
ഈ വെല്ലുവിളികൾക്കിടയിലും കോവിഡ് 19 എന്ന മഹാ വ്യാധിയ്ക്ക് എതിരേയുള്ള പോരാട്ടത്തിൽ മുൻപന്തിയിൽ തന്നെ നിൽക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
സിസ്റ്റർ ഡോ .ബീനയുടെ കോവിഡ് കാല സേവനത്തിലുണ്ടായ അനുഭവങ്ങൾ
#എന്റെ കോവിഡ് സഞ്ചാരം – ഡോക്ടറായ ഒരു ഇന്ത്യൻ സിസ്റ്ററുടെ അനുഭവ വിവരണം.
ഉർസുലൈൻ സന്യാസിനീ സഭാംഗവും സിസ്റ്റർ ഡോക്ടേഴ്സ് ഫോറത്തിന്റെ ദേശീയ പ്രസിഡന്റും മുംബൈ ഹോളിഫാമിലി ആശുപത്രിയുടെ ഡെപ്യൂട്ടി ഡയറക്ടറും ഇന്ത്യയിലും വിദേശത്തും നിന്ന് വിദഗ്ധ പരിശീലനം ലഭിച്ച ഗൈനക്കോളജിസ്റ്റുമായ സിസ്റ്റർ ഡോക്ടർ ബീന UMI യുടെ കോവിഡ് കാല അനുഭവങ്ങൾ….
യാത്രയുടെ തുടക്കം
കോവിഡിനൊപ്പമുള്ള എന്റെ യാത്ര ആരംഭിച്ചത് 2020 ഫെബ്രുവരി മാസത്തിലാണ്. അന്നാണ് ഇന്ത്യയിലെ ആദ്യ കോവിഡ് ബാധയേപ്പറ്റി ഞാൻ കേട്ടത്… ചൈനയിലും ഇറ്റലിയിലും സംഭവിച്ച കാര്യങ്ങൾ അറിയാമായിരുന്നതിനാൽ ഇന്ത്യയിലെ സാമൂഹിക സാമ്പത്തിക സാഹചര്യത്തിൽ പരിമിതമായ ആരോഗ്യ രക്ഷാ സാധ്യതകൾ വച്ച് ഇതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എനിക്ക് ആശങ്കയും ഭീതിയും ഉണ്ടായിരുന്നു..
ഹോളിഫാമിലി ആശുപത്രിയിലെ മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്നപ്പോൾ ഈ മാരകവ്യാധി ഇന്ത്യയിലും പ്രത്യേകിച്ച് മുംബൈയിലും പടർന്നു പിടിക്കുമെന്ന് വിലയിരുത്തുകയും അതിനെ തരണം ചെയ്യാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. കൊറോണ വൈറസ് ബാധയെ തടയാനായി പ്രതിരോധ മാർഗ്ഗങ്ങൾ നടപ്പിലാക്കാൻ പരിശീലന പരിപാടികൾ ആസൂത്രണം ചെയ്യുകയും പനി ക്ലിനിക്കുകൾ ആരംഭിക്കുകയും ചെയ്ത ഇന്ത്യയിലെ ആദ്യ ആശുപത്രികളിൽ ഒന്നാണ് മുംബൈ ഹോളിഫാമിലി. കോവിഡ് ഭീതിയിൽ പല ആശുപത്രികളും അടച്ചു പൂട്ടിയപ്പോഴും ഞങ്ങൾ റഫറൽ സേവനങ്ങൾ നൽകിയിരുന്നു… തുടർന്ന് മാർച്ച് പകുതിയോടെ ഉന്നത നിലവാരമുള്ള PPE കിറ്റുകൾ ഞങ്ങളുടെ ആശുപത്രിയിലെ ജോലിക്കാരുടെ സുരക്ഷിതത്വത്തിനായി ഞങ്ങൾ ലഭ്യമാക്കി. ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കുമായി പലവട്ടം കർശനമായ പരിശീലനവും ബോധവൽക്കരണവും പ്രോത്സാഹന നടപടികളും തുടർച്ചയായി നൽകിയിരുന്നു. അതേസമയം തന്നെ ഉന്നതനിലവാരമുള്ള പ്രവർത്തന മാർഗ്ഗരേഖയ്ക്കും രൂപം നൽകി.
കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഐസൊലേഷൻ വാർഡും തീവ്ര പരിചരണ വിഭാഗവും (ICU) സജ്ജമാക്കാൻ ഒരു മാസത്തോളം സമയം വേണ്ടി വന്നു. കാരണം നിലവിലുള്ളതിൽ നിന്നും വ്യത്യസ്തമായി ഒത്തിരിയേറെ മാറ്റങ്ങൾ അതിനായി വരുത്തേണ്ടി വന്നു. എന്നിട്ടും
സ്വകാര്യ മേഖലയിൽ കോവിഡ് പ്രതിരോധത്തിനായി കൈകോർത്ത ആദ്യ ആശുപത്രികളിൽ ഒന്നാകാൻ ഞങ്ങൾക്ക് സാധിച്ചു. അതിനായി അധികാരികളുമായി ധാരണാപത്രം ഒപ്പിട്ടു. അങ്ങനെ 12 ICU ബെഡ് ഉൾപ്പെടെ 25 കിടക്കകളുമായി ഞങ്ങൾ കോവിഡ് കെയർ സെന്റർ ഞങ്ങളുടെ ആശുപത്രിയിൽ സജ്ജമാക്കി. ഇന്ന് 26 പേർക്ക് വെന്റിലേറ്റർ സൗകര്യം ഉൾപ്പെടെ 130 കോവിഡ് രോഗികൾക്ക് ഞങ്ങൾ മികച്ച നിലവാരമുള്ള ചികിത്സ നൽകിവരുന്നു.
സന്തോഷകരമായ അനുഭവങ്ങൾ
കൊറോണ വൈറസ് ബാധയെ തടയാനായി പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരും രോഗികളെ കൈകാര്യം ചെയ്യുന്നതിനൊപ്പം തന്നെ സ്വന്തം ആരോഗ്യവും സുരക്ഷിതത്വവും ശ്രദ്ധിക്കുകയും അവയെ സംബന്ധിച്ച എല്ലാ ആശങ്കകളും അസ്വസ്ഥതകളും ഒക്കെ അതിജീവിക്കേണ്ടിയും ഇരിക്കുന്നു. ഇത്തരം കഠിനമായ സാഹചര്യങ്ങളിൽ ഒരു ഡോക്ടറെ പ്രവർത്തന നിരതനാക്കുന്നത് എന്താണ്…?
ഒരു രോഗി സുഖം പ്രാപിച്ച് കോവിഡ് നെഗറ്റീവ് ആണെന്ന് അറിയുമ്പോൾ അത് രോഗികൾക്കും അതുവഴി നമ്മുടെ രാജ്യത്തിനും വേണ്ടി കൂടുതൽ ഉന്മേഷത്തോടെ പ്രവർത്തിക്കാനുള്ള ഊർജ്ജം പകരുന്നു എന്നാണ് എന്റെ അനുഭവം.
ഒരേസമയം വെല്ലുവിളിയും ആവേശവും നിറഞ്ഞതാണ് ഈ ശുശ്രൂഷ.
1) ഒരു ജീവൻ രക്ഷിക്കുന്നതിലുള്ള സന്തോഷം
ഒരു സംഭവം ഞാൻ ഓർക്കുന്നു. 71 വയസുള്ള ഒരു രോഗിയെ പനിയും ശ്വാസതടസ്സവും കാരണം ഞങ്ങളുടെ അത്യാഹിത വിഭാഗത്തിൽ കൊണ്ടുവന്നു. വിദഗ്ധ പരിശോധനയിൽ അയാൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് മനസിലായി. ആദ്യം കൃത്രിമ ശ്വാസോച്ഛ്വാസം നൽകുകയും, പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേയ്ക്കും, ഒടുവിൽ വെന്റിലേറ്ററിലേയ്ക്കും മാറ്റേണ്ടിയും വന്നു. രണ്ടാഴ്ച കഴിഞ്ഞ് രോഗസൗഖ്യം നേടി ആശുപത്രി വിടുന്ന അവസരത്തിൽ അദ്ദേഹം ഞങ്ങളോട് നന്ദി പറഞ്ഞപ്പോൾ അത് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം ആയാണ് ഞങ്ങൾക്ക് എല്ലാവർക്കും തോന്നിയത്.
