ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഒന്നുകില്‍ നീണ്ട നിശബ്ദത. അല്ലെങ്കില്‍ ചോദിക്കുമ്പോള്‍ ചോദ്യത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുക.

Share News

ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഒന്നുകില്‍ നീണ്ട നിശബ്ദത. അല്ലെങ്കില്‍ ചോദിക്കുമ്പോള്‍ ചോദ്യത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുക.

ഒരു പത്രസ്ഥാപനത്തില്‍ നിന്ന് ഒരാള്‍ മാത്രമേ വരാവൂ എന്നും ഒരു ചോദ്യമേ ഉന്നയിക്കാവൂ എന്നുമൊക്കെയാണ് പുതിയ ചൊല്‍പ്രമാണം.

പുതിയ ശീലങ്ങളും പുതിയ കീഴ്‌വഴക്കങ്ങളുമാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

കിങ്കരന്മാര്‍ ചോദിച്ചാല്‍ മനംകുളിര്‍ക്കും. അവര്‍ക്ക് എത്ര ചോദ്യവുമാകാം. അവരുടെ ചോദ്യത്തിനുള്ള ഉത്തരം അരമുക്കാല്‍ മണിക്കൂര്‍ വരെ നീളും. അനിഷ്ടകരമായ ചോദ്യം വരാതിരിക്കാന്‍ ഈ കിങ്കരന്മാര്‍ സദാ ജാഗരൂകരാണ്.

കോവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും പത്രപ്രവര്‍ത്തകരും രണ്ടിടത്ത് ഇരുന്ന് ഓണ്‍ലൈനിലാണ് ഇപ്പോള്‍ പത്രസമ്മേളനം നടത്തുന്നത്. പത്രപ്രവര്‍ത്തകര്‍ പിആര്‍ഡിയുടെ കീഴിലുള്ള പിആര്‍ ചേംബറിലാണ്. ഇഷ്ടക്കാര്‍ക്ക് കൂടുതല്‍ തവണ മൈക്ക് കിട്ടും. അല്ലാത്തവര്‍ക്ക് ഒരു തവണയൊക്കെ കിട്ടിയാലായി.

കേരളത്തില്‍ 12 മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട്. ബുധാനഴ്ച രാവിലെ മന്ത്രിസഭായോഗം തുടര്‍ന്ന് നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോടു ചേര്‍ന്നുള്ള കോണ്‍ഫറന്‍സ് ഹാളില്‍ പത്രസമ്മേളനം. ഇതായിരുന്നു കീഴ് വഴക്കം.

പിആര്‍ ചേംബര്‍ വന്നതിനുശേഷം വിഎസ് അച്യുതാന്ദന്‍ പത്രസമ്മേളനം നടത്തിയിരുന്നത് പിആര്‍ ചേംബറിലാണ്. അന്ന് പിആര്‍ ചേംബറിലെ ആ മൂല സുപ്രസിദ്ധമായിരുന്നല്ലോ. പത്രസമ്മേളം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ആ മൂലയില്‍ വച്ചാണ് അദ്ദേഹം പാര്‍ട്ടിയിലെ പ്രതിയോഗികള്‍ക്ക് മറുപടി നല്കിയിരുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് കോണ്‍ഫറന്‍സ് ഹാളും പിആര്‍ ചേംബറും മാറിമാറി ഉപയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇരിക്കുന്ന നോര്‍ത്ത് ബ്ലോക്കില്‍ നിന്ന് കാറില്‍ സൗത്ത് ്‌ബ്ലോക്കിലേക്കു പോകുന്ന സമയം ലാഭിക്കാന്‍ വേണ്ടിയാണ് കോണ്‍ഫറന്‍സ് ഹാള്‍ ഉപയോഗിച്ചത്.

ഇപ്പോള്‍ മുഖ്യമന്ത്രി ഇതു രണ്ടും ഉപയോഗിക്കുന്നില്ല. പകരം നോര്‍ത്ത് ബ്ലോക്കിന്റെ ഏറ്റവും താഴത്തെ നിലയില്‍ മുഖ്യമന്ത്രിക്ക് മാത്രമായി പുതിയൊരു മീഡിയ റൂം കൂടി തുറന്നു. .കോവിഡ് കാലത്ത് അതും ഉപയോഗിക്കുന്നില്ല.

സ്ത്രീകള്‍ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ നല്കുന്ന കരുതലിനെക്കുറിച്ച് മുഖ്യമന്ത്രി വാചാലനായി വായടക്കുംമുമ്പ് ഒരു വനിതാ മാധ്യമ പ്രവര്‍ത്തക ഉന്നയിച്ച ചോദ്യത്തിനാണ് ഇന്നലെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മുമ്പൊരിക്കല്‍ ഇവരുടെ ചോദ്യത്തിന് മറുപടിയേ ഇല്ല എന്ന നിലപാടും സ്വീകരിച്ചു. ഇങ്ങനെ വേണം സ്ത്രീകളോടുള്ള കരുതല്‍!

Pt Chacko

Share News