കൊല്ലം: അകലം പാലിക്കാത്തതിനും മാലിന്യം നീക്കാത്തതിനും കലക്ടറുടെ ശാസന
കൊല്ലം: കോവിഡ് ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ഭാഗികമായി സജീവ മാകുന്ന നഗരത്തിലൂടെ സഞ്ചരിക്കവേ അകലം പാലിക്കാത്തതും മാലിന്യം നീക്കാത്തതും ശ്രദ്ധയില്‍പ്പെട്ട ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. ഇന്നലെ(മെയ് 14) കൊല്ലം ബീച്ചിലുള്ള സ്റ്റേജില്‍ പാസ് വാങ്ങാന്‍ കൂടിനിന്നവരെ കണ്ടപ്പോള്‍ വാഹനം നിര്‍ത്തി അകലം പാലിച്ച് നിര്‍ത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം.
ഹാര്‍ബറില്‍ മത്സ്യം തൂക്കി വാങ്ങാന്‍ ക്യൂ നിന്നവര്‍ കൃത്യമായ അകലം പാലിക്കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവിടേക്കു ചെന്ന് ക്യൂവില്‍ നില്ക്കുന്നവരോട് അകലം പാലിക്കാന്‍ നിര്‍ദേശം നല്കി.
പോലീസ് ഉദ്യോഗസ്ഥരും എന്‍ സി സി കേഡറ്റുകളും അവിടെ കിണഞ്ഞു പരിശ്രമിക്കുകയും അനൗണ്‍സ് ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. ഹാര്‍ബറില്‍ മാസ്ക്ക് ചുരുട്ടി പോക്കറ്റില്‍ നിക്ഷേപിച്ച് നിന്ന ഒരാളെ കലക്ടര്‍ ശാസിച്ചു മാസ്ക്ക് പോക്കറ്റില്‍ വെക്കാനുള്ളതല്ലെന്നും ഇതൊക്കെ അവരവരുടെ സുരക്ഷയെ കരുതി യുള്ള നിര്‍ദേശങ്ങളാണെന്നും ഓര്‍മിപ്പിച്ചു.
പൊലീസ് ഉദ്യോഗസ്ഥരോട് മാസ്ക് വെക്കുന്നത് നിരീക്ഷിക്കാനും നിര്‍ദേശിച്ചു. ഫിഷറീസ് വകുപ്പിന്റെ തേവള്ളി ഹാര്‍ച്ചറി, ബീച്ചിന് സമീപമുള്ള മത്സ്യഫെഡ് ഫിഷ് മാര്ട്ടിന് പിന്നില്‍ കൊല്ലം തോടിന്റെ കര, പള്ളിത്തോട്ടം സെന്റ് സ്റ്റീഫന്‍ പള്ളിക്ക് എതിര്‍വശം ബീച്ചിന്റെ വശം ഹാര്‍ബര്‍ എന്നിവിടങ്ങളില്‍ നിക്ഷേപിച്ചതായി കണ്ട മാലിന്യങ്ങള്‍ ഉടന്‍ നീക്കണമെന്നും കലക്ടര്‍ നിബന്ധപെട്ടവര്ക്ക് നിര്‍ദേശം നല്കി.