പണിയെടുക്കാൻ മതി കർഷകർ, വിളവെടുക്കാൻ നേതാക്കന്മാരായ ഞങ്ങളുണ്ട്…
ദേ കാലത്തിന്റെ പോക്ക് എങ്ങോട്ടാണ്… മൃഗാധിപത്യം വന്നാൽ എന്ന് പണ്ട് കുട്ടികളുടെ മാസികയിൽ കണ്ട് പരിചയിച്ചവരൊക്കെ ഇന്ന് മൂക്കത്ത് വിരൽ വയ്ക്കേണ്ട അവസ്ഥ… മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച് ആരെയെങ്കിലും കൊന്നാൽ ജാമ്യം ലഭിക്കുന്ന വിധത്തിൽ നിസാര വകുപ്പുകൾ ചേർത്ത് എഫ്ഐആർ എഴുതുന്ന ഒരു കൂട്ടർ ഒരുവശത്ത്, മൃഗങ്ങൾക്ക് അപകടം സംഭവിച്ചാൽ അതിന്റെ കാരണക്കാരന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുക്കുന്ന വിഭാഗം മറുവശത്ത്.
ഈ രണ്ടിൽ ഏതാണ് ശരി? പ്രമാണിമാർക്കും സാധാരണക്കാർക്കും രണ്ട് നീതി എന്നതല്ലേ ഇവിടെ കണ്ടത്?
ആന ചവിട്ടിയാൽ ങേഹേ… ആനയെ ചവിട്ടിയിൽ ഓഹോ…
ഈ വർഷം മേയിൽ പാലക്കാട് പടക്കം പൊട്ടി ആന ചരിഞ്ഞ സംഭവം ആരും മറക്കാനിടയില്ല. ആന ചരിഞ്ഞതു മാത്രമല്ല, ആ ആന ഗർഭിണിയാണെന്ന വാർത്തകൂടി പരന്നപ്പോൾ ലോകം മുഴുവൻ കേരളത്തെ കുറ്റപ്പെടുത്തി. കേരളത്തിലെ പരിസ്ഥിതിവാദികളും ഫ്ലാറ്റുകളിൽ അന്തിയുറങ്ങുന്നവരുമായ സമൂഹം എന്തു ചെയ്തു? ഗർഭിണിയായ ആനയെ കൊന്നു, കൊടും ക്രൂരത, മനുഷ്യൻ എന്ന പരാജയം, കർഷകരാണ് എല്ലാത്തിനും കാരണം എന്നൊക്കെ പറഞ്ഞ് ഫെയ്‌സ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും ആനയുടെ ചിത്രവും നിരത്തി നിലവിളി തുടങ്ങി. ഗത്യന്തരമില്ലാതെ ചില കർഷകർ മറുപടിയുമായി രംഗത്തിറങ്ങി. ‘കർഷകന്റെ കരച്ചിലിന്റെ ശബ്ദത്തോളം വരില്ല ഒരാനയുടെയും ചിന്നം വിളി’ എന്ന ഒരു യുവാവിന്റെ പോസ്റ്റിനെ കർഷകർ ഏറ്റെടുത്തപ്പോൾ ‘തെറി’യഭിഷേകം നടത്തിയ ഒരു വലിയ സമൂഹം ചുറ്റുമുണ്ടായിരുന്നു.
കർഷകർ വെറുതെ ഇരിക്കില്ല
അള മുട്ടിയാൽ ചേരയും കടിക്കും എന്ന ചൊല്ല് അന്വർഥമാക്കുന്ന കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. കാരണം ആനയെ കൊന്നെന്ന പേരിൽ കർഷകനെ അറസ്റ്റ് ചെയ്തതും കാട്ടുപന്നിയുടെ ശരീരത്തോട് അനാദരവ് കാണിച്ചെന്ന പേരിൽ മറ്റൊരു കർഷകനെ അറസ്റ്റ് ചെയ്തതുമെല്ലാം കർഷക സമൂഹത്തെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ഒരു രാഷ്ട്രീയ കക്ഷികളുടെയും പിന്തുണയില്ലാതെ ഒരു സംഘടന രൂപപ്പെടാൻ മുകളിൽ സൂചിപ്പിച്ചതുപോലെയുള്ള കർഷകദ്രോഹ നടപടികൾ കാരണമായി. അതെ, കർഷകർക്കുവേണ്ടി കർഷകർ രൂപീകരിച്ച ഒരു സംഘടന, ഒന്നല്ല ഒട്ടേറെ സംഘടനകൾ ഈ കാലഘട്ടത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വളർന്നു.
കർഷകർ വേണം, പക്ഷേ കർഷകരെ വേണ്ട
ഇതാണല്ലോ പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട്. മണ്ണിൽ പണിയെടുത്ത് ഭക്ഷ്യോൽപന്നങ്ങൾ ഉൽപാദിപ്പിക്കാൻ കർഷകർ വേണം. എന്നാൽ, മുഖ്യധാരയിലേക്ക് വരാൻ പാടില്ല. ഇത് പറയുമ്പോൾ, വളരെ നാളുകൾക്ക് മുമ്പ് നടന്ന ഒരു ഉദ്ഘാടനം ഓർമ വരുന്നു. 2014 കാലഘട്ടം. കേരളത്തിൽ ഫാർമേഴ്സ് ക്ലബ്ബുകൾ വളർന്നുവരുന്ന സമയം. കേരളത്തിലെതന്നെ ഒരു പ്രമുഖ ബാങ്കിനു കീഴിയിൽ പ്രവർത്തിച്ചുവന്നിരുന്ന ഫാർമേഴ്സ് ക്ലബ്ബ് കർഷകർക്കുവേണ്ടി ഒരു കാർഷികോൽപന്ന സംഭരണശാല തുറന്നു. കർഷകന്റെ എന്ത് ഉൽപന്നവും അവിടെ വിൽക്കാം. ആർക്കും വാങ്ങാം. ഇനിയാണ് രസം, സംഭരണകേന്ദ്രത്തിന്റെ ഉദ്ഘാടനം. മന്ത്രി, രാഷ്ട്രീയ നേതാക്കൾ, ബാങ്ക് ഭരണസമിതി… എന്നിങ്ങനെ ഒട്ടേറെ പ്രമുഖർ. സംഭരണകേന്ദ്രത്തിന്റെ നടത്തിപ്പ് ഏതാനും കർഷകർക്കാണ്. ഉദ്ഘാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും അവർ ഓടിനടന്ന് ചെയ്തു. സമയമായി… മന്ത്രി വന്നു… മറ്റു പ്രമുഖർ വന്നു… വേദിയിലെ കസേരകൾ നിറഞ്ഞു… ആ കസേരകളിൽ ആരും പ്രതീക്ഷിക്കാത്ത ചിലരും… വെള്ളയും വെള്ളയുമിട്ട് നാട്ടിൽ ഒരു പണിയിലുമില്ലാതെ നടന്നിരുന്ന ചിലർ… മറ്റു ചിലരാവട്ടെ അവിടുത്തെ നിയന്ത്രണങ്ങളെല്ലാം സംഘാടകരായ കർഷകരുടെ പക്കൽനിന്ന് ഏറ്റെടുത്തു. ഒടുവിൽ, ആ കർഷകർ അപമാനിതരമായി അവിടുന്ന് തലകുനിച്ചിറങ്ങി… ചുരുക്കത്തിൽ കർഷകന്റെ വിയർപ്പിന്റെ ഫലം കൊയ്യാൻ ഇത്തിൾകണ്ണികൾ തക്കംപാർത്തിരിപ്പുണ്ടെന്നു സാരം. ഉദ്ഘാടനത്തിനുശേഷം വെള്ളയും വെള്ളയുമിട്ട ആളുകളെ ആ പരിസരത്തു കണ്ടില്ല. കർഷകർ തന്നെ ആ സംഭരണകേന്ദ്രം നാട്ടിലെ കർഷകരുടെ ആശ്രയമായി ഇന്നും മുന്നോട്ടുപോകുന്നു.
പ്രകൃതിയിലുമുണ്ട് ഇത്തിൾക്കണ്ണികൾ
നേതാക്കന്മാരെന്നു സ്വയം പ്രഖ്യാപിച്ചു നടക്കുന്ന ഇത്തിൾക്കണ്ണികളേപ്പോലെ മറ്റു ചിലരും കർഷകരുടെ അധ്വാനത്തിന് പങ്കുപറ്റാൻ എത്തുന്നുണ്ട്. ആന, കാട്ടുപന്നി, മുള്ളൻപന്നി, മയിൽ, മലയണ്ണാൻ എന്നിങ്ങനെ ആ പട്ടിക നീളും. വെയിലും മഴയും വകവയ്ക്കാതെ അധ്വാനിച്ചുണ്ടാക്കുന്നത് വിളവെടുക്കാനാണ് ഇത്തരക്കാർക്ക് പ്രിയം. കർഷകരെ ദ്രോഹിക്കുന്നതിൽ മൃഗങ്ങൾ പ്രത്യേക ഉന്മാദം കണ്ടെത്തുമ്പോൾ വാക്കുകൾക്കൊണ്ട് കർഷകരെ പിന്നിൽനിന്ന് കുത്തി മറ്റൊരു ഉന്മാദാവസ്ഥയിൽ ആറാടുകയാണ് പരിസ്ഥിതിവാദികൾ. പരിസ്ഥിതിക്കുവേണ്ടി വാദിക്കുന്ന പരിസ്ഥിതിവാദികൾ വയൽ നികത്തി കെട്ടിപ്പൊക്കിയ ഫ്ലാറ്റുകളിലോ പാറ പൊട്ടിച്ച് കല്ലും മെറ്റലും മണലുമുണ്ടാക്കി അത് ഉപയോഗിച്ച് നിർമിച്ച വീടുകളിലുമൊക്കെയോ ആണ് താമസിക്കുന്നതെന്നത് എന്തൊരു വിരോധാഭാസം.
കാടു പോരാ നാടു തന്നെ വേണം
ഒരിടത്തെ താമസം മടുക്കുമ്പോൾ ആരാ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി ഇറങ്ങാത്തത്? അതും ആവശ്യത്തിന് ഭക്ഷണവും വെള്ളവും വലിയ അധ്വാനമില്ലാതെ ലഭിക്കുന്നിടം കണ്ടെത്തിയാൽ. കാടിറങ്ങുന്ന പല മൃഗങ്ങളും ഭക്ഷണം തേടി വരുന്നതാണ്. എന്തുകൊണ്ടായിരിക്കാം? കാട്ടിൽ അവയ്ക്ക് അവശ്യമായ ഭക്ഷണം ഇല്ലാതെവരുന്നു. ഉണ്ടെങ്കിൽത്തന്നെ കണ്ടെത്താൻ കഷ്ടപ്പെടേണ്ടിവരുന്നു. വയർ നിറയെ ഭക്ഷണം ചുരുങ്ങിയ സ്ഥലത്ത് കട്ടിയാൽ മൃഗങ്ങളല്ല ആരായാലും അവിടുന്നു പിൻവാങ്ങില്ല. അപ്പോൾ കാട്? കാട് കാടായിത്തന്നെ നിലനിൽക്കുന്നു. പക്ഷേ, ജൈവവൈവിധ്യങ്ങളുടെ കാടല്ലെന്നു മാത്രം, തേക്കിൻകാടും യുക്കാലിക്കാടും അക്കേഷ്യക്കാടുമൊക്കെയായി മാറിയിരിക്കുന്നു. അവിടെവിടെയാണ് ഭക്ഷണം? സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ ഒരുപക്ഷേ മൃഗങ്ങൾ ഇങ്ങനെ ചോദിച്ചിരിക്കും.
താമസിക്കാൻ വീടും വേണം
കൃഷിയിടങ്ങളിലെ വിളവെടുപ്പ് അവസാനിച്ചതുകൊണ്ടാകും കാട്ടുപന്നികൾ വിശ്രമത്തിനായി അടച്ചുറപ്പുള്ള വീടും തിരഞ്ഞെടുത്തു തുടങ്ങിയത്. ചരിത്രത്തിലാദ്യമായി കാട്ടുപന്നികൾ വീടിനുള്ളിൽ കയറി. അത് വാർത്തയായപ്പോഴോ… വീടിന്റെ വാതിൽ തുറന്നിട്ടതായി കുറ്റം. എല്ലാത്തിനും ഒടുവിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് വരുന്നു. വീടുകൾ തോറും സ്ഥാനാർഥിയും രാഷ്ട്രീയ പ്രമുഖരും കയറിയിറങ്ങുന്നു. തങ്ങളോട് വോട്ട് ചോദിച്ച് വരേണ്ടതില്ലെന്ന് കർഷകർ പ്രഖ്യാപിച്ചുകഴിഞ്ഞു. ഒന്നുറപ്പായി, കർഷകരെ അവഗണിച്ച രാഷ്ട്രീയ പ്രമുഖർ കാട്ടുപന്നിയുടെ വോട്ട് തേടേണ്ടിവരും.
തോക്കില്ല, ഓർഡർ മാത്രമുണ്ട്
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവ് ഏറ്റവും വലിയ കോമഡി. തിരഞ്ഞെടുപ്പു കാലമായതിനാൽ ലൈസൻസ് ഉള്ള എല്ലാ തോക്കുകളും പോലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്യേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ കൃഷിസ്ഥലത്ത് പന്നികൾ വന്ന് സംഹാരതാണ്ഡവം ആടിയാലും നോക്കി നിൽക്കാൻ മാത്രമേ കർഷകർക്ക് കഴിയൂ. തിരഞ്ഞെടുപ്പ് കഴിഞ്ഞ്, നടപടിക്രമങ്ങൾ പൂർത്തിയാക്കി തോക്കുകൾ തിരികെ കിട്ടുമ്പോഴേക്ക് കൃഷിസ്ഥലം തരിശുഭൂമിയായി മാറിയിട്ടുണ്ടാകും. തോക്കില്ലെങ്കിലും വെടിവയ്ക്കാനുള്ള അനുമതി ആറു മാസത്തേക്കുകൂടി നീട്ടിയിട്ടുണ്ടല്ലേ, ആ ഉത്തരവ് കാണിച്ചാൽ ഒരുപക്ഷേ പന്നികൾ തിരികെപോയേക്കും!
കടപ്പാട് - കർഷകശ്രീ