ആ കേൾക്കുന്നത് കാറ്റാണ്’.

Share News

12 വർഷം മുൻപാണ്.
സിഎംഎസ് കോളജിലെ 1946 ബാച്ചിലെ വിദ്യാർഥികളുടെ സംഗമത്തിന് ഡോ. ഇസിജി സുദർശൻ കോട്ടയത്തു വരുന്നു. ബാംഗ്ലൂരിൽനിന്നു ട്രെയിനിൽ കോട്ടയത്തു വന്നിറങ്ങുമ്പോൾ ഹർത്താൽ!
സിഎംഎസിലെ സംഘാടകർ പൊലീസിനോടു വിവരം പറഞ്ഞിരുന്നു, ലോകപ്രശസ്ത ശാസ്ത്രജ്ഞനാണ്. നൊബേൽ സമ്മാനം കയ്യകലത്തുനിന്നു നഷ്ടപ്പെട്ട ആളാണ്. അന്നത്തെ എസ്പി റയിൽവേ സ്റ്റേഷനിലേക്ക് പൊലീസിനെ അയച്ചു. ഒരു സംഘം പൊലീസുകാർ ഐലൻഡ് എക്സ്പ്രസ് സമയത്ത് പ്ലാറ്റ്ഫോമിലെത്തി. വന്നിറങ്ങിയത്, ഏതോ വലിയ ഉദ്യോഗസ്ഥനെന്നു കരുതിയാകണം ഡോ. സുദർശനെ കണ്ടതും അവർ തകർപ്പനൊരു സല്യൂട്ട് നൽകി!
അന്നു വൈകിട്ട് സിഎംഎസ് കോളജിൽ ഒപ്പം നടക്കുമ്പോൾ അദ്ദേഹം പറഞ്ഞു, ‘ജീവിതത്തിലാദ്യമായിട്ടാണ് എനിക്കൊരു സല്യൂട്ട് കിട്ടുന്നത്! ഞാൻ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്‌ഥനോ മറ്റോ ആയിരിക്കുമെന്നു അവർ കരുതിക്കാണും!’
ജീവിതത്തിലെ മറക്കാനാകാത്ത സായാഹ്നങ്ങളിലൊന്നായിരുന്നു ഡോ. സുദർശനും ഭാര്യ ഭാമതിയും ഒത്തുള്ള അന്നത്തെ ആ ക്യാംപസ് നടത്തം.
കൈനിറയെ ലൈബ്രറിയിലെ പുസ്തകങ്ങളുമായി, മഴയത്ത്, കിലോമീറ്ററുകൾ നടന്ന് സ്കൂളിലേക്കുള്ള യാത്രയും ഉയരം കുറവായിരുന്നതു കൊണ്ട് സിഎംഎസിലെ കൂട്ടുകാർ ‘ഉണ്ടൻ ജോർജേ’ എന്നു വിളിച്ചിരുന്നതുമൊക്കെ അടക്കം സ്കൂൾ–കോളജ് പഠനകാലം മുതൽ നൊബേൽ സമ്മാനനഷ്ടം വരെയും ഒടുവിൽ എത്തിച്ചേർന്ന വേദാന്ത മാർഗം വരെയും അദ്ദേഹം സംസാരിച്ചു. അതേക്കുറിച്ചു പിന്നീട് എഴുതണമെന്നൊക്കെ കരുതിയെങ്കിലും അതൊന്നും നടന്നില്ല. (നഷ്ടപ്പെടുന്നവയുടെയും ചെയ്യാതെ പോകുന്നവയുടെയും ആകെത്തുകയെടുത്താലും ജീവിതമാകുമല്ലോ)
ഡോ. സുദർശനും ഡോ. ഭാമതിയും തമ്മിലുള്ള ചിരിനിറഞ്ഞ കൂട്ടാണ് അന്നത്തെ ആ യാത്രയിൽനിന്ന് എന്റെ മനസ്സിൽ ഇപ്പോഴും ബാക്കിയുള്ള ഓർമ. എന്തു രസമായിരുന്നുവെന്നോ ആ വയോധികരുടെ ചെറുമിണ്ടാട്ടങ്ങൾ നിറഞ്ഞ പ്രണയനടപ്പ്. ചെറുപ്പത്തിൽ എത്ര ഉജ്വലനായ ഒരു കാമുകനായിരുന്നിരിക്കണം ഇസിജി സുദർശനെന്ന് എനിക്കപ്പോൾ തോന്നി.
സിഎംഎസിന്റെ വ്യക്ഷഛായയിൽ അങ്ങനെ നടക്കുമ്പോൾ, തീവണ്ടി ആർത്തലച്ചുവരുംപോലെ ഒരു ഇരമ്പം കേട്ടു. സുദർശൻ ഭാമതിയോടു പറഞ്ഞു, ‘ ആ കേൾക്കുന്നത് കാറ്റാണ്’.
ഭാമതി കാറ്റിനു ചെവിയോർത്തുനിന്നു.

May13 ECJ death Anniversary

ശ്രീ ടോണി കെ ജോസ് ഫേസ്ബുക്കിൽ എഴുതിയത്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു