
ആശ്രയം തമ്പുരാനിൽ മാത്രം
ആശ്രയം തമ്പുരാനിൽ മാത്രം
കുമ്പളങ്ങി ടൂറിസം ഗ്രാമത്തിന്റെ ഒരു പ്രധാന ആകർഷണം കല്ലഞ്ചേരി എന്ന കൊച്ചു ദ്വീപാണ്. ചെമ്മീനും കക്കയും ഞണ്ടും ഉപജീവന മാർഗ്ഗമാക്കിയിട്ടുള്ള നൂറോളം ഭവനങ്ങളുള്ള ഒരു കൊച്ചു ദ്വീപ്. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയുടെ ആഖ്യായിക കല്ലഞ്ചേരിയാണ്.
എന്റെ വീട് അവിടെയാണ്. കക്കയുടെയും ചെമ്മീന്റെയും ഇടയിലാണ് ജനിച്ചുവളർന്നത്. ഓർമ്മവെച്ചപ്പോൾ മുതൽ കാണുന്ന ഒരു രൂപമാണ് കക്ക വാരാൻ വഞ്ചിയിൽ പോകുന്ന അമ്മ.
സൂര്യനുദിക്കുന്നതിനു മുമ്പ് തന്നെ അമ്മ വീട്ടിൽ നിന്നും ഇറങ്ങും. കയ്യിലെ ചോറ്റുപാത്രത്തിൽ ഇത്തിരി കഞ്ഞിയും പച്ചമുളകും ഉണ്ടാകും. പിന്നെ വരാന്തയിലിരിക്കുന്ന തുഴയും എടുത്തു അമ്മ കായലിലേക്ക് പോകും. അറിയില്ല അമ്മ വഞ്ചിയുമായി എങ്ങോട്ടാണ് പോകുന്നതെന്ന്. ഏകദേശം ഉച്ചയാകുമ്പോൾ തിരിച്ചുവരും.
വഞ്ചിയിൽ നിറയെ കക്കകളുണ്ടാകും. പിന്നെ ആ കക്കകളെടുത്ത് വലിയൊരു പാത്രത്തിലിട്ടു പുഴുങ്ങി വൃത്തിയാക്കിയതിനു ശേഷം ഏകദേശം മൂന്നു മണിയാകുമ്പോൾ അവകളെ ഒരു ചെറു കുട്ടയിലാക്കി തലയിൽ വച്ചുകൊണ്ട് കുമ്പളങ്ങിയുടെ വടക്ക് ഭാഗത്തേക്ക് വിൽക്കാൻ പോകും. “കക്ക, കക്കേ” എന്നു വിളിച്ചുകൊണ്ട് അവിടെയുള്ള എല്ലാ വീടുകളിലും അമ്മ കയറിയിറങ്ങും.
ഏകദേശം ഏഴു മണിയാകുമ്പോൾ തിരിച്ചുവരും. ആ കുട്ടയിൽ പലചരക്ക് സാധനങ്ങളുടെ കൂട്ടത്തിൽ എന്തെങ്കിലും ചായക്കട പലഹാരങ്ങളും ഉണ്ടാകും. ഹൈസ്കൂളിൽ പഠിക്കുന്ന സമയത്ത് ശനിയാഴ്ച ദിവസങ്ങളിൽ ഞാനും അമ്മയോടൊപ്പം കക്ക വാരാൻ പോകുമായിരുന്നു. കണ്ണമാലിയുടെയും കണ്ടക്കടവിന്റെയും അതിരു പങ്കിടുന്ന ചാലിപ്പുറം ചെമ്മീൻ കെട്ടിൽ നിന്നും കക്ക വാരിയ അനുഭവങ്ങളൊക്കെ ഇന്നും തെളിഞ്ഞുനിൽക്കുന്ന ഓർമ്മകളാണ്.
അമ്മയോടൊപ്പമുള്ള വഞ്ചി യാത്രയിലാണ് കായലിനെക്കുറിച്ച് പലതും പഠിച്ചതും, കണ്ടതും. വെള്ളത്തിന്റെ സ്വഭാവം, പങ്കായം ഉപയോഗിക്കേണ്ട രീതികൾ, ആഫ്രിക്കൻ പായലിലൂടെ വരുന്ന മലപ്പാമ്പുകൾ, കടൽ ചൊറികൾ, കവരുകൾ അങ്ങനെയങ്ങനെ എത്ര കാഴ്ചകൾ, എത്ര പാഠങ്ങൾ. കണ്ണമാലിക്കും കല്ലഞ്ചേരിക്കും മധ്യേ പണ്ട് ഒരു കര ഉണ്ടായിരുന്നെന്നും, അവിടെ ജസ്യൂട്ടുകാർക്ക് ആശ്രമവും പള്ളിയും ഉണ്ടായിരുന്നുവെന്നും, പണ്ടെങ്ങോ വന്ന ഒരു മഹാപ്രളയത്തിൽ എല്ലാം തകർന്നു പോയെന്നും, അതിന്റെ ചില അവശിഷ്ടങ്ങൾ കായലിൽ നിന്നും കക്ക വാരുമ്പോൾ പണ്ടുള്ളവർക്ക് കയ്യിൽ തടയാറുണ്ടായിരുന്നുവെന്നുമുള്ള കഥകൾ അമ്മയോടൊപ്പമുള്ള വഞ്ചിയാത്രയിൽ നിന്ന് കിട്ടിയിട്ടുള്ളതാണ്.
