വയനാട്ടിൽ 18 കടുവയെ ഉള്ളു എന്ന് പറയാൻ ആരാണ് മുഴുവൻ കടുവായെയും എണ്ണിയത്?

Share News

ഒരു പരിസ്ഥിതി പ്രവർത്തകന്റെ ക്ലാസ്സ്‌ ആദ്യമായി കേൾക്കുന്നത് 1990 ൽ ആണ്. കടുവകൾ വാഴുന്ന കാടാണ് ഉത്തമമായ കാട് എന്ന് ഫുഡ്‌ ചെയിൻ വച്ചു ഭംഗിയായി വിവരിച്ചു. എട്ടാം ക്ലാസുകാരൻ സ്ലൈഡ് പ്രൊജക്ടർ ആദ്യമായി കണ്ട ക്ലാസ്സ്‌.

കാടിനുള്ളിലാണ് വളർന്നതെങ്കിലും കാടിന്റെ നിഗൂഢതകൾ കൂടുതൽ അറിഞ്ഞത് ആയിടെ വായിച്ച ജിം കോർബറ്റും അന്റെഴ്സണും എഴുതിയ പുസ്തകങ്ങളിൽ കൂടിയായിരുന്നു.

ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത രൂദ്രപ്രയാഗിലെയും കുമയൂണിലെയും, നൈനിറ്റാളിലെയും കുറ്റികാടുകൾക്കിടയിലൂടെയുള്ള ഊടുവഴികളും, ഹസ്സനിലെയും ചമരാജ് നഗറിലെയും, ഗുണ്ടൽപ്പേട്ടയിലെയും നിബിഢ വനങ്ങളും എല്ലാം ഒരു സിനിമസ്കോപ് ആയി മനസ്സിൽ ഉണ്ടായിരുന്നതിനാൽ സ്ലൈഡിൽ കണ്ട ആനകളെയും കടുവകളെയും പുലികളെയും ഒക്കെ ആ കാടുകളിൽ പ്രതിഷ്ഠിക്കാൻ വളരെ എളുപ്പമായിരുന്നു. ആ രസചരട് പെട്ടന്നാണ് മുറിഞ്ഞു പോയത്.

പ്രഭാഷകന്റെ അടുത്ത വരി ഇതായിരുന്നു.

വയനാട് കാടുകളിൽ ആകെ 18 കടുവകളെ ഉള്ളു. കടുവകൾ വംശ നാശ ഭീക്ഷണി നേരിടുന്നു. ഇവ കൂടി ചത്താൽ മാനുകളും കാട്ടു പോത്തുകളും ആനകളും പെറ്റു പെരുകി കാട് മുഴുവൻ തിന്നു തീർക്കും. അവയെ നിയന്ത്രിക്കാൻ ആരുണ്ട്???

എനിക്ക് വളരെ ബോധ്യപ്പെട്ട ആ ചോദ്യം പക്ഷെ മറ്റു പലർക്കും അത്രക്ക് പിടിച്ചില്ല

.

വയനാട്ടിൽ 18 കടുവയെ ഉള്ളു എന്ന് പറയാൻ ആരാണ് മുഴുവൻ കടുവായെയും എണ്ണിയത്?

കടുവില്ലാത്ത എത്രയോ കാടുകൾ ഉണ്ട് അവിടെ ഒക്കെ ഇങ്ങനെ ആനയും കാട്ടിയും പെറ്റു പെരുകിയോ?

അഥവാ പെരുകിയാൽ ആദിവാസികൾ നായാട്ട് നടത്തുന്നത് പോലെ വർഷത്തിൽ ഒന്നോ രണ്ടോ തവണ മറ്റുള്ളവർക്ക് കൂടി നായാട്ട് നടത്താൻ അനുമതി കൊടുത്താൽ പോരെ?

തുടങ്ങിയ ചോദ്യങ്ങളുമായി ചർച്ച ആകെ ബഹളമായി.

ആ “വിഡ്ഢി ” ചോദ്യങ്ങൾ ക്ലാസ്സിന്റെ രസം കളഞ്ഞതിൽ വിഷമം തോന്നിയെങ്കിലും ചോദ്യങ്ങൾ മനസ്സിൽ നിന്നും പോയില്ല.

