ചെല്ലാനം മേഖലയിലെ തീരസംരക്ഷണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി കെ കൃഷ്ണൻകുട്ടി.

Share News

ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരപ്രദേശത്തിന്റെ സംരക്ഷണത്തിനായി കെആർഎൽസിസി രൂപപ്പെടുത്തിയ ജനകീയരേഖ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പദ്ധതിയെ സംബന്ധിച്ച പഠനം ആരംഭിച്ചതായും ജനകീയരേഖ ഇതിൻ്റെ അടിസ്ഥാനമായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി സെപ്റ്റംബർ 16ന് ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തുടർന്ന് മുഖ്യമന്ത്രി കൂടെ പങ്കെടുക്കുന്ന ഉന്നതതല ചർച്ച സംഘടിപ്പിക്കും. നിലവിൽ ആരംഭിച്ചിട്ടുള്ള പ്രതിരോധ നടപടികൾ പൂർത്തിയാക്കും.

കോസ്റ്റൽ ഏരിയ ഡവലപ്പ്മെൻറ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) ചെയർമാൻ ബിഷപ്പ് ഡോ ജെയിംസ് ആനാപറമ്പിൽ ജനകീയരേഖ കൈമാറി. കെആർഎൽസിസി പ്രസിഡണ്ട് ബിഷപ്പ് ഡോ ജോസഫ് കരിയിൽ ഓൺലൈനിൽ ആശയവിനിമയം നടത്തി. യോഗത്തിൽ സംബന്ധിക്കേണ്ടിയിരുന്ന ധനമന്ത്രി ഡോ തോമസ് ഐസക്, മത്സ്യവകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ എന്നിവർക്ക് കോവിഡ് സാഹചര്യത്തിൽ പങ്കെടുക്കാനായില്ല.

തീരദേശ പഠനത്തിനായി കെആർഎൽസിസി ആരംഭിച്ച കോസ്റ്റൽ ഏരിയ ഡവലപ്മെൻ്റ് ഏജൻസി ഫോർ ലിബറേഷന്റെ(CADAL) നേതൃത്വത്തിൽ നടത്തിയ പഠനങ്ങളെയും ചർച്ചകളെയും തുടർന്നാണ് നാട്ടറിവുകളുടെ പിൻബലത്തിൽ നാല് ഘട്ടങ്ങളിലായി ശാസ്ത്ര, സാങ്കേതിക, വിദഗ്ദരുടെയും പ്രാദേശിക വാസികളുടെയും ചർച്ചകളിലൂടെയാണ് രേഖ തയ്യാറാക്കിയത്. പി ആർ കുഞ്ഞച്ചൻ ജനകീയരേഖ അവതരിപ്പിച്ചു.എ. എം ആരിഫ് എം പി, കെ.ജെ. മാക്സി എംഎൽഎ, കെ ആർ എൽ സി സി വൈസ് പ്രസിഡൻറ് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ, കൊച്ചി രൂപതാ വികാരി ജനറൽ മോൺ പീറ്റർ ചടയങ്ങാട്, ആലപ്പുഴ രൂപത വികാരി ജനറൽ മോൺ പയസ് ആറാട്ടുകുളം, കടൽ ജനറൽ സെക്രട്ടറി ജോസഫ് ജുഡ്, ഡയറക്ടർ ഫാ അൻറണിറ്റോ പോൾ എന്നിവർ പ്രസംഗിച്ചു.കെഎൽസിഎ വൈസ് പ്രസിഡണ്ട് ടി എ ഡാൽഫിൻ, ജോൺ ബ്രിട്ടോ, ഫാ സേവ്യർ കുടിയാംശ്ശേരി, ഫാ സാംസൺ ആഞ്ഞിലിപറമ്പിൽ, ഫാ. മരിയാൻ അറക്കൽ, ഫാ തോമസ് തറയിൽ, ഫാ അലക്സ് കുരിശു പറമ്പിൽ, ഫാ ജോൺ കണ്ടത്തിപ്പറമ്പിൽ, ഫാ മിൽട്ടൻ കളപ്പുരയ്ക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Jude Arackal

Share News