അമ്മ ഇപ്പോൾ പണ്ടത്തെപ്പോലെ കക്ക വാരാൻ ഒന്നും പോകുന്നില്ല. വിശ്രമ ജീവിതമാണ്. കഴിഞ്ഞ അവധിക്ക് വീട്ടിൽ ചെന്നപ്പോഴാണ് ഒരു കാര്യം കണ്ടത്. അമ്മയുടെ മുട്ടുകാലിനു താഴെ ദേഹം തിണർത്തിരിക്കുന്നു. സ്കിൻ അലർജിയാണ്. കായലിലെ വെള്ളം അമ്മയുടെ ദേഹത്ത് തൊട്ടാൽ അവിടം തിണർക്കുന്നു. പിന്നെ ചെറിയൊരു ചൊറിച്ചിലും ഉണ്ടാകുന്നു. വീടിന്റെ തൊട്ടരികിൽ കായലാണ്. ജീവിതത്തിന്റെ നല്ല ശതമാനം കായലിൽ തീർത്ത വ്യക്തിയാണ് അമ്മ. ഇന്ന് അമ്മയ്ക്ക് ആ കായലിലെ ജലം അലർജിയായി മാറിയിരിക്കുന്നു. നമ്മുടെ കായലുകൾ ഇപ്പോൾ അത്രയ്ക്കും മാറിയിരിക്കുന്നു. ചെമ്മീൻ ഫാക്ടറികളിൽ നിന്നും പുറംതള്ളുന്ന അമോണിയയാണ് കുമ്പളങ്ങി-കല്ലഞ്ചേരി കായലിനെ അശുദ്ധമാക്കിയതെന്നു തോന്നുന്നു. ജലവിഭവങ്ങൾ ഇപ്പോൾ തീരെ കുറവാണ്. ഈ കായലുകളിൽ പണ്ടുണ്ടായിരുന്നതുപോലെ കക്ക ഇപ്പോൾ ലഭ്യമല്ല. കായലിന്റെ സ്വതസിദ്ധമായ ഒഴുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. കുട്ടികൾ കായലിലിറങ്ങി നീന്തുന്ന കാഴ്ചകൾ കാണുന്നില്ല. നീന്തലും മുങ്ങാംകുഴിയിട്ടലും അന്യമായി കൊണ്ടിരിക്കുന്നു. കായലിനോടിപ്പോൾ എല്ലാവർക്കും ഭയമുള്ളതുപോലെ തോന്നുന്നു.
ശരിയാണ്. കാലാവസ്ഥ മാറി, പ്രകൃതി മാറി, നമ്മളും മാറി. ചൂടിനും തണുപ്പിനും വ്യതിയാനങ്ങൾ ഉണ്ടായി. പ്രകൃതി ഇപ്പോൾ നമ്മോട് ശത്രുവിനെ പോലെ പെരുമാറുന്നു എന്ന തോന്നൽ ഓരോ ദുരന്തങ്ങളും കാണുമ്പോൾ ഉണ്ടാകുന്നു. എന്നിട്ടും നമ്മൾ മാത്രം ഒന്നും ഇവകളിൽ നിന്നും മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. പ്രകൃതിയെ ചൂഷണം ചെയ്തു സമ്പാദിക്കുക എന്ന നമ്മുടെ ആർത്തിക്ക് ഇന്നും ഒരു കുറവുമില്ല. വത്തിക്കാനിൽ നിന്നും ആ വലിയ ഇടയൻ പ്രകൃതിക്കുവേണ്ടി ശബ്ദമുയർത്തിയപ്പോൾ അതിനെ വിഗ്രഹാരാധനയുമായി ചേർത്തു വായിക്കാൻ ശ്രമിച്ചവർ നമ്മുടെ ഇടയിൽ തന്നെയുണ്ട്. സൗഖ്യമായി കടന്നുവന്ന ദൈവപുത്രനെ നോക്കി നീ ചെയ്യുന്നത് പിശാചിന്റെ ശക്തി കൊണ്ടല്ലേ എന്ന് ചോദിച്ച ഒരു ജനക്കൂട്ടവും ചരിത്രത്തിലുണ്ടായിരുന്നു എന്നതും വിസ്മരിക്കുന്നില്ല.
