
നാലാംഘട്ട ലോക്ക്ഡൗൺ:മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം
ന്യൂഡല്‍ഹി:കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി. നാലാംഘട്ട ദേശീയ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി. പുതുക്കിയ ലോക്ഡൗണ്‍ മാര്‍ഗരേഖ പ്രകാരം രാജ്യാന്തര-ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിന്‍ സര്‍വീസുകളും ഉണ്ടായിരിക്കില്ല.
ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. 31 വരെ ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറന്നു പ്രവര്‍ത്തിക്കരുതെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.ആരാധനാലയങ്ങള്‍, റസ്റ്ററന്റുകള്‍, തീയറ്ററുകള്‍, മാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍, പാര്‍ക്കുകള്‍, ബാറുകളും ഓഡിറ്റോറിയങ്ങളും 31 വരെ അടഞ്ഞുകിടക്കും.
അതേസമയം, സംസ്ഥാന-അന്തര്‍സംസ്ഥാന ബസ് സര്‍വീസ് അനുവദിച്ചു. ടാക്സി, ഓട്ടോറിക്ഷാ, സൈക്കിള്‍ എന്നിവയുടെ നിയന്ത്രണങ്ങളും നീക്കി. പകല്‍സമയത്ത് ആളുകള്‍ക്കു പുറത്തിറങ്ങാം (പത്തു വയസിനു താഴെയും 60 വയസിനു മുകളിലുള്ളവരും ഒഴികെ). വലിയ കൂടിച്ചേരലുകള്‍ എന്നിവയ്ക്ക് അനുമതിയില്ല.
സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും സ്‌റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാന്‍ അനുമതി നല്‍കും, ഇവിടെ നിരീക്ഷണം ഉറപ്പാക്കും.
മാര്‍ഗരേഖയില്‍ ആവശ്യം വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി തലവനായ ദേശീയ നിര്‍വാഹക സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് 19 പ്രതിരോധത്തോടൊപ്പം സാമ്ബത്തികനില മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ടാകുമെന്നും എന്‍ഡിഎംഎ മെംബര്‍ സെക്രട്ടറി ജി.വി.വി. ശര്‍മ പറഞ്ഞു.
സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിച്ചാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. കണ്ടെയ്മെന്റ് സോണുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.