ഉന്നതഉദ്യോഗങ്ങളിലേക്കും നേതൃസ്ഥാനങ്ങളിലേക്കും എത്തിപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറവാകാന്‍ കാരണങ്ങളെന്തായിരിക്കാം?
പെണ്‍കരുത്തുകള്‍ പൊഴിയാതെ കാക്കുവാന്എസ്.എസ്.എല്‍.സി. പരീക്ഷയില്‍ റാങ്കുകളുണ്ടായിരുന്ന കാലത്ത് ശ്രദ്ധേയമായിരുന്ന ഒന്നായിരുന്നു അതിലെ പെണ്‍മേധാവിത്വം.എന്നാല്‍ തുടര്‍ന്നു വരുന്ന പ്രൊഫഷണല്‍ പ്രവേശനപരീക്ഷകള്‍ ആണ്‍കുട്ടികള്‍ കയ്യടക്കി വയ്ക്കാറാണ് പതിവ്. ഭാഷ കൈകാര്യം ചെയ്യാനുള്ള പെണ്‍മസ്തിഷ്കത്തിന്‍റെ മികവ്, സയന്‍സും ടെക്നോളജിയും കണക്കും കൈകാര്യം ചെയ്യാനുള്ള ആണ്‍തലച്ചോറിന്‍റെ കഴിവ് എന്നിങ്ങനെ ഇതിന്‍റെ പുറകിലെ ശാസ്ത്രീയസത്യമെന്ന രീതിയിലുള്ള പല വിശദീകരണങ്ങളും പലപ്പോഴും പത്രങ്ങളില്‍ വന്നു നിറയാറുമുണ്ടായിരുന്നു.
ഏതു രീതിയിലായാലും ഹൈസ്കൂള്‍ പ്രായം കഴിഞ്ഞാല്‍ എല്ലാ മേഖലകളിലും മുന്‍നിരയില്‍ വരുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു തന്നെയാണ് കാണപ്പെടാറുള്ളത്. മികവുകാണിച്ചിരുന്ന ആ പെണ്‍കുട്ടികളെല്ലാം എവിടെയാണ് പോകുന്നത്?സയന്‍സും കണക്കും കൈകാര്യം ചെയ്യാന്‍ പെണ്‍കുട്ടികളുടെ തലച്ചോറുകള്‍ ശരിക്കും അപര്യാപ്തമാണോ?
പരിണാമവാദികള്‍ പറയും പോലെ കുഞ്ഞിനെ നോക്കാനും കുടുംബം സംരക്ഷിക്കാനും മാത്രമാണോ അവരുടെ തലച്ചോറുകളെ ഡിസൈന്‍ ചെയ്തിട്ടുള്ളത്?അക്കാരണം കൊണ്ടാണോ മുതിര്‍ന്നു കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ വൈകാരികവിഷയങ്ങള്‍ക്കും കുടുംബത്തിനും മുന്‍തൂക്കവും സ്വന്തം വളര്‍ച്ചയ്ക്കും സ്വപ്നങ്ങള്‍ക്കും പുറകിലെ സ്ഥാനവും നല്‍കുന്നത്? ഉന്നതഉദ്യോഗങ്ങളിലേക്കും നേതൃസ്ഥാനങ്ങളിലേക്കും എത്തിപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറവാകാന്‍ കാരണങ്ങളെന്തായിരിക്കാം?
മാഴ്സില്‍ നിന്നുമല്ല…വീനസില്‍ നിന്നുമല്ല…!
തൊണ്ണൂറുകളില്‍ ഒരുപാടു ജനശ്രദ്ധയാകര്‍ഷിച്ചൊരു പുസ്തകമാണ് ജോണ്‍ ഗ്രേയുടെ “മെന്‍ ആര്‍ ഫ്രം മാഴ്സ് ;വിമെന്‍ ആര്‍ ഫ്രം വീനസ്”. ഇരുലിംഗക്കാരും വെവ്വേറെ ഗ്രഹങ്ങളില്‍ നിന്നും വന്ന ജീവികളെപ്പോലെയാണ് തങ്ങളുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളിലും വിനിമയങ്ങളിലുമെന്നാണ് ഈ പുസ്തകം നല്‍കുന്ന സന്ദേശം. സ്ത്രീയും പുരുഷനും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലെ വ്യത്യാസങ്ങളുടെ വിവരണവും ഇരുകൂട്ടര്‍ക്കും പരസ്പരമുള്ള അടുത്തിടപഴകല്‍ സുഗമമാക്കുന്നതിനുള്ള പൊടിക്കൈകളും കൊണ്ടു സംപുഷ്ടമാണീ ഗ്രന്ഥം.
വൈകാരികഭാവങ്ങള്‍ തിരിച്ചറിയാനുള്ള കഴിവും ആര്‍ദ്രതയും പ്രശ്നപരിഹാരശേഷിയും പലകാര്യങ്ങള്‍ ഒരേസമയം ചെയ്യാനുള്ള കഴിവും ഓര്‍മ്മശക്തിയും തന്മയീഭാവവുമെല്ലാം പെണ്‍ തലച്ചോറുകളുടെ മികവായും ചലനങ്ങളും ദിശയും തിരിച്ചറിയുന്നതും ഉന്നം തെറ്റാതെ എറിയാനാകുന്നതും കണക്കിലും ചെസ്സ് പോലുള്ള കളികളിലും മുന്നിട്ടുനില്‍ക്കുന്നതും ത്രിമാനരൂപങ്ങളെ അനുമാനിക്കാനാകുന്നതുമെല്ലാം ആണ്‍തലച്ചോറിന്‍റെ കഴിവായും പ്രസ്താവിക്കുന്നുമുണ്ട് ഇതില്‍.
‘പുരുഷന്മാര്‍ക്ക് തലച്ചോറില്‍ കൂടുതല്‍ ഗ്രേ മാറ്ററും സ്ത്രീകള്‍ക്കു കൂടുതല്‍ വൈറ്റ് മാറ്ററുമാണുള്ളത്’,’പെണ്‍കുട്ടികളില്‍ വികാരങ്ങളും ഭാഷയും തലച്ചോറിന്‍റെ ഒരുഭാഗമാണ് കൈകാര്യം ചെയ്യന്നത് എന്നാല്‍ ആണ്‍കുട്ടികളില്‍ ഇവ രണ്ടും രണ്ടിടത്താണ്’,’ജ്യോമെട്രിയുടെ കാര്യത്തില്‍ പന്ത്രണ്ട് വയസ്സുകാരിയുടെ തലച്ചോറ് എട്ടുവയസ്സുകാരന്‍റെ തലച്ചോറിനൊപ്പമേ വരൂ’ തുടങ്ങി ഒറ്റനോട്ടത്തില്‍ ശാസ്ത്രീയമെന്നുതോന്നുന്നതാണ് പല വിശദീകരണങ്ങളുമെങ്കിലും ഗ്രേയുടെതടക്കം ഈവിഷയം കൈകാര്യം ചെയ്ത പല പുസ്തകങ്ങളും പല പഠനങ്ങളുടെയും യഥാര്‍ത്ഥഫലങ്ങളെ വളച്ചൊടിച്ചു വിശകലനം ചെയ്തവയായിരുന്നു
കുഞ്ഞുവ്യത്യാസങ്ങളെ വലുതാക്കിയെടുക്കുമ്പോള്‍
ശരിക്കും തലച്ചോറുകള്‍ക്കു ലിംഗവ്യത്യാസമുണ്ടോ?തീര്‍ച്ചയായും ഉണ്ട്.പക്ഷെ അതെത്രത്തോളം എന്നതാണ് ചോദ്യം…!തലച്ചോറിന്‍റെ ചിലഭാഗങ്ങളുടെ ഘനം നവജാതശിശുക്കളില്‍ ലിംഗഭേദമനുസരിച്ച് വ്യത്യാസപ്പെട്ടുകാണാറുണ്ട്.എന്നാല്‍ ഇതിന്‍റെ ശരിയായ പ്രാധാന്യമെന്തെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.
നവജാതശിശുക്കള്‍ ലിംഗവ്യത്യാസമാനുസരിച്ച് പെരുമാറ്റത്തില്‍ ചില വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. ആണ്‍കുഞ്ഞുങ്ങള്‍ ജന്മനാ കൂടുതല്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നവരായിരിക്കും. അതുകൊണ്ടു തന്നെ അച്ഛനമ്മമാരും മറ്റു മുതിര്‍ന്നവരും പെണ്‍കുഞ്ഞുങ്ങളെ ലാളിക്കുന്നത്ര കൂടുതല്‍ നേരം ആണ്‍കുഞ്ഞുങ്ങളോടു കൊഞ്ചിപ്പറയാനുള്ള സാധ്യത താരതമ്യേന കുറവാണ്.ഇതുമൂലം നാലുമാസം പ്രായമാകുമ്പോഴേക്കും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ആളുകളോടിടപഴകുന്ന രീതിയില്‍ പ്രകടമായ വ്യത്യാസങ്ങള്‍ കാണിക്കാന്‍ തുടങ്ങും.കണ്ണില്‍ നോക്കാനും പുഞ്ചിരി തൂകാനും ഓമനിക്കാന്‍ വരുന്നവരോട് ഹൃദയഹാരിയായി പ്രതികരിക്കാനും ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനുമെല്ലാം പെണ്‍കുട്ടികള്‍ കൂടുതല്‍ കഴിവുകാട്ടിത്തുടങ്ങും ആണ്‍കുഞ്ഞുങ്ങള്‍ ഇതിലെല്ലാം പുറകിലാകുകയും ചെയ്യും.
ഇരുലിംഗത്തിലും പെട്ട കുഞ്ഞുങ്ങള്‍ തമ്മില്‍ പെരുമാറ്റരീതികളിലും ജന്മവാസനകളിലും ഉള്ള വളരെ നേര്‍ത്ത വ്യത്യാസങ്ങളെ പരിപാലനരീതികളാല്‍ വലുതാക്കിയെടുക്കുകയാണ് ഇന്നത്തെ സമൂഹം. ഫലമോ;കരയാന്‍ പാടില്ലാത്ത ആണ്‍കുട്ടികളും സ്വപ്നങ്ങളുടെ ചിറകുമുറിച്ചു കളയേണ്ടി വരുന്ന പെണ്‍കുട്ടികളും! മമതയില്ലാത്ത പുരുഷന്മാരും നേതൃഗുണമില്ലാത്ത സ്ത്രീകളും!ഇത്തരം രീതികള്‍ ആണായാലും പെണ്ണായാലും ഓരോ വ്യക്തിയുടെയും യഥാര്‍ത്ഥസ്വത്വത്തെ ആവിഷ്കരിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കുകയുമാണ് ചെയ്യുന്നത്.
അച്ചില്‍ വാര്‍ത്ത ലിംഗസ്വഭാവസങ്കല്പങ്ങള്‍
ലിംഗഭേദത്തെപ്പറ്റിയും ലിംഗാധിഷ്ടിത പെരുമാറ്റ രീതികളെക്കുറിച്ചും എല്ലാ സംസ്കാരങ്ങളിലും ചില ധാരണകളുണ്ട്. വസ്ത്രധാരണം,ജോലികള്‍, പെരുമാറ്റരീതികള്‍ തുടങ്ങി എല്ലാറ്റിലും ഈ സങ്കല്പങ്ങള്‍ ഉണ്ട്. മുതിര്‍ന്നവരില്‍ ഇത് വളരെ സ്പഷ്ടമാണ് താനും.
