
സോഷ്യൽ മീഡിയ നാം ഉപയോഗിക്കണം, എന്നാൽ നമ്മെ ഉപയോഗിക്കാൻ അനുവദിക്കരുത്!
ഏതാനും ആഴ്ചകൾക്കു മുമ്പ് Netflix ൽ റിലീസ് ചെയ്ത് ലോകം മുഴുവൻ ശ്രദ്ധിച്ച ഒരു ഡോക്യുമെന്ററിയാണ് ‘The Social Dilemma.’ ഗൂഗിൾ, ഫേസ്ബുക്ക്, റ്റ്വിറ്റർ, തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ഒരു കൂട്ടം സോഫ്റ്റ് വെയർ വിദഗ്ദരാണ് ഈ ഡോക്യുമെന്ററിയിൽ നമ്മോടു സംസാരിക്കുന്നത്. ടെക്ക് ഇൻഡസ്ട്രിയിൽ നിൽക്കുന്നവർക്കു പോലും പൂർണ്ണമായി അറിയാത്ത എന്നാൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വളരെ വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് അവർ പറയാൻ ശ്രമിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ ആവിർഭവിച്ച് ആധുനിക മനുഷ്യന്റെ ജീവിത ശൈലിയുടെ ഭാഗമായി മാറിയ ഒരു ശക്തിയാണ് സോഷ്യൽ മീഡിയ. പരസ്പരം റിലേറ്റു ചെയ്യാനുള്ള മനുഷ്യന്റെ സ്വാഭാവിക പ്രവണതയെ അതിതീവ്രമായി ആവിഷ്കരിക്കാൻ സോഷ്യൽ മീഡിയ സഹായിക്കുന്നുണ്ട്. വൈജ്ഞാനികം, വിനോദം, കമ്മ്യൂണിക്കേഷൻ തുടങ്ങി ഒട്ടനേകം രംഗങ്ങളിൽ വലിയ മുന്നേറ്റത്തിന് സോഷ്യൽ മീഡിയ തുടക്കം കുറിച്ചിട്ടുണ്ട്. വളരെ വേഗത്തിൽ ഒരുപാട് ആളുകളിലേക്കെത്താൻ കഴിയും എന്നതാണ് സോഷ്യൽ മീഡിയയുടെ പ്രത്യേകത. നമ്മുടെ ബന്ധങ്ങൾ മെച്ചപ്പെടുത്താനും വിവരങ്ങൾ വേഗത്തിലറിയാനും ആരോഗ്യ സുരക്ഷാ മുന്നറിയിപ്പുകൾക്കും കലാസാംസ്കാരിക സംവേദനങ്ങൾക്കുമൊക്കെ സോഷ്യൽ മീഡിയ വൻതോതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇപ്പോൾ ഈ കാര്യങ്ങൾ നിങ്ങളോടു സംവദിക്കാൻ കഴിയുന്നതു പോലും ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ്.
ഒട്ടേറെ നന്മകൾ എണ്ണിപ്പറയാനുണ്ടെങ്കിലും അതിനൊരു മറുവശമുണ്ട്. അവയുടെ ഉപയോഗത്തിൽ നാമറിഞ്ഞിരിക്കേണ്ട സുപ്രധാനമായ ആ മറുവശത്തേക്കുറിച്ചാണ് ‘ദ സോഷ്യൽ ഡിലമ’ സംസാരിക്കുന്നത്.
1. ഒന്നാമതായി ഇതൊരു വമ്പൻ മാർക്കറ്റാണ്. മനുഷ്യ ചരിത്രത്തിൽ മുൻപൊന്നും നമ്മൾ കണ്ടിട്ടില്ലാത്ത ഒരു തരം മാർക്കറ്റ് പ്ലെയിസ്. ഇവിടെ വിൽക്കപ്പെടുന്നത് മനുഷ്യരാശിയുടെ ഭാവി തന്നെയാണ്- The future of humanity. ഇതൊരു മാർക്കറ്റ് പ്ലെയിസാണെങ്കിൽ ആരാണ് ഇവിടുത്തെ കസ്റ്റമേഴ്സ്?
മാർക്കറ്റിൽ പണം മുടക്കി പ്രൊഡക്ട് വാങ്ങുന്നവനാണ് കസ്റ്റമർ. ഇവിടെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നമ്മൾ പണം മുടക്കുന്നില്ല. അപ്പോൾ നമ്മളല്ല കസ്റ്റമേഴ്സ്സ്. പിന്നെ ആരാണ്?
