
ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് ഭക്ഷ്യകിറ്റ് നൽകുന്ന പദ്ധതിയും നടപ്പിലാക്കാൻ പോവുകയാണ്
കോവിഡ്-19 മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്കിടയിലും ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താൻ സർക്കാർ ശ്രദ്ധാപൂർവ്വം നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുകയാണ്.
നിരവധി പദ്ധതികൾ ഇതിനോടകം നടപ്പിലാക്കി. അംഗനവാടി കുട്ടികൾക്ക് പോഷകാഹാരങ്ങൾ വീട്ടിലെത്തിച്ചു നൽകി. ലോക്ഡൗൺ കാലയളവിൽ റേഷൻ കടകൾ വഴി ഭക്ഷ്യവിതരണം ഉറപ്പു വരുത്താൻ സാധിച്ചു. കടകളിൽ വരാൻ ബുദ്ധിമുട്ടുകൾ നേരിട്ടവർക്ക് വീടുകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകുന്ന സംവിധാനം നടപ്പിലാക്കി.
ഇതിനു പുറമേ സൗജന്യ ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു. ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് ഭക്ഷ്യകിറ്റ് നൽകുന്ന പദ്ധതിയും നടപ്പിലാക്കാൻ പോവുകയാണ്. പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റുകൾ വിതരണം ചെയ്യുന്നത്. ചെറുപയർ, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ്, തുടങ്ങി 9 ഇനങ്ങളാണ് അരിയ്ക്കു പുറമേ നൽകുന്നത്. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 26 ലക്ഷത്തിൽ പരം വിദ്യാർഥികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 81.37 കോടി രൂപ ഇതിനായി വകയിരുത്തി.
ജൂലൈ ആദ്യ വാരത്തോടെ കിറ്റുകൾ വിതരണം ചെയ്യും.