കടുവയുടെ എണ്ണം എടുക്കുന്ന രീതി പലരോടും ചോദിച്ചു മനസിലാക്കി. അന്ന് കാമറ ഒന്നുമില്ല പ്ലോട്ടുകളയി തിരിച്ചു കുറച്ചു കാൽപാടുകളും അടയാളങ്ങളും നോക്കി ഒരു കണക്ക് അങ്ങ് ഉണ്ടാക്കുകയാണ്. 18 എന്ന് പറഞ്ഞാൽ അത് 30 വരെ ഒക്കെ പോകാം. പിന്നീട് പലരോട് ചോദിച്ചിട്ടും കൃത്യമായ കണക്കു കിട്ടിയിട്ടില്ല.

1997 ൽ ആണ് വനം വകുപ്പിന്റെ മറ്റൊരു ക്യാമ്പിൽ പങ്കെടുക്കുന്നത്.

അന്ന് ഒരു ഉദ്യഗസ്ഥൻ അഭിമാനത്തോടെ പറഞ്ഞത് കടുവകളുടെ എണ്ണം 70 നു മുകളിൽ ആയി എന്നാണ്. ഒട്ടും അവിശ്വസനീയം ആയി തോന്നിയില്ല. കാരണം വീടിനു സമീപത്തു നിന്നും പലരുടെയും കാലികളെ കടുവ പിടിച്ചു തുടങ്ങിയിരുന്നു. പ്രധാനമായും കുറുമരുടെ കാലികളെ ആണ് പിടിച്ചത്. അവർ കാട്ടിൽ മേയ്ക്കാൻ വിടുമ്പോൾ കടുവ പിടിക്കും. വയലുകളിൽ മേൽക്കുരയില്ലാതെ, വട്ടത്തിൽ മുള വച്ചു മേടഞ്ഞുണ്ടാക്കുന്ന തൊഴുത്തിൽ നിന്നും രാത്രിയിൽ പശുക്കളെ കടുവയും പുലിയും പിടിച്ചു കൊണ്ടുപോകുന്നത് സാധാരണമായി. വലിയ വിലയില്ലാത്ത നാടൻ ഇനങ്ങൾ ആയതുകൊണ്ടും ആദിവാസികൾ ആയതുകൊണ്ടും നഷ്ടപരിഹാരം ഒന്നും കിട്ടിയില്ല. അങ്ങനെ ഒരു വകുപ്പ് ഉണ്ട് എന്ന് അറിയുകയുമില്ല. സമരവും ബഹളവും ഇല്ലാത്തതുകൊണ്ട് ശ്രദ്ധയിൽ പെടാതെ പോയി.

2014ൽ കടുവകളുടെ എണ്ണം 136 ആയി. പക്ഷെ വനം വകുപ്പിന്റെ കണക്കു വരുന്നതിനു മുൻപേ വർധനവിന്റെ ഭീകരത വയനാട്ടുകാർ അറിഞ്ഞു

തുടങ്ങി.വളർത്തു മൃഗങ്ങൾ ഒന്നൊന്നായി കടുവയുടെ പിടിയിൽ അമർന്നു. അപ്പോഴേക്കും ആദിവാസികൾക്ക് മാത്രമല്ല എല്ലാവർക്കും നഷ്ടങ്ങൾ സംഭവിച്ചു തുടങ്ങി. വിലയില്ലാത്ത നാടൻ ഇനങ്ങൾക്ക് പകരം ഗുണമേന്മയുള്ള പശുക്കൾ ആടുകൾ ഒക്കെ നഷ്ടപ്പെടാൻ തുടങ്ങിയത്തോടെ ബഹളവും സമരവും തുടങ്ങി

2012 ഡിസംബർ 1 നു ബത്തേരി മൂലംകാവ് വച്ചു സ്ഥിരം ശല്യക്കാരനായ കടുവയെ വെടിവച്ചു കൊന്നു.(ഉത്തരവ് നൽകിയത് ആരാണ് എന്നോർമയില്ല.) പക്ഷെ അതോടെ വനം വകുപ്പിനെതിരെ ദേശീയ മൃഗത്തെ കൊന്നു എന്ന് പറഞ്ഞു കുറെ പേർ കേസുമായി ഇറങ്ങി. കേസിന്റെ വിധി എന്തായി എന്നറിയില്ല.