എന്റെ കവിളിൽ കൂടി കണ്ണുനീർ ഒഴുകി ഇറങ്ങിയപ്പോൾ ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചതിലുള്ള സംതൃപ്തി ഞാൻ ശരിക്കും അനുഭവിച്ചു.
2) വേദന കുറയ്ക്കാൻ കഴിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം
കോവിഡ് രോഗബാധിതയായ ഒരു ഗർഭിണിയുടെ പ്രസവ ശുശ്രൂഷയിൽ പങ്കാളിയായത് ഞാൻ ഓർക്കുന്നു. PPE കിറ്റ് ധരിച്ച് പ്രസവ ശുശ്രൂഷ നടത്തുന്നത് എനിക്ക് പുതിയ അനുഭവമായിരുന്നു.
പ്രസവം എടുത്തു കഴിഞ്ഞപ്പോൾ കൈകൾ കൂപ്പി കണ്ണീരോടെ ആ സ്ത്രീ എനിക്ക് നന്ദി പറഞ്ഞു. അത് എനിക്ക് ഒരു സ്വർഗ്ഗീയ അനുഭവമായിരുന്നു. ആ അനുഭവം എന്റെ ഓർമ്മയിൽ എന്നും പച്ചകെടാതെ നിലനിൽക്കും എന്നാണ് എനിക്ക് തോന്നുന്നത്.
ജോലിയുടെ എല്ലാ അസ്വസ്ഥതകൾക്കും മടുപ്പുകൾക്കും മുകളിൽ ഇത്തരം ആത്മനിർവൃതി ഞങ്ങളെ കൂടുതൽ പ്രവർത്തന നിരതരാക്കുന്നു.
3) മികച്ച ചികിത്സാ സൗകര്യങ്ങൾ മറ്റുള്ളവർക്ക് നൽകുന്നതിലുള്ള സന്തോഷം
കോവിഡ് രോഗികൾക്കുള്ള ചികിത്സ ഞങ്ങൾക്ക് ഒരു പുതിയ അനുഭവവും പാഠവുമായിരുന്നു. ചായ്-യുടെ (CHAI – Catholic Health Association of India) ആഭിമുഖ്യത്തിൽ നടത്തിയ രണ്ട് വെബിനാറുകളിലൂടെ എന്റെ അറിവും ചികിത്സാ പരിചയവും രാജ്യത്തെ മറ്റ് ആശുപത്രികളിലെ ഡോക്ടർമാരുമായി പങ്ക് വയ്ക്കാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. മുംബൈ അതിരൂപതയുടെ ക്രൈസിസ് മാനേജ്മെന്റ് സമിതിയിലെ അംഗം എന്ന നിലയിലും എന്റെ അറിവുകൾ പങ്കു വെക്കാൻ ധാരാളം അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.
4) നേതൃത്വം നൽകുന്നതിലെ സന്തോഷം
കോവിഡ് 19 ചികിത്സാ രംഗത്തെ ശ്രദ്ധേയമായ മറ്റൊരു പങ്കാളിത്തം ചായ് നടപ്പിലാക്കിയ ‘കൊറോണ കെയർ ലൈഫ്’ എന്ന സംരംഭത്തിന്റെ ഭാഗമാകാൻ സാധിച്ചതാണ്.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ഇന്റർനെറ്റ് അധിഷ്ഠിത കോൾ സെന്റർ സംവിധാനമാണ് ഇത്. കൊറോണ വൈറസ് ബാധിതർക്ക് വിവിധ ഭാഷകളിൽ കൗൺസലിംഗ് നൽകുവാനായി ചായ്, പ്രോജക്ട് വിഷൻ, ബില്ല്യൺ ലൈവ്സ്, സിസ്റ്റർ ഡോക്ടേഴ്സ് ഫോറം എന്നീ സംഘടനകൾ സംയുക്തമായി നടപ്പിലാക്കിയ പദ്ധതിയിൽ സിസ്റ്റർ ഡോക്ടേഴ്സ് ഫോറത്തിന്റെ പങ്കാളിത്തം ഏകോപിപ്പിച്ചത് ഞാൻ ആയിരുന്നു.