പണം മുടക്കുന്ന പരസ്യദാതാക്കളാണ് കസ്റ്റമേഴ്സ്. പണം മുടക്കി അവർ വാങ്ങുന്ന പ്രൊഡക്ട്സ് എന്താണ്?
സോഷ്യൽ മീഡിയ യൂസേഴ്സാണ് പ്രൊഡക്ട്സ്. സത്യത്തിൽ നമ്മളാണ് പ്രോഡക്ടസ്. അതായത് ഇവിടെ വിറ്റഴിക്കപ്പെടുന്നത് നമ്മുടെ സമയം, നമ്മുടെ ശ്രദ്ധ, നമ്മുടെ ഊർജ്ജം. നമ്മുടെ സുഹൃത്തുക്കളുടെ അപ്ഡേറ്റ്സ് ഉപയോഗിച്ച്, നമുക്കു കിട്ടുന്ന ലൈക്കുകളും കമന്റുകളും ഷെയറുകളും ഉപയോഗിച്ച് നമ്മുടെ ശ്രദ്ധയും സമയവും പിടിച്ചു നിർത്താൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മത്സരിക്കുകയാണ്. ഇവിടെ വിൽപ്പനച്ചരക്കാവുന്നത് നമ്മൾ തന്നെയാണ് എന്ന ഞെട്ടിക്കുന്ന സത്യം നമ്മൾ പലപ്പോഴും തിരിച്ചറിയുന്നേയില്ല.
എന്താണ് ആ വിൽപ്പനയുടെ അനന്തരഫലം?
ആ വിൽപ്പനയിലൂടെ ലോക ചരിത്രത്തിലെ ഏറ്റവും ലാഭമുണ്ടാക്കിയ കമ്പനികളായി ഇന്റർനെറ്റ് കമ്പനികൾ മാറി. ഇതാണ് ‘ദ സോഷ്യൽ ഡിലമ’ ചർച്ച ചെയ്യുന്ന ഒന്നാമത്തെ വിഷയം –
You are being sold out in social media.

2. രണ്ടാമതായി, നാം നൽകുന്ന വിവരങ്ങൾ അവർ എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നുള്ളതാണ്.
പണം നൽകുന്ന പരസ്യദാതാക്കൾക്കു വേണ്ടി നമ്മുടെ ശ്രദ്ധയും സമയവും പ്രതികരണങ്ങളും മാക്സിമം പിടിച്ചു നിർത്താനാണ് സോഷ്യൽ മീഡിയ മൽസരിക്കുന്നത്. അതിനു വേണ്ടി അവർ ചെയ്യുന്നത് – They will collect and manipulate your data.
നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി അവർ ക്രമേണ നമ്മെ മനസ്സിലാക്കും, ഓൺലൈനിൽ നാം ചെയ്യുന്ന എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തും, നിരീക്ഷിക്കും, വിശകലനം ചെയ്യും, വിലയിരുത്തും. നമ്മുടെ ചിന്തകൾ, നമ്മുടെ ഓൺലൈൻ ഇന്ററാക്ഷൻസ്, നമ്മുടെ സുഹൃത്തുക്കൾ, അവരുടെ താൽപ്പര്യങ്ങൾ തുടങ്ങി നമ്മുടെ ഓരോ ചലനങ്ങളും നിരീക്ഷിച്ച് നമ്മൾ ആരാണെന്ന് നമ്മെക്കാൾ നന്നായി അവർ മനസ്സിലാക്കും; നമ്മളറിയാതെ തന്നെ. ആ വിവരങ്ങളുപയോഗിച്ച് അവർ നമ്മുടെ ഒരു വെർച്ച്വൽ മോഡൽ സൃഷ്ടിക്കും.
നമ്മൾ എന്താണ് കാണുന്നത്, എന്താണ് കേൾക്കുന്നത്, എന്താണ് ഷെയർ ചെയ്യുന്നത്, എന്താണ് ഇഷ്ടപ്പെടുന്നത്, എന്താണ് നമ്മുടെ പ്രതികരണങ്ങൾ, വികാരങ്ങൾ… അങ്ങനെ ഒട്ടേറെ കാര്യങ്ങൾ കൃത്യമായി അവർ പ്രവചിക്കും.
അതിനു യോജിച്ച feedട അവർ നമുക്കു തരും. അടുത്തതായി നമ്മൾ എന്തു ചെയ്യും എന്നു കൃത്യമായി പ്രവചിക്കാൻ കഴിയുന്ന ഏറ്റവും മികച്ച മോഡൽ സൃഷ്ടിക്കുന്നവനാണ് മാർക്കറ്റിലെ വിജയി. അവനു കൂടുതൽ പരസ്യം കിട്ടും. പണം കിട്ടും. Your psychology is hacked for their business.