ഇത്തരം രീതികളെക്കുറിച്ച് ലിസ് എലിയറ്റ് എന്ന ന്യൂറോസയന്റിസ്റ്റ് ശിശുക്കളെ വച്ചു നടത്തിയ പഠനങ്ങള്‍ വളരെ രസകരമായ നിരീക്ഷണങ്ങളാണ് കാഴ്ച വച്ചത്. കുറെ നവജാതശിശുക്കളെ ഒരേപോലെ വസ്ത്രം ധരിപ്പിച്ചശേഷം അവര്‍ മുതിര്‍ന്നവര്‍ക്കു കൈമാറി. ആണ്‍കുഞ്ഞുങ്ങളെല്ലാം പെണ്‍കുഞ്ഞുങ്ങളാണെന്നും മറിച്ചും മുതിര്‍ന്നവരെ തെറ്റിദ്ധരിപ്പിച്ചാണ് ഇത് ചെയ്തത്.തങ്ങളുടെ കൈകളില്‍ പെണ്‍കുഞ്ഞാണെന്നു ധരിച്ചവരിലധികവും കുഞ്ഞുങ്ങള്‍ വളരെ സന്തുഷ്ടരും യാതൊരുശല്യമോ ബുദ്ധിമുട്ടോ ഉണ്ടാക്കാത്ത ശീലമുള്ളവരുമാണെന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.
മറിച്ച് ആണ്‍കുട്ടികളാണ് തങ്ങളുടെ കയ്യിലുള്ളതെന്നു കരുതിയവരില്‍ ഭൂരിപക്ഷവും കുട്ടികള്‍ കൂടുതല്‍ ആക്ടീവാണെന്നും ദേഷ്യക്കാരാണെന്നും പറഞ്ഞു.ഇത്തരം ഒരുപാടു പഠനങ്ങള്‍ക്കു ശേഷം എലിയറ്റ് എത്തിച്ചേര്‍ന്ന നിഗമാനമെന്തെന്നാല്‍ മുതിര്‍ന്നവര്‍ തീരെച്ചെറുപ്പം മുതലേ ആണ്‍കുഞ്ഞുങ്ങളെയും പെണ്‍കുഞ്ഞുങ്ങളെയും വ്യത്യസ്ഥരീതിയിലാണ് നോക്കിക്കാണുന്നതും കൈകാര്യം ചെയ്യുന്നതുമെന്നാണ്.
കുഞ്ഞുതലച്ചോറുകള്‍ പിങ്കിലും നീലയിലും മുക്കിയെടുക്കുമ്പോള്‍
അമ്മമാര്‍ പെണ്‍കുഞ്ഞുങ്ങളുടെ കായികമായ കഴിവുകളെ കുറവേ തിരിച്ചറിയുന്നുള്ളൂ എന്നും എന്നാല്‍ ആണ്‍കുഞ്ഞുങ്ങളുടെ അതേ കഴിവുകളെ ഏറെക്കുറെ ശരിയായ തോതില്‍ മനസ്സിലാക്കുന്നുവെന്നും എലിയറ്റ് നടത്തിയ മറ്റൊരു പഠനം കാണിച്ചു.ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ പെരുമാറ്റരീതികളില്‍ കാര്യമായ ലിംഗവ്യത്യാസം യഥാര്‍ത്ഥത്തിലില്ലെല്ലെങ്കിലും മുതിര്‍ന്നവരുടെ കണ്ണില്‍ അതങ്ങനെയല്ല. അതായത് ലിംഗപരമായ മുന്‍ധാരണകള്‍ വച്ചാണ് മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളെ സമീപിക്കുന്നത്.അച്ഛനമ്മമാര്‍ മുട്ടിലിഴയുന്ന പെണ്‍കുഞ്ഞുങ്ങളുടെ ചലനങ്ങള്‍ക്ക് പരിധിവയ്ക്കാനും പകരം കയ്യിലെടുത്തു കൊഞ്ചിക്കാനുമുള്ള സാധ്യതകളും ആണ്‍കുഞ്ഞുങ്ങളെ കുറവു കൊഞ്ചിക്കുകയും കൂടുതല്‍ ഒറ്റയ്ക്കുവിടുകയും ചെയ്യാനുള്ള സാധ്യതകളും ഇതിനാല്‍ കൂടുതലാണ്.
സങ്കടകരമായ വസ്തുതയെന്തെന്നാല്‍ ഇത്തരം മുന്‍ധാരണകള്‍ കുട്ടിയോടുള്ള നമ്മുടെ മനോഭാവത്തെ വല്ലാതെ സ്വാധീനിക്കുണ്ടെന്നുള്ളതാണ്. ലിംഗസവിശേഷതകള്‍ സംബന്ധിയായ മുന്‍ധാരണകള്‍ കുഞ്ഞുങ്ങളോടുള്ള പെരുമാറ്റത്തെയും അതുമൂലം കുഞ്ഞിന്‍റെ ലോകത്തോടുള്ള കാഴ്ചപ്പാടിനെയും സ്വാധീനിക്കും.അതായത് ജന്മനാലുള്ള സവിശേഷതയ്ക്കപ്പുറം മുതിര്‍ന്നവരാല്‍ പരിശീലിപ്പിക്കപ്പെടുന്നവയാണ് ആണ്‍പെണ്‍സ്വഭാവവിശേഷങ്ങളധികവും. ’’പ്രകൃതി-പരിപാലന”(nature-nurture) തുലാസ്സില്‍ പരിപാലനത്തിന്‍റെ തട്ടിനാണ് ഇക്കാര്യത്തില്‍ താഴ്ച കൂടുതല്‍.
ബാര്‍ബിഡോളും ഹോട്ട് വീല്‍ ട്രക്കും
കളിപ്പാട്ടങ്ങളോടുള്ള ആണ്‍പെണ്‍ താല്പര്യങ്ങളിലെ വ്യത്യാസം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. തീരെച്ചെറുപ്പത്തിലേ പ്രത്യക്ഷമാകുന്നതിനാല്‍ ഇതു തീര്‍ത്തും തലച്ചോറുകളുടെ പ്രത്യേകതയാണെന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാല്‍ 6 മുതല്‍12 മാസം വരെ പ്രായമുള്ള കുട്ടികള്‍ ആണായാലും പെണ്ണായാലും പാവകളോടാണ് കൂടുതല്‍ താല്‍പര്യം കാണിക്കാറുള്ളത് എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.എന്നാല്‍ ഒരു വയസ്സിനു ശേഷം ആണ്‍കുട്ടികള്‍ ട്രക്കുകളും കാറുകളും കൂടുതല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങുന്നു.
പിങ്ക്-നീല നിറമുന്‍തൂക്കങ്ങളും ഉടലെടുക്കുന്നത് ഏതാണ്ട് രണ്ടുവയസ്സിനു ശേഷം മാത്രമാണ്. പ്രീസ്കൂള്‍ കുട്ടികളില്‍ നടത്തിയ ചില പഠനങ്ങളില്‍ കണ്ടത് കളിപ്പാട്ടം എന്തായാലും ആണ്‍കുട്ടികള്‍ നീല നിറവും പെണ്‍കുട്ടികള്‍ പിങ്ക് നിറവും തെരഞ്ഞെടുക്കാനുള്ള താല്‍പര്യം ആ പ്രായത്തില്‍ കാണിക്കുന്നു എന്നാണ്.
ചുരുക്കത്തില്‍ തീരെച്ചെറിയ കുഞ്ഞുങ്ങള്‍ കളിപ്പാട്ടങ്ങളോടുള്ള ഇഷ്ടത്തില്‍ ലിംഗഭേദം കാണിക്കാറില്ല.വളര്‍ന്നു വരും തോറും കളിപ്പാട്ടങ്ങളുടെ നിറവും തരവുമനുസരിച്ച് ആണ്‍പെണ്‍ താല്പര്യങ്ങള്‍ വ്യത്യസ്തമാകാം. ഇതില്‍ത്തന്നെ നിറത്തിനാണ് കൂടുതല്‍ സ്വാധീനശേഷിയുള്ളത്. ഇത്തരം താല്പര്യങ്ങള്‍ തലച്ചോറിന്‍റെ പ്രകൃത്യാ ഉള്ള പ്രത്യേകതയെന്നതിനേക്കാള്‍ മുതിര്‍ന്നവരില്‍ നിന്നും പഠിച്ചെടുക്കുന്ന സാമൂഹ്യസ്വഭാവങ്ങളാണ്.
കളിപ്പാട്ടങ്ങളുടെ തെരഞ്ഞെടുപ്പോടു കൂടി കുട്ടികളുടെ തലച്ചോറിനെ ലിംഗസ്വഭാവവ്യത്യാസങ്ങളുടെ അച്ചില്‍വാര്‍ത്ത ലോകത്തിലേക്ക് ആനയിക്കുകയാണ് നാം ചെയ്യുന്നത്. പാവകള്‍->പരിപാലനം,മമത, സംരക്ഷണം,സ്നേഹം എന്നിങ്ങനെ പെണ്‍സ്വഭാവങ്ങളും; ട്രക്കുകള്‍->വേഗത, അക്രമോത്സുകത, വെട്ടിപ്പിടിക്കാനുള്ള ത്വര തുടങ്ങി ആണ്‍സ്വഭാവങ്ങളും സമൂഹം ചാര്‍ത്തികൊടുക്കുന്നു.
ഇതില്‍ താന്താങ്ങളുടെ കളങ്ങള്‍ വിട്ടു പുറത്തുകടക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും പലപ്പോഴും കളിയാക്കലുകളും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വരികയും ചെയ്യുന്നു. പെണ്‍കുട്ടികളിലെ ടോംബോയ് സ്വഭാവത്തിന് കൂടുതല്‍ ജനസമ്മതിയുണ്ട്, എന്നാല്‍ ‘പെണ്‍താല്‍പര്യങ്ങള്‍’ കാണിക്കുന്ന ആണ്‍കുട്ടികള്‍ കൂടുതല്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയരാകുന്നു. കുട്ടികളുടെ ജന്മസിദ്ധമായ കഴിവുകളും താല്‍പര്യങ്ങളും വളര്‍ത്തിയെടുക്കാന്‍ ഇത്തരം “gender stereotype” സങ്കല്പങ്ങള്‍ തടസ്സം തന്നെയാണ്. മാത്രമല്ല മുതിര്‍ന്നുവരുമ്പോള്‍ ഒറ്റയ്ക്കു ജീവിക്കാനോ വിവാഹശേഷം ലിംഗഭേദമില്ലാതെ സാഹചര്യങ്ങളനുസരിച്ച് കുടുംബത്തിലെ എതുത്തരവാദിത്തവും ഏറ്റെടുക്കാനോ സാധിക്കതെയാവുകയും ചെയ്യുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന പഠനങ്ങള്‍
ഈ വിഷയത്തില്‍ നൂറിലധികം ശാസ്ത്രീയ പഠനങ്ങള്‍ വിശകലനം ചെയ്ത എലിയറ്റിന്‍റെ അഭിപ്രായത്തില്‍ തലച്ചോറിലെ ആണ്‍പെണ്‍ വ്യതിയാനങ്ങള്‍ വിവരിക്കുന്ന പ്രബന്ധങ്ങള്‍ ഭൂരിപക്ഷവും നിര്‍ലജ്ജമാം വിധത്തിലുള്ള തെറ്റിദ്ധരിപ്പിക്കലുകളോ ഒറ്റപ്പെട്ട പഠനങ്ങളില്‍ നിന്നും നുള്ളിയെടുത്ത നിഗമനങ്ങളോ എലികളിലും മറ്റു പരീക്ഷണമൃഗങ്ങളിലും മാത്രം നടത്തിയ പഠനങ്ങളുടെ അസാമാന്യമായ സാമാന്യവത്കരണമോ മാത്രമാണെന്നാണ്!
ഉദാഹരണത്തിന് സ്ത്രീകളുടെ മസ്തിഷ്കത്തില്‍ വലതും ഇടതും ഭാഗങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന നാഡീതന്തുക്കള്‍ കൂടുതല്‍ വലുതും ശേഷിയേറിയതുമാണെന്നുള്ള നിഗമനം, 1982-ല്‍ പതിനാലു മസ്തിഷ്കങ്ങളില്‍ നടത്തിയ ഒരൊറ്റ പോസ്റ്റ്‌മോര്‍ട്ടം പഠനത്തെ ആധാരമാക്കിയാണ്.സ്ത്രീകള്‍ക്ക് മള്‍ട്ടിടാസ്കിംഗ് ശേഷിയും പ്രശ്നപരിഹാരശേഷിയും കൂടുതലാണെന്ന ധാരണയുടെ പുറകില്‍ പ്രധാനമായും ഈ പഠനത്തിലെ കണ്ടെത്തലുകളാണുള്ളത്.എന്നാല്‍ അമ്പതിലധികം മറ്റു പഠനങ്ങളുടെ വിശകലനം കാണിക്കുന്നത് മുതിര്‍ന്നവരുടെയോ ശിശുക്കളുടെയോ തലച്ചോറില്‍ ഇത്തരമൊരു വ്യത്യാസം കണ്ടെത്താനായില്ല എന്നാണ്.
പെണ്‍കുട്ടികളോട് നാമെന്താണ് ചെയ്യുന്നത്
ശാരീരികമായ പ്രത്യേകതകള്‍ മൂലമുള്ള വേര്‍തിരിവുകള്‍ തന്നെ ഒരുപാടു നേരിടാനുണ്ടവര്‍ക്ക്.ആര്‍ത്തവാരംഭത്തോടെ സ്വയം മറന്നുല്ലസിച്ചു കളിക്കാനും പരിധികളില്ലാതെ ആളുകളോടിടപഴകാനുമുള്ള അവസരങ്ങള്‍ ഭൂരിഭാഗം പെണ്‍കുട്ടികള്‍ക്കും നിഷേധിക്കപ്പെടുന്നുണ്ട്.നേരത്തെയാകുന്ന ആര്‍ത്തവാരംഭം ബാല്യത്തിന്‍റെ സന്തോഷങ്ങളെയും സാമൂഹ്യമായ ഇടപെടലുകള്‍ നല്‍കുന്ന ആത്മവിശ്വാസത്തെയും അവര്‍ക്കന്യമാക്കുന്നു. മുതിരുമ്പോള്‍ വിവാഹം ഗര്‍ഭധാരണം പ്രസവം തുടങ്ങിയ പ്രക്രിയകളും ആണ്‍കുട്ടികളെ അപേക്ഷിച്ച് വ്യക്തിപരമായതും തൊഴില്‍പരമായതുമായ പല സ്വപ്നങ്ങളെയും പാതിവഴിയിലുപേക്ഷിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. കൌമാരപ്രായത്തില്‍ പ്രതിഭ തെളിയിച്ചിരുന്ന പല പെണ്‍കുട്ടികളും സാമൂഹ്യജീവിതത്തില്‍ പിന്നീടങ്ങോട്ട് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാതെ പിന്നോക്കം പോകുകയാണ് പതിവ്.വിരലിലെണ്ണാവുന്ന അപവാദങ്ങള്‍ മാത്രമേ ഈ നാട്ടുനടപ്പിനുള്ളൂ. ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ക്കുമപ്പുറം ലിംഗപരമായ പെരുമാറ്റരീതികളെക്കുറിച്ചുള്ള പൊതുധാരണകള്‍ക്ക് ഈ വിഷയത്തില്‍ വലിയ റോളുണ്ട്. ആണ്‍പെണ്‍കഴിവുകളെക്കുറിച്ചുള്ള സമൂഹത്തിന്‍റെ മുന്‍ധാരണകള്‍ പെണ്‍കുട്ടികളുടെ അരങ്ങിലേക്കുള്ള വഴിക്കു തടസ്സം നില്‍ക്കുന്നു.
സ്വപ്നങ്ങളില്‍ നിന്നും നേട്ടങ്ങളിലേക്കുള്ള ദൂരം വര്‍ദ്ധിക്കുന്നതെങ്ങനെ?
എല്ലാ വ്യക്തികള്‍ക്കും തങ്ങളുടെ ജീവിതലക്ഷ്യങ്ങളില്‍ എത്തിപ്പെടാന്‍ പല കടമ്പകളും ചാടിക്കടക്കേണ്ടതായി വരും.പെണ്‍കുട്ടികളില്‍ ഈ കടമ്പകളുടെ എണ്ണവും വലിപ്പവും കൂടുതലുമായിരിക്കും. തങ്ങളുടെ നേട്ടങ്ങളില്‍ അര്‍ഹമായ രീതിയില്‍ അഭിമാനിക്കാതെ ക്രെഡിറ്റ് പലര്‍ക്കുമായും വീതിച്ചു നല്‍കുകയാണ് പൊതുവെ പെണ്‍കുട്ടികളുടെ രീതി. ഭാഗ്യം,താങ്ങായി നില്‍ക്കുന്ന ഭര്‍ത്താവ് അല്ലെങ്കില്‍ കുടുംബം,നല്ല സഹപ്രവര്‍ത്തകര്‍ ,നല്ല ബോസ് അങ്ങനെയങ്ങനെ.സ്വന്തം വിജയത്തിന്‍റെ പുറകിലെ അവരവരുടെ കഠിനാധ്വാനത്തിനായിരിക്കും ആണ്‍കുട്ടികള്‍ കൂടുതലായും പ്രാധാന്യം നല്‍കാറ്.അവര്‍ക്കുപുറകിലും ഒരുപാടുപേരും സാഹചര്യങ്ങളും അനുകൂലമായി ഉണ്ടാകുമെങ്കിലും.
