“കനവായിരുന്നുവോ ഗാന്ധി?
“കനവായിരുന്നുവോ ഗാന്ധി?
“ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി വരുംതലമുറ വിശ്വസിച്ചേക്കില്ല,” വാക്കുകൾ ഗാന്ധിജിയെ കുറിച്ച്, പറഞ്ഞത് ആൽബർട്ട് ഐൻസ്റ്റീൻ.
ലക്ഷ്യം മാത്രമല്ല അതിൽ എത്തിച്ചേരാനുള്ള വഴികളും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്ന ഈ അർധനഗ്നനായ ഫക്കീർ സമകാലിക ഇൻഡ്യയെ സംബന്ധിച്ച് ഒരു വിരോധാഭാസം തന്നെയാണ്.
അദ്ദേഹത്തിന്റെ തന്നെ വാക്കിൽ പറഞ്ഞാൽ “ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോല്‍വിയാണു. എന്തന്നാല്‍ അത് വെറും നൈമിഷികം മാത്രം”
ലക്ഷ്യപ്രാപ്തിയിലേക്കുള്ള, (നൈതികത തൊട്ടു തീണ്ടാത്ത) ഓട്ടപ്പാച്ചിലിനിടയിൽ ഗാന്ധി ഒരു മാർഗ്ഗ തടസ്സമായി പലർക്കും അനുഭവപ്പെട്ടെക്കാം.
ഇപ്പോൾ ഇതൊക്കെ പറയാൻ ഒരു കാരണം ഉണ്ട്. ആധ്യാപകനും സഹൃദയനും ആയ ഷാജി മാലിപ്പാറ സാറിൻറെ എഴുപത്തിയൊന്നാം പുസ്തകം ” മഹാത്മാഗാന്ധിയും മലയാളകവിതയും ” വായിക്കാനിടയായി. അക്ഷരാർത്ഥത്തിൽ മലയാളത്തിലെ ഗാന്ധി കവിതകളിലൂടെ ഉള്ള ഒരു തീർത്ഥാടനം തന്നെ ആണ് ഈ പുസ്തകം.
പഴകുന്തോറും വീഞ്ഞിന് വീര്യം കൂടും എന്ന് പറയുന്നതുപോലെ ഗാന്ധിയും അദ്ദേഹത്തിൻറെ ആദർശങ്ങളും മലയാളിക്കെന്നും പ്രിയപ്പെട്ടതാണ്, ഈ സത്യാനന്തര കാലത്തും അതു മാറ്റമില്ലാതെ തുടരുന്നു എന്നത് വലിയ ആശ്വാസത്തിന് ഇട നൽകുന്നുണ്ട്.
ഗാന്ധി’ എന്ന കവിതയിൽ വി മധുസൂദനന്‍ നായർ ചോദിക്കുന്നുണ്ട്. “കനവായിരുന്നുവോ ഗാന്ധി? കഥയായിരുന്നുവോ ഗാന്ധി?”. കനവു പോലെയോ കഥ പോലെയോ ഓരോ ഇന്ത്യക്കാരനെയും കടന്നുപോയ, ജീവിതം കൊണ്ട് ഒരു ജനതയെ മുഴുവൻ അത്ഭുതപ്പെടുത്തിയ മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ വിസ്മയത്തോടെയല്ലാതെ ഇന്നത്തെ തലമുറയ്ക്ക് നോക്കി കാണാനാവില്ല.
“നേരാണു നമ്മൾക്കുണ്ടായിരുന്നു
സൂര്യനെപ്പോലെയോരപ്പൂപ്പൻ മുട്ടോളമെത്തുന്ന കൊച്ചു മുണ്ടും മൊട്ടത്തലയും തെളിഞ്ഞകണ്ണും
മുൻ വരി പല്ലില്ലാപ്പുഞ്ചിരിയും വെൺനുരചൂടും വിരിഞ്ഞ മാറും”
സുഗതകുമാരി ടീച്ചർ വാക്കുകൾ കൊണ്ട് തീർത്ത ഗാന്ധിചിത്രം എത്ര മനോഹരമാണെന്ന് നോക്കൂ.
ആ ജീവിതത്തെ, ആശയങ്ങളെ,ആദർശങ്ങളെ വർണിക്കുവാൻ കവികൾ പരസ്പരം മത്സരിക്കുന്നത് പോലെ തോന്നും നമുക്ക് ഈ പുസ്തകം വായിച്ചാൽ.
മലയാള കവിതയുടെ തിരുമുറ്റത്ത് ചിതറിക്കിടക്കുന്ന ഈ മണിമുത്തുകൾ ക്രോഡീകരിച്ചു ഒരു പുഷ്പമാല്യമായി സമർപ്പിച്ച ഷാജി സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
“മറന്നുവോ മനുജരെ മറന്നുവോ മക്കളെ നിങ്ങളിന്നെന്നെ മറന്നുവോ” എന്നു വിലപിക്കുന്ന ഗാന്ധിയെക്കുറിച്ചു പണ്ട് ഞാൻ എഴുതിയിട്ടുണ്ട്.അതെ
ദിശതെറ്റിയ,അക്ഷരത്തെറ്റുകൾ ശീലമാക്കിയ ഒരു കാലത്തു സത്യത്തെക്കുറിച്ചും ശരിയെക്കുറിച്ചും നമ്മോടു സംവദിക്കാൻ ഗാന്ധിയെക്കാൾ മികച്ചൊരാൾ ഇല്ല.
“സത്യം ആണ് എന്റ ദൈവം .ഞാന്‍ ആ ദൈവത്തെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഞാന്‍ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു” സത്യാന്വേഷിയുടെ ഹൃദയം നിറഞ്ഞ വാക്കുകൾ പാതകളിൽ പ്രകാശമകട്ടെ…
ഏവർക്കും ഗാന്ധി ജയന്തി ആശംസകൾ….
ഡോ. സെമിച്ചൻ ജോസഫ്