കാലക്രമത്തിൽ അവർക്കു വേണ്ടത് നമ്മെക്കൊണ്ടു ചെയ്യിക്കുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങൾ മാറും. നമ്മെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത് നമ്മുടെ അനുവാദമില്ലാതെ തന്നെ അവരുടെ ബിസിനസ് താൽപ്പര്യങ്ങൾക്കായി വിനിയോഗിക്കും.
ഇതാണ് രണ്ടാമത്തെ വിഷയം- data manipulation!

3. മൂന്നാമതായി സമൂഹ രൂപീകരണത്തിൽ ഇത്തരം പ്ലാറ്റ്ഫോമുകൾക്കുള്ള സ്വാധീനത്തെക്കുറിച്ചാണ്. ഉദാഹരണത്തിന് നമ്മൾ രണ്ടുപേർ വിക്കിപീഡിയയിൽ ഒരേ കാര്യം സേർച്ച് ചെയ്താൽ നമുക്കു രണ്ടു പേർക്കും കിട്ടുന്നത് ഒരേ വിവരങ്ങളായിരിക്കും. എന്നാൽ സോഷ്യൽ മീഡിയയിൽ അങ്ങനെയല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഒരാളുടെ താൽപ്പര്യങ്ങൾ മനസ്സിലാക്കി അതിനു യോജിച്ച വിവരങ്ങളാണ് സോഷ്യൽ മീഡിയ നമ്മുടെ മുന്നിലെത്തിക്കുന്നത്. അടുത്തടുത്തിരുന്ന് ഫേയ്സ് ബുക്ക് ഉപയോഗിക്കുന്ന രണ്ടു പേർക്കും കിട്ടുന്നത് വ്യത്യസ്തമായ വിവരങ്ങളായിരിക്കും. സോഷ്യൽ മീഡിയയെ അമിതമായി ആശ്രയിക്കുന്ന ഒരു തലമുറ വളർന്നു വരുമ്പോൾ ഒബ്ജക്ടീവായ ഒരു world view അവർക്കില്ലാതെ വരും. പൊതുവായ അഭിപ്രായ രൂപീകരണം സാധ്യമാവാതെ അത് സമൂഹത്തിന്റെ നാശത്തിൽ കലാശിക്കും.
4. ഇനി ഓരോ ദിവസത്തേയും നമ്മുടെ സ്ക്രീൻ ടൈം പരിശോധിച്ചാലറിയാം നാം സോഷ്യൽ മീഡിയയിൽ എത്രയധികം സമയമാണ് ചെലവഴിക്കുന്നത് എന്ന്. അതായത് unproductive ആയി എത്രയധികം സമയമാണ് നഷ്ടപ്പെടുന്നത്. അതും വളർന്നു വരുന്ന ഒരു തലമുറയുടെ വിലപ്പെട്ട ഒരുപാടു സമയം വെറുതേ ചെലവഴിക്കപ്പെടുകയാണ്.
ഒരു ദിവസം 4 മണിക്കൂർ ചെലവഴിച്ചാൽ, ഒരു മാസം 5 ദിവസം, ഒരു വർഷം രണ്ടു മാസം, 75 വർഷത്തിൽ 12.5 വർഷം – ആയുസ്സിന്റെ ആറിലൊന്ന്! ഈ സമയം ‘മുഴുവൻ’ unproductive ആണെന്നു പറയുന്നില്ല; പക്ഷെ… ചിന്തിക്കേണ്ടതുണ്ട്!

5. സോഷ്യൽ മീഡിയയുടെ വരവോടെ റിയൽ ലൈഫ് ബന്ധങ്ങൾ കുറയുകയും Virtual relations കൂടുകയും ചെയ്തിട്ടുണ്ട്. ഒരു വീട്ടിൽ താമസിക്കുമ്പോഴും എല്ലാവരും മൊബൈൽ ഫോണിൽ അവരവരുടെ ലോകത്താണ്. ഒരുമിച്ചു ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ ആർക്കും താൽപ്പര്യമില്ല. ‘എനിക്കുണ്ടൊരു ലോകം, നിനക്കുണ്ടൊരു ലോകം, നമുക്കില്ലൊരു ലോകം’ എന്ന് കുഞ്ഞുണ്ണി മാഷ് പാടിയത് എത്ര അന്വർത്ഥമായിരിക്കുന്നു.
