പത്താംക്ലാസ് പോലും പാസാകാത്തവര്‍ക്ക് ഉന്നതവിദ്യാഭ്യാസം ഉള്ളവര്‍ സല്യൂട്ട് അടിക്കുകയും സ്വജനങ്ങളെ അസ്ഥാനങ്ങളില്‍ തിരുകിക്കയറ്റുകയും ചെയ്യുന്ന പുതിയ തൊഴില്‍ സംസ്‌കാരമാണ് ഇടതുസര്‍ക്കാരിന്റെ റിക്കാര്‍ഡ്!!.-ഉമ്മൻ ചാണ്ടി

Share News

പിഎസ്സിയെ നോക്കുകുത്തിയാക്കി സര്‍ക്കാരിലും പൊതുമേഖലാസ്ഥാപനങ്ങളിലും ബന്ധുക്കള്‍ക്കും സ്വജനങ്ങള്‍ക്കും നൂറുകണക്കിനു പുറംവാതില്‍ നിയമനങ്ങള്‍ നടത്തിയതിലെ അഴിമതി തുറന്നുകാട്ടിയ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി നല്കിയ മറുപടിയില്‍ നിരത്തിയ കണക്കുകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ല.

ഇടതുസര്‍ക്കാരിന്റെ നാലുവര്‍ഷം കൊണ്ട് പിഎസ്സി നിയമനങ്ങളില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. ഇതു വസ്തുതാപരമല്ലെന്നും പുറംവാതില്‍ നിയമനത്തിലാണ് റിക്കാര്‍ഡ് ഇട്ടത്. ഇടതുസര്‍ക്കാരിന്റെ കാലത്ത് 1,33,000 പേരെ നിയമിച്ചു റിക്കാര്‍ഡിട്ടെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാല്‍ യുഡിഎഫ് 4 വര്‍ഷം കൊണ്ട് 1,42,000 പേരെയും 5 വര്‍ഷം കൊണ്ട് 1,58,680 പേരെയുമാണ് നിയമിച്ചത്. പിഎസ്സിയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും.

പിഎസ്സി നിയമനത്തിനു പുറമേ, അധ്യാപക പാക്കേജില്‍ പതിനായിരത്തിലധികം അധ്യാപക നിയമനത്തിന് അംഗീകാരം നല്കി. കെഎസ്ആര്‍ടിസിയില്‍ മൂവായിരത്തിലധികം എംപാനലുകാര്‍ക്ക് സ്ഥിരനിയമനം നല്കി. ആശ്രിതനിയമനത്തില്‍ 908 പേരെ പിഎസ്സി നിയമനത്തെ ബാധിക്കാതെ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് സ്ഥിരമായി നിയമിച്ചു. സ്‌പെഷല്‍ ഡ്രൈവിലൂലെ 2799 ഭിന്നശേഷിക്കാരെയും സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ 108 പേര്‍ക്കൂം നിയമനം നല്കി. സര്‍ക്കാരിന്റെ നിബന്ധനകള്‍ക്കു വിധേയമായി സുതാര്യവും നിയമപരമായ മാര്‍ഗത്തിലൂടെയൂം ഇപ്രകാരം 16,815 പേരെയാണ് യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചത്.

കൂടാതെ വിവിധ വകുപ്പകളില്‍ അനേകം പുതിയ തസ്തിക സൃഷ്ടിച്ചു. ആരോഗ്യവകുപ്പിലാണ് റിക്കാര്‍ഡ് ്- 5800.

യൂണിവേഴ്‌സിറ്റി അനധ്യാപക നിയമനവും അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഗ്രേഡ് 2 നിയമനവും പിഎസ്സിക്കു വിട്ടു. വനത്തിനുള്ളില്‍ കടന്നു ചെന്ന് ഗോത്രവര്‍ഗക്കാരില്‍ നിന്നു ട്രൈബല്‍ വാച്ചര്‍മാരെ കണ്ടെത്തി പിഎസ്സി നിയമനം നല്കി. സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണം നല്കുന്ന എല്ലാ സ്ഥാപനങ്ങളിലെയും നിയമനം പിഎസ്സിക്കു വിടുക എന്നതായിരുന്നു യുഡിഎഫിന്റെ ലക്ഷ്യം.

പിഎസ്സിയുടെ ലൈവ് ലിസ്റ്റിന്റെ അഭാവത്തിലാണ് പിന്‍വാതില്‍ നിയമനവും അഴിമതിയും നടക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പിഎസ്സി ലിസ്റ്റിന്റെ സാധാരണയുള്ള കാലാവധിയായ മൂന്നുവര്‍ഷം കഴിഞ്ഞാലും പുതിയ ലിസ്റ്റ് വരുന്നതുവരെയോ, പരമാവധി നാലര വര്‍ഷം വരെയോ ലിസ്റ്റ് നീട്ടാന്‍ യുഡിഎഫ് സുപ്രധാന തീരുമാനം എടുത്തു. 5 വര്‍ഷത്തിനിടയില്‍ 11 തവണയാണ് പിഎസ്സി ലിസ്റ്റ് നീട്ടിയത്.

ഈ സര്‍ക്കാരിന്റെ കാലത്ത് 3 വര്‍ഷ കാലാവധിയില്‍ ഉറച്ചുനിലക്കുകയും പകരം ലിസ്റ്റ് വരാതിരിക്കുകയും ചെയ്തതുകൊണ്ട് അനേകായിരങ്ങള്‍ക്കാണ് അവരുടേതല്ലാത്ത കുറ്റംകൊണ്ട് പിഎസ്സി നിയമനം നിഷേധിച്ചത്. ഇത് കേരളത്തിലെ ലക്ഷക്കണക്കിനു അഭ്യസ്തവിദ്യരായ യുവാക്കളോടു കാട്ടിയ കൊടുംചതി തന്നെയാണ്.

ബിടെക്കുകാര്‍ തൊഴിലുറപ്പ് പദ്ധതിക്കു പോകുകയും പത്താംക്ലാസ് പോലും പാസാകാത്തവര്‍ക്ക് ഉന്നതവിദ്യാഭ്യാസം ഉള്ളവര്‍ സല്യൂട്ട് അടിക്കുകയും സ്വജനങ്ങളെ അസ്ഥാനങ്ങളില്‍ തിരുകിക്കയറ്റുകയും ചെയ്യുന്ന പുതിയ തൊഴില്‍ സംസ്‌കാരമാണ് ഇടതുസര്‍ക്കാരിന്റെ റിക്കാര്‍ഡ്!!

Oommen Chandy

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു