
താഴത്തങ്ങാടി കൊലക്കേസ്:അടുത്ത പരിചയക്കാരെയും ബന്ധുക്കളെയും ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം നീങ്ങുന്നത്.
കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ക്രൂരമായ അക്രമണത്തനിരയായി കൊല്ലപ്പെട്ട ഷീബയുടെ മൊബൈൽ ഫോൺ കണ്ടെടുത്തു. പൊലീസ് നടത്തിയ പരിശോധനക്കൊടുവിലാണ് മൊബൈൽ കണ്ടെത്തിയത്. കേസിൽ നിർണായക വഴിത്തിരിവായി മൊബൈൽ മാറുമെന്നാണ് സൂചന.
അടുത്ത പരിചയക്കാരെയും ബന്ധുക്കളെയും ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം നീങ്ങുന്നത്. കൊല്ലപ്പെട്ട ഷീബക്കും ചികിത്സയിൽ തുടരുന്ന സാലിക്കും പലരുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്. താഴത്തങ്ങാടിയിലെ ക്വട്ടേഷൻ സംഘത്തിലേക്കും അന്വേഷണം നീളുന്നുണ്ട്.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ വീട്ടിനുള്ളിൽ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഷീബ മരിച്ചത്. തിങ്കളാഴ്ച രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് അക്രമസംഭവമെന്നാണ് പൊലീസ് നിഗമനം. അടുക്കളയിൽ ചപ്പാത്തിയും മുട്ടയും പകുതി പാകംചെയ്ത നിലയിലായിരുന്നു.
എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാറിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. ഷീബയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച ഉച്ചയോടെ കോടിമതയിലെ തറവാട്ടുവീട്ടിൽ എത്തിച്ചു. മസ്കത്തിലുള്ള മകൾ ഷാനിക്കും മരുമകൻ സുധീറിനും എത്താനായില്ല.