2013 ഫെബ്രുവരി യിലാണ് ബത്തേരി തഹസിൽദാർ അടക്കം അഞ്ച് പേരെ കടുവ ആക്രമിക്കുന്നത്. പക്ഷെ വെടിവെക്കാൻ ഉള്ള ഉത്തരവ് ആരും നൽകിയില്ല. കാരണം പൊതുജനവികാരം കടുവക്ക് അനുകൂലമായി രൂപപ്പെടുത്താൻ അന്നത്തെ മീഡിയക്ക് കഴിഞ്ഞിരുന്നു. പിന്നെ ഒരു കേസ് നടന്നുകൊണ്ടിരിക്കുന്നു. അതിനാൽ മയക്കുവെടി നൽകി സൂവിൽ കൊണ്ടുപോയി.

അപ്പോഴും കടുവ മനുഷ്യനെ തിന്നും എന്ന് കരുതിയിരുന്നില്ല. നരഭോജി കടുവകൾ പുസ്തകങ്ങളിൽ മാത്രം എന്ന് വിശ്വസിച്ചു പോന്നു.

2018 ൽ കടുവകളുടെ എണ്ണം 190 ആണെന്ന കണക്ക് പക്ഷെ അധികം വയനാട്ടുകാർ വിശ്വസിച്ചില്ല. Q അതിനേക്കാൾ എത്രയോ കൂടുതൽ ആണ് എന്നാണ് അവർ ന്യായമായും വിശ്വസിച്ചത്.

കാരണം നരഭോജി കടുവകൾ പുസ്തകങ്ങളിൽ നിന്നും ഇറങ്ങി വന്നു പാടത്തും പറമ്പിലും വിഹരിച്ചുകൊണ്ടിരുന്നു. 2015 ൽ മുത്തങ്ങയിൽ ഭാസ്കരനും, കുറിച്യാട് ബാബുരാജും, 2017 ൽ തോൽപ്പെട്ടിയിൽ ബസവനും, 2019 ൽ കുറിച്യാട് ജടയനും,

ചെതലയത് ശിവകുമാറും കടുവയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടു. എല്ലാവരും നടുങ്ങി വിറച്ചുപോയത് കുറിച്യാട് കൊല്ലപ്പെട്ടവ്യക്തിയെ കടുവ ഭക്ഷണം ആക്കിയപ്പോഴാണ്.

അതെ നരഭോജികൾ പുസ്തകങ്ങളിൽ നിന്നും കാട്ടിലേക്കും നാട്ടിലേക്കും വരികയാണ്. വലിയ കോലാഹലങ്ങൾ അവർത്തന വിരസതയാൽ അടഞ്ഞുപോയി. എന്നും എവിടെയെങ്കിലും കടുവയെ കാണും ഏതെങ്കിലും വളർത്തു മൃഗങ്ങളെ പിടിക്കും. എന്തു വാർത്ത കൊടുക്കാൻ? പിന്നെ പിന്നെ മനുഷ്യനെ പിടിക്കുമ്പോൾ മാത്രം വാർത്ത എന്ന രീതിയിൽ വന്നു.

കടുവയുടെ കണക്ക് കണ്ടു വയനാട്ടുകാർ ഞെട്ടിയത് 2023 ൽ ആണ്. ഒൺലി 84. ( 8 ന്റെ പുറകിൽ 2 ഇടാൻ മറന്നു പോയതാണോ ആവോ )

മാനന്തവാടിയിൽ തോമസിനെ കൊല്ലുകയും മൂടാക്കൊല്ലിയിൽ പ്രജീഷിനെ ഭക്ഷിക്കുകയും ചെയ്ത കാലത്താണ് ഈ കണക്ക്.

കുറച്ചു താരതമ്യം -40 വർഷം

നാലാം ക്ലാസ്സ്‌ മുതൽ 12-)0 ക്ലാസ്സ്‌ വരെ വിദ്യഭ്യാസം ചെയ്യാൻ കാട് മുറിച്ചുകടന്നാണ് സ്കൂളിൽ പോയത്. നാലിൽ പഠിക്കാൻ നീർവാരം സ്കൂൾ.

പറമ്പിന്റെ ഒരതിര് കാടാണ്. ഏതാണ്ട് അഞ്ചു കിലോമീറ്റർ നേരെ വച്ചു പിടിച്ചാൽ സ്കൂളിൽ എത്താം.നാല് കിലോമീറ്റർ കാടാണ്.ഇടയിൽ കാടിനുള്ളിൽ ഒരു കൊച്ചു ഗ്രാമമുണ്ട്. പുതുശേരി.