സാമൂഹികരീതികളുടെ സ്വാധീനം മൂലമാകണം,സ്വയം മുന്നോട്ടു വരാനുള്ള പ്രവണത പെണ്‍കുട്ടികളില്‍ പൊതുവെ കുറവാണ്.മാത്രമല്ല ഏതെങ്കിലും പെണ്‍കുട്ടി ആ രീതി കൈക്കൊണ്ടാല്‍ അവളെ സ്വാര്‍ത്ഥയായും അതിസാമര്‍ത്ഥ്യം കാണിക്കുന്നവളായും സമൂഹം മുദ്രകുത്താനുള്ള സാധ്യതയും പൊതുവെ കൂടുതലുമാണ്.കൂടുതല്‍ സ്മാര്‍ട്ട് ആയ പെണ്‍കുട്ടികളെ അംഗീകരിക്കാനും ജോലിയില്‍ അവരോടു സഹകരിക്കാനുമുള്ള പക്വത ലോകവ്യാപകമായി ആളുകള്‍ക്കു കുറവാണ്. കര്‍ക്കശസ്വഭാവമുള്ള മേധാവി ഒരു സ്ത്രീയാണെങ്കില്‍ അവര്‍ക്കു കീഴ്ജീവനക്കാരുടെയിടയില്‍ അംഗീകാരം ലഭിക്കാന്‍ പുരുഷനെയപേക്ഷിച്ചു കൂടുതല്‍ ബുദ്ധിമുട്ടാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.നല്ല കുട്ടി എന്ന പേരു സമ്പാദിക്കാനാണ് ജീവിതവിജയം നേടിയ ഒരു വ്യക്തിയാകുക എന്നതിനേക്കാള്‍ സമൂഹം പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്യുന്നത്.ഇത് സ്വാഭാവികമായും അവരുടെ ക്രിയാത്മകതയ്ക്കും നേതൃഗുണങ്ങള്‍ക്കും കത്തിവയ്ക്കുന്നു.
റിസ്കുകള്‍ ഏറ്റെടുക്കുന്നതില്‍ നിന്നും പിന്‍തിരിപ്പിക്കുകയാണ് നാം പെണ്‍കുട്ടികളോട് ചെയ്യുന്ന മറ്റൊരു രീതി. എല്ലാ വിധ പ്രശ്നങ്ങളില്‍ നിന്നും മാറി നടക്കാന്‍ നാമവരോടു പറയുന്നു.എന്നാല്‍ എക്കാലവും എല്ലാ പ്രശ്നങ്ങളില്‍ നിന്നും അവരെ സംരക്ഷിക്കുവാന്‍ നമുക്ക് മാര്‍ഗ്ഗങ്ങളൊന്നും തന്നെയില്ലതാനും. തല്‍ഫലമായി പുതിയമേഖലകള്‍ കണ്ടെത്തുവാനും കീഴടക്കുവാനും പെണ്‍കുട്ടികള്‍ പൊതുവെ വിമുഖരാകുന്നു.റിസ്കുകള്‍ മുന്‍കൂട്ടിക്കണ്ട് അതില്‍ നിന്നൊഴിഞ്ഞു മാറാനും ലക്ഷ്യങ്ങള്‍ നേടാനുമുള്ള പരിശീലനമാണ് നാമവര്‍ക്കു നല്‍കേണ്ടത്.
ജോലി-ജീവിത അസന്തുലിതാവസ്ഥയാണ് (work-life imbalance) മറ്റൊരു തൊഴിലപരമായും സാമൂഹ്യപരമായുമുള്ള സ്ത്രീകളുടെ മുന്നേറ്റത്തിന് വലിയപ്രതിബന്ധമായി പറയാറുള്ളത്.പങ്കാളികള്‍ ചിലജോലികള്‍ മാത്രമേ ചെയ്യൂ എന്നു കടുംപിടുത്തം നടത്തുമ്പോഴാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ കണ്ടുവരുന്നത്.വീട്ടുജോലികള്‍ ഒരാളുടെ മാത്രം ഉത്തരവാദിത്തമല്ല എന്നും പുരുഷന്മാര്‍ വീട്ടുജോലികള്‍ ചെയ്യുന്നത് സ്ത്രീകളെ സഹായിക്കലല്ല മറിച്ച് സ്വന്തം കര്‍ത്തവ്യം നിര്‍വഹിക്കുന്നതാണ് എന്ന തിരിച്ചറിവ് ഇരുലിംഗക്കാര്‍ക്കും ഉണ്ടാവണം.
ഏതു പൊതുപരിപാടിയെടുത്താലും മുന്‍നിരയിലെ സീറ്റുകളില്‍ സ്ത്രീകളെ കാണാന്‍ വിഷമമാണ്.ഒഫീഷ്യല്‍ മീറ്റിങ്ങുകളില്‍ ക്ഷണിച്ചാല്‍ പോലും സ്ത്രീകള്‍ മുന്‍നിരയില്‍ ചെന്നിരിക്കാനുള്ള താരതമ്യേന കുറവാണ്.എത്ര കഴിവുള്ളവരായാലും എത്ര വലിയ സ്ഥാനമലങ്കരിക്കുന്നവരായാലും ഈ പ്രവണത കാണിക്കാറുണ്ട്. തങ്ങളുടെ കഴിവുകളേയും പ്രാധാന്യത്തെയും യാഥാര്‍ത്ഥ്യബോധത്തോടെ വിലയിരുത്തുന്നതിനും പൊതുവേദികളില്‍ മുന്‍പോട്ടു വരുന്നതിനും നാം പെണ്‍കുട്ടികളെ ശരിയായി പരിശീലിപ്പിക്കാറില്ല.
അഭിപ്രായം പറയാനും,കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും, സാധ്യതകള്‍ മുന്‍കണ്ട് പറയാതെ തന്നെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുമുള്ള വിമുഖതയാണ് മറ്റൊരു പ്രശ്നം.കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന സമൂഹത്തില്‍ സ്വന്തം ശബ്ദം കേള്‍പ്പിക്കാതെയിരുന്നാല്‍ ഉയര്‍ന്നുവരാന്‍ വിഷമമായിരിക്കും. പലപ്പോഴും തൊഴിലിടങ്ങളില്‍ പെണ്‍കുട്ടികള്‍ ദീര്‍ഘകാലം ചൂഷണം ചെയ്യപ്പെടുന്നതിനൊരു കാരണം തക്കസമയത്തു പ്രശ്നങ്ങള്‍ ഉന്നയിക്കാതെയിരിക്കുന്നതാണ്.
അമ്മയും അച്ഛനും അറിയാന്‍
പെണ്‍കുട്ടികള്‍ പൊതു ഇടങ്ങളില്‍ സ്വാതന്ത്ര്യം അനുഭവിക്കുകയും ഭയപ്പാടുകളില്ലാതെ കര്‍മ്മരംഗത്ത് മുഴുകുകയും ചെയ്താലേ ഒരുരാഷ്ട്രത്തിന്‍റെ വികസനം ഉച്ചസ്ഥായിയിലെത്തൂ.നാളത്തെ പൌരന്മാരെങ്കിലും രാഷ്ട്രത്തിന്‍റെ മാനവവിഭവശേഷി മുഴുവനായി ഉപയോഗിക്കുകയും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ജീവിതം ആസ്വദിക്കുകയും ചെയ്യണമെങ്കില്‍ കര്‍മ്മരംഗത്തേക്കു കടന്നുവരാന്‍ പെണ്‍കുട്ടികളെയും കുടുംബകാര്യങ്ങളില്‍ തല്പരരാകാന്‍ ആണ്‍കുട്ടികളെയും പരിശീലിപ്പിക്കണം.വ്യത്യാസങ്ങളേക്കാള്‍ സാദൃശ്യങ്ങള്‍ മനസ്സിലാക്കുകയും ഒരുമിച്ചു മുന്നേറുകയും ചെയ്യുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം.കുട്ടികളെ സമൂഹത്തിന്‍റെ താല്‍പര്യങ്ങളുടെ കളങ്ങളില്‍ നിയന്ത്രിച്ചു നിര്‍ത്താതെ സ്വന്തം കാലില്‍ നില്‍ക്കാനും അവരുടെ താല്‍പര്യങ്ങളുടെ ലോകത്തിലേക്ക് ചിറകുവിരിക്കാനും പ്രാപ്തരാക്കണം-ആണായാലും പെണ്ണായാലും.
മുട്ടിലിഴയുന്ന പ്രായം മുതലേ ചുറ്റുപാടുകള്‍ നിരീക്ഷിക്കാന്‍ കുട്ടിയെ അനുവദിക്കുക.പ്രായോചിതമായ കാര്യങ്ങള്‍ തനിയെ ചെയ്യാന്‍ കുട്ടിയെ അനുവദിക്കുകകുട്ടിക്കു പേടിയുള്ള സാഹചര്യങ്ങളെ കുറേശ്ശെയായി അഭിമുഖീകരിപ്പിച്ചു പേടി കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്.അത്തരം സാഹചര്യങ്ങളില്‍ നിന്നും കുട്ടിയെ തീര്‍ത്തും അകറ്റിനിര്‍ത്തുന്നത് അഭികാമ്യമല്ല
ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാതിരിക്കുകഅപകടസാധ്യതകളെ കുറിച്ചും അപായസൂചനകളെക്കുറിച്ചും സ്വാഭാവികതയോടെ കുട്ടിക്കുപറഞ്ഞുകൊടുക്കുക.നാടകീയമായി കാര്യങ്ങള്‍ അവതരിപ്പിക്കാനോ യാഥാര്‍ത്യത്തിനും അപ്പുറത്തുള്ള കാര്യങ്ങള്‍ പറഞ്ഞു കുട്ടിയെ ഭയപ്പെടുത്താണോ ശ്രമിക്കരുത്.കൂടുതല്‍ ആളുകളുമായി ഇടപഴകാനുള്ള അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുക.ശരീരത്തെക്കുറിച്ച് തെറ്റായ ധാരണകള്‍ വളര്ത്തിയെടുക്കാതിരിക്കുകശരീരസുരക്ഷയെക്കുറിച്ച് പഠിപ്പിക്കുകസയന്സ് കണക്ക് മുതലായ വിഷയങ്ങള്‍ പെണ്‍കുട്ടികളുടെ പരിധിയില്‍ നില്‍ക്കുന്നവയല്ല എന്ന പൊതുബോധം അവരില്‍ അടിച്ചേല്പ്പിക്കാതിരിക്കുകദിശാബോധവും സ്ഥലാവബോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളില്‍ പെണ്‍കുട്ടികളെ നിപുണരാക്കാന്‍ ശ്രദ്ധിക്കുക.ബില്‍ഡിങ്ങ് ബ്ലോക്കുകള്‍ മാപ്പുകള്‍ എന്നിവ കൈകാര്യം ചെയ്യാനും ത്രിമാനരൂപങ്ങളെ മനസ്സില്‍ സങ്കല്‍പ്പിച്ചെടുക്കാനുമുള്ള പരിശീലനം നല്‍കാന്‍ ശ്രദ്ധിക്കുക.ആണ്‍കുട്ടികള്‍ക്ക് വികാരങ്ങള്‍ ആരോഗ്യകരമായിപ്രകടിപ്പിക്കാനുള്ള സ്വാന്തന്ത്ര്യം നല്‍കുക.ആണ്‍കുട്ടികള്‍ കരയുന്നതായിരിക്കും അക്രമിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും സമൂഹത്തിനു നല്ലത്.കൂടുതല്‍ സംസാരിക്കാനും കാര്യങ്ങള്‍ തുറന്നുപറയാനും അവസരങ്ങള്‍ ആണ്‍കുട്ടികള്‍ക്കും നല്കുകസ്നേഹവും പരിരക്ഷയും പരിചയപ്പെടുത്താന്‍ ചെടികള്‍ വളര്‍ത്തുക ഓമനമൃഗങ്ങളെ വളര്‍ത്തുക എന്നിവ ആണ്‍കുട്ടികളുടെ കാര്യത്തില്‍ ഫലപ്രദമാകും.വീട്ടുജോലികള്‍ അമ്മയുടെ മാത്രം കാര്യമല്ല എന്നു കുഞ്ഞുങ്ങളെ മനസ്സിലാക്കുക.വിവിധതരം പണിയായുധങ്ങളും അവയുടെ ശരിയായ ഉപയോഗവും പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുക.ശാരീരികാദ്ധ്വാനവും വ്യായാമവും സ്പോര്‍ട്സും ഗെയിംസും പ്രോത്സാഹിപ്പിക്കുകയും നിത്യജീവിതത്തിന്‍റെ ഭാഗമാക്കുകയും ചെയ്യുക.ചെസ്സ് റുബിക് ക്യൂബ് മുതലായവയില്‍ പരിശീലനം നല്കുകഭാഷയിലും വായനയിലും ആണ്‍കുട്ടികള്‍ അഭിരുചി വളര്ത്തുന്നുണ്ടെന്നു ഉറപ്പുവരുത്തുകഇരുകൂട്ടരിലും നേതൃഗുണങ്ങള്‍ വളര്‍ത്തുക,അതിനായി പ്രത്യേക പരിശീലനങ്ങള്‍ നല്കുകഗുണകരമായ റിസ്കുകള്‍ ഏറ്റെടുക്കാന്‍ പ്രോത്സാഹിപ്പിക്കാനും ആരോഗ്യകരമായ മത്സരബുദ്ധി വളര്‍ത്താനും ശ്രദ്ധിക്കുക
വീട്ടില്‍ കുട്ടികള്‍ക്ക് ജോലികള്‍ വിഭജിച്ചു നല്‍കുമ്പോള്‍ അതില്‍ ലിംഗവിവേചനം കാണിക്കാതിരിക്കുക.ഉദാ: കടയില്‍ പോകുന്ന ജോലി മകനും പാത്രങ്ങള്‍ വൃത്തിയാക്കുന്ന ജോലി മകള്‍ക്കും എന്നു വേര്‍തിരിച്ചു കൊടുക്കാതെ എല്ലാ ജോലികളും ഊഴം വച്ചു നല്‍കുക.ഒരുവ്യക്തിക്ക് തനിച്ചു ജീവിക്കേണ്ടി വരികയാണെങ്കില്‍ ചെയ്യേണ്ടിവരുന്ന എല്ലാ ജോലികളും കുട്ടികളെ പരിശീലിപ്പിക്കുക.നീന്തല്‍ എന്തെങ്കിലും തരത്തിലുള്ള ആയോധനമുറകള്‍ എന്നിവയില്‍ പരിശീലനം നല്‍കാന്‍ ശ്രമിക്കുക.കുട്ടി ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന കാര്യങ്ങളെ നിരുല്‍സാഹപ്പെടുത്തുകയോ തരം താഴ്ത്തിക്കാണിക്കുകയോ ചെയ്യാതിരിക്കുക.എല്ലാവരെയും അനുസരിക്കുകയും നല്ല കുട്ടി എന്ന ലേബല്‍ നേടാന്‍ നിര്‍ബന്ധിക്കുകയും ചെയ്യാതെ വിമര്‍ശനാത്മകബുദ്ധി വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക. ഒരാള്‍ക്കും എല്ലാവരെയും പ്രീതിപ്പെടുത്താനാവില്ല എന്ന വസ്തുത കുട്ടികള്‍ മനസ്സിലാക്കിയിരിക്കണംആശയവിനിമയത്തിലും കൂടിയാലോചനകളിലും തഴക്കവും നിപുണതയും വളര്‍ത്തുക.എല്ലാ വിഷയങ്ങളിലും തന്‍റെ അഭിപ്രായം പറയാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും പ്രശ്നങ്ങള്‍ പരിഹരിക്കാനും സാഹചര്യങ്ങളേയും സാധ്യതകളെയും നയപരമായി കൈകാര്യം ചെയ്യാനുള്ള വഴികള്‍ മനസ്സിലാക്കികൊടുക്കാനും ശ്രദ്ധിക്കുക
പെണ്‍കുട്ടികളുടേതല്ലാത്ത എന്ന പൊതുധാരണയുള്ള വിഷയങ്ങളിലും മേഖലകളിലും താല്‍പര്യം കാട്ടുന്ന കുട്ടികളെ നിരുത്സാഹപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുകവിവാഹം കഴിക്കുന്നത് തന്‍റെ കാര്യങ്ങള്‍ നോക്കാന്‍ ഒരാളെ ലഭിക്കാന്‍ വേണ്ടിയല്ല മറിച്ച് ഉത്തരവാദിത്തമുള്ള ഒരുപങ്കാളിയാവാനാണ് എന്ന ബോധം ആണ്‍കുട്ടിയില്‍ വളര്ത്തുകവിവാഹമല്ല പെണ്‍കുട്ടിയുടെ ആത്യന്തികജീവിതലക്ഷ്യം.അതിനുമപ്പുറം അവള്‍ക്കും ജീവിതമുണ്ട്. വിവാഹശേഷവും പെണ്‍കുട്ടി തനിക്കായികൂടിയും ജീവിക്കണം, സ്വന്തം സ്വപ്‌നങ്ങള്‍ക്കായി പരിശ്രമിക്കണം എന്ന സന്ദേശം നല്‍കുക.കുടുംബം പെണ്‍കുട്ടിയുടെ മാത്രം ഉത്തരവാദിത്തമല്ല.പങ്കാളികളുടെ കൂട്ടുത്തരവാദിത്തമാണ് .ഈ യാഥാര്‍ത്ഥ്യം എല്ലാ മാതാപിതാക്കള്‍ ഉള്‍ക്കൊള്ളുകയും കുട്ടികള്‍ക്കു പകര്‍ന്നുകൊടുക്കാന്‍ ശ്രമിക്കുകയും വേണം.കുട്ടികളുടെ ആഗ്രഹങ്ങള്‍ക്ക് നമ്മുടെ ലിംഗസ്വഭാവസങ്കല്‍പങ്ങളാല്‍ തടയിടാന്‍ ശ്രമിക്കരുത് .വലിയ സ്വപ്‌നങ്ങള്‍ കാണുവാന്‍ അവരെ പ്രോത്സാഹിപ്പിക്കുക.
അവര്‍ നക്ഷത്രങ്ങളെ ഉന്നം വയ്ക്കട്ടെ
ലോകം അവരെ അനുഗമിക്കും
Smitha Cheruliyil Ayyappan
Published in October 2017 edition of Our kids magazine