6. ചെറിയ പ്രായത്തിൽ തന്നെ സോഷ്യൽ മീഡിയയുടെ വിശാലവും സ്വതന്ത്രവുമായ ലോകത്തേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് പലതരത്തിലുള്ള മാനസിക പിരിമുറുക്കങ്ങൾ ഈ പ്ലാറ്റ്ഫോമുകൾ സമ്മാനിക്കും. ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന കുട്ടികൾ ഒരുമിച്ചു വരുമ്പോൾ തങ്ങളുടെ പോസ്റ്റുകൾക്ക് കിട്ടിയ ലൈക്കുകളും കമന്റുകളും പരസ്പരം താരതമ്യം ചെയ്യും.
കുറഞ്ഞ ലൈക്ക് കിട്ടിയവൻ മോശക്കാരനാണെന്ന ഒരു ധാരണ രൂപപ്പെടാം. കൂടുതൽ ലൈക്കുകൾ നേടാനുള്ള അർത്ഥശൂന്യമായ പരക്കംപാച്ചിൽ മാനസിക പിരിമുറുക്കങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ ലൈക്കുകളും മോശം കമന്റുകളും അവരെ നിരാശാബോധത്തിലേക്കും അപകർഷതാ ബോധത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടും. ഒരു ചെറിയ കൂട്ടത്തിൻ്റെ അഭിപ്രായമാണ് തന്നെക്കുറിച്ചുള്ള ലോകത്തിന്റെ പൊതു അഭിപ്രായമെന്ന് തെറ്റിദ്ധരിക്കാം. ഇത് അവരുടെ മാനസിക വളർച്ചയെ തന്നെ ബാധിക്കും. അങ്ങനെ ഒട്ടനവധി വിഷയങ്ങൾ.
7. സോഷ്യൽ മീഡിയ ഇന്ന് ഒരു ഗ്ലോബൽ മീഡിയ ആണ്. ലോകഗതി തീരുമാനിക്കുന്ന പല കാര്യങ്ങളെയും സ്വാധീനിക്കാൻ ഈ പ്ലാറ്റ്ഫോമുകൾക്ക് കഴിയും. തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ, കലാപമുണ്ടാക്കാൻ, വലിയ തട്ടിപ്പുകൾ നടത്താൻ, ജാതി മത വിഭാഗീയത സൃഷ്ടിക്കാൻ, വ്യാജ വാർത്തകൾ പരത്താൻ അങ്ങനെ ഒട്ടനവധി സാമൂഹ്യ തിന്മകളുടെ മാധ്യമമായി വർത്തിക്കാൻ അവയ്ക്കു കഴിയും.

എന്താണ് പരിഹാരം?
സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഒരു തെറ്റല്ല. എന്നാൽ വിവേകരഹിതമായ ഉപയോഗം ഉചിതമല്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കൃത്യമായ നിയമങ്ങളും നിയന്ത്രണങ്ങളും വേണം. ഉപയോഗിക്കുന്നവരിൽ നിന്ന് അവരറിഞ്ഞും അറിയാതെയും ശേഖരിക്കപ്പെടുന്ന വിവരങ്ങൾ എങ്ങനെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം യൂസേഴ്സിന് നൽകപ്പെടണം.
ഉപയോഗിക്കുന്നവരുടെ ഐഡന്ററ്റി verify ചെയ്യപ്പെടണം. വ്യാജവാർത്തകൾ സൃഷ്ടിക്കുന്നതും പരത്തുന്നതും കർശനമായി നിയന്ത്രിക്കണം.
സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്വപൂർണ്ണമായ ഉപയോഗം കുട്ടികളുടെ കരിക്കുലത്തിന്റെ ഭാഗമാവണം. കൂടുതൽ നന്മയും സ്നേഹവും പങ്കുവയ്ക്കുന്നതിനും നല്ല ബന്ധങ്ങൾ വളർത്താനുമായി അവ ഉപയോഗിക്കപ്പെടണം.
മുറിവേൽപ്പിക്കാനല്ല, മുറിവുണക്കാനും മാറിയ കാലത്തിന്റെ വെല്ലുവിളികൾക്കു മുമ്പിൽ മനുഷ്യരാശിയെ ഒരുമിച്ചു നിർത്താനും സോഷ്യൽ മീഡിയ ഉപയോഗിക്കാം!

ഷീൻ പാലക്കുഴി