ഒത്തിരി സിസ്റ്റർ ഡോക്ടർമാർ ഈ സംരംഭത്തിൽ വളരെ താല്പര്യത്തോടെയും കാരുണ്യത്തോടെയും സഹകരിച്ചിരുന്നു.
വേദനിപ്പിച്ച അനുഭവങ്ങൾ
സന്തോഷകരമായ ഈ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതോടൊപ്പം തന്നെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകരും ആശുപത്രികളും നേരിടുന്ന ചില വേദനാജനകമായ അനുഭവങ്ങളും കൂടി ഞാൻ പറയട്ടെ. PPE കിറ്റ് ധരിച്ചുള്ള ഐസൊലേഷൻ വാർഡിലെ ജോലി ഒരു വല്ലാത്ത അനുഭവം തന്നെയാണ്. ഇത് ധരിച്ചു കഴിഞ്ഞാൽ പിന്നെ വല്ലതും കഴിക്കാനോ കുടിക്കാനോ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലുമോ ആറ് മണിക്കൂറോളം വരുന്ന ഡ്യൂട്ടി സമയം കഴിയാതെ സാധിക്കില്ല.
1) ശ്വാസം മുട്ടിക്കുന്ന PPE കിറ്റ്
PPE കിറ്റ്, N 95 മാസ്ക്, പ്രത്യേക കണ്ണട, ഫെയ്സ് ഷീൽഡ് എന്നിവ കാണുമ്പോൾ തന്നെ ശ്വാസം മുട്ടിക്കുന്ന തോന്നൽ ഉണ്ടാകും. ഇതോടൊപ്പമുള്ള കണ്ണടയിൽ ജലാംശം ഉണ്ടായി മൂടൽ ഉണ്ടാകുമ്പോൾ അത് കാഴ്ചയെ പോലും ബാധിക്കും. നമ്മൾ പറയുന്നത് മറ്റുള്ളവർക്ക് കേൾക്കണമെങ്കിൽ വളരെ ഉച്ചത്തിൽ സംസാരിക്കേണ്ടതായി വരും. ഇത് പലപ്പോഴും ആശയവിനിമയം പ്രയാസകരമാക്കും. മാത്രമല്ല വേഗം ക്ഷീണിക്കാനും ഇത് കാരണമാകും. രോഗികളുടെ ബന്ധുക്കളോട് ഫോണിലൂടെ സംസാരിക്കുമ്പോഴും സ്വരം ഉയർത്തി പറയേണ്ടി വരും. മുംബൈയിലെ അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലുള്ളതിനാൽ വളരെ വേഗം വിയർത്തു കുളിക്കുകയും ചെയ്യും. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ചലനം പോലും ഇത് പ്രയാസമാക്കും.
വെറുതെയല്ല, ഈ രംഗത്ത് പ്രവർത്തിക്കുന്ന പല ആരോഗ്യ പ്രവർത്തകരും പെട്ടെന്ന് തന്നെ തളർന്ന് രോഗബാധിതരായി മാറിയത്.
2) ആരോഗ്യ പ്രവർത്തകരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ആശങ്കകൾ
വീടുകളിൽ ആയിരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ കുടുംബാംഗങ്ങൾ വളരെയധികം ആശങ്കയോടെ ആണ് കഴിയുന്നത്. മുംബൈയിലെ രോഗബാധ വർദ്ധിച്ചു വരുന്ന വിവരങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞ ഞങ്ങളുടെ ഒത്തിരി നേഴ്സ്മാരുടെ വീട്ടുകാർ ജോലി രാജിവെച്ച് വീടുകളിലേയ്ക്ക് തിരിച്ചു പോരാൻ അവരെ നിർബന്ധിച്ച അനുഭവം ഒത്തിരിയേറെ ഉണ്ടായിട്ടുണ്ട്.
ഇത് പലപ്പോഴും ഞങ്ങളുടെ ജോലി ഭാരം ഇരട്ടിയാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ജോലിക്കാരുടെ കുടുംബാംഗങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ഒത്തിരി സമയം ചിലവഴിക്കേണ്ടി വരാറുണ്ട്. ജോലിക്കാരിൽ പലർക്കും അവരുടെ വീടുകളിലെ പല ചടങ്ങുകളിലും പങ്കെടുക്കാൻ സാധിക്കാതെ വരുന്നു. ചിലർക്ക് വിവാഹം പോലും മാറ്റി വയ്ക്കേണ്ടി വന്നിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകരുടെ ഈ ത്യാഗങ്ങൾ ആരെങ്കിലും അറിയുകയും ഓർക്കുകയും ചെയ്യാറുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്.
3) രോഗബാധിതരാകുന്ന ആരോഗ്യ പ്രവർത്തകർ
ഒരു മാസം മുമ്പ് ഞങ്ങളുടെ ആശുപത്രിയിലെ ഒരു ഡോക്ടറും മൂന്ന് കന്യാസ്ത്രീകളും കോവിഡ് ലക്ഷണങ്ങൾ കാണിച്ചതിനേത്തുടർന്ന് അവർ സേവനം അനുഷ്ഠിച്ചിരുന്ന ഐസൊലേഷൻ വാർഡിൽ തന്നെ അഡ്മിറ്റ് ആയി. അതൊരു ഞെട്ടിക്കുന്ന വാർത്ത ആയിരുന്നു. എനിക്ക് വല്ലാത്ത ആശങ്കയും വിഷമവുമായി. അവരുടെ ആരോഗ്യം സംബന്ധിച്ച ഭീതി ഒരുവശത്ത്.
.. മറുവശത്ത് കൂടുതൽ ജോലിക്കാർക്ക് രോഗം ബാധിക്കുമോ എന്ന ആശങ്ക..
. കോവിഡ് വാർഡിൽ സേവനം ചെയ്യാൻ ആവശ്യമായ ജോലിക്കാരെ കിട്ടാതെ ഞാൻ ശരിക്കും വിഷമിച്ചു. അങ്ങനെയാണ് ഞങ്ങൾ ജോലിക്കാരെ ഉറപ്പ് വരുത്താൻ പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്.
4) മാധ്യമങ്ങളുടേയും സന്നദ്ധ പ്രവർത്തകരുടെയും സമ്മർദ്ദം
രാജ്യത്തെ തന്നെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളും വിദഗ്ധരും ഉള്ള സ്ഥലമാണ് മുംബൈ. എങ്കിൽ പോലും പലപ്പോഴും ഒത്തിരി വിഷമകരമായ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. വേണ്ടത്ര കിടക്കകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ രോഗികളെ തിരസ്കരിക്കേണ്ട സാഹചര്യം ഉണ്ടായിട്ടും പലരുടെയും നിരന്തരമായ സമ്മർദ്ദത്തെ തുടർന്ന് രോഗികളെ അഡ്മിറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇത് വാസ്തവവിരുദ്ധമായ പല പ്രചരണങ്ങളും വ്യാജ ആരോപണങ്ങളും ഉയരാൻ ഇടയാക്കിയിട്ടുണ്ട്. മാത്രമല്ല ആശുപത്രി അധികൃതർക്കും ജോലിക്കാർക്കും ഒത്തിരി ബുദ്ധിമുട്ടും മാനഹാനിയും ഒക്കെ ഉണ്ടാക്കുകയും അത് ആശുപത്രിയുടെ നടത്തിപ്പിനെ തന്നെ വളരെ ദോഷകരമായി ബാധിക്കുകയും ചെയ്ത അനുഭവം ഉണ്ടായിട്ടുണ്ട്.
കോവിഡ് രോഗബാധ തടയാൻ മുൻപന്തിയിൽ തന്നെ പൊരുതിയ ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും നേരെ ഭീഷണികളും ആക്ഷേപങ്ങളും ഉണ്ടായത് അങ്ങേയറ്റം വേദനാജനകമാണ്.
പ്രതിസന്ധികൾക്ക് നടുവിലും ദൈവിക സാന്നിധ്യം അനുഭവിച്ചു കൊണ്ട്
കോവിഡ് വ്യാപനത്തെ തുടർന്ന് ഉണ്ടായ ആഗോള പ്രതിസന്ധി ഒത്തിരി ആശങ്കകളും വൈഷമ്യങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കിയെങ്കിലും ഞങ്ങൾക്ക് ഇത് തീക്ഷ്ണമായ പ്രാർത്ഥനയുടെ ദിവസങ്ങളായിരുന്നു.
ഞങ്ങളുടെ സന്യാസ സഭയിലെ എല്ലാ ഭവനങ്ങളിലും ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്ന ഞങ്ങൾക്ക് വേണ്ടി തുടർച്ചയായി പ്രാർത്ഥന ഉയർന്നിരുന്നു. അവരുടെ പ്രാർത്ഥനയുടെയും പിന്തുണയുടേയും ശക്തിയാണ് ഈ വലിയ പ്രതിസന്ധി ഘട്ടങ്ങളിൽ ഞങ്ങൾക്ക് ആവശ്യമായ ധൈര്യവും ജ്ഞാനവും ശക്തിയും പകർന്നു തന്നത്.
ദൈവത്തിന്റെ പരിപാലനവും സംരക്ഷണവും വളരെ പ്രകടമായി തന്നെ ദർശിക്കാൻ എനിക്ക് ഒത്തിരിയേറെ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ സുഹൃത്തുക്കളുടേയും അഭ്യുദയ കാംക്ഷികളുടേയും നിർല്ലോഭമായ പിന്തുണയും സഹായവും ഞങ്ങൾക്ക് ലഭിച്ചിരുന്നു. അവരുടെ സന്മനസും ഔദാര്യവുമാണ് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായ അവസരങ്ങളിൽ പോലും ആശുപത്രിയുടെ പ്രവർത്തനം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾക്ക് സഹായകമായത്. ഞങ്ങളുടെ രോഗികൾക്ക് സൗഖ്യം ലഭിച്ചതിൽ ദൈവത്തിന്റെ ശക്തമായ സാന്നിധ്യവും അത്ഭുത രോഗശാന്തിയും ഞങ്ങൾക്ക് നേരിട്ട് അനുഭവവേദ്യമായതാണ്.
ഈ വെല്ലുവിളികൾക്കിടയിലും കോവിഡ് 19 എന്ന മഹാ വ്യാധിയ്ക്ക് എതിരേയുള്ള പോരാട്ടത്തിൽ മുൻപന്തിയിൽ തന്നെ നിൽക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
ഈ രോഗബാധയെ തുരത്തുന്നതിൽ ആരോഗ്യ പ്രവർത്തകർ കാണിക്കുന്ന അസാമാന്യ ധൈര്യവും സമർപ്പണബോധവും നിരന്തരമായ പരിശ്രമങ്ങളും സ്തുത്യർഹമായ സേവനവും അങ്ങേയറ്റം ശ്ലാഹനീയമാണ്. ഏറെ താമസിയാതെ തന്നെ ഈ പോരാട്ടത്തിൽ നമ്മൾ വിജയിക്കും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.
ആകുലരുടെ ആലംബമായ പരിശുദ്ധ അമ്മേ, ഈ പ്രതിസന്ധി ഘട്ടങ്ങളിൽ ഞങ്ങൾ സുരക്ഷിതരായിരിക്കാൻ അമ്മ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ…

.…*# Voice of Nuns*
മൊഴിമാറ്റം – സോഫി റോസ് ജോസ്