
ക്ഷീര കര്‍ഷകർക്ക് പിടിച്ചു നിൽക്കണമെങ്കിൽ ക്ഷീരോത്പന്നങ്ങളുടെ നിർമ്മാണവും വ്യവസായവും കേരളത്തിൽ ഉയർന്നു വരണം. മാത്രമല്ല, പുതിയ ക്ഷീരോത്പന്നങ്ങൾ ഉപയോഗിക്കുന്ന സംസ്കാരം ഉപഭോക്താക്കളിലും വളർന്നു വരേണ്ടതുണ്ട്.
ലോകമെമ്പാടുമുള്ള ക്ഷീര കർഷകർ തങ്ങളുടെ നിലനിൽപിനെത്തന്നെ ബാധിക്കുന്ന വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ലോക്ക് ഡൗണുകൾ നിലവിൽ വന്നപ്പോൾ, ഭക്ഷ്യ മേഖലയിൽ ഏറ്റവും കൂടുതൽ ബാധിച്ചത് ക്ഷീര വിപണിയെയായിരുന്നു. ഹോട്ടലുകൾ അടച്ചുപൂട്ടിയപ്പോൾ ക്ഷീര കർഷകരുടെ കൈയിൽ മിച്ചം വന്ന പാലിന്റെ അളവ് വളരെ വലുതായിരുന്നു.
ഈ പ്രതിസന്ധി കാരണം കർഷകർ ദശലക്ഷക്കണക്കിന് ലിറ്റർ പാൽ ഒഴുക്കിക്കളയുകയും ഉൽപാദനം മന്ദഗതിയിലാക്കുകയും, ഉത്പാദനക്ഷമത കുറഞ്ഞ പശുക്കളെ വിറ്റഴിക്കുകയും ചെയ്തു. ആഗോള തലത്തിൽ ഗവണ്‍മെന്റ് നല്കിയ ഉത്തേജക പാക്കേജുകൾ പലർക്കും താല്ക്കാലിക ആശ്വാസം നൽകിയെങ്കിലും ധനസഹായത്തിന്റെ ഒഴുക്ക് കുറഞ്ഞു തുടങ്ങിയപ്പോൾ നഷ്ടം സഹിക്കുക അല്ലെങ്കിൽ ഫാം അടച്ചുപൂട്ടുക എന്നത് മാത്രമായിരുന്നു അവരുടെ മുന്നിലുള്ള ഏകവഴി.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യ വിപണികളിലൊന്നാണ് ക്ഷീര വ്യവസായം. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ആഗോള കാർഷിക വ്യാപാരത്തിന്റെ 14% ഈ മേഖലയിൽ നിന്നാണ്. കൂടാതെ ഒരു പശുവെങ്കിലും വളർത്തുന്ന 15 കോടിയിലധികം കർഷകരാണ് ലോകത്തിലുള്ളത്. ക്ഷീര വ്യവസായത്തിന്റെ മൂല്യം ഏകദേശം 52.2 ലക്ഷം കോടി രൂപയാണ്. വികസിത രാജ്യങ്ങളിലെ പാൽ ഉപയോഗം മറ്റ് ബദലുകൾ വന്നതോടെ കൂടുതൽ വേഗത്തിൽ കുറയുകയാണ് ചെയ്‌തത്.
റെസ്റ്റോറന്റുകളിലെ വെണ്ണ, ചീസ് വിഭവങ്ങളുടെ വില്പന കോവിഡിനു മുമ്പുണ്ടായിരുന്ന നിലയിലേക്കെത്തിക്കാൻ കുറെ അധികം സമയം തന്നെ വേണ്ടിവരും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോഴും, ഭക്ഷ്യ വ്യവസായ മേഖലയിലെ മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച അർത്ഥമാക്കുന്നത് ഉപയോക്താക്കൾ ഹോട്ടലിൽ പോയുള്ള ഭക്ഷണരീതിയും ഹോം ഡെലിവറി ഓർഡറുകളും വെട്ടിക്കുറയ്ക്കുന്നു എന്നതാണ്.
ഇത് ക്ഷീര വ്യവസായത്തിന്റെ നിലനില്പിനെത്തന്നെ ബാധിക്കും. ശതകോടിയുടെ ഉത്തേജന പരിപാടികൾ നടത്തിയിട്ടും, യുഎസിലെ കന്നുകാലികളുടെ എണ്ണം ഈ വർഷം റെക്കോർഡ് താഴ്ചയിൽ എത്തിയെന്നാണ് നാഷണൽ മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ (യുഎസ്എ) അഭിപ്രായപ്പെടുന്നത്.
ആഗോള കയറ്റുമതിയുടെ പ്രധാന രണ്ട് മേഖലകളായ യൂറോപ്പിലും ഓസ്ട്രേലിയയിലും വലിയ സാമ്പത്തിക ഇടിവ് പ്രതീക്ഷിക്കുന്നു.അടുത്തിടെയുണ്ടായ വിലക്കയറ്റവും സർക്കാർ സഹായവും ചില ഉൽപാദകരെയെങ്കിലും ഈ പ്രതിസന്ധി കടക്കാൻ സഹായിക്കും. എന്നാൽ കടബാധ്യതയിലേക്കും, വ്യവസായത്തിൽ നിന്ന് പുറത്തേക്കും പോകുന്ന കർഷകരുടെ ദീർഘകാല പ്രവണത തടയാൻ ഇത് പര്യാപ്തമല്ല.
2019ൽ, ലൈസൻസുള്ള യുഎസിലെ ക്ഷീര കന്നുകാലികളിൽ 9% ഇടിവ് രേഖപ്പെടുത്തിയിരുന്നുവെന്നും ഈ വർഷവും സമാനമായ ഇടിവ് ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകൾ. കൂടുതലായി സാധനങ്ങൾ കെട്ടികിടക്കുന്നതും, കുറഞ്ഞുവരുന്ന ആവശ്യകതയും 2020 മുതലുള്ള പാൽവിലയെ സാരമായി തന്നെ ബാധിക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. കൂടാതെ, ഉപയോക്താക്കൾ പാൽ കുടിക്കുന്നതിൽ നിന്ന് പിന്തിരിയുന്നതിന്റെ ദീർഘകാല പ്രശ്നങ്ങളുമുണ്ട്.
പാലിനെ വീണ്ടും അതിന്റെ പ്രാധാന്യത്തിലേക്ക് എത്തിക്കാൻ സർക്കാരിന്റെ ഇടപെടലുകൾ കൊണ്ടുമാത്രം സാധ്യമാവില്ല. ഉപയോക്താക്കൾക്ക് പുതിയ ആശയങ്ങൾ, ഭക്ഷണരീതികൾ, ആരോഗ്യകരമായ ഭക്ഷണങ്ങൾ എന്നിവ അനിവാര്യമാണ്.കേരളത്തിലെ ക്ഷീര മേഖലയ്ക്ക് പാൽ വില്പന കൊണ്ട് മാത്രം മുന്നോട്ടു പോവാൻ സാധിക്കുകയില്ല എന്നത് ഒരു വസ്തുതയാണ്. ഇനിയുള്ള കാലം ക്ഷീര കര്‍ഷകർക്ക് പിടിച്ചു നിൽക്കണമെങ്കിൽ ക്ഷീരോത്പന്നങ്ങളുടെ നിർമ്മാണവും വ്യവസായവും കേരളത്തിൽ ഉയർന്നു വരണം.
മാത്രമല്ല, പുതിയ ക്ഷീരോത്പന്നങ്ങൾ ഉപയോഗിക്കുന്ന സംസ്കാരം ഉപഭോക്താക്കളിലും വളർന്നു വരേണ്ടതുണ്ട്.
