ആരംഭിച്ച മാര്‍ച്ച് മുതല്‍ ഇന്നുവരെ നാം അര്‍ഹതപ്പെട്ടവര്‍ക്കായി ചെലവാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ-സാമൂഹിക-ആതുരസേവന രംഗത്തു നമ്മുടെ സ്ഥാപനങ്ങളായ സഹൃദയയും അനുബന്ധ പ്രസ്ഥാനങ്ങളും ജീസസ് ട്രെയിനിംഗ് കോളജും മറ്റു സ്‌കൂളുകളും, മെഡിക്കല്‍ അക്കാദമിയും മറ്റു പരിശീലന കേന്ദ്രങ്ങളും, സോഷ്യല്‍ ആക്ഷന്‍, അവാര്‍ഡ് തുടങ്ങിയവയും ചാലക്കുടി സെന്റ് ജെയിംസ്, മേലഡൂര്‍, ഇന്‍ഫന്റ് ജീസസ് ആശുപത്രികളും അഭയ ഭവന്‍, ശാലോം സദന്‍, സ്വീറ്റ് ഹോം, കൃപാഭവന്‍, ആശാനിലയം, സാന്തോം സ്‌പെഷ്യല്‍ സ്‌കൂള്‍, ബാലഭവന്‍, ശാന്തി സദന്‍ തുടങ്ങിയ സ്ഥാപനങ്ങളും തനതായ മുദ്ര പതിപ്പിച്ചു കഴിഞ്ഞിട്ടുണ്ട് എന്നത് ചരിത്രമാണ്.
മാധ്യമ ധര്‍മത്തിലും രൂപത മുന്നില്‍ തന്നെയാണ്. കേരള കത്തോലിക്കാ സഭയ്ക്കു വേണ്ടി 1970 ലാണ് മതപരവും, ആനുകാലിക വിഷയങ്ങളും ഉള്‍പ്പെടുത്തി ‘കേരളസഭ’ എന്ന പേരില്‍ ബിഎല്‍എമ്മില്‍ നിന്നും മാസിക പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ചുരുങ്ങിയ പേജുകളും വായനക്കാരുമായി തുടങ്ങിയ ‘കേരളസഭ’ ഇന്ന് കേരള കത്തോലിക്കാ സഭയുടെ പ്രസിദ്ധീകരണമായി മാറ്റപ്പെട്ടതും രൂപതയിലെ എല്ലാ കുടുംബങ്ങളിലും എത്തുന്നതും ഏറെ പ്രശംസകളേറ്റു വാങ്ങുന്നു. സഭാമക്കളും സാഹിത്യസ്‌നേഹികളുമായ അനേകം വൈദികര്‍, സിസ്റ്റേഴ്‌സ്, അല്‍മായര്‍ എന്നിവര്‍ പ്രതിഫലേച്ഛ കൂടാതെ സഹകരിച്ചിട്ടുണ്ട്. ഇക്കാലഘട്ടത്തില്‍ സഭയുടെ മുഖമായും സത്യത്തിന്റെ സ്വരമായും കേരളസഭ നിലകൊള്ളുന്നത് ഏറെ അഭിനന്ദനാര്‍ഹമാണ്.
കൂടാതെ ലഹരി മോചന പരിശീലന രംഗത്തുള്ള നവചൈതന്യയും സാന്‍ജോ സദനും ആത്മീയ തുടര്‍ പരിശീലന കേന്ദ്രങ്ങളായ ബിഎല്‍എം, മാര്‍തോമാ സെന്റര്‍, പാക്‌സ്, സ്പിരിച്വാലിറ്റി സെന്റര്‍, പ്രത്യാശ, ജസ്റ്റിസ് ഫോറം, വിദ്യാജ്യോതി മതബോധന കേന്ദ്രം, വിവിധ സെമിനാരികള്‍ എന്നിവയിലൂടെ രൂപത പതിന്മടങ്ങ് വളര്‍ന്നിട്ടുണ്ട്. അതു ഇനിയും തുടരുക തന്നെ ചെയ്യും. കാലഘട്ടം ആവശ്യപ്പെടുന്ന പുത്തന്‍ പാതകളില്‍ സധൈര്യം നാം ഇനിയും മുന്നേറേണ്ടതുണ്ട്.
മലയോര മേഖലകളിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളെ ഭരണകര്‍ത്താക്കളുടെ ശ്രദ്ധയില്‍പ്പെടുത്താനും ആവശ്യമായ എല്ലാ നിയമോപദേശങ്ങളും സഹായങ്ങളും ഉറപ്പാക്കാനും രൂപത ദത്തശ്രദ്ധരാണ്. അത്തരം പ്രതിസന്ധികളില്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ട് മലയോര മേഖലകളിലെ വിശ്വാസികളെയും മറ്റു മതസ്ഥരെയും പിന്തുണയ്ക്കാന്‍ നാം ശ്രമിക്കണം. കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ച നേരിടുന്നതിനും കര്‍ഷകര്‍ക്ക് ആവശ്യമായ വിപണികള്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനും ജൈവകൃഷിരീതികളെയും അടുക്കള തോട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും നാം പുതിയ പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ട്.
ഭാരതത്തിന്റെ വടക്കു കിഴക്കന്‍ മേഖലകളില്‍ സുവിശേഷ വെളിച്ചം കടന്നു ചെല്ലാത്ത ഗോത്രവര്‍ഗ്ഗ ഗ്രാമങ്ങളിലെ നമ്മുടെ പുതിയ വിളനിലമായ ‘സില്‍ച്ചാര്‍ മിഷന്‍’ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്.
നമ്മുടെ രൂപതയിലെ നാലു വൈദികരുടെ സേവനം ലഭ്യമാക്കുന്നതോടൊപ്പം വിവിധ സന്യാസ സഭകളിലെ ബഹുമാനപ്പെട്ട സിസ്റ്റേഴ്‌സിന്റെ ശുശ്രൂഷയും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്രാര്‍ഥനയും സഹകരണവും സാമ്പത്തിക സഹായങ്ങളും നാം ധാരാളമായി നല്‍കേണ്ടതുണ്ട് എന്ന കാര്യം നമുക്കു മറക്കാതിരിക്കാം.
ജീവിതത്തെ വ്യത്യസ്തമാക്കി മാറ്റുന്നത് ചില ദര്‍ശനങ്ങളാണ്. നമ്മുടെ പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ക്ക് നവ സ്വപ്‌നങ്ങളും ദര്‍ശനങ്ങളും ദിശാബോധവും നല്‍കാന്‍ ഉതകുന്ന കര്‍മ്മപദ്ധതികളാണ് നാം ഇനി ആസൂത്രണം ചെയ്യേണ്ടത്. രൂപതയുടെ ല്യൂമന്‍ യൂത്ത് സെന്ററും സിവില്‍ സര്‍വീസ് പരിശീലനവും പി. എസ്. സി. ബാങ്ക് പരിശീലനവും ക്രിസ്തീയ ന്യുനപക്ഷ അവകാശ സമിതിയും സ്ഥാപക ലക്ഷ്യവും അത്തരത്തിലുള്ളതാണ്.
പൊതുജന രംഗത്തും സര്‍ക്കാര്‍ സംവിധാനങ്ങളിലും സാമൂഹിക – കുടുംബക്ഷേമ പദ്ധതികളിലും മാധ്യമരംഗത്തും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഭരണവകുപ്പുകളിലും നമ്മുടെ യവുതീയുവാക്കളെ എത്തിക്കുക എന്നതാണു രൂപതയുടെ പുതിയ വെല്ലുവിളി.
അതുപോലതന്നെ വിശ്വാസത്തിലും ധാര്‍മ്മികതയിലും മൂല്യബോധങ്ങളിലും നിഷ്ഠയുള്ള യുവജനങ്ങളാണ് ഇന്നിന്റെ അനിവാര്യത. അതുകൊണ്ട് അത്തരത്തിലുള്ള മത-വിശ്വാസ-വിദ്യാഭ്യാസ പരിശീലനങ്ങളും പദ്ധതികളുമാണ് നാം വിഭാവനം ചെയ്യുന്നത്.
ഇരിങ്ങാലക്കുട രൂപതയുടെ അദ്ഭുതകരമായ വളര്‍ച്ചയില്‍ കര്‍മ്മോദ്യുക്തരായ ഇടവക വൈദികരുടെ പങ്ക് നിസ്തുലമാണ്. അതുപോലത്തന്നെ അനിഷേധ്യമായ സാന്നിധ്യവും ബലവുമാണ് ആയിരക്കണക്കിന് അത്മായ സഹോദരങ്ങളുടേത്.
ഇടവക പ്രവര്‍ത്തനങ്ങളില്‍ കാര്യമാത്രപ്രസക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന സംഘടനകളെയും പ്രസ്ഥാനങ്ങളെയും നമുക്ക് കൂടുതല്‍ ശക്തിപ്പെടുത്താം.
രൂപതയുടെ സ്ഥാപനദിനത്തില്‍ ഏവരെയും ഏറെ കടപ്പാടോടെ തിരുഹൃദയത്തണലില്‍ സമര്‍പ്പിക്കുന്നു.
എല്ലാ സന്യാസ ഭവനങ്ങളെയും സന്യാസിനി സന്യാസികളെയും ബ്രദേഴ്‌സിനെയും കൃതജ്ഞതയോടെ സ്മരിക്കുന്നു.
നമ്മുടെ രൂപതയില്‍ നിന്നുള്ള 500 ല്‍ പരം വൈദികരും 2000 ല്‍ അധികം സന്യസ്തരും ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നുണ്ട് എന്നത് രൂപതയുടെ യശസ് വാനോളം ഉയര്‍ത്തുന്നു. ധാരാളം സമര്‍പ്പിത ദൈവവിളികള്‍ ഇനിയും നമ്മുടെ രൂപതയില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്. വിളഭൂമികള്‍ വേലക്കാര്‍ക്കുവേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളിന്റെയും രൂപതാദിനത്തിന്റെയും വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെയും പ്രാര്‍ഥനാശംസകള്‍.
മാര്‍ പോളി കണ്ണൂക്കാടൻ