എത്രയോ തവണ 10 വയസിൽ ഒറ്റയ്ക്ക് പോയിരിക്കുന്നു. ഇന്ന് ആ വഴിക്ക് ആരും കൂട്ടമായി പോലും പോകില്ല. പോകുന്ന വഴികളിലെ കൊല്ലികൾ ആനകളുടെ ഈറ്റില്ലമാണ്. പാറകെട്ടുകൾ കടുവകളുടെയും.

(ഇടക്കൊരു ദിവസം വെറുതെ ആ വഴി പോയി കുറിച്യതറവാട്ടിലെ കുഞ്ഞിരാമേട്ടനേയും സുഹൃത്തായ ശ്യാമിനെയും കണ്ടു. കുഞ്ഞിരാമേട്ടൻ സ്നേഹത്തോടെ ശാസിച്ചു. ഇനി ഈ വഴി വരരുത്. ഒരാഴ്ച മുൻപ് ഒരു കാലിയെ കടുവ പിടിച്ചു. ആന എല്ലാ ദിവസവും വരും )

അഞ്ചു മുതൽ 10 വരെ വേലിയമ്പം സ്കൂൾ അതും അഞ്ചു കിലോമീറ്റർ കാട് കടന്നു വേണം പോകാൻ. പിന്നെ പ്ലസ് ടു ഏതാണ്ട് 9 കിലോ മീറ്റർ കൊടും കാട്ടിലൂടെ യാത്ര ചെയ്തു. കാടിന്റെ പാക്കം കുറിച്ചിപറ്റ ചെകാടി, ചെറിയമല, വെളുക്കൊല്ലി, പുതുശേരി ഭാഗങ്ങൾ എല്ലാം തന്നെ സ്കൂൾ കാലയളവിൽ നടന്നു നീങ്ങി (ഞാൻ മാത്രമല്ല, എല്ലാ സ്കൂൾ കുട്ടികളും, വിറകിനു പോകുന്ന അമ്മമാരും ഉൾപ്പെടെ എല്ലാവരും ) ഈ ഭാഗങ്ങളിൽ എല്ലാം കൂടെ 3-4 ആനയാണ് ആകെ ഉള്ളത്. കടുവ പേരിനു പോലും ഇല്ല. പുള്ളിപുലി ഉണ്ടായിരുന്നു. ഇന്നത്തെ അവസ്ഥ ഈ ചെറിയ കാടിന്റെ ഭാഗങ്ങളിൽ എവിടെ നോക്കിയാലും കടുവകൾ ഉണ്ട്. 84 ന്റെ കണക്കിൽ ഇവരൊക്കെ പെട്ടിട്ടുണ്ടോ? ( ഓരോ വർഷവും 6% വർദ്ധനവ് ഉണ്ട് എന്ന വേറെ കണക്കും ഉണ്ട് )

മുൻപ് ഒക്കെ ഒരു കടുവക്ക് 20 sq. കിലോമീറ്റർ കാടുവേണം എന്നായിരുന്നു കണക്ക്. അതായത് വയനാട്ടിൽ കാടിന്റെ അളവിനനുസരിച്ചു

(344sq km)പരമാവധി 17- 20 കടുവയെ പറ്റു . ഇപ്പോൾ കടുവയുടെ എണ്ണം കൂടിയപ്പോൾ വനം വകുപ്പ് കണക്ക് മാറ്റി. ഒരു കടുവക്ക് 5 sq. കിലോമീറ്റർ മതി. പക്ഷെ ഈ മാറ്റം കടുവ മാത്രം അറിഞ്ഞില്ല. അതുകൊണ്ട് അവൻ 5 sq km കാടും ബാക്കി നാടും മേയാൻ എടുത്തു. ഇതിനെയാണ് Man animal conflict എന്ന് വിളിക്കുന്നത്‌.

ഇനി വീണ്ടും എണ്ണം കൂടുമ്പോൾ ഒരു കടുവക്ക് വനം വകുപ്പിന്റെ വക രണ്ടര കിലോമീറ്റർ ലഭിക്കും ബാക്കി അവർ നാട്ടിൽ ഇറങ്ങി പതിച്ചെടുക്കും. അപ്പോൾ അത് സേഫ് സോണിൽ ഇരുന്നു കയ്യേറ്റക്കരേ പുലഭ്യം പറയുന്നവന്റെ ഉമ്മറപ്പടിയിൽ വരെയെത്തും.

Share News