കഴിഞ്ഞ പ്രളയാനന്തര കാലത്ത് സാമൂഹ്യമാധ്യമങ്ങളിൽ ഒരു വാദം കണ്ടായിരുന്നു; ” പെരിയാറിൽ നിന്നും മണൽ വാരാൻ അനുവദിക്കുക, അങ്ങനെ നദിയുടെ ആഴം കൂടുമ്പോൾ അത് കരകവിയില്ല”. ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്, വീടിനുമുന്നിലെ കായലിൽ നിന്നും ചെളി വാരാൻ ആൾക്കാർ വരുമ്പോൾ അവരെ അതിനനുവദിക്കാതെ വഴക്കുപറഞ്ഞു വിടുന്ന അമ്മയുടെ ചിത്രം. അതിന് അമ്മ പറയുന്ന ഒരു കാരണമുണ്ട്. കായലിൽ നിന്നും ചെളി എടുത്താൽ കര ഇടിയും. കര ഇടിഞ്ഞാൽ അടുത്ത മഴക്കാലത്ത് മുറ്റത്ത് വെള്ളം കയറും. കായലിനെ ഒഴുകാൻ അനുവദിക്കുക. അത് കരയെ കരയിപ്പിക്കാതെ നോക്കിക്കൊള്ളും.
പ്രളയം ഉണ്ടാകാതിരിക്കാൻ നദികളിൽ നിന്നും മണൽ വാരുക എന്ന പാരിസ്ഥിതിക ചിന്തകളുടെ സാമൂഹിക പ്രസക്തികൾ വർദ്ധിച്ചുവരുന്നു. മലയിടിഞ്ഞ് മരിച്ചാലും മലകയ്യേറ്റത്തിന്റെ ആത്മീയതകൾ പ്രസംഗിക്കുന്നവർക്ക് കയ്യടികൾ കിട്ടുന്നു. ആഗോളതാപനം കടൽ കയ്യേറ്റത്തിന് കാരണമായപ്പോൾ വീടും കുടിയും നഷ്ടപ്പെട്ട കടലിന്റെ മക്കളെ നോക്കി നിസ്സംഗത ഭാവിക്കുന്ന രാഷ്ട്രീയക്കാരും മാധ്യമങ്ങളും നാളത്തേക്ക് വേണ്ടി മൗനത്തിന്റെ ഭാഷയിൽ ചരമക്കുറിപ്പെഴുതുന്നു. ഇനി എന്താണ് മുന്നിലുള്ളത്? സ്വർഗ്ഗരാജ്യത്തെ പ്രകൃതിയോട് ചേർത്ത് ഉപമിച്ചവന്റെ ചിത്രമാണ്. കടലിനു മീതെ നടന്നവന്റെ ചിത്രം മാത്രമാണ്. അവനിൽ മാത്രമാണ് ആശ്വാസവും ആശ്രയവും. ആകാശത്തിലെ പക്ഷികളെയും വയലിലെ ലില്ലികളെയും നോക്കി ജീവിതത്തിന്റെ ദൈവാത്മകതയെ കുറിച്ച് പഠിക്കാൻ പറഞ്ഞ ആ തമ്പുരാനിൽ മാത്രം. അവൻ പറയുന്നത് ഒന്ന് ശ്രവിച്ചിരുന്നെങ്കിൽ…

///മാർട്ടിൻ N ആന്റണി///
NB:- പൂനെ സെമിനാരിയിലെ മലയാളം അക്കാദമിയിൽ നിന്നും ഇറങ്ങുന്ന ചിമിഴ് എന്ന ഈ മാഗസിന് വേണ്ടി എഴുതിയതാണ്. എന്റെ പംക്തിക്ക് നൽകിയിരിക്കുന്ന പേര് Der Spiegel എന്നാണ്. അർത്ഥം കണ്ണാടി. അതുകൊണ്ടാണ് ആത്മകഥാംശപരമായ രീതിയിൽ എഴുതുന്നത്. ഇങ്ങനെയുള്ള രചന പലർക്കും ഇഷ്ടപ്പെട്ടില്ല എന്നറിയാം. അങ്ങനെയുള്ളവർ സദയം ക്ഷമിക്കും എന്ന് വിചാരിക